Image

വിക്ടോറിയ മിസ്സിംഗ് (കഥ: എസ്. അനിലാൽ)

Published on 14 June, 2023
വിക്ടോറിയ മിസ്സിംഗ് (കഥ: എസ്. അനിലാൽ)

 ട്രെയിൻ മസ്ജിദിൽ നിന്നും പുറപ്പെട്ടു.  അജയൻ തല താഴ്ത്തി ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി. അടുത്ത സ്റ്റേഷൻ  മുംബൈ ഛത്രപതി ശിവജി ടെർമിന്സ്. തലേന്ന്  ഈ സമയത്തു ആ സ്റ്റേഷനിൽ കണ്ട വിചിത്രജോഡിയായ ചെറുപ്പക്കാരനും   പെൺകുട്ടിയും  പെട്ടെന്ന് ഓർമയിലെത്തി. 
     തോളിൽ സ്ഥാനം മാറിക്കിടന്ന  തോൽ സഞ്ചിയുടെ വാറ്  വലതു കൈകൊണ്ടു ശരിക്കു പിടിച്ചിട്ടു. കണ്ണട ഒന്നിളക്കി നേരെയാക്കി. അതേ കൈ കൊണ്ടുതന്നെ താടിയും ഒന്നൊതുക്കി അയാൾ  സീറ്റിൽ നിന്നും എണീറ്റു. 
     പാളങ്ങളിൽ  ഇരുമ്പു ചക്രങ്ങളുരുളുമ്പോളുള്ള  ‘കടക് കടക്’ ശബ്ദത്തിനുമേൽ  ട്രെയിനിന്റെ ഉൾവശങ്ങളിൽ കൈകൊണ്ടടിച്ചു താളമിട്ടു കേട്ടിരുന്ന സംഘഗാനം അപ്പോഴേക്കും നിലച്ചിരുന്നു. നടുവിൽ ഉയർത്തിപ്പിടിച്ച ബ്രീഫ് കേസിനു ചുറ്റും കൂടി നിന്ന് അതിന്റെ മേലെ ചീട്ടിട്ടു കളിച്ചിരുന്നവർ  കളിനിറുത്തി.
     മുന്നിലുള്ളവരെ ചെറുതായൊന്നു തള്ളി യാത്രക്കാർ വാതിലിനരികിലേക്കു നീങ്ങുന്നു. തൊട്ടുമുന്നിലെയാളിന്റെ തലയിലെ എണ്ണ മുഖത്തൊട്ടാതിരിക്കാൻ അജയൻ തല  ഒരുവശത്തേക്കു ചരിച്ചുപിടിച്ചു. ഇറങ്ങാനുള്ള തിരക്കിലും ഞെരുക്കത്തിലും പെട്ട് വഴുതി മെല്ലെ പ്ലാറ്റ് ഫോമിലിറങ്ങി ആൾക്കൂട്ടത്തിനൊപ്പം നടന്നു.
     ഓരോ തീവണ്ടിയും എത്തിക്കഴിഞ്ഞാൽ ഇരുവശത്തേയും പ്ലാറ്റ് ഫോമുകളിൽ യാത്രക്കാരുടെ തിരയിളക്കമാണ്. കൂറ്റൻ മേൽക്കൂരക്കു താഴെ  മഞ്ഞയിലും ചുവപ്പിലും കത്തുന്ന  ഡിജിറ്റൽ ഡിസ്‌പ്ലേകളിലും  ഉയരമുള്ള തൂണുകളിലെ പരസ്യങ്ങളിലും അലസമായി നോക്കി  അയാൾ  ധൃതിയിൽ നടന്നു. മുഖ്യപ്ലാറ്റ് ഫോമിലെ ടീ സ്റ്റാളിൽ നിന്ന്  സ്ഥിരമായി  ആ നേരത്തു കേൾക്കാറുള്ള ‘വൈഷ്ണവ് ജന് തോ’  കേട്ട് ചൂടുള്ള  ‘പാനി കം കട്ടിങ്’ ചായ ഊതിക്കുടിക്കുമ്പോൾ അന്നും അയാൾ അവരെ  കണ്ടു.
     കുറച്ചു ദൂരെ മാറി ഒരൊഴിഞ്ഞ ഭാഗത്തുള്ള തൂണിനരികിലേക്ക് അവരിലെ ആ ചെറുപ്പക്കാരൻ ചെറിയ ചക്രങ്ങൾ പിടിപ്പിച്ച പലകയിൽ രണ്ടു കൈയും പങ്കായങ്ങൾ പോലെ തറയിലൂന്നി തുഴഞ്ഞെത്തുന്നു.  അപ്പോഴേക്കും പെൺകുട്ടി  മുഷിഞ്ഞു പിഞ്ഞിയ  മുഴുപ്പാവാടയും ബ്ലൗസുമിട്ടു  രണ്ടു ഗ്ളാസ്സുകളിൽ ചായയുമായി അയാൾക്കരികിലേക്കു നടക്കുന്നു. അവൾക്ക് പതിനാറു പതിനേഴു  വയസു കാണും.  അയാൾ  കൈയ്യെത്തി  ഗ്ലാസ്സുകൾ വാങ്ങി. അവൾ  അയാളോടു ചേർന്ന് നിലത്തിരുന്നു. 
     ചായ അവൾക്കു നേരെനീട്ടുമ്പോൾ അയാളെന്തോ പറയുന്നു.   
     രണ്ടു കാലുകളും മുട്ടിനു താഴെവച്ചു മുറിച്ചു മാറ്റപ്പെട്ടതാണ്. മെലിഞ്ഞ കൈപ്പത്തികളിലും, തറയിലൂന്നി നീങ്ങാൻ സഹായത്തിനു രണ്ടുപഴഞ്ചൻ തോലുറ. അനുസരണയില്ലാതെ വളർന്ന ചെമ്പൻ താടിയും പാറിപ്പറക്കുന്ന നീണ്ട മുടിയും.  അയഞ്ഞ ഷർട്ടിനുള്ളിൽ ശരീരം ഉണ്ടോയെന്നു പോലും സംശയം തോന്നും വിധം അയാൾ മെലിഞ്ഞിരുന്നു. അവളുടെ മുഖമാവട്ടെ ആകെ കരിയും പൊടിയും പിടിച്ച് മങ്ങിയിരുന്നു. അവൾ അയാളെ നോക്കിച്ചിരിച്ചു. വെറുതെ അയാളുടെ കൈത്തണ്ടയിൽ ഒന്നു നുള്ളി സ്നേഹം മടക്കിക്കൊടുത്തു. അവൾ സുന്ദരിയായിരിക്കുന്നു എന്നോ മറ്റോ ആവും അയാൾ പറഞ്ഞിട്ടുണ്ടാവുക.
     അരഗ്ലാസ്സ് ചായ കുടിച്ചു തീരും വരെയുള്ള നേരംപോക്ക് നിറുത്തി അജയൻ സ്റ്റേഷനു പുറത്തേക്കു നടന്നു. വെയിലായി  തുടങ്ങുന്നു. മഞ്ഞ സൽവാറും കറുത്ത കമ്മീസുമിട്ടു ധൃതിയിൽ അങ്ങോട്ടുമിങ്ങോട്ടുമോടുന്ന ‘പദ്മിനിമാർ’ ഈ നഗരത്തിന്റെ പ്രത്യേകതയാണ്. സ്‌കൂട്ടറുകൾ, ബൈക്കുകൾ, ബെസ്റ്റ്   ബസ്സുകൾ, പോരെങ്കിൽ അവക്കിടയിലൂടെ റോഡുമുറിച്ചു കടക്കുന്ന യാത്രക്കാർ. 
     അടുക്കിയ തട്ടുകളുള്ള ചോറ്റുപാത്രങ്ങൾ ഒറ്റനിരയായി തലയിൽ ചുമന്ന് ധൃതിയിൽ നടന്നു പോവുന്ന ഡബ്ബാ വാലകളെ കണ്ടപ്പോൾ, അമ്പലത്തിലെ ഉത്സവത്തിന് കൊണ്ടുവരുന്ന കോലങ്ങളിലെ രാവണന്റെ  രൂപമാണ് ഓർമ വന്നത്. 
     വാഹനങ്ങളുടെ ഇരമ്പം,  നിരന്തരമായ  ഹോൺ ശബ്ദം എന്നിവയ്‌ക്കൊപ്പം അടക്കം പറഞ്ഞും ഒച്ചയുണ്ടാക്കിയും നീങ്ങുന്ന ആൾക്കൂട്ടത്തിന്റെ കലപിലയും കൂടിക്കലർന്നു. ഓരോ നഗരത്തിനും അതിൻറേതായ പരിസരശബ്ദങ്ങളുടെ ആവരണമുണ്ട്. 
     മ്യൂസിയത്തിലെത്തണം.  പത്തര മണിക്കാണ് ക്യൂറേറ്ററുമായി അഭിമുഖം.
      ടാക്സിക്ക്  കൈ  കാണിക്കും മുൻപ് അജയൻ ഒന്നു  തിരിഞ്ഞു നോക്കി. 
     ഛത്രപതി ശിവജി ടെർമിന്സ് സ്റ്റേഷൻ. പഴയ വിക്‌ടോറിയ ടെർമിനസ്. സാൻഡ്  സ്റ്റോണും ലയിം സ്റ്റോണും കൂടിച്ചേർന്ന്  കിഴക്കിന്റെയും  പടിഞ്ഞാറിന്റെയും ശിൽപ്പ സമന്വയാൽഭുതം. ഏകദേശം ഒരു ദീർഘചതുരത്തിന്റെ മൂന്നു വശങ്ങൾ പോലെയാണത്.  നീളം കൂടിയ നടുഭാഗത്തെ മുഖ്യ കെട്ടിടത്തിന്റെ ഭിത്തിയിൽ ഏറ്റവും  മുകളിലായി വെള്ള വട്ടത്തിൽ കറുത്ത സൂചികളുള്ള ഘടികാരം.
     അതിനു തൊട്ടു താഴെയുള്ള മേലാപ്പിനു കീഴെ വിക്ടോറിയ രാജ്ഞിയുടെ  പ്രതിമ നിന്നിരുന്നിടം ഒഴിഞ്ഞു കിടക്കുന്നു. ന്യൂ ഇന്ത്യ ടൈംസിൽ കൗതുക വാർത്തയായാണ് അത് ശ്രദ്ധയിൽ പെട്ടത് . പക്ഷെ ജേര്ണലിസ്റ് ആയ തനിക്ക്  അതിൽ  ഒരു ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറിക്കുള്ള സാധ്യതയാണ് പെട്ടെന്ന് തോന്നിയത്.        
     അതിനു കാരണവുമുണ്ട്.
     രാജ്ഞി ചരിത്രമാണ്. അപ്പോൾ അവരുടെ പ്രതിമ കാണാതെ പോയതും ചരിത്രത്തിന്റെ ഭാഗമാവണം. അന്വേഷണകഥ വിജയമെങ്കിൽ കരിയറിൽ അതാവശ്യമുള്ളൊരു  ബ്രേക്ക് ആയേക്കും. അതുകൊണ്ട് ആരോടും പറയാതെയാണ് അവധിയെടുത്തു അനന്തപുരിയിൽ നിന്നും മുംബൈയ്ക്ക് തിരിച്ചത്.
     വെള്ള അരക്കൈയ്യൻ ഷർട്ടും കാക്കി പാന്റും നെറ്റിയിൽ ചുവന്ന വലിയ സിന്ദൂരപ്പൊട്ടും  ഗാന്ധിത്തൊപ്പിയുമുള്ള ഡ്രൈവർ അന്നത്തെ ആദ്യയാത്രക്കാരനായ മദ്രാസിക്കു  ടാക്സിയുടെ പിൻവാതിൽ തുറന്നു കൊടുത്തു. ഹൂലസുന്ദരികളും പിങ്ക് നിറമുള്ള ഹൈബിസ്‌ക്കസ് പുഷ്പങ്ങളും നിറഞ്ഞ ഹവായിയൻ ദൃശ്യങ്ങളായിരുന്നു  കാറിനുള്ളിൽ. മുന്നിലെ ഡാഷ്ബോഡിനു നടുവിലായി ചെറിയൊരു ഫോട്ടോ. നീണ്ട കാവികുപ്പായത്തിൽ കാട്ടുവഴിയരുകിൽ പാറപ്പുറത്ത്   ഷിർദിസായിബാബ വലതുകൈയുയർത്തി കാറിലെ യാത്രക്കാരെ  അനുഗ്രഹിക്കുന്നു. പിൻസീറ്റിൽ സവാരിക്കാർക്കു വായിക്കാൻ ‘സാമ്‌ന’ പത്രവും.
     ഡ്രൈവറുടെ വശത്തെ  തുറന്ന ജനാലയിലൂടെ റോഡിലെ പുകയും പൊടിയും ചൂടും ഉള്ളിലേക്ക് കയറുന്നുണ്ട്.
     വേണ്ടത്ര സമയമുണ്ടായിട്ടും മ്യൂസിയം ക്യൂറേറ്ററുമായുള്ള കൂടിക്കാഴ്ച പെട്ടെന്ന് തന്നെ അവസാനിച്ചു. പുതുതായി ഒന്നും കിട്ടിയില്ല. 
     ചാനലുകാരനുമായുള്ള അഭിമുഖം സൂക്ഷിച്ചു വേണം എന്നറിയാവുന്ന അയാൾ കരുതലോടെ മറുപടികൾ പറഞ്ഞു. പ്രതിമ മ്യൂസിയത്തിൽ എത്തിയതായി രേഖയില്ലെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് അയാൾ സമർത്ഥിച്ചത്. എങ്കിലും  ഇളക്കി മാറ്റിയ പ്രതിമ മ്യുസിയം വളപ്പിലുള്ള റാണി ബാഗ് ഗാർഡൻസിലേക്കാണ് തല്ക്കാലത്തേക്ക് മാറ്റിയിരുന്നതെന്നാണ് അനൗദ്യോഗികമായി അയാൾ പറഞ്ഞുവച്ചത്. എൺപതുകളിലൊക്കെ   അതവിടുണ്ടായിരുന്നു പോലും.
     ഉച്ചക്ക് മ്യൂസിയം വളപ്പിലെ  കാന്റീനിൽനിന്നും ചപ്പാത്തിയും സബ്ജിയും കഴിച്ചു.  പ്ലാൻ ചെയ്തതനുസരിച്ച് ഇനി പോകേണ്ടത്  ‘ഗേറ്റ് വേ ഓഫ് ഇന്ത്യ’യിലേക്കാണ്. ഓരോ യാത്രയ്ക്കു പിന്നിലും മറ്റൊരു ആന്തരിക ലക്‌ഷ്യം കൂടി ഉണ്ടാവാറുണ്ട്. വര്‍ഷങ്ങള്‍ക്കു മുൻപ്  താമസിച്ചു ജോലിചെയ്തിരുന്ന നഗരത്തെ വീണ്ടുമോർക്കുമ്പോൾ ചിലയിടങ്ങൾ ആർക്കും  വീണ്ടും കാണാൻ തോന്നും.
     ‘ഗേറ്റ്‌വേ ഓഫ് ഇന്ത്യ’ കിംഗ് ജോർജും മേരിയും പണ്ട് ഇന്ത്യയിൽ വന്നതിന്റെ ഓർമ്മക്കായി നിർമിക്കപ്പെട്ടതായിരുന്നു. അതിൽ  വന്നതിന്റെ ഓർമയ്ക്കാണല്ലോ എന്നൊരു ന്യായമുണ്ട്. വിക്ടോറിയാ  രാജ്ഞി ഇന്ത്യ കണ്ടിട്ടേയില്ലായിരുന്നുവെന്ന് വായിച്ചിട്ടുണ്ട്. ഈ രാജ്യം  ഒരിക്കലും കണ്ടിട്ടില്ലാത്ത രാജ്ഞിയുടെ കാണാതെപോയ പ്രതിമ  ഇത്രയും വർഷങ്ങൾക്കു ശേഷം അന്വേഷിച്ചിറങ്ങിയതിൽ പെട്ടെന്നൊരു ജാള്യത തോന്നി. എങ്കിലും  കരിയറിൽ ഒരു ബ്രേക്ക് ആയെങ്കിലോ! അങ്ങിനെ സ്വയം ആശ്വസിച്ചു.
     അവിടുന്നു  മറൈൻ ഡ്രൈവ്. കടലിനരികെയുള്ള നീളൻ നടപ്പാതയിൽ കുറെ നടന്നു. ചുവന്ന മുളക് മസാല വച്ച വടാപാവും എണ്ണയിൽ മൊരിച്ച നീളൻ പച്ചമുളകും വർഷങ്ങൾ പിന്നിലേക്ക് അനായാസം പോകാൻ അജയനെ സഹായിച്ചു. കടലിനഭിമുഖമായി  കോൺക്രീറ്റ് തിട്ടയിൽ  കാറ്റുകൊള്ളാനിരുന്നു. എത്രയോ മധ്യാഹ്നങ്ങൾ, വൈകുന്നേരങ്ങൾ  പൂർവിയുമൊത്തു ഇവിടെ ചെലവിട്ടിരിക്കുന്നു. 
     മെട്രോയിൽ ‘ഹം ആപ്കെ ഹെ കോൻ’ കണ്ട ദിവസമോർത്തു. സിനിമ കഴിഞ്ഞു ഇവിടെയെത്തിയായിരുന്നു പരസ്പരം പ്രണയം തുറന്നു പറഞ്ഞത്. പൂർവിയുടെ നനവുള്ള  ചുണ്ടുകളും ഹാലിളകിയപോലുള്ള കെട്ടിപ്പിടുത്തവും അന്നേരം ഒരിക്കൽക്കൂടി  അനുഭവിച്ചറിഞ്ഞു.  പിന്നീട് ചൗപ്പാത്തി ബീച്ചിൽ  സൂര്യാസ്തമയം കണ്ട്  അന്നത്തെ ദിവസം അവസാനിപ്പിച്ചു.
     വര്‍ഷങ്ങള്‍ക്കു മുൻപ് നഗരത്തിൽ ആദ്യമായെത്തിയതും വഡാല കോളേജിൽ താൽക്കാലിക വേക്കൻസിയിൽ പഠിപ്പിച്ചു തുടങ്ങിയതും പിന്നെ സേവിയേഴ്സിൽ സായാഹ്‌ന ക്ലാസ്സിൽ ചേർന്ന് ജേർണലിസം പഠിച്ചതുമൊക്കെ ഓർത്തിരുന്നത്  കാരണം മടക്കയാത്ര പെട്ടെന്നവസാനിച്ചപോലെ തോന്നി.   
     കിടക്കുന്നതിനു മുൻപ് അന്നത്തെ അന്വേഷണക്കുറിപ്പുകൾ ശ്രദ്ധാപൂർവം ലാപ്ടോപ്പിലാക്കി. വിക്ടോറിയ രാജ്ഞിയുടെ കിരീട ധാരണത്തിന്റെ  അൻപതാം വർഷ ആഘോഷങ്ങളുടെ ഭാഗമായി ആധിപത്യത്തിന്റെ പ്രതീകങ്ങൾ ഗോഥിക് നിർമിതികളായി രാജ്യത്തുടനീളം ഉയർന്നു. സ്വാതന്ത്ര്യം നേടിയ ജനത അവരെ അടക്കിവാണവരുടെ സാന്നിധ്യം ആവുന്നത്ര എടുത്തുമാറ്റിയതിന്റെ കൂട്ടത്തിലാണ് വിക്ടോറിയ ടെർമിനസ് സ്റ്റേഷനു  മുകളിലായി കനോപ്പിക്കു കീഴിൽ ഉണ്ടായിരുന്ന വിക്ടോറിയ രാജ്ഞിയുടെ പ്രതിമയും അവിടുന്ന് മാറ്റിയത്. അത് ഭാരത സർക്കാരിന്റെ തീരുമാനമായിരുന്നു. അടുത്തുള്ള വിക്ടോറിയ മ്യൂസിയത്തിലേക്ക് മാറ്റാനായിരുന്നു പ്ളാൻ. മാറ്റപ്പെട്ട പല പ്രതിമകൾക്കുമൊപ്പം റാണിയുടെ പ്രതിമയും താൽക്കാലത്തേക്കാണ് മ്യൂസിയം വളപ്പിലുള്ള പൂന്തോട്ടത്തിലേക്കു മാറ്റിയത്.
     പൊതുഇടത്തിൽ കൊണ്ടിട്ട  പ്രതിമയെക്കുറിച്ചു ആധികാരികമായ അന്വേഷണം ശ്രമകരമാണ്.  എന്നാലും പരീക്ഷണമെന്ന നിലയിലെങ്കിലും മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചാണ് അന്ന് കിടന്നത്.
     അടുത്ത ദിവസം പതിവുപോലെ ചായ കുടിക്കുമ്പോഴാണ് ആ പെൺകുട്ടിയെയും ചെറുപ്പക്കാരനെയും  അതേ  സ്ഥലത്തു വീണ്ടും കണ്ടത്. സിനിമയിലെപ്പോലെ പാട്ടുസീൻ അഭിനയിക്കുകയായിരുന്നു അവർ.  അതിശയവും കൗതുകവും തോന്നി. ഇത്ര രാവിലെ തുടങ്ങിയോ റൊമാൻസ്?  മനോഹരമായി താളം ചവുട്ടി ഏതോ പാട്ടുറക്കെ പാടി അവൾ ആ സ്ഥലം മുഴുവൻ ഓടിക്കളിക്കുന്നു. അവളെ പിടിക്കാനെന്നവണ്ണം കൈ നിലത്തൂന്നിത്തുഴഞ്ഞ്  അയാൾ വണ്ടിയിൽ പിന്നാലെ വേഗത്തിലോടുന്നു. കുറെ ഓടിച്ചു വട്ടം കറക്കിയശേഷം അവൾ അവന്റെ മേലേക്ക് വീണു. രണ്ടുപേരും കെട്ടിപ്പിടിച്ചു നിലത്തേക്ക്.
     "തെമ്മാടിയാണ് കാലില്ലെങ്കിലെന്ത്! കൈയ്യിലിരിപ്പ് കണ്ടോ?” ശ്രദ്ധ അങ്ങോട്ട് തന്നെ ഉറപ്പിച്ചു നിന്നപ്പോൾ കടക്കാരൻ പറഞ്ഞു.
     "തമ്മിൽ തല്ലിനിടയിൽ വണ്ടിക്കടിയിൽ പോയതാണ്."  
     അവന്റെ കാൽ നഷ്ട്ടപ്പെട്ടതെങ്ങിനെയെന്നനാണ് അയാൾ പറയുന്നത്.
     മനസ്സിൽ ആ പെൺകുട്ടിയായിരുന്നു. എന്ത് ധൈര്യത്തിലാണ് അവൾ സ്റ്റേഷനിൽ കഴിയുന്നത്? എങ്ങിനെയാണ് അവളവിടെ എത്തിപ്പെട്ടത്?
     പിന്നൊരു ദിവസം, തന്റെ താല്പര്യം കണ്ടാവണം   സ്റ്റേഷനിലെ കടക്കാരൻ  തനി
 തപോരി സ്ലാങ്ങിൽ അവളെക്കുറിച്ചു  പറഞ്ഞത്:
     “പൂജയെന്നാണ് പേര്. രണ്ടു  വർഷം  മുന്‍പാണ് അതിരാവിലത്തെ ട്രെയിനിൽ അവളെയും കൂട്ടി അമ്മാവനെന്നു പറഞ്ഞൊരു  കിഴവൻ വണ്ടിയിറങ്ങിയത്. കല്യാൺ ഭാഗത്തു നിന്നാണ്. ഇറങ്ങിയതും അവൾ  നിലവിളിച്ചോണ്ടൊരോട്ടം. കിളവൻ അന്തം വിട്ടു പിറകെ. ഇപ്പോൾ  കാലില്ലാത്ത ഛോട്ടാ ദാദയാണ് അന്ന് അയാളെ അടിച്ചു നിരപ്പാക്കിയത്. അങ്ങനെ ഉറപ്പിച്ച രഹസ്യ കച്ചവടം നടന്നില്ല. അതുകൊണ്ടു ഞങ്ങൾക്ക് ഇതൊന്നും പുതുക്കാഴ്ചകളല്ല. അന്നു കുനിഞ്ഞുതൂങ്ങി  നിന്ന പൂജയല്ല  ആളിപ്പോ,” കടക്കാരൻ ചിരിച്ചു കൊണ്ട് തുടർന്നു, “പിന്നെ അവൾ ഇവിടെത്തന്നെ. എന്തെങ്കിലും ചില്ലറപ്പണിയൊക്കെ ചെയ്യും. എല്ലാര്‍ക്കും അവളെ അറിയാം.”
     “പിന്നാരും അന്വേഷിച്ചു വന്നില്ലേ?”
     “വന്നു. അന്നു വന്നയാൾതന്നെ പിന്നീടൊരിക്കൽ കുറച്ചുപേരുമായി വീണ്ടും വന്നു. അവളെ കാണാൻ പോലും കരിം ഭായി വിട്ടുകൊടുത്തില്ല. അന്നവൻ  ചില്ലറക്കാരനായിരുന്നില്ല. ഛോട്ടാ ദാദാ  കാലുകൾ നഷ്ട്ടപ്പെട്ട ശേഷമാണ് കരിം ഭായി ആയത്.”
     ഒന്നു നിറുത്തി, രഹസ്യം പറയും പോലെ അയാൾ മുന്നോട്ടാഞ്ഞ് ശബ്ദം താഴ്ത്തി പ്പറഞ്ഞു:
     “കേക്കണോ! അവളവനെ കെട്ടാൻ പോകുവാ!”
     അന്ന് വൈകിട്ട് ഉദ്യാനത്തിലേക്കു പോയത്  വെറുതെ സമയം കൊല്ലാനായിരുന്നു. അവിടെ നിന്നെന്തെങ്കിലും  അന്വേഷിച്ചു കണ്ടെത്താം എന്ന് കരുതിയതേയില്ല. റെയിൽവേയുടെയും  മ്യൂസിയത്തിന്റെയും രേഖകളിൽ ഇല്ലാത്ത, മുപ്പതു വര്‍ഷത്തോളം അനാഥമായി ഉദ്യാനത്തിൽ കിടന്നു അപ്രത്യക്ഷമായ പ്രതിമയെക്കുറിച്ച് ഇപ്പോൾ അവിടുന്നെന്തെങ്കിലും കിട്ടുക അസാദ്ധ്യം. എന്നാലും വായിച്ചറിഞ്ഞപ്പോൾ കണ്ടുകളയാമെന്നു തോന്നി.
     സന്ധ്യക്ക്‌ അവിടുന്ന് മടങ്ങുമ്പോൾ ആകാശത്ത് കാർമേഘങ്ങൾ ഒത്തുകൂടി ഒരു  മഴയൊരുക്കം നടത്തി. തികച്ചും അപ്രതീക്ഷിതമായിരുന്നു  അത്. പാതിവഴിവച്ചു എടുത്തൊഴിച്ചപോലെ മഴ. രാത്രി ഹോട്ടലിലെത്താനുള്ള  ഇടവഴിയിലൂടെ നടക്കുമ്പോൾ റോഡിലാകെ  വെള്ളപ്പൊക്കം. തെരുവിലെ വിളക്കുകൾ കെട്ടുപോയിരുന്നു. മഴ മുംബൈ നഗരത്തിനു ശുദ്ധികലശമാണ്. ഉറഞ്ഞുകൂടിയ ഗന്ധങ്ങൾ ഇളകി പരക്കും. റോഡിൽ വിസർജ്യങ്ങളുടെയും മാലിന്യങ്ങളുടെയും ജലഘോഷയാത്ര. ഒരൂഹം വച്ച് കാലുകൊണ്ട് വെള്ളം വകഞ്ഞു നടന്നു.        
     മുറിയിലെത്തിയതും കുളിമുറിയിൽ കയറി കാലുകൾ കഴുകി. അന്നു രാത്രി എഴുതിത്തീർത്ത കുറിപ്പുകൾ വായിക്കുന്നതിനിടയിലാണ് പൊടുന്നനെ ടി. വി. യിൽ ആ വാർത്ത വന്നതും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞതും.
     ഛത്രപതി ശിവജി ടെർമിനസ് സ്റ്റേഷനിൽ ഭീകരാക്രമണം. മരവിപ്പോടെയാണ് അജയൻ വാർത്തയും ദൃശ്യങ്ങളും കണ്ടിരുന്നത്.
     സ്റ്റേഷനിൽ ഞുഴഞ്ഞു കയറിയ രണ്ടു ഭീകരർ എ കെ 47 തോക്കുകളിൽ നിന്നു വെടിയുതിർക്കുകയായിരുന്നു. നിലവിളികൾ. പുകപടലങ്ങളിക്കിടയിലൂടെ നാല് പാടും ഓടുന്ന യാത്രക്കാർ. ചിതറിത്തെറിച്ച  ബാഗുകൾ. അവിടവിടെയായി ചോരക്കളങ്ങൾ, ചോരച്ചാലുകൾ. അൻപത്തെട്ടുപേർ മരിച്ചു. നൂറിലേറെ പേർ പരിക്കേറ്റു ആശുപത്രികളിലായി. ആ ദൃശ്യങ്ങൾ  അന്നത്തെ ഉറക്കം കളഞ്ഞു.
     പിറ്റേന്നെണീറ്റു ആദ്യം ചെയ്തത് യാത്ര നീട്ടിവെയ്ക്കുകയായിരുന്നു. അടുത്ത  നാലു  ദിവസം ആക്രമണങ്ങളുടെ പരമ്പര തന്നെയായിരുന്നു. നഗരത്തിന്റെ മുഖം മാറി. അത് മുൻപ്  നേരിട്ടനുഭവിച്ചിട്ടുണ്ട്. തൊണ്ണൂറ്റി രണ്ടിലെ ഡിസംബർ കലാപസമയത്തായിരുന്നു  ജോലിയന്വേഷിച്ചു മുംബൈയിൽ എത്തിയത്.
     ഒരാഴ്ച കഴിഞ്ഞു  തിരികെ പോകാനായി  സ്റ്റേഷനിൽ എത്തിയപ്പോൾ പുതിയ സുരക്ഷാ ചെക്കുകൾ, ആയുധധാരികളായ സൈനികർ. ഉപേക്ഷിക്കപ്പെട്ട നിലയിൽ സാധാരണ കാണാറുള്ള ബാഗുകൾ അപ്പോൾ കാണാനേയില്ലായിരുന്നു. സ്റ്റേഷൻ പതിവു കാര്യങ്ങളുടെ സാധാരണത്വം വീണ്ടെടുത്തു കഴിഞ്ഞിരുന്നു.
     ദീർഘദൂര തീവണ്ടികൾ പുറപ്പെടുന്ന പന്ത്രണ്ടാം  നമ്പർ പ്ലാറ്റഫോമിലേക്കു നടന്നു. വണ്ടി പുറപ്പെടാൻ ഇനിയും സമയമുണ്ട്. വെറുതെ ചുറ്റും കണ്ണോടിച്ചു നോക്കുമ്പോഴാണ് സാധാരണ കാണുന്നിടത്തല്ലാതെ ആ പെൺകുട്ടിയെ കണ്ടത്. ഒഴിഞ്ഞൊരു ഭാഗത്തു  തൂണും ചാരി കാലും നീട്ടി  ഒറ്റയ്ക്കിരിക്കുന്നു. അവൾക്കരികിലായി വലിയ വൃത്തങ്ങളിൽ ഉണങ്ങിയ ചോരപ്പാടുകൾ. ഫിനോളും  ചോരയും കൂടിക്കലർന്ന ഗന്ധം.  
     അങ്ങോട്ടു നടന്നു. ഇതിനകം പല ദിവസങ്ങളിലും കണ്ടിരുന്നെങ്കിലും പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല. ഇപ്പോഴങ്ങിനെയല്ല.
     "കൂട്ടുകാരനെവിടെ? കാണുന്നില്ലല്ലോ!"
     അവൾ വെറുതെ മുഖമുയർത്തിനോക്കി. ആദ്യമായാണ് അവളുടെ മുഖം അത്ര അടുത്ത് കാണുന്നത്. കഴുത്തിലെ കറുത്ത ചരടും കാതുകളിൽ തിരുകിയ രണ്ടീർക്കിൽ  തുണ്ടുകളും ശ്രദ്ധയിൽ പെട്ടു. ഒന്നും മിണ്ടാതെ കാലുകൾ  മടക്കി  മുട്ടിന്മേൽ  മുഖം പൂഴ്ത്തിയിരുന്നു. അയാൾ കുനിഞ്ഞു ഇടതു കാൽമുട്ടു നിലത്തൂന്നി അവൾക്കു അഭിമുഖമായി  ഇരുന്നു.
     "രണ്ടു പേരെയും  ഒരുമിച്ചു കാണുമായിരുന്നു. അതോണ്ട് ചോദിച്ചതാ. ദേഷ്യം വേണ്ട, ഞാൻ പൊയ്ക്കൊള്ളാം.”  
     അങ്ങിനെ പറഞ്ഞ്  എണീക്കാൻ തുടങ്ങുമ്പോഴാണ് അവൾ മുഖമുയർത്തിയത്. കവിളുകളിൽ കണ്ണീരു നനഞ്ഞു പടർന്നിരുന്നു.  രണ്ടും കൈകളും മലർത്തി ആരോടെന്നില്ലാതെ അവൾ പറഞ്ഞു:
     "മരിച്ചു പോയി..."
     അത് പറയുമ്പോൾ അവളുടെ മുഖം കൂടുതൽ കറുക്കുകയും ചുണ്ടുകൾ വിറയ്ക്കുകയും സ്വരമിടറുകയും ചെയ്തു. പിന്നെ അവൾ കാൽമുട്ടുകളിൽ  മുഖം ചേർത്ത് ഏങ്ങലടിച്ചു കരയാൻ തുടങ്ങി. 
     മരിച്ചവരുടെ എണ്ണം അപ്പോൾ അൻപത്തെട്ടല്ല. അൻപത്തൊന്പതാണ്. അതിൽ കൂടുതലുമാവാം. തിരിച്ചറിഞ്ഞ അൻപത്തെട്ടുപേരുടെ പേരുകൾ ദിവസങ്ങൾക്കു മുൻപ് മാധ്യമങ്ങളിൽ വന്നത് കണ്ടതാണ്. ഓരോരുത്തരുടെയും പേരും അഡ്രസ്സും പറയുകയും എഴുതിക്കാണിക്കുകയും ചെയ്തിരുന്നു. 
     "ഒരു പക്ഷെ പരിക്കേറ്റ്  ആശുപതിയിലാണെങ്കിലോ?" 
      ആണെങ്കിലും അല്ലെങ്കിലും അപ്പോൾ അങ്ങിനെ പറയാൻ  മാത്രമേ അയാൾക്ക്‌ കഴിയുമായിരുന്നുള്ളൂ. അതുകേട്ടതും അവൾ മുഖമുയർത്തി ഉറപ്പിച്ചു പറഞ്ഞു: 
     "ഇല്ല ഞാൻ കണ്ടതാണ്."
     ശരിയാവും. അല്ല ശരിയാണ്. പാതിദേഹത്തിൽ അവശേഷിച്ച ജീവനും കൊണ്ടു ചക്രങ്ങൾക്കുമേലെ പലകയിൽ പരക്കം പായുന്നതിനിടയിൽ അതു ചിതറിപ്പോയിരിക്കും. ഇനിയും എന്തു പറയാനാണ്?  എന്തു സഹായമാണ് ഇപ്പോൾ  ചെയ്യാൻ കഴിയുക? ഒന്നും പറയാതെയും എന്തെങ്കിലും ചെയ്യാതെയും  അവിടുന്നെണീറ്റു  നടക്കുന്നതെങ്ങിനെ? എന്നാൽ എന്തെങ്കിലും ചെയ്യാനുള്ള സമയവുമില്ല. വാച്ചു നോക്കി. വണ്ടി പതിനഞ്ചുമിനിറ്റിൽ സ്റ്റേഷൻ വിടും. ഒന്നും ചോദിക്കേണ്ടായിരുന്നു എന്നു മാത്രം ചിന്തിച്ചു  മെല്ലെ എണീറ്റു. ട്രെയിൻ കിടക്കുന്ന പ്ലാറ്റഫോമിലേക്കു നടന്നു. 
     അപ്പോഴും അതേയിരിപ്പു തുടർന്നതു കാരണം  അയാൾ പോയത് അവൾ അറിഞ്ഞതേയില്ല.
     വർഷങ്ങൾക്കു മുൻപ്  താനേ  സ്റ്റേഷനിൽ അതിരാവിലെ കണ്ട ദൃശ്യം മുന്നോട്ടു നടക്കുമ്പോൾ വീണ്ടും ഓർമയിൽ തികട്ടി. 
     പ്ലാറ്റ് ഫോമിന് പിന്നിലെ മതിലിനോട് ചേർത്ത് വച്ചിരുന്ന കൈവണ്ടി. അതിനുമേലെ വെളുത്ത തുണി മൂടിയ ജഡം. തുണിയിൽ ഉണങ്ങിയതും അല്ലാത്തതുമായ ചോരപ്പാടുകൾ. വണ്ടി തട്ടി മരിച്ച ഏതെങ്കിലുമൊരാളോ അല്ലെങ്കിൽ പാളത്തിനു കുറുകെ കടക്കാൻ ശ്രമിച്ച നാൽക്കാലിയോ ആയിരുന്നിരിക്കണം ആ വിരിപ്പിനുള്ളിൽ. തെറിച്ചു വീണ മനുഷ്യ മാംസക്കഷണങ്ങൾ കൂട്ടിയിട്ടു  കൈക്കോട്ട്  കൊണ്ട് അവ വാരിയെടുക്കുന്നൊരു കാഴ്ച മിന്നായം പോലെ അയാളിലുടെ കടന്നുപോയി.
     റിസർവേഷൻ കംപാർട്ടുമെന്റിൽ കയറി ജനലിനരുകിലുള്ള സീറ്റിൽ ഇരുന്നു. ആ കുട്ടിയുടെ ഇരുപ്പും കരച്ചിലും നിസ്സഹായതയും  അയാളുടെ ഹൃദയത്തിൽ തീക്കൊള്ളികൾ  പോലെ കുത്തുന്നുണ്ടായിരുന്നു. ഇനി അവളെവിടെ പോവും? ഏതെങ്കിലും ഒരു ചെന്നായ അവളെ നോട്ടമിട്ടിട്ടുണ്ടാവില്ലേ?  അതൊന്നും അവളോർക്കുന്നുണ്ടാവില്ല. അതേപ്പറ്റിയൊന്നും അവൾ അറിയാനോ  ചിന്തിക്കാനോ ഇടയില്ല. 
     ചുറ്റുമുള്ള ലോകത്തിൽ അവൾ സന്തോഷവതിയായിരുന്നിരിക്കണം. തല തൊണ്ണൂറു ഡിഗ്രി മേലോട്ടു  ചരിച്ചാൽ മാത്രം കാണാവുന്ന സ്റ്റേഷന്റെ മേൽക്കൂരപോലും അവൾ കണ്ടിട്ടുണ്ടാവില്ല. ചെറിയലോകത്തെ സുരക്ഷിതത്വം.  അതുറപ്പിക്കാൻ കറുത്ത ചരടിനു  പകരം ഒരു കൊച്ചു സ്വർണ മാലയും കമ്മലുമൊക്കെ അയാൾ അവൾക്കു വാക്കു കൊടുത്തിട്ടുണ്ടാവണം. 
     വണ്ടി പുറപ്പെടും വരെ, സമയം കളയാനായി  പെട്ടി തുറന്നു അതുവരെ എഴുതിക്കൂട്ടിയ കുറിപ്പുകളുടെ ഫയൽ പുറത്തെടുത്തു. വെറുതെ പേജുകൾ മറിച്ചു. ഒരു വാക്കുപോലും തലയിൽ കേറുന്നില്ല. വെറുതെ ചില ചിന്തകൾ മാത്രം മനസ്സിൽ തലങ്ങും വിലങ്ങും  ഓടി നടന്നു.
     രാജ്ഞിയുടെ പ്രതിമ എവിടെപ്പോയെങ്കിലെന്ത്? അത് ഇപ്പോൾ അന്വേഷിക്കുന്നതെന്തിനാണ്?  അഥവാ പ്രതിമ അവിടുണ്ടായാൽ പോലും അതിനു മുന്നിലൂടെ പോകുന്നവർ  നോക്കാനിടയില്ല. മുൻകാലങ്ങളിൽ  സ്റ്റേഷനു മുന്നിലൂടെ നടക്കുന്നവർ  സമയമറിയാൻ ഘടികാരത്തിലേക്കു  നോക്കുമായിരുന്നിരിക്കാം. അപ്പോഴാവും അതിനു താഴെ രാഞ്ജിയുടെ പ്രതിമ കണ്ടിട്ടുണ്ടാവുക. 
     ഒരു പക്ഷെ  പ്രതിമ  ദേശസ്നേഹികൾ നശിപ്പിച്ചുകാണും. അല്ലെങ്കിൽ സ്വാതന്ത്ര്യം കിട്ടിയ ശേഷവും  ബ്രിട്ടീഷ് കൂറ് പുലർത്തിയിരുന്ന ആരെങ്കിലും  അത് കടത്തി എത്തേണ്ടിടത്തു എത്തിച്ചു  കാണും. അതുമല്ലെങ്കിൽ ഏതെങ്കിലും ദിവ്യന്റെ നിലവറകളിലേതിലെങ്കിലും  സുരക്ഷിതമായുണ്ടാവും. 
     എന്തായാലെന്ത്?
      ഇന്നോ നാളെയോ ചരിത്രമാലിന്യമായി വിധിയെഴുതപ്പെടാവുന്ന ഒന്നിനെക്കു റിച്ചുള്ള അന്വേഷണവും അതുമൂലം കിട്ടിയേക്കാവുന്ന ഉദ്യോഗക്കയറ്റവും!           
     വിലക്ഷണമായ അന്വേഷണത്തിനായി  അവധിയുമെടുത്തിറങ്ങി പുറപ്പെട്ടതിൽ  വല്ലാത്ത ആത്മനിന്ദ തോന്നി.  
     വണ്ടി ശബ്ദമുണ്ടാക്കാതെ മെല്ലെ നീങ്ങിതുടങ്ങിയിരുന്നു. പുറത്തു നിന്നും നേരിയ കാറ്റ്  ഉള്ളിലേക്ക് കടന്നു. മിനിറ്റുകൾക്കുള്ളിൽ വണ്ടി വേഗത കൂട്ടി. 
     കൈയ്യിലിരുന്ന ഫയലിൽനിന്നും  എഴുതിക്കൂട്ടിയ കടലാസുകൾ അലസമായി ജനലിലൂടെ പുറത്തേക്കെറിഞ്ഞു. ഇരുട്ടിൽ ചിതറി കാറ്റിൽ പാറി നടന്ന്  അവ കാഴ്ചയിൽ നിന്നും മറഞ്ഞു.
     ആ  യാത്ര മറക്കാനും മുൻപ്  മുംബൈ എന്ന വാഗ്‌ദത്ത  നഗരിയിൽ  യാഥാർഥ്യങ്ങളോടും സ്വപ്നങ്ങളോടുമൊപ്പം ജീവിച്ചതു മാത്രം   മടക്കയാത്രയിലോർക്കാനും അയാൾ ആഗ്രഹിച്ചു.
     ഉള്ളിലെ വെളിച്ചത്തിലേയ്ക്കു മുഖം തിരിച്ചു മുന്നിലിരിക്കുന്നവരിൽ  കണ്ണ് നട്ടു. പിന്നിലേക്ക് ചാരിയിരുന്ന് ഇരുട്ടിനെ കീറിപ്പായുന്ന വണ്ടിയുടെ താളത്തിലേക്ക് അയാൾ ചെവിയോർത്തു.

#story_by_Anilal

 

 

Join WhatsApp News
ജോസഫ് എബ്രഹാം 2023-06-15 00:37:02
വളരെ മനോഹരമായ കഥ. മുൻപ് വായിച്ചിരുന്നു വീണ്ടും വായിക്കുമ്പോഴും പുതുമ നഷ്ട്ടപെടുന്നില്ല. ആശംസകൾ
Anish 2023-06-18 04:35:02
നന്നായി എഴുതിയിരിക്കുന്ന കഥ .. വരച്ചിട്ടിരിക്കുന്ന പോലെ എഴുതിയിരിക്കുന്നു വായിക്കാനും ചിന്തിക്കാനുമുള്ള കഥ. കുറുക്കിയെടുത്ത് മനോഹരമാക്കി വാക്യങ്ങൾ .. 👌👌
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക