നമ്മുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി പക്ഷിയെപ്പോലെ ലോകത്ത് പറന്നുയന്നപ്പോൾ ഒരു സുഹൃത്ത് എന്ന പോലെ അച്ഛൻ പകർന്നു നൽകിയ സ്നേഹവും , പിന്തുണയും, പ്രചോദനവുമൊക്കെ ഓർത്തെടുക്കാൻ ഒരു ദിവസം . ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനം. അച്ഛന് മക്കളോടുള്ള അകളങ്കിതമായ സ്നേഹ വായ്പാണ് പിതാവെന്ന വാക്കിന്റെ സ്ഥാനത്ത് ഈ പദം തന്നെ പകരമായി പ്രയോഗിക്കാൻ കാരണം. 'അച്ഛഃ' എന്ന സംസ്കൃത പദത്തിന് ശ്രേഷ്ഠൻ എന്ന് അർഥം. അതുപോലെ നമ്മുടെ ജീവിതത്തിലെ ശ്രേഷ്ഠനായ ഒരു മനുഷ്യനാണ് അച്ഛൻ.
ലോകം അമ്മയുടെ സ്നേഹത്തെയും ത്യഗത്തെയും സഹനത്തെയുമെല്ലാം വാതോരാതെ വാഴ്ത്തുമ്പോഴും നിശബ്ധമായി സ്നേഹം ചൊരിഞ്ഞു പലരും അറിയാതെ പോകുന്ന അല്ലെങ്കിൽ മറന്നു പോകുന്ന ഒരു വികാരമാണ് അച്ഛൻ. പത്തുമാസം ചുമന്നു പെറ്റ അമ്മയുടെ കഥയോർത്താൽ നമ്മുടെ ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞു തുളുമ്പും. എന്നാൽ അമ്മയുടെ ഉള്ളിൽ നാം ജനിക്കാൻ തുടങ്ങുബോൾ മുതൽ തൻ്റെയുള്ളിലും പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയുമൊക്കെ ഒരു പൂന്തോട്ടം വിരിയിക്കാൻ തുടങ്ങുന്ന അച്ഛനെക്കുറിച്ച് ഓർക്കുവാൻ ഒരു ദിവസമെങ്കിലും കിട്ടിയത് ഭാഗ്യമായാണ് ഓരോ അച്ഛന്മാരും പറയാറ്. ജീവിത്തിന്റെ അവസാനം വീതംവെപ്പിൽ ആർക്കും വേണ്ടാതാവുന്ന ഒരാൾ .... മക്കളുടെയും മരുമക്കളുടെയും മുന്നിൽ പരാജിതനാവുന്ന ഒരാളുടെ വിളറിയ മുഖം നാം ജീവിതത്തിൽ പലപ്പോഴും കാണാറുണ്ട് .... ജീവിതം വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ സ്വയം ജിവിക്കാൻ മറന്നു പോകുന്ന ഒരാൾ .....
ഓരോ അച്ഛനും പറയുവാൻ മാതൃത്വം ചുമന്ന കഥകളില്ല. പോറ്റിവളർത്തിയ കണക്കുകളുടെ കെട്ടഴിക്കാറുമില്ല. മക്കളെ കുസൃതി കാണിച്ചതിന് ശകാരിക്കുബോഴും അല്ലെങ്കിൽ ശിക്ഷിക്കുബോഴും ആ വിങ്ങുന്ന മനസ്സ് ആരും കാണാറില്ല. പുറത്തുപോകുന്ന മക്കൾ സമയത്ത് വീട്ടിൽ എത്തിയില്ലെങ്കിൽ ചാരുകസേരയിൽ ഉറക്കം നടിച്ചു ഉറങ്ങാതെ കിടക്കുന്ന ഒരാളെ നമുക്ക് ഓർമ്മകാണും. തനിക്കു വരദാനമായി ലഭിച്ച മക്കൾക്ക് ഒരു കുറവും വരാതെ പോറ്റി വളർത്താനായി എത്രയെത്ര രാത്രികളെയാണ് ഈ മനുഷ്യൻ പകലാക്കി മാറ്റിയെടുത്തത്. ഈ സ്നേഹത്തിന്റെ പേരാണ് "അച്ഛൻ."
ഓരോ അച്ഛന്റയും സ്വപ്നമാണ് നമ്മുടെ ജീവിതം. പിച്ചവെക്കാൻ തുടങ്ങുന്ന സമയം മുതൽ നമ്മുടെ ആ കുരുന്നു കൈകൾ ഒപ്പം ചേർത്ത് പിടിച്ച് ആദ്യം വിഴാതെ പിച്ചവയ്ക്കാൻ പഠിപ്പിച്ചതും. ആ കൈകളില് മുറുക്കിപിടിച്ചാണ് ഓരോ കുഞ്ഞും ആരും പറയാതെ തന്നെ കരുതലിന്റെയും സുരക്ഷയുടെയും അര്ത്ഥം ആദ്യം മനസ്സിലാക്കിയെടുക്കുന്നത്. ജീവിതത്തിൽ കഥകൾ പറഞ്ഞു തന്ന് സ്വപ്നം കാണാൻ പഠിപ്പിച്ചതും, നമ്മെ നാം ആക്കിയതും അച്ഛൻ അല്ലാതെ മറ്റാരാണ്. തണല്മരമായി അച്ഛന് ഉണ്ടെന്ന തോന്നൽ പോലും ഓരോ കുഞ്ഞുങ്ങൾക്കും കിട്ടുന്നത് ഒരു വലിയ ആത്മവിശ്വാസമാണ്. അങ്ങനെ അച്ഛൻ നമ്മുടെ ആദ്യത്തെ സുഹൃത്തായി മാറുന്നു.
ഈ ലോകത്തിലെ ഏറ്റവും മനോഹരമായ ജീവിത ബന്ധങ്ങളിലൊന്നാണ് സൗഹൃദം. മാതാപിതാക്കളും സഹോദരങ്ങളുമാണ് ആദ്യത്തെ നമ്മുടെ സുഹൃത്തുക്കൾ . സൗഹൃദങ്ങൾക്ക് പരിധികളില്ല, പരിമിതിയും ഇല്ല. നല്ല ഒരു സുഹൃത്തിനെ ലഭിച്ചാൽ ജീവിതത്തിൽ അതിനേക്കാൾ വലിയ ഭാഗ്യം വേറെ ലഭിക്കാനില്ല എന്നാണ് പറയാറ്. അച്ഛനോട് കിന്നാരം പറഞ്ഞും വാത്സല്യം ഏറ്റുവാങ്ങിയുമാണ് കുട്ടികാലത്ത് നമ്മുടെ ഓരോ പടികളും കയറിയിട്ടുള്ളത് . ആത്മാർത്ഥ സുഹൃത്തായി ഓരോ അച്ഛന്മാരും വിളിപ്പാടകലെ നമ്മുടെ ജീവിതത്തിൽ ഉണ്ടെന്ന ഒരു തോന്നൽ മാത്രം മതിയായിരുന്നു പ്രതിസന്ധിയിലും വിഷമഘട്ടത്തിലുമൊന്നും നാം തളരാതെ മുന്നോട്ടു പോകുവാൻ . അങ്ങനെ അച്ഛൻ ജീവിതത്തിൽ നാം അറിയാതെതന്നെ ഒരു സുഹൃത്തായി മാറുന്നു.
കുടുംബത്തിന്റെ ആവശ്യങ്ങൾ ഓരോന്നും തിരിച്ചറിഞ്ഞ് നിറവേറ്റാൻ, നിർത്താതെ പരിശ്രമിക്കുന്ന ആളാണ് അച്ഛൻ. സന്തോഷത്തിൽ കൂടെ ചേർന്ന് ചിരിക്കാനും സങ്കടങ്ങളിൽ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാനും അച്ഛനെപ്പോലെ മറ്റാർക്ക് കഴിയും? ഒരു പ്രശ്നത്തിൽ പെട്ടാൽ ഒരു മടിയും കൂടാതെ നമുക്ക് തിരികെ ഓടി ചെല്ലാൻ കഴിയുക അച്ഛൻ്റെ അടുത്തേക്ക് മാത്രമാണ്. എപ്പോഴായാലും അച്ഛൻറെ അടുക്കൽ ഒന്നു തിരികെ വന്നിരുന്നാൽ തിരിച്ചറിയും നാമെത്ര സുരക്ഷിതരാണെന്ന്. അങ്ങനെ നമ്മുടെ ജീവിതത്തിൽ സുരക്ഷിതത്വം അറിയുന്നതും അച്ഛനിൽ നിന്നുതന്നെയാണ്.
യഥാർത്ഥത്തിൽ അച്ഛൻ എന്ന വ്യക്തി നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ എന്തായിരുന്നു എന്നല്ല, മറിച്ച് ഓരോ ഘട്ടത്തിലും നമുക്ക് ആരെല്ലാമായി മാറിയിരുന്നു എന്ന് പറയുന്നതായിരിക്കും ശരി.
ഓരോ അച്ഛനെപ്പറ്റി പറഞ്ഞാലും നമുക്ക് ചിലപ്പോൾ അത് മനസ്സിലാവില്ല..... ഒരു അച്ഛൻ നമുക്ക് വേണ്ടി എന്തൊക്കെ യാതനകൾ സഹിച്ചിട്ടുണ്ട് എന്ന് മനസ്സിലാകണമെങ്കിൽ ജീവിച്ചു ജീവിച്ചു നം അച്ഛന്റെ അവസ്ഥായിലൂടെ കടന്ന് പോകണം, എങ്കിലെ അത് മനസിലാവു.....
ഓരോ അച്ഛന്റെയും അമ്മയുടെയും കാലം കഴിയുമ്പോൾ മാത്രമാകും നമ്മൾ അവരുടെ വില മനസിലാക്കുക. അന്നേ നമുക്ക് മനസ്സിലാവൂ നഷടപെട്ടത് എന്തെന്ന്!!!
നാളെ ലോകം ഫാദേഴ്സ് ഡേ ആഘോഷിക്കുകയാണ്. ഭൂമിയിലെ മുഴുവൻ അച്ഛൻമാരുടെയും സ്നേഹത്തിനും കരുതലിനും കഷ്ടപ്പാടുകൾക്കും മക്കൾ നൽകുന്ന പിതൃതത്തിന്റെ ആദരം ആണ് ‘ഫാദേഴ്സ് ഡേ’. അമ്മയുടെ ത്യാഗത്തിനും സ്നേഹത്തിനുമൊപ്പം അച്ഛന്റെ വിയർപ്പും കഷ്ടപ്പാടും കൂടി ചേരുമ്പോഴാണ് ഓരോ കുഞ്ഞുങ്ങളുടെയും ജീവിതം ധന്യമാകുന്നത്. ഓരോ കുടുംബവും ധന്യമാകുന്നത്
ഈ സുന്ദര ദിനത്തിൽ എല്ലാ അച്ഛൻമാർക്കും ‘ഫാദേഴ്സ് ഡേ’ ആശംസകൾ .
#fathersday_article