എന്റെ അജ്ഞത കൊണ്ടാവാം ഇങ്ങനെ ഒരു സംഘടനയെപ്പറ്റി അദ്ധ്യമായി കേൾക്കുന്നത് ഈ അടുത്ത ദിനങ്ങളിൽ. കഴിഞ്ഞ ദിവസം നമ്മുടെ സുപരിചിതൻ A C ജോർജ് ഒരു സൂം മീറ്റിംഗ് സംഘടിപ്പിച്ചു ഈ വിഷയം ആധാരമാക്കി. കൂടുതൽ അറിയുന്നതിന് ഞാനും ഈ മീറ്റിംഗിൽ കയറി.
നിരവതി ആളുകൾ അമേരിക്കയിൽനിന്നും കൂടാതെ ഏതാനുംപേർ കേരളത്തിൽ നിന്നും ഇതിൽ സംബന്ധിച്ചു . എല്ലാവരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഏതാണ്ട് നൂറു ശതമാനവും ഈ സംഘടനയെ നിഷിധമായി വിമർശിച്ചു ഈ പ്രസ്ഥാനം തങ്ങൾക്കും കേരളത്തിനും ഒരു പ്രയോജനവും ഉണ്ടാക്കുന്നില്ല എന്ന രീതിയിൽ. വെറുതെ പണം ധൂർത്തടിക്കുന്നു..
ഞാനും എന്റെ അഭിപ്രായം രേഖപ്പെടുത്തി. പൂച്ചക്കെന്ത് പൊന്നുരുക്കിന്നിടത്തു കാര്യo . ഏതാനും മലയാളി ധനികർ ഒന്നുകൂടി ന്യൂയോർക് പട്ടണത്തിൽ ഒരു പാർട്ടി നടത്തുന്നു. അതിന് പൊലിമ കൂട്ടുന്നതിന് കേരളത്തിൽ നിന്നും ഏതാനും ഭരണ നേതാക്കളെ കൊണ്ടുവരുന്നു.അവരുടെ മുഴുവൻ ചെലവുകളും വഹിച്ചു.ഇവർക്ക് ഒരു "ഓൾ ഇഗ്ലൂസിവ് വെക്കേഷൻ "
പണം മുടക്കുന്ന സംഘാടകർക്കോ, മുഖ്യമന്ത്രി പോലുള്ള നേതാക്കളുമായി ഒരുമിച്ചു സ്റ്റേജിൽ ഇരിക്കാം ഫോട്ടോ എടുക്കാം പലേ ബന്ധങ്ങളും ഉറപ്പിക്കാം. ഇവർ ഒരു പാലം പണിയുകയാണ് ഇവർക്കുവേണ്ടി. ഭാവിയിൽ കേരളത്തിലോ ഇന്ത്യയിലോ വീണ്ടും കൈകൂലി കൊടുക്കാതെ വേഗം എന്തെങ്കിലും സാധിക്കുന്നതിന് .അതെല്ലാം ഓരോ ബസ്സിനസ്സുകളുടെ ഭാഗം അതിന് മുതൽമുടക്ക് ഇടാത്ത ഞാൻ എന്തിന് പരിഭവിക്കണം. ഇതുപോലെ മറ്റു രണ്ടു പ്രസ്ഥാനങ്ങളെ ക്കുറിച്ചും കേൾക്കാറുണ്ട് ഫോമാ, ഫൊക്കാന. എല്ലാത്തിനെയും ഒരു തൊഴുത്തിൽ കെട്ടാം .
മറ്റൊരു എതിർപ്പു കേട്ടത്, കേരളത്തിൽ നിന്നും ഭരണനേതാക്കൾ വരുന്നത് കേരളത്തിൻറ്റെ ഖജനാവിൽനിന്നും പനമെടുത്തു . ഒരു പ്രാഥമിക അന്വേഷണത്തിൽ നിന്നും കണ്ടത് ഒരു ഭാരവാഹി പറയുന്നു ഇതിൽ കേരളത്തിൽ നിന്നും ഒരു രൂപ പോലും ചിലവഴിക്കുന്നില്ല ആവശ്യപ്പെട്ടിട്ടില്ല. ഇതിൻറ്റെ നിജസ്ഥിതി ഈ ലേഖകന് നന്നായി അറിഞ്ഞുകൂട.
പിണറായി വിജയൻ മുഖ്യമന്ധ്രി ആയശേഷം ഏതാണ്ട് എല്ലാ വർഷവും അമേരിക്കയിൽ വരാറുണ്ട് അതെല്ലാം ചികിത്സകൾക്ക് എന്ന രീതിയിൽ ഒരു മാനുഷിക നിലപാടിൽ അതിനെ കുറ്റപ്പെടുത്തരുത്. നല്ല ചികിത്സ ലഭിക്കുക എല്ലാവരുടെയും അവകാശം.
എന്നാൽ ഒരു തമാശ, ഇപ്പോഴത്തെ വരവ് ഒരു പഞ്ച നക്ഷത്ര ഉല്ലാസ യാത്ര. പിണറായിയുടെ പശ്ചാത്തലം നോക്കിയാൽ ഇയാൾ വളരുന്നതും ഈനിലയിൽ എത്തുന്നതും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരിചരണത്തിൽ. ഇയാൾ ഇപ്പോഴും ഒരു കമ്മ്യൂണിസ്റ്റുകാരനോ എന്നെനിക്കറിയില്ല.ചൈനീസ് നേതാക്കൾ മുതലാളിത്തം സ്വീകരിച്ചപ്പോൾ പിണറായിയും അതു സ്വീകരിച്ചുകാണും. അങ്ങിനെയെങ്കിൽ ഈ ന്യൂയോർക് ഉല്ലാസയാത്രക്ക് കുഴപ്പമില്ല.
ഒരു പിടികിട്ടാത്ത കാര്യം പിന്നെന്തിന് ഈയാത്രയുടെ കൂടെ ഒരു ക്യൂബ യാത്രയും ഉൾപ്പെടുത്തിയിരിക്കുന്നത്? ഇത് ഉല്ലാസ യാത്രയൂടെ ഭാഗമോ അതോ ഇന്ത്യയെ പ്രതിനിധീകരിച്ചോ? സാധാരണ അന്താരാഷ്ട്രീയ തലത്തിൽ കേന്ദ്ര ഭരണനേതാക്കൾ ആയിരിക്കും ഇതുപോലുള്ള സന്നർശനങ്ങൾ നടത്തുന്നത്. ക്യൂബ സന്നർശനം ആയിരുന്നിരിക്കും പ്രധാന ഉദ്ദേശം എന്നാൽ ന്യൂയോർക്കിൽ വഴിമധ്യേ ഒരു സ്റ്റോപ്പ് ഓവർ ആ സമയം ലോകകേരള സഭ നടക്കുന്നു അവിടെ തലകാണിക്കുന്നു. കാര്യങ്ങൾ ഏതുരീതിയിൽ വേണമെങ്കിലും ചമച്ചെടുക്കാമല്ലോ? പൊതുജനത്തെ വിഡ്‌ഢി വേഷം കെട്ടിക്കുവാൻ .
സംഘടനകൾ എന്തോ ഒക്കെ ചെയ്യും അഥവാ ചെയ്യണം എന്ന് ആശിക്കുന്ന, അമേരിക്കയിൽ താമസിക്കുന്ന മലയാളി സുഹൃത്തുക്കളോട് . നമ്മിൽ നല്ലൊരു ഭാഗം അമേരിക്കയിലേയ്ക്ക് കുടിയേറ്റം നടത്തുമ്പോൾ ഈയൊരു സംഘടനയും നമ്മെ സഹായിക്കുന്നതിനോ വഴികാട്ടുന്നതിനോ ഇല്ലായിരുന്നു.
ആരെല്ലാമാണ് അന്ന് കുടിയേറിയ നേഴ്‌സ്മാരെ സഹായിച്ചത്? അമേരിക്കൻ സ്ഥാപനങ്ങൾ, ആതുര ശുശ്രുഷ കേന്ദ്രങ്ങൾ അമേരിക്കൻ കോൺസുലേറ്റുകൾ, ഇവിടത്തെ നല്ല നിയമവ്യവസ്ഥ. കൂടാതെ ഇവർക്ക് മുൻപേ എത്തിയ മറ്റു കേരളീയർ.
അമേരിക്കയിൽ, എഴുപതുകളിലും എൺപതുകളിലും കുടിയേറിയ കേരളീയർ ഇവിടത്തെ നിയമങ്ങൾ അനുസരിച്ചു ഒരു വൻ കേരള സമൂഹം അമേരിക്കയിൽ എടനീളം രൂപാന്തിരപ്പെടുത്തി. ഇതെല്ലാം കണ്ട് നമ്മുടെ ആത്മാവിനെ രക്ഷപ്പെടുത്തുന്നതിന് മതങ്ങൾ വന്നുതുടങ്ങി കൂടാതെ മുകളിൽ സൂചിപ്പിച്ച സംഘടനകൾ നമ്മുടെ സാമൂഹിക നില മെച്ചപ്പെടുത്തലിനും.
ഇന്നലത്തെ സൂമ് മീറ്റിങ്ങിൽ പലരും സംസാരിച്ചതിൽ നിന്നും ഞാൻ ഗ്രഹിക്കുന്നത് അമേരിക്കയിൽ ജീവിക്കുന്ന മലയാളികളിൽ പലരും ഈ മുകളിൽ സൂചിപ്പിച്ച പ്രസ്ഥാനങ്ങളിൽ നിന്നും എന്തോ ഒക്കെ ലഭിക്കുമെന്നോ ലഭിക്കണമെന്നോ. അവരുടെ നോട്ടത്തിൽ കേരളത്തെ ഈ പ്രസ്ഥാനങ്ങൾ ഒന്നും സഹായിക്കുന്നില്ല അതിനാലായിരിക്കും കേരളം പുരോഗമിക്കാത്തത് ?.
മറ്റൊരു പരാതി പലർക്കും കേരളത്തിൽ വസ്തുക്കൾ വിൽക്കുന്നതിന് സാധിക്കുന്നില്ല പണം മുടക്കി വ്യവസായങ്ങൾ തുടങ്ങിയാൽ പൊട്ടിപ്പോകും. ഈ അവസ്ഥകൾ ഇന്നോ ഇന്നലയോ ഉണ്ടായതല്ല അപ്പോൾ അതനുസരിച്ചു നീങ്ങുക. ആരും ഒരു ബിസിനസ്സും ഒരു നാടിനെ നന്നാക്കണം എന്ന മോഹത്തിൽ തുടങ്ങില്ല തുടങ്ങുന്നവർക്ക് പണലാഭം ആദ്യലഷ്യം.ആരും ആരെയും നിർബന്ധിക്കുന്നില്ല കേരളത്തിൽ ബിസിനസ് തുടങ്ങാൻ.
ചുരുക്കത്തിൽ, പ്രാദേശികമായി സംഘടനകൾ നമുക്ക് ആവശ്യം ഇടക്കിടെ ഒരുമിച്ചുകൂടുക സാംസ്‌കാരിക പരിപാടികൾ നടത്തുക.അതിനുപരി ഒരു ദേശീയ പ്രസ്ഥാനം നമ്മെ എന്തോ ഒക്കെ കാര്യങ്ങളിൽ നിന്നും രക്ഷപ്പെടുത്തുന്നതിന് എന്നരീതിയിൽ. ആവശ്യമുണ്ടോ? നാം അമേരിക്കയിൽ ജീവിക്കുന്നിടത്തോളം കാലം ഒരു ദേശീയ സംഘടനയുടെയും ആവശ്യം നമുക്കില്ല. ഈ രാജ്യത്തിന് നല്ലൊരു ഭരണഘടനഉണ്ട് അത് നമുക്ക് തുല്യ അവകാശവും അവസരവും തരുന്നു . നമ്മുടെ അവകാശങ്ങൾ ആർക്കും നിഷേധിക്കുവാൻ പറ്റില്ല.
നാമിവിടെ വന്നത് നമ്മുടെ ജീവിതം നന്നാക്കുക അതിൻറ്റെ കൂടെ നമ്മുടെ സഹജീവികളെയും കഴിയാവുന്നത്ര പരിഗണിക്കുക സഹായിക്കുക അതെല്ലാം നമ്മിൽ നല്ലൊരു ഭാഗം ചെയ്യുന്നുണ്ട് . അല്ലാതെ ഒരു സമസ്ത സുന്ദര ഇന്ത്യയോ കേരളമോ രുപപ്പെടുത്തുന്നതിനല്ല അതവിടെ ജീവിക്കുന്നവർ ചെയ്യട്ടെ.