Image

കൂനമ്പാറക്കവല (നോവല്‍- അധ്യായം 6 : തമ്പി ആന്റണി)

Published on 19 June, 2023
കൂനമ്പാറക്കവല (നോവല്‍- അധ്യായം 6 : തമ്പി ആന്റണി)

രാഷ്ട്രം

ഇലക്ഷന്‍സമയമടുത്തപ്പോഴേക്കും സ്ഥലത്തെ 'രാഷ്ട്രം' തനിരാഷ്ട്രീയക്കാരന്റെ വേഷത്തില്‍ രംഗപ്രവേശം ചെയ്തു. സത്യത്തില്‍ അയാള്‍ ഒരു വ്യക്തി മാത്രമല്ല, പഞ്ചായത്തിലെ ഒരു പ്രസ്ഥാനംതന്നെയാണ്. കണ്ടാല്‍ ഒരു നാല്‍പ്പതു നാല്‍പ്പത്തഞ്ചു വയസ്സു തോന്നിക്കുമെങ്കിലും കഷ്ടിച്ചു മുപ്പത്തിമൂന്നു വയസ്സു കാണും. യേശുക്രിസ്തുവിനെ കുരിശില്‍ത്തറച്ച പ്രായമാണെങ്കിലും കൈയിലിരിപ്പ് യൂദാസിന്റേതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒന്നെണ്ണിനോക്കാനുള്ള മുടിയേ തലയിലുള്ളു. അതുകൊണ്ട്, ഒറ്റനോട്ടത്തില്‍ ജന്‍മനാ കഷണ്ടിയായിരുന്നെന്നു തോന്നും. പോരാത്തതിന് നല്ല കുടവയറും. അതിന്റെ മുകളിലുടുക്കുന്ന ഖദര്‍മുണ്ടും തിരുമേനിയിലെ വെള്ള ജൂബയുംകൂടിയാകുമ്പോള്‍ പ്രായം അത്രയൊക്കെ തോന്നിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. 

    രാവിലെ, പത്രവും ഡയറിയും കക്ഷത്തില്‍ വച്ച്, കൂനമ്പാറ സിറ്റിയിലുള്ള കുരിശുകവലയുടെ ഓരംചേര്‍ന്ന്, ചെറിയ റോഡിലൂടെ കയറ്റം കയറി ഒരു വരവുണ്ട്. ആ വരവിന് ഒരു ദിവസംപോലും മുടക്കം വന്നിട്ടില്ല. ആ വഴിയിലൂടെ ഏകദേശം ഒരു കിലോമീറ്റര്‍ നേരേ താഴേക്കു നടന്നാല്‍ കാണുന്ന കൊച്ചു തോടാണ് തോണിപ്പാറത്തോട്. അഞ്ചുരുളിപ്പുഴയില്‍ച്ചെന്നവസാനിക്കുന്ന ആ കൈത്തോട്, ഒരു തോണിപോലെയുള്ള പാറയിലൂടെ ഒഴുകുന്നതുകൊണ്ടാണ് തോണിപ്പാറത്തോടെന്ന പേരു വീണത്. ആ തോടിനു കുറുകെയുള്ള, ഒടിഞ്ഞുവീഴാറായ തടിപ്പാലം കടന്നാല്‍ ആദ്യം കാണുന്ന ഓടിട്ട വീടാണ് കോഴിക്കോടന്‍ തറവാട്. അവിടെനിന്നങ്ങനെ ഒരൊറ്റയാനായി, ചുളുക്കം വീഴാത്ത വെള്ള ഖദര്‍ ജൂബയുമിട്ടു വരുന്നതു കണ്ടാല്‍, തോറ്റ ഒരു എം എല്‍ ഏയാണെന്നേ ഒറ്റനോട്ടത്തില്‍ പറയൂ! അതു മാത്രമല്ല, എപ്പോഴും രാഷ്ട്രീയം പറയുന്നതു മാത്രമാണ് അദ്ദേഹത്തിനു താല്‍പ്പര്യം. അതുകൊണ്ട് നാട്ടിലുള്ള ചില കൂട്ടുകാരിട്ട ഓമനപ്പേരാണ്, 'രാഷ്ട്രം'!

    അതിനു പല കാരണങ്ങളുമുണ്ട്. അതെന്തായാലും ഇത്രയും യോജിച്ച ഒരു പേര് ആരു വിചാരിച്ചാലും മാറ്റാന്‍ പറ്റുമെന്നു തോന്നുന്നില്ല. 'അരച്ചുചേര്‍ത്തതുപോലെയാണ്' അതെന്ന് സുഹൃത്തുക്കള്‍പോലും കളിയാക്കാറുണ്ടായിരുന്നു. 

വിളിപ്പേരിലെങ്കിലും അല്‍പ്പം രാഷ്ട്രീയമുണ്ടെന്നുള്ള തോന്നല്‍ കാരണമാണ്, ജോക്കുട്ടന് ആ പേരിനോടിഷ്ടം. 

ഒരു ദിവസം നല്ല ഇടുക്കി ഗോള്‍ഡടിച്ചുകൊണ്ട്, കുട്ടാപ്പിയുടെ ചായക്കടയുടെ മുറ്റത്തുനിന്ന്, ജോക്കുട്ടന്‍ ഒരു പ്രഖ്യാപനം നടത്തി: 

'നീയൊക്കെ നോക്കിക്കോടാ. മന്ത്രി ജോ കോഴിക്കോടന്‍ ഒരുദിവസം കൊടിവച്ച കാറില്‍ ഈ പഞ്ചായത്തില്‍ വന്നിറങ്ങും.'

കടയ്ക്കുള്ളില്‍ എന്തോ കൂലങ്കഷമായ രാഷ്ട്രീയചര്‍ച്ച നടക്കുകയായിരുന്നു. അവിടെയുണ്ടായിരുന്നവരാരും അതു കേട്ടതായി ഭാവിച്ചില്ല. 

ഇങ്ങനെ രാഷ്ട്രീയക്കാരനായി സ്വയം ഞെളിഞ്ഞുനടന്നിട്ടും ഒരു പഞ്ചായത്തുമെമ്പര്‍ പോലുമായിട്ടില്ല. കൂനമ്പാറ സിറ്റിയിലൂടെ പകല്‍സമയങ്ങളില്‍ വെറുതേ അങ്ങോട്ടുമിങ്ങോട്ടും പത്രവും ഡയറിയുമായി നടക്കും. പകലാണെങ്കില്‍ ചുണ്ടത്തൊരു സിഗരറ്റു കാണും. പട്ടണത്തിലെ പ്രധാനപ്പെട്ട ആളുകളുമായി ഒന്നിടപഴകുക എന്ന നിര്‍ദ്ദോഷമായ ഉദ്ദേശ്യം മാത്രമേയുള്ളെന്നു പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍ അതത്ര ശരിയല്ലെന്ന് നാട്ടുകാര്‍ക്കറിയാം. 

    പുഴയ്ക്കക്കരെ ദേവീക്ഷേത്രത്തിനടുത്ത് വലിയൊരാല്‍മരമുണ്ട്. അവിടെയാണ് ഇരുട്ടായാല്‍ അയാള്‍ കൂട്ടുകാരുമായി സംഗമിക്കുന്നത്. കൂട്ടുകാരെന്നു പറയുമ്പോള്‍, നാട്ടിലെ കോളേജില്‍ പഠിക്കുന്ന പൂവാലന്‍മാരാണ്. അവരെയൊക്കെ കൂട്ടുപിടിച്ച സമയത്താണ്, കൂനമ്പാറ ടൗണില്‍ കോഴിക്കോടന്‍ ബേക്കറി എന്ന കടയുടമയായി ഒന്നു വിലസിയത്. പത്തില്‍ തോറ്റപ്പോള്‍, നെഗറ്റീവ് ചാക്കോ മകനെയൊന്നു നേരെയാക്കാന്‍ ബസ് സ്റ്റാന്‍ഡിനടുത്ത് 'കോഴിക്കോടന്‍' എന്ന പേരില്‍ ഒരു ബേക്കറി ഇട്ടുകൊടുത്തതാണ്. ജോക്കുട്ടന്റെ അപ്പന്റെ ശരിയായ പേര് ചാക്കോച്ചന്‍ എന്നാണ്. ആളിനു നല്ല കറുപ്പുനിറമാണെങ്കിലും തല നിറയെ നരച്ച വെള്ളിത്തലമുടിയാണ്. കണ്ടാല്‍ പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളുടെ നെഗറ്റീവ് പോലെയിരിക്കും. അതുകൊണ്ട് സ്‌ക്കൂള്‍ക്കുട്ടികള്‍ കളിയാക്കി വിളിക്കുന്ന പേരാണ് നെഗറ്റീവച്ചായന്‍ എന്നത്. കുറേക്കാലം ഗള്‍ഫില്‍ ഡ്രൈവറായിരുന്നു എന്നു പറയപ്പെടുന്നു. ഗള്‍ഫ് ജീവിതത്തെപ്പറ്റി വാതോരാതെ വീമ്പടിക്കുന്നതുകൊണ്ട്, മുതിര്‍ന്നവര്‍ സൗദിച്ചാക്കോ എന്നും വിളിക്കാറുണ്ട്. ആള്‍ അവിടെ ഒട്ടകത്തിനു തീറ്റ കൊടുക്കുകയായിരുന്നു എന്നാണു പരദൂഷണക്കാര്‍ പറയുന്നത്. അങ്ങനെ പല കഥകളിലേയും നായകനായിരുന്നു, ചാക്കോ കോഴിക്കോടന്‍. അപ്പന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ടു നാട്ടില്‍ വന്ന്, കുറച്ചു രാഷ്ട്രീയം കളിച്ചു. അവസാനം അഞ്ചുരുളി മണ്ഡലം എം എല്‍ ഏയായി മത്സരിച്ച്, കെട്ടിവച്ച കാശുപോയി. പിന്നെയുണ്ടായിരുന്ന മുതലുകൊണ്ടാണ് കൂനമ്പാറ കവലയില്‍ത്തന്നെ കടയിട്ടുകൊടുത്തത്. നാടുതെണ്ടി നടക്കുന്ന മകനെ ഒന്നു തളച്ചിടുക എന്ന ഉദ്ദേശ്യമായിരുന്നു അതിനുപിന്നില്‍. അല്‍പ്പം രാഷ്ട്രീയപാരമ്പര്യമുള്ളതുകൊണ്ട് ആ വഴിക്കെങ്ങാനും തിരിഞ്ഞാലോ എന്നൊരു പേടിയും അപ്പനുണ്ടായിരുന്നു. കടയാകുമ്പോള്‍ അവിടെനിന്നനങ്ങാന്‍ പറ്റില്ലല്ലോ! 

ആ ബേക്കറി, പിന്നീടു കുട്ടിക്കാനത്തുള്ള കോളേജ്കുട്ടികളുടെ തട്ടകമായി മാറുകയായിരുന്നു. ബേക്കറിയിലിരുന്നു രാഷ്ട്രവുമായി സംസാരിച്ചാല്‍ അങ്കവും കാണാം, താളിയുമൊടിക്കാം എന്നു പറഞ്ഞതുപോലെയാണ്. കോളേജില്‍ പോകുന്ന പെണ്‍കുട്ടികളേയും കാണാം, കൂട്ടുകാരുമായി ഒന്നു കൂടുകയും ചെയ്യാം. കള്ളടിയും കമന്റടിയും പഞ്ചാരയടിയും മുറയ്ക്കു നടക്കും. വരുന്നവരോടൊക്കെ നാട്ടുവിശേഷവും കോളേജ് വിശേഷവും പറയുക എന്നതായിരുന്നു മിക്കവരുടെയും പ്രധാനപരിപാടി. അതിന്റെകൂടെ നല്ല എരിവും പുളിയും ചേര്‍ത്ത പരദൂഷണവുമുണ്ടാകും. 

പ്രേമകഥകളിലായിരുന്നു, ആദ്യമൊക്കെ ജോക്കുട്ടനു താല്‍പ്പര്യം. കൂട്ടുകൂടാനായി കുട്ടികള്‍ക്കു കടം കൊടുക്കുകയായിരുന്നു പതിവ്. എല്ലാം കൃത്യമായി ബുക്കില്‍ കുത്തിക്കുറിച്ചിടുന്നതല്ലാതെ ഒന്നും കിട്ടപ്പോരില്ലെന്നു മനസ്സിലായി. സ്‌ക്കൂളില്‍വച്ചേ ജോക്കുട്ടനു കണക്കില്‍ വട്ടപ്പൂജ്യമായിരുന്നു മാര്‍ക്ക്. പഠിത്തം നിര്‍ത്തിയതുതന്നെ കണക്കിനേയും കണക്കുസാറിനേയും പേടിച്ചാണ്. ഇപ്പാഴാണെങ്കിലും കണക്കുസാര്‍ അതുവഴിയെങ്ങാനും പോയാല്‍ ചങ്കിനകത്ത് ഇടിത്തീയാണ്. മിക്കവാറും കാണാത്ത മട്ടില്‍ തിരിഞ്ഞുനില്‍ക്കും. അതുകൊണ്ട് കണക്കെഴുത്തുതന്നെ വേണ്ടെന്നുവച്ചു. 'രൊക്കം കാശുണ്ടെങ്കില്‍ മാത്രം' എന്നൊരു ബോര്‍ഡും വച്ചു. അതുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടായില്ല. നല്ല മഴയുള്ള ഒരിടവപ്പാതിക്ക്, ആ ബോര്‍ഡുപോലും ഏതോ കുരുത്തംകെട്ട പിള്ളേര്‍ തലയില്‍ വച്ചുകൊണ്ടുപോയി! 

വന്നവരൊക്കെ പ്രേമകഥകള്‍ പറഞ്ഞു കോഴിക്കോടനെ കോള്‍മയിര്‍ കൊള്ളിച്ചു. ഭരണിയില്‍ കൈയിട്ട്, ബിസ്‌ക്കറ്റും മിഠായിയും പാനീയങ്ങളും അകത്താക്കി. സിഗരറ്റും ബീഡിയും യഥേഷ്ടം വലിച്ചു. കരണ്ടുരാജപ്പന്‍ മാത്രം ദിവസവും അവിടെയിരുന്നു സ്റ്റീല്‍ഗ്ലാസ്സില്‍ രണ്ടെണ്ണം വീശുമെങ്കിലും കൃത്യമായി കാശെണ്ണിക്കൊടുക്കും. കുട്ടാപ്പി അക്കാലത്തു വെറും ഓട്ടോറിക്ഷക്കാരനായിരുന്നു. ഹോട്ടലൊന്നും തുടങ്ങാനുള്ള ആലോചനപോലുമില്ല. എന്നാലും കോഴിക്കോടന്‍ ബേക്കറിയിലെ നിത്യസന്ദര്‍ശകനായിരുന്നു. 

തൊട്ടടുത്തുതന്നെ മലബാര്‍ ഹോട്ടലുണ്ടായിരുന്നതു വലിയ പൊല്ലാപ്പായി. ഇടയ്ക്കിടെ ചില ഛോട്ടാ രാഷ്ട്രീയക്കാര്‍ വന്നിരിക്കും. ഇരിപ്പു കണ്ടാല്‍ അവന്റെയൊക്കെ കുടുംബസ്വത്താണെന്നേ തോന്നൂ. ഇരുന്നശേഷം, കക്ഷത്തിലിരിക്കുന്ന ന്യൂസ് പേപ്പറെടുത്തു മേശപ്പുറത്തു വച്ചിട്ട്, എഴുന്നേറ്റു ഞെളിഞ്ഞുനിന്നു നാലുപേരുകേള്‍ക്കെ കൈകൊട്ടി വിളിക്കും: 

'മമ്മൂക്കാ, കടുപ്പത്തിലൊരു ചായ.'

അടുത്തറിയാവുന്നവര്‍ പുറകുവശത്തുകൂടി പട്ടച്ചാരായം വാങ്ങാന്‍ കാത്തുനില്‍ക്കും. വന്നുവന്നിപ്പോള്‍ 'മല' മാറി, വെറും ബാര്‍ ഹോട്ടലായി എന്നു പറയാം. സന്ധ്യയായാല്‍ മാന്യമായി ഇരുന്നു മദ്യപിക്കുന്ന ഛോട്ടാ നേതാക്കളില്‍ പലരും ഒതുക്കത്തില്‍ കാശു കൊടുക്കാതെ മുങ്ങും. മുഹമ്മദുകുട്ടി ആരാ മോന്‍! അതൊക്കെ താഴത്തേടം ബേക്കറിപ്പറ്റില്‍ കിറുകൃത്യമായി കുറിച്ചിടും. 

പകലാണെങ്കില്‍ കൂട്ടുകാരായ പൂവാലന്‍മാരുടെ ഒരിടത്താവളമായിരുന്നു അത്. അവിടത്തെ ചര്‍ച്ചകളിലാണ് ജോക്കുട്ടന് ആദ്യമായി രാഷ്ട്രീയത്തോട് ഒരാഭിമുഖ്യം തോന്നിയത്. ഒരുതരത്തില്‍, രാഷ്ട്രം എന്ന പേരിന്റെ ഉത്ഭവവും ആ ബേക്കറിയുടെ പിന്നാമ്പുറങ്ങളില്‍ നടന്ന ഗൗരവതരമായ ചര്‍ച്ചകളില്‍നിന്നാണ്! 

എന്തിനു പറയുന്നു, കൂട്ടകാരു കാരണം കടംകയറി മുടിഞ്ഞ്, രണ്ടുവര്‍ഷം പിടിച്ചുനിന്ന ബേക്കറി ഒരു ദിവസം പൂട്ടി. എല്ലാം പൊളിച്ചടുക്കി, രാഷ്ട്രം എന്ന പുതിയ പേരുമായി ജോക്കുട്ടന്‍ വീണ്ടും തെരുവിലായി. എന്നാലും അതോടുകൂടിയാണ് കുടുംബപ്പേരിനൊരു പ്രശസ്തിയുണ്ടായത്! ഉള്ളതു പറഞ്ഞാല്‍ ആ കടക്കൂട്ടായ്മയിലൂടെ കോളേജില്‍ പഠിക്കുന്ന കുട്ടികളുടെ നല്ലൊരു സുഹൃദ്‌വലയം മാത്രമാണ് രാഷ്ട്രത്തിന് ആകെയുണ്ടായ സമ്പാദ്യം. മിക്കവാറും വൈകുന്നേരങ്ങളില്‍ അവരുമായി ഒത്തുകൂടാറുണ്ട്. സ്ഥലപരിമിതികൊണ്ടു മാത്രമാണ് പ്രധാനപ്പെട്ട രാഷ്ട്രീയചര്‍ച്ചകള്‍ രാത്രിസമയങ്ങളില്‍ ആലുംമൂട്ടിലേക്കു മാറ്റിയത്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക