"എങ്കിലും എന്റെയാ പുതിയ ഷർട്ടിലൊരെണ്ണം എവിടെപ്പോയി..?
ആരെടുത്തോണ്ടുപോയി..?
അതുമാത്രം മോഷ്ടിക്കാൻ വന്ന കളളനോ..
കളളിയോ ആരാ..? "
ഇന്നലെ വൈകുന്നേരം
മുതൽ ജയന്തൻ ഇതുതന്നെ ചോദിച്ചുകൊണ്ടു
നടക്കുന്നു.
അലമാര തുറക്കും,
തേച്ചു മടക്കിവച്ച
ഷർട്ടും മുണ്ടും പാന്റ്സുമെല്ലാമെടുത്തു കട്ടിലിൽ നിരത്തും..വീണ്ടും
തിരിച്ചെടുത്തു വയ്ക്കും..
"എടേ നീ കണ്ടോ എന്റെയാ പുതിയ ഷർട്ട്..? ഇവിടെങ്ങും കണുന്നില്ല.."
"എനിക്കെന്തിനാ നിങ്ങളുടെ ഷർട്ട്... "
"അല്ല...നീ ആർക്കെങ്കിലും
എടുത്തു കൊടുത്തോന്ന്.. "
ഉളളിൽ തികട്ടിവന്ന ദേഷ്യം കടിച്ചമർത്തി..
ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല..
എന്തിനും ഏതിനും സംശയം.
ആദ്യമാദ്യം ഇതെന്തു കഥയെന്നോർത്ത് അന്ധാളിച്ചിട്ടുണ്ട്..സഹനത്തിന്റെ നെല്ലിപ്പലക പൊളിഞ്ഞിട്ടുമുണ്ട്..
ഇപ്പോഴിപ്പോൾ ഒന്നും സാരമല്ലാതെയായിരിക്കുന്നു. എന്തിനോടും ഏതിനോടും പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
സംശയ ദുരീകരണം നടന്നുകഴിയുമ്പോൾ
പുതിയതൊന്നു വീണുകിട്ടുന്നതുവരെ എല്ലാം ശുഭം..!
ഹൗസിംഗ് കോളനിയിലുളളവരെല്ലാം കൂടി ആതിരപ്പള്ളിയിലേക്കു പ്ളാൻ ചെയ്തിരിക്കുന്ന ട്രിപ്പ് ഇന്നാണ്..
എട്ടുമണിക്ക് വോൾവോ വീട്ടുനടയിലെത്തും..!
ബ്രേക്ഫാസ്റ്റു റഡിയാവുന്നതേയുളളൂ..ഇതിനിടയിൽ ഷർട്ട് തപ്പാനൊന്നും നേരമില്ല..
"മോളേ..അച്ഛന്റെ പുതിയ ഷർട്ടു നീ കണ്ടോ..?
നമ്മളു ഡെൽഹിയിൽനിന്നു വാങ്ങിച്ചതിലൊന്ന്."
മകളുടെ മുറിയിൽച്ചെന്ന് ചോദ്യം ആവർത്തിക്കുന്നു..
"അതാ അലമാരയിൽത്തന്നെ കാണുമച്ഛാ..
നമുക്ക് ആതിരപ്പളളീന്ന് വന്നിട്ടു നോക്കാം.."
അച്ഛന്റെ മനോവ്യാപാരം അറിയാവുന്ന മകൾ.
തിരച്ചിൽ അവസാനിപ്പിച്ചെന്നു തോന്നുന്നു..
ബാത്ത്റൂമിൽനിന്നും വെളളം വീഴുന്ന ശബ്ദം...
ആഹാരം കഴിക്കുമ്പോഴും ഒരുങ്ങുമ്പോഴും ഷർട്ടാണു മനസ്സിലെന്നു തോന്നിച്ചു..
."എന്നാലും അതെവിടെപ്പോയി."ഇടയ്ക്കു പിറുപിറക്കുന്നുമില്ലേ..!
ബസ്സിൽ പാട്ടും കൂത്തും ബഹളവും..
കൂട്ടായ്മകളിലെ മെയിൻ ഗായകനായിരുന്നിട്ടും സീറ്റിൽ അടങ്ങിയൊതു
ങ്ങി ഗഹനമായ ചിന്തയിൽ മുഴുകിയിരിക്കുന്ന
ജയന്തൻ.
ട്രിപ്പ് അലങ്കോല
മാകുമോ...!
ആതിരപ്പളളിയെത്തിയിട്ടും ആലോചനാമഗ്ദനാണ്.
"അച്ഛനാ ഷർട്ടീന്നു പിടിവിട്ടില്ലേ..?
വൈകിട്ടു വീട്ടിൽച്ചെന്നിട്ട് ഞാൻ നോക്കിയെടുത്തു തരാമെന്നു പറഞ്ഞില്ലേ..
"ഷർട്ട് അതിനവിടെ ഉണ്ടായിട്ടുവേണ്ടേ..?
നിന്റമ്മ അതെടുത്ത് ആർക്കെങ്കിലും കൊടുത്തുകാണും.."
മറ്റുളളവരു ശ്രദ്ധിക്കുമച്ഛാ..അച്ഛനൊന്ന് ഉഷാറായിക്കേ.."
കൂട്ടത്തിൽ കൂടി നടക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക്
തന്റെ നേരെ പാളിവീഴുന്ന നോട്ടത്തിൽ തനിക്കുമാത്രം മനസ്സിലാവുന്ന ഒരുപാടു ചോദ്യങ്ങളുണ്ടായിരുന്നു. ഇനി വീട്ടിലെത്തുമ്പോൾ എന്താണാവോ പുകില്..?
ഷർട്ട് എവിടെപ്പോകാനാ..അലമാരയ്ക്കുളളിൽത്തന്നെ കാണും.
എടുത്തു മുന്നിലേക്കിട്ടുകൊടുത്തിട്ട് നല്ല രണ്ടു വർത്തമാനം പറയണം..
"എന്താ ഭാര്യക്കും ഭർത്താവിനുമൊരു മൂഡൗട്ട്...? "ഏയ്..ഒന്നുമില്ല.."
അഞ്ചാം നമ്പർ വീട്ടലെ നന്ദനാർ...
തിരികെ പോരുമ്പോൾ ഷർട്ടിനേക്കുറിച്ചുളള
വേവലാതി ജയന്തനിൽ കണ്ടില്ല.
വീടു തുറന്നതും ആദ്യം ചെന്ന് അലമാര തുറക്കുകയായിരുന്നു.
"ഡൽഹിയിൽനിന്ന്
മൊത്തം അഞ്ചു ഷർട്ടല്ലേ വാങ്ങിയത്..
ഇതാ എണ്ണിനോക്ക്.."
ഓരോ ഷർട്ടുമെടുത്ത്
മുന്നിലേക്കുവച്ചു.. ഒന്ന്..രണ്ട്...മൂന്ന്...നാല്.. അഞ്ച്..
"ഇതിൽ നിങ്ങളുടെ ഏതു ഷർട്ടാ കാണാതെ പോയത്...?
ഒടുക്കത്തെയൊരു സംശയം.
മനുഷ്യന്റെ സ്വസ്ഥതയും സമാധാനവും കളയാൻ..!"
"ഞാൻ നോക്കിയപ്പോഴൊന്നും ഇല്ലായിരുന്നു. ഇപ്പോഴിതാരാ ഇവിടെ കൊണ്ടുവച്ചത്..?
സംശയദൃഷ്ടിയോടെ തന്നെ ചൂഴ്ന്നു നോക്കുന്ന ജയന്തൻ..!
ഒരു നാടകം അവസാനിക്കുന്നു.
എന്നാൽ ജയന്തന്റെ കണ്ണുകളിൽ കാണാം ; അടുത്ത നാടകത്തിനുള്ള തയാറെടുപ്പുകൾ.
അയാളുടെ ദൃഷ്ടിയുടെ ആഴങ്ങളിൽ തനിക്കു മാത്രം കാണാനാവുന്ന അനേകം വിഭ്രമങ്ങൾ പരതിയെടുത്ത് അവൾ ചിന്തയിലാണ്ടു.