മലയാളികള്‍ മുഴുവന്‍ ഞെട്ടലോടെ കേട്ട വാര്‍ത്തയാണ് ഏഷ്യാനെറ്റിലെ അഖില നന്ദകുമാറിനെതിരെയുള്ള പൊലിസ് നടപടി.കേരളം വെള്ളരിക്കപ്പട്ടണമാകുന്നതിന്റെ വ്യക്തമായ സൂചന.മാധ്യമപ്രവര്‍ത്തകയായ എനിക്ക് അഖിലയ്‌ക്കൊപ്പം നിന്നേ മതിയാകൂ.കാരണം മാധ്യമപ്രവര്‍ത്തകര്‍ നടന്നുപോകുന്ന കനല്‍ വഴികള്‍ നന്നായി അറിയുന്നൊരാളാണ് ഞാനും.25 വര്‍ഷം കേരളത്തിലെ പ്രശസ്തമായ മാധ്യമങ്ങളില്‍ പണിയെടുത്തിട്ടുള്ളതിന്റെ അനുഭവമുള്ള എനിക്ക് അതിശയമാണ് ഇപ്പോള്‍ തോന്നുന്നത്.ഒരു വാര്‍ത്ത അന്വേഷിക്കാന്‍ പോയി റിപ്പോര്‍ട്ട് ചെയ്യ്ത ജേണലിസ്റ്റിനെതിരെ കേസ് !.മിടുക്കിയായ പത്രപ്രവര്‍ത്തകയാണ് അഖില. ഒരു യുവാവ് ലൈവില്‍ ഉന്നയിക്കുന്ന ആരോപണം ,ആരോപണമാണെന്ന രീതിയില്‍ത്തന്നെയാണ് ആ കുട്ടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതില്‍ എന്തു ഗൂഢാലോചന ?എന്തിന്റെ പേരിലാണ് പൊലിസ് കേസെടുക്കുന്നത്.എങ്കില്‍ അഖിലയെ അനുകൂലിച്ച് കോളമെഴുതിയതിന്റെ പേരില്‍ നാളെ എനിക്കെതിരെയും കേസെടുക്കാമല്ലോ..കാരണം ഒരു ഗൂഡാലോചനയെ ഞാന്‍ പിന്താങ്ങുകയാണല്ലോ.കഷ്ടം ! .കേരളത്തിന്റെ പോക്കേ..ഇങ്ങനെപോയാല്‍ രാഷ്ട്രീയ സാന്നിദ്ധ്യമുള്ള ഒരു വാര്‍ത്തകളും എഴുതാന്‍ കഴിയില്ലെന്നു വരും.
ഭരിക്കുന്ന രാഷ്ട്രീയകക്ഷികള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ ചെയ്യലല്ല പത്രപ്രവര്‍ത്തനം.അങ്ങനെയുള്ള ചെറിയൊരു ശതമാനം കാണുമായിരിക്കാം.സത്യസന്ധമല്ലാത്ത വാര്‍ത്തകള്‍ പടച്ചുവിട്ട് ഒരു പത്രത്തിനും ഇപ്പോള്‍ പിടിച്ചുനില്‍ക്കാനാവില്ല.സോഷ്യല്‍മീഡിയ അ്ത്രയ്ക്ക് വളര്‍ന്നു കഴിഞ്ഞു.നുണ കാച്ചിവിട്ടാല്‍ പിറ്റേന്ന് സോഷ്യല്‍ മീഡിയയില്‍ കൊലവിളി ഉറപ്പാണെന്ന ഭയം എല്ലാ സ്ഥാപനത്തിനും ഉണ്ട്. കുഴിച്ചുമൂടപ്പെട്ട എത്രയോ സത്യങ്ങളെ മാധ്യമങ്ങള്‍ മാന്തി പുറത്തെടുത്ത് ലോകത്തിനു മുന്നില്‍ കൊണ്ടുവന്ന് കുറ്റവാളികളെ അകത്താക്കിയ സംഭവങ്ങള്‍ നമ്മള്‍ക്കറിയാം.എത്രമികച്ച രാഷ്ട്രീയക്കാരനായാലും അയാള്‍ക്ക് പേരും പെരുമയും വേണമെങ്കില്‍ മാധ്യമങ്ങളിലൂടെ ജനത്തിനു മുന്നില്‍ വെളിപ്പെടണം.പത്രങ്ങളും ചാനലുകളും ഒറ്റക്കെട്ടായി ചില വാര്‍ത്തകള്‍ ബഹിഷ്‌കരിച്ചാല്‍ അത് പുറംലോകത്തെത്തില്ല.എത്ര വലിയ നന്‍മകളായാലും അതാരും അരിയാതെ പോകും.അനുകൂല വാര്‍ത്തകള്‍ കൊടുത്താല്‍ സന്തോഷം.കുറവുകള്‍ കൊടുത്താല്‍ പ്രതികാരനടപടികളെന്ന് നയം ശരിയല്ല.പ്രതിപക്ഷം ഉണ്ടെങ്കിലേ ഭരണപക്ഷം തിളങ്ങൂ.വിമര്‍ശനം തേച്ചുമിനുക്കലാണെന്ന് ഉള്‍ക്കൊള്ളാനായാല്‍ എളുപ്പമായി.ഇലക്ഷന്‍ കാലത്ത് ,വേണ്ടപോലെ വാര്‍ത്ത കൊടുത്ത് സഹായിക്കണേ എന്നു പറഞ്ഞ് പത്രസ്ഥാപനങ്ങളില്‍ കയറിയിറങ്ങുന്ന നേതാക്കളുടെ പടയോട്ടമാണ്.മറ്റെയാളെക്കാള്‍ ഫോട്ടോ ഒരുകോളം കുറഞ്ഞുപോയാല്‍ പിറ്റേന്നുവിളിച്ചു പരിഭവിക്കുന്ന നേതാക്കളും കുറവല്ല.അതൊന്നും പക്ഷേ പോരായ്മയല്ല,വിജയത്തിലേക്കുള്ള കുറുക്കുവഴികളാണെന്ന് എല്ലാവര്‍ക്കും അറിയാം.പക്ഷേ എല്ലാം കഴിഞ്ഞിട്ട് തിരിഞ്ഞുകുത്തരുതെന്നു മാത്രം.
എല്ലാ തൊഴിലിനും റിസ്‌കുകളുണ്ട്.നിറപ്പകിട്ട് ഏറെയുള്ള തൊഴിലിന് ഒരു മറുവശമുണ്ട്. സ്‌ക്രീനില്‍ മൈക്കും പിടിച്ചുനില്‍ക്കുന്ന പത്രപ്രവര്‍ത്തകരെ കാണുമ്പോള്‍ തിളക്കമുള്ള ജോലി എന്നാണ് പലര്‍ക്കും തോന്നുക.പക്്‌ഷേ അവര്‍ താണ്ടുന്ന അപകടകരമായ സാഹചര്യങ്ങള്‍ ആര്‍ക്കും അറിയില്ല.ജീവന്‍ പണയംവച്ചാലാണ് നിങ്ങള്‍ കാണുന്ന സാഹസികമായ വാര്‍ത്തകള്‍ പ്രേക്ഷകനു മുന്നിലെത്തൂക.കുറഞ്ഞ സമയത്തിനുള്ളില്‍ കിട്ടാവുന്നത്ര വാര്‍ത്തകള്‍് പ്രേക്ഷകന് നല്‍കാനുള്ള മത്സരം. വിദ്യാര്‍ത്ഥിസമരങ്ങളും പ്രതിഷേധപ്രകടനങ്ങളും റിപ്പോര്‍ട്ടു ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തര്‍ക്ക് കല്ലേറും അടിയും കിട്ടിയ എത്രയോ സംഭവങ്ങള്‍.പോലിസില്‍നിന്നും പ്രകടനക്കാരില്‍നിന്നും ഈ ' സമ്മാനങ്ങള്‍ 'കിട്ടിയേക്കാം.പ്രക്ഷോഭത്തിനു മുന്നില്‍നിന്നാണ് അവരത് റിപ്പോര്‍ട്ടു ചെയ്യുന്നത്.് ഒരേറില്‍ തീരാവുന്നതേയുള്ളൂ ആ സാധുക്കളുടെ ജീവിതം എന്നു നമ്മള്‍ പലപ്പോഴും ഓര്‍മിക്കുന്നില്ല. വാര്‍ത്തകള്‍ സത്യസന്ധമല്ലെങ്കില്‍ ആ മാധ്യമത്തിന്റെ വിശ്വാസ്യതയാണ് നഷ്ടപ്പെടുക.അതിനാല്‍ത്തന്നെ ഏറെ ശ്രദ്ധയോടെയാണ് 95 % പത്രപ്രവര്‍ത്തകരും ഈ പണിക്ക് ഇറങ്ങുക.മൂര്‍ച്ചയുള്ള അക്ഷരങ്ങളും വാക്കുകളുമിട്ട് അമ്മാനമാടുന്ന പലര്‍ക്കും തൊഴിലില്‍ സംതൃപ്തിയുണ്ടാവും ,പക്ഷേ സാമ്പത്തികമായി അസംതൃപ്തരുമാണ്..തുച്ഛമായ ശമ്പളത്തിലാണ് പല മാധ്യമപ്രവര്‍ത്തകരും ജീവിതം മുന്നോട്ടു നയിക്കുന്നത്.മാസങ്ങളായി ശമ്പളം കിട്ടാത്ത എത്രയോ പത്രപ്രവര്‍ത്തകരെ എനിക്കറിയാം.എന്നിട്ടും അവര്‍ ഈ തൊഴില്‍ ചെയ്തുകൊണ്ടേയിരിക്കുന്നു.കാരണം അതവരുടെ പാഷനാണ്..
ദുരന്തപ്രദേശങ്ങളില്‍ റിപ്പോര്‍ട്ടിങ്ങിന് പോയി മടങ്ങിയെത്തുന്ന കൂട്ടുകാര്‍ പറയുന്നതു കേട്ടിട്ടുണ്ട്,' നന്നായിട്ടൊന്ന് ഉറങ്ങിയിട്ട് ദിവസങ്ങളായി,കുളിക്കാന്‍ പററിയില്ല,സമയത്ത് ഭക്ഷണം സങ്കല്‍പ്പം മാത്രമായിരുന്നെന്ന് '.മുഷിഞ്ഞുനാറിയ വേഷത്തില്‍ ക്ഷീണിതരായി അവര്‍ തിരിച്ചുവരും,മനസ്സു നിറയെ ആകുലതകളുമായി.കാരണം ദുരന്ത ഭൂമിയിലെ മൃതശരീരങ്ങളും അവരുടെ ബന്ധുജനങ്ങളുടെ കണ്ണീരും ജീവിതകഥകളും അവരെ വല്ലാതെ തളര്‍ത്തിയിട്ടുണ്ടാവും . അവരും മനുഷ്യരാണ്.
റിപ്പോര്‍ട്ടിങ്ങിനിടെ ജീവന്‍ ബലി നല്‍കേണ്ടിവന്ന സുഹൃത്തുക്കളുടെ ഓര്‍മകള്‍ മനസ്സിനെ നീറ്റുന്നുണ്ട്.മാതൃഭൂമിയിലെ സഹപ്രവര്‍ത്തകരായിരുന്നു , കോട്ടയം വൈക്കം മുണ്ടാറിലെ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വള്ളംമുങ്ങി മരിച്ച 47 -കാരന്‍ സജിയും ഡ്രൈവര്‍ ഇരവിപേരൂര്‍ സ്വദേശി 27 വയസ്സുള്ള ബിബിനും .അവരുടെ ജീവനറ്റ ശരീരങ്ങള്‍ ഇന്നും നടുക്കമുണ്ടാക്കുന്നു .2018- ജൂലൈയിലായിരുന്നു അത്.മുണ്ടാറിലെ ദുരിതാശ്വാസക്യാമ്പിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു മടങ്ങുമ്പോഴായിരുന്നു അഞ്ചംഗസംഘം അപകടത്തില്‍ പെട്ടത്..ഒപ്പമുണ്ടായിരുന്ന ശ്രീധരനെയും അഭിലാഷിനെയും നാട്ടുകാര്‍ രക്ഷിച്ച്തുകൊണ്ട് തലനാരിഴയ്ക്കു രക്ഷപ്പെട്ടു.ഇനി വെള്ളപ്പൊക്കക്കാലമാണ്.ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ചുഴലിക്കാറ്റും മഴക്കെടുതിയും അരങ്ങുതകര്‍ക്കുന്ന കാലം.അത്തരമൊരു ഉരുള്‍പൊട്ടല്‍ക്കാലത്താണ് മനോരമഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിനെ ഉരുള്‍ വിഴുങ്ങിയത്.വെണ്ണിയാനി മലയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കെ മണ്ണിടിച്ചിലില്‍പെട്ടായിരുന്നു വിക്ടറിന്റെ മരണം.അതൊരു ജൂലൈ ഒമ്പതിന്.തന്റെ നേരെ പൊട്ടിവരുന്ന ഉരുള്‍ വിക്ടര്‍ കണ്ടതേയില്ല.ജോലിയില്‍ പെര്‍ഫക്ഷന്‍ കൊതിച്ച സൗമ്യനായ ഒരു പത്രപ്രവര്‍ത്തകന്‍ .ക്യാമറ ക്‌ളിക്ക് ചെയ്തുകൊണ്ടിരിക്കെത്തന്നെ പൊടുന്നനെ ...
വീട്ടിലെ സെറ്റിയില്‍ ചാരിയിരുന്ന് കാപ്പി നുണഞ്ഞ് ' ചെറുകടികള്‍ ' വയറ്റിലാക്കി ,വാര്‍ത്തകള്‍ കണ്ട് കമന്റ് പാസ്സാക്കുമ്പോള്‍ അറിയുന്നില്ല ഈ ജീവത്യാഗങ്ങള്‍.വാര്‍ത്തയ്‌ക്കൊപ്പം കാണിക്കുന്ന ദൃശ്യങ്ങള്‍ക്ക് മിഴിവില്ലെന്നു പറഞ്ഞ് ചാനലുകള്‍ മാറ്റിമാറ്റി അഭിപ്രായം പറയുമ്പോഴറിയുന്നില്ല ജീവന്‍ പണയം വച്ചാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന്.വാര്‍ത്തയ്‌ക്കൊപ്പമുള്ള എത്രയും അപകടകരമായ സാഹചര്യങ്ങളുടെ ലൈവ് കണ്ട് കൊള്ളാം എന്നു പറയുമ്പോള്‍ അറിയുന്നുണ്ടോ ആ ദുരന്തമുഖത്തു പണിയെടുക്കുന്ന കുട്ടികളുടെ അര്‍പ്പണമനോഭാവം.നമ്മുടെ നാട്ടിലൊരു പൊതുചടങ്ങുണ്ടായാല്‍ ഉടന്‍ പത്രക്കാരെ വിളിക്കും.രണ്ടുകോളം വാര്‍ത്തയും പടവും വന്നാല്‍ ഹാപ്പിയായി.ആരുമറിയാതെ ഒടുങ്ങിപ്പോകുമായിരുന്ന എത്രയോ മനുഷ്യജന്‍മങ്ങള്‍ക്ക് ഒരൊറ്റ വാര്‍ത്തയിലൂടെ,ഒരു ചിത്രത്തിലൂടെ ജീവിതം തിരിച്ചുനല്‍കിയ സംഭവങ്ങള്‍ ..കുടിവെള്ളപ്രശ്‌നങ്ങള്‍ മുതല്‍ റേഷനരികിട്ടാത്തതുവരെ വലിയ പ്രശ്‌നങ്ങളാക്കി അധികൃതരുടെ കണ്ണു തുറപ്പിക്കുന്ന ഈ സാധുക്കള്‍ സമയം നോക്കാതെ പണിയെടുക്കുന്നവരാണെന്ന സത്യം എത്രപേര്‍ക്കറിയാം.രാവിലെ പത്തുമണിക്ക് ഓഫീസിലെത്തിയാല്‍ രാത്രി എട്ടു മണിയായാലും മടങ്ങാനാവാത്ത തിരക്ക്.ഒരു ദുരന്തം നടന്നാല്‍ കൈമെയ്യ് മറന്ന് ഒറ്റക്കെട്ടായി പോരാട്ടമാണ്.സമയത്തിന് വീടണയാന്‍ കഴിയാത്തവര്‍..കടമകള്‍ നിറവേറ്റാന്‍ സമയം കിട്ടാത്തവര്‍.ചിലരുടെ കുടുംബബന്ധങ്ങള്‍പ്പോലും ജോലിയോടുള്ള ആത്മാര്‍ത്ഥത കാരണം ശിഥിലമായിപ്പോയിട്ടുമുണ്ട്.
ആരോഗ്യകരമായ മത്സരം നിലനില്‍ക്കുന്നതിനാല്‍ ഓരോരുത്തരും ലക്ഷ്യമിടുന്നത് മറ്റാര്‍ക്കും കിട്ടാത്ത എക്‌സ്‌ക്‌ളൂസ്സിവ് തങ്ങളുടെ മാധ്യമസ്ഥാപനത്തിനു കിട്ടണമെന്നാണ്.അതിനവര്‍ കഠിനാദ്ധ്വാനം ചെയ്യുന്നു.അവിടെ ആണ്‍പെണ്‍ ഭേദമില്ല.തുല്യത ഏറ്റവും കരുത്തോടെ അനുഭവപ്പെടുന്ന തൊഴിലിടം മാധ്യമരംഗമാണ്.ഒരു സ്ത്രീയെ ധൈര്യവതിയാക്കുന്ന തൊഴിലിടവും മാധ്യമരംഗമാണ്.അതുകൊണ്ടുതന്നെ വേട്ടയാടലുകള്‍ക്കു നടുവിലും അവര്‍ പിടിച്ചു നില്‍ക്കും. വാര്‍ത്തകള്‍ക്കു പിന്നാലെ പോയി സത്യസന്ധമായി റിപ്പോര്‍ട്ടുചെയ്യുന്ന ഒരാളെയും അപമാനിക്കരുത്,ഭയപ്പെടുത്തരുത്.നന്‍മകള്‍ പുറത്തു വരാന്‍ ആഗ്രഹിക്കുന്നതുപോലെ പുഴുക്കുത്തുകളും വെളിച്ചത്തു വരട്ടെ.ഉപ്പു തിന്നവന്‍ വെള്ളം കുടിക്കാതെ പറ്റില്ലല്ലോ.പ്രതിപക്ഷത്തിരിക്കുന്നവര്‍ പലതും വെളിച്ചത്തുകൊണ്ടുവരുന്നതിനാണ് മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നത്.ഭരണപക്ഷത്തിരിക്കുന്നവര്‍ക്ക് പലതും മൂടിവയ്ക്കാനുമുണ്ടാവും.ഭരണ-പ്രതിപക്ഷ കക്ഷികള്‍ മാറിമാറി വരുമെന്ന ഓര്‍മയുണ്ടാകുന്നത് നല്ലതാണ്.
പത്രസ്ഥാപനങ്ങളും ചിലത് ഓര്‍മിക്കേണ്ടതുണ്ട്. മാധ്യമധര്‍മം കൈവിടരുതെന്ന അടിസ്ഥാനതത്വം .സ്ഥാപിത താത്പര്യങ്ങള്‍ ,ഗൂഢപദ്ധതികള്‍ ,ശത്രുതാ മനോഭാവങ്ങള്‍ ..ഇവയൊന്നും വച്ചുപുലര്‍ത്താന്‍ കൊള്ളുന്നതല്ല.മാധ്യമങ്ങളും രാഷ്ട്രീയക്കാരും പരസ്പരമുള്ള ഏറ്റുമുട്ടലുകള്‍ക്കിടയില്‍ മറ്റു ചിലതു കാണാതെപോകുന്നു.നുഴഞ്ഞുകയറാന്‍ തക്കംപാത്തിരിക്കുന്നവരെയും നാടിനെ കുട്ടിച്ചോറാക്കാന്‍ പദ്ധതിയിടുന്നവരെയും കാണാതെ പോകുന്നു.അവര്‍ക്കിത് നല്ല സമയമാണ്.കാര്യങ്ങള്‍ എളുപ്പമാകും.
സാമ്പത്തിക മാന്ദ്യം കേരളത്തില്‍ രൂക്ഷമാകുകയാണ് .സര്‍ക്കാരിനൊപ്പം ജനങ്ങളും മാധ്യമങ്ങളും ഒത്തുനിന്നാലേ നമ്മുടെ നാട് രക്ഷപ്പെടൂ.ആരും അന്യരാകാതിരിക്കട്ടെ...