അച്ഛനെക്കുറിച്ച് ഓർക്കുവാൻ ഒന്നുമില്ലാതെ ഒരച്ഛൻദിനം കൂടി കടന്നുപോയപ്പോൾ മനസ്സിനൊരു മരവിപ്പ്. അച്ഛനെ മഹത്വീകരിച്ചു സുഖമനുഭവിക്കുന്നവരോടുള്ള നേരിയ അസൂയ ഹൃദയത്തിന്റെ അടിത്തട്ടുകളിൽനിന്നും അനുവാദമില്ലാതെ പൊന്തിവരുമ്പോൾ,
ആ അരുതായ്മയെ അടക്കിനിറുത്തുവാനുള്ള ആത്മനിയന്ത്രണത്തില് ഞാൻ ചിലപ്പോൾ പരാജിതനാകുന്നു, ഞാനും ഒരച്ഛനാണെന്ന സത്യം ഉള്ളിലൊതുക്കിക്കൊണ്ടുതന്നെ, എനിക്കും ഓർക്കാൻ സുഖമുള്ള ഒരച്ഛനുണ്ടായിയുന്നെങ്കിൽ എന്ന
ആശയോടെ.
കുട്ടിക്കാലത്ത് ഞാൻ വായിച്ച പുസ്തകങ്ങളിലെ നന്മ നിറഞ്ഞ നായകന്മാരെ ഓരോരുത്തരെയും എന്റെ അച്ഛനായിരുന്നെങ്കിൽ എന്ന് സങ്കല്പിക്കാറുണ്ടായിരുന്നു. അക്ഷരം പഠിച്ചപ്പോൾ എഴുതാൻ ഒരു കല്ലുപെൻസിൽ എന്റെ അച്ഛൻ വാങ്ങിത്തന്നായിരുന്നെങ്കിൽ അത് മാത്രം മതിയായിരുന്നു എനിക്ക് ഫാദേഴ്സ്ഡേ ആഘോഷമാക്കാൻ. പള്ളിക്കൂടത്തിൽ ചേർത്തപ്പോൾ അച്ഛന്റെ കോളത്തിൽ വല്യപ്പച്ചന്റെ പേരെഴുതിച്ചേർക്കേണ്ടി വന്ന എന്റെ അമ്മയുടെ ഗതികേട്. അതൊരു കഥയാണ്. എന്റെ മാത്രം കഥ. അതിൽ അറബിക്കഥകളിലെ അത്ഭുതങ്ങളൊ പുരാണകഥകളിലെ സാഹസികതയൊ വർണ്ണപ്പകിട്ടോ കാണില്ല. കണ്ണുനീരിന്റെ ഉണങ്ങിയ പാടുകൾ എന്റെ കവിൾത്തടങ്ങളിൽ നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കാം, അതിന്റെ ഉപ്പുരസം രുചിക്കാനും നിങ്ങൾക്ക് കഴിഞ്ഞേക്കാം.
മൂന്നാം ക്ലാസ്സിൽ നന്ദിനിടീച്ചർ എല്ലാവരോടും ചോദിച്ച കൂട്ടത്തിൽ എന്നോടും ചോദിച്ചു അച്ഛന്റെ പേരെന്താണെന്ന് . അച്ഛന്റെ പേരറിയാതെ ഞാൻ മിണ്ടാതെ പകച്ചു നിന്നപ്പോൾ കൂട്ടുകാർ കളിയാക്കി ചിരിച്ചു. അച്ഛനാരാണെന്നറിയാതെ തന്റെ മകൻ ക്ളാസിൽ വിളറി നിൽക്കാൻ പാടില്ല എന്ന് തോന്നിയതുകൊണ്ടാകണം അച്ഛനെപ്പറ്റി അമ്മ പറഞ്ഞു.
''നിന്റെ അച്ഛന്റെ പേര് ഓന്നച്ചന്. നമ്മൾ പട്ടണത്തിൽ പോകുമ്പോൾ കാണുന്ന ചൊള്ളമ്പേൽ വലിയ തറവാട്ടിലാണ് അച്ഛന്റെ താമസം.
ഇനി കൂടുതലൊന്നും ചോദിക്കരുത് ''.
അതുമതിയായിരുന്നു എനിക്ക് അച്ഛനെപ്പറ്റി കൂടുതൽ അറിയാൻ. പിന്നീടെപ്പോഴോ അമ്മയിൽ നിന്നും
അമ്മയുടെ തറവാട്ടിൽ നിന്നും കഥയുടെ ബാക്കികൂടെ അറിഞ്ഞു.
ഞാനുണ്ടാകുമ്പോൾ അമ്മക്ക് 19 വയസ്സ്. അപ്പോൾ അച്ഛൻ കൽക്കട്ടയിൽ പട്ടാളത്തിൽ ജോലി.
അവിടെനിന്നും പിരിഞ്ഞു നാട്ടിലെത്തിയതിനു ശേഷം വീട്ടിൽ എന്നും വരാറില്ല. അമ്മ ഒരു വയസ്സുള്ള എന്നെയും കൊണ്ട് വീട്ടിൽ ഒറ്റയ്ക്ക്. വീട് പട്ടിണിയിലും. അന്നത്തെ സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭത്തിൽ പോലീസ് മർദ്ദനമേറ്റ് രക്തസാക്ഷിയായ ചൊള്ളമ്പേൽ പിള്ള എന്ന സി. ജെ. ജോസഫിന്റെ വിധവയും എന്റെ അച്ഛനും അടുപ്പത്തിലായി.
ഇടവപ്പാതിയിലെ തോരാത്ത മഴ. കിഴക്കൻ കാറ്റ് ശക്തിയായി വീശുന്നു. രാവ് ഏറെയായി. ഒരു വയസ്സുള്ള എന്നെയുമെടുത്ത് മഴവെള്ളം ഇറ്റുവീഴുന്ന ചാണകം മെഴുകിയ തറയിൽ അമ്മ അച്ഛനെ കാത്തിരുന്നു. ഒരു മുറിയും വരാന്തയും ചായിപ്പുമുള്ള ഓലപ്പുരയാണ്. തറവാട്ടിൽ നിന്ന് മാറി അച്ഛനുണ്ടാക്കിയ വീട്. മുറിയുടെ വാതിൽ പുകയിലച്ചാക്കുകൊണ്ട് മറച്ചിരുന്നു. പിഞ്ചിക്കീറിയ ചാക്കിന്റെ വിടവിലൂടെ മുറ്റം അവ്യക്തമായി കാണാം. മുറ്റത്തൊരനക്കം കേട്ടതുപോലെ. അമ്മ മണ്ണെണ്ണ വിളക്ക് കത്തിക്കാൻ ശ്രമിച്ചു. കത്തുന്നില്ല. വിളക്ക് നനഞ്ഞിരിക്കുന്നു. അമ്മ ചാക്കു മാറ്റി പുറത്തേക്ക് നോക്കി. കൂരിരുട്ട് . ഒന്നും വ്യക്തമല്ല. പെട്ടെന്ന് മുകളിൽനിന്നും അമ്മയുടെ തലയിലേക്ക് എന്തോ വീണു. ഞെട്ടിത്തിരിഞ് എന്നെയുമെടുത് അമ്മ ചാടിയെഴുന്നേറ്റു. ഉത്തരത്തിൽ പതുങ്ങിയിരുന്ന പൂച്ചയാണ് വീണത്. ഞാൻ വിശന്നിട്ട് കരഞ്ഞുതുടങ്ങി . ഒന്നും കഴിക്കുവാനില്ല. അച്ഛൻ വീട്ടിൽ വന്നിട്ട് നാല് ദിവസമായി. അയൽക്കാരുടെ ചില സഹായങ്ങൾ മാത്രം. തൊട്ടപ്പുറത്തെ ശിവരാമന്റെ വീടാണ് ഒരാശ്രയം. അവരുടെ അടുക്കളയിൽ വേവുന്നതിന്റെ ഒരു പങ്ക് എനിക്കായിട്ടെങ്കിലും അവർ എത്തിക്കും. അന്ന് രാവിലെയാണ് ശിവരാമന്റെ മുറ്റത്തുനിന്ന കുടപ്പന വെട്ടിയത്. കുടപ്പനയുടെ ചില കഷണങ്ങള് അമ്മ വീട്ടില് കൊണ്ടുവന്നു. അതിന്റെ നൂറെടുത്തു കുറുക്കി കഴിച്ചാണ് ഞാനും അമ്മയും ആ ദിവസങ്ങളിൽ വിശപ്പടക്കിയത്. കുറുക്കുണ്ടാക്കിയ കലത്തിൽ എന്തെങ്കിലുമുണ്ടെങ്കിൽ അത് എനിക്ക് തന്ന് കരച്ചിലുമാറ്റാം എന്നുകരുതി അമ്മ ചായിപ്പിന്റെ വശത്തേക്ക് നീങ്ങി. പക്ഷെ, കലം തലകീഴായി കിടക്കുന്നു. പൂച്ചയുടെ പണിയാണത് . അമ്മ എന്നെയുമെടുത്തു ചായിപ്പിന്റെ കട്ടിളപ്പടിയിൽ ചാരിയിരുന്നു മയങ്ങിപ്പോയി. പാതിരാത്രി കഴിഞ്ഞുകാണും. അച്ഛന്റെ അലർച്ച കേട്ട് അമ്മ ഞെട്ടിയുണർന്നു. അച്ഛൻ മദ്യലഹരിയിലാണ്. കാലുകൾ നിലത്തുറക്കുന്നില്ല. എന്റെ മുഖത്തേക്ക് ടോർച്ചടിച് രൂക്ഷമായി നോക്കിപറഞ്ഞു.
''ഈ അശ്രീകരത്തേയുംകൊണ്ട് നീ ഇപ്പോൾ ഇറങ്ങണം എന്റെ വീട്ടിൽ നിന്ന് ''
''ഈ രാത്രിയിൽ ഞാനെവിടെ പോകാനാണ് ''
''എങ്ങോട്ടെങ്കിലും. നീ ഇന്ന് ചൊള്ളമ്പേൽ വീട്ടിൽ പോയത് എന്തിനാണ് ?''
''നിങ്ങളെ അന്വേഷിച്ച്''
''എന്നാൽ ഇനി നീ പോകില്ല''
അച്ഛൻ അമ്മയുടെ മുടിക്കുപിടിച്ച് അടിവയറ്റിൽ ഒരു ചവിട്ട് . ചായിപ്പിലിരുന്ന മരചെരവയിൽ അമ്മ
തലയടിച്ചുവീണു. തലപൊട്ടി രക്തമൊഴുകി. കലിതീരാതെ എന്നെ
എടുത്തു മുറ്റത്തേക്ക് എറിയാൻ തുടങ്ങിയപ്പോൾ അമ്മ ബലമായി എന്നെ പിടിച്ചുവാങ്ങി മുറ്റത്തിറങ്ങി. കോരിച്ചൊരിയുന്ന മഴയത്ത് ഇരുട്ടിലൂടെ എന്നെയുംകൊണ്ട് വെളിയിലേക്കോടി... തിരിച്ചുവരാത്ത ഓട്ടം.
പ്രതിസന്ധികളുടെ വിണ്ടുകീറിയ വഴിച്ചാലുകളിൽ പകച്ചുനിന്ന ഞങ്ങളെ കാലം കൈപിടിച്ച് നടത്തി. ഇല്ലായ്മകളുടെ ഞെരുക്കത്തിലാണെങ്കിലും അമ്മയുടെ തറവാട് ഞങ്ങൾക്ക് അഭയം നൽകി. വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും തണലിൽ എനിക്ക് ഇന്നും ഓർക്കുവാൻ ഒരു ബാല്യകാലമുണ്ടായി . അച്ഛൻ ജീവിച്ചിരുന്നിട്ടും ''അച്ഛാ'' എന്ന് ഒരിക്കലും വിളിക്കാൻ ഭാഗ്യമില്ലാത്ത ഒരു മകനായി ഞാൻ ജീവിതത്തിന്റെ മുഖ്യധാരയിലെത്തി.
അമ്മയുടെ രക്ഷപെടൽ ഒരവസരമായെടുത്ത് അച്ഛൻ ഞങ്ങളെ വിട്ട് ചൊള്ളമ്പേൽ തറവാടിന്റെ സൗഭാഗ്യങ്ങളിലേക്ക് കുടിയേറി. ആദ്യമൊക്കെ തറവാടിന്റെ ഓരം ചേർന്നുനടക്കുന്ന കാര്യസ്ഥനായി, പിന്നെ ചൊള്ളമ്പേൽ പിള്ളയുടെ പിള്ളേരുടെ വളർത്തച്ഛനായി, അവസാനം പിള്ളയുടെ വിധവയുടെ ഓന്നച്ചനച്ചായനായി. അങ്ങനെ പഴമയുടെ ചരിത്രമുറങ്ങുന്ന ചൊള്ളമ്പേൽ തറവാട്ടിൽ കാലങ്ങളായി നിറഞ്ഞുനിന്ന പുണ്ണ്യത്തിനുമേൽ വിഷസർപ്പങ്ങൾ ഇണചേർന്നു .
ഞാൻ നാലാം ക്ളാസിൽ പഠിക്കുമ്പോൾ ഒരു വലിയ കടലാസുപൊതിയുമായി ചൊള്ളമ്പേൽ തറവാടിന്റെ മുന്നിലെ വഴിയിൽ വച്ച് ഞാനെന്റെ അച്ഛനെ നേരിൽക്കണ്ടു . കൊമ്പൻ മീശയും ചുവന്നുതുടുത്ത കണ്ണുകളുമായി ഒരു വലിയ ആൾ. ഞാൻ ആ വഴിയേ പോകുന്നത് പല പ്രാവശ്യം അയാൾ കണ്ടിട്ടുണ്ട്. ഞാൻ മകനാണെന്ന് അറിയുകയും ചെയ്യും. എന്നെ കണ്ടിട്ടും കാണാത്ത രീതിയിൽ അയാൾ നടന്നു നീങ്ങി. അപ്പോഴേക്കും നാലഞ്ചു കുട്ടികൾ ചൊള്ളമ്പേൽ തറവാട്ടിൽ നിന്നും ഓടിയെത്തി. മൂന്നു മുതൽ പത്തുവരെയുള്ള കുട്ടികൾ. അതിൽ ചൊള്ളമ്പേൽ പിള്ളയുടെയും അച്ഛന്റെയും കുട്ടികളുണ്ടായിരുന്നു. അവർ ആരൊക്കെയാണെന്ന് മനസ്സിലാക്കുവാനുള്ള തിരിച്ചറിവ് അന്നെനിക്ക് ഇല്ലായിരുന്നു. അച്ഛൻ കുട്ടികളുടെ കൈകളിലേക്ക് മധുര പലഹാരങ്ങളും മിഠായികളും എടുത്തുകൊടുത്തു. ഞാൻ കണ്ടിട്ടില്ലാത്ത മിഠായികൾ ! പല തരത്തിലും നിറത്തിലും ഉള്ളവ. ചുവപ്പും വെളുപ്പും പച്ചയും മഞ്ഞയും അങ്ങനെ. മൂന്നു വയസ്സുകാരൻ അച്ഛന്റെ തോളിൽ കയറി. അച്ഛൻ പോക്കറ്റിൽ നിന്നും നോട്ടുകൾ എടുത്ത് ആ കുട്ടികൾക്ക് വീതം വച്ചുകൊടുത്തു. എന്നെയും കൂടി കാണട്ടെ എന്ന് വിചാരിച്ച് ഞാൻ അച്ഛന്റെ അടുത്തേക്ക് ആശയോടെ നീങ്ങിനിന്നു. പക്ഷെ അയാൾ എന്നെ അവഗണിച്ച് കുട്ടികളെയും കൊണ്ട് ചൊള്ളമ്പേൽ തറവാട്ടിലേക്ക് കയറിപ്പോകുന്നത് നിറകണ്ണുകളോടെ നോക്കിനിന്നു. പലഹാരത്തിന്റെ സുഖമുള്ള മണം അന്തരീക്ഷത്തിൽ അപ്പോഴും തങ്ങിനിന്നു. കൊതികൊണ്ട് എന്റെ നാവിൽ വെിള്ളമൂറി. ഇതുകണ്ട് റോഡരികിലുള്ള മുറുക്കാൻ കടയിലെ എറുപ്പക്ക ചേടത്തി ഇറങ്ങിവന്ന് അവരുടെ തോളിൽ കിടന്ന ചുട്ടിത്തോർത്തുകൊണ്ട് എന്റെ കണ്ണും മുഖവും തുടച്ചു. ചേടത്തി കടയിലെ ചില്ലുഭരണിയിൽനിന്ന് കുറെ നാരങ്ങാ മിഠായികൾ എടുത്ത് എനിക്കുതന്നു. അതും തിന്നുകൊണ്ട് ഞാൻ തിരികെ നടന്നു. ചൊള്ളമ്പേൽ തറവാട്ടിലേക്ക് ഞാൻ വീണ്ടുമൊന്ന് തിരിഞ്ഞുനോക്കി. എന്റെ ഉള്ളൊന്ന് പിടഞ്ഞു.
കൂത്താട്ടുകുളം ചൊള്ളമ്പേൽ യോഹന്നാൻ കോറെപ്പിസ്ക്കോപ്പയുടെയും സി. ജെ. തോമസിന്റെയും മേരിജോൺ കൂത്താട്ടുകുളത്തിന്റെയും പി. ടി. മേരിയുടെയും ഒക്കെ നന്മകളുടെ ചരിത്രമുറങ്ങുന്ന ചൊള്ളമ്പേൽ തറവാട്ടിൽ അശാന്തിയുടെ വിഷക്കാറ്റ് വീശിയടിച്ചപ്പോൾ കാലം കനിവില്ലാതെ കണക്കുതീർത്തു. കല്ലിന്മേൽ കല്ല് ശേഷിക്കാതെ തറവാടില്ലാതായി.
കടലിലെ തിരകൾ പോലെ ഇളകിമറിഞ്ഞ എന്റെ ജീവിതത്തിന്റെ കണക്കുപുസ്തകത്തിലെ പിതാവിന്റെ
കോളം ഇന്നും ശൂന്യമായി കിടക്കുന്നു.
എന്നിരുന്നാലും ആണ്ടിലൊരിക്കൽ ഒരു തീർത്ഥാടനം പോലെ എന്റെ അമ്മയുടെ കുഴിമാടത്തിൽ ഞാനെത്തുമ്പോൾ എന്റെ കണ്ണുകൾ പരതാറുണ്ട് ആ സെമിത്തേരിയിലെവിടെയൊ അടങ്ങി കിടക്കുന്ന എന്റെ അച്ഛന്റെ മണ്കൂനയെ, അത് ഒരുപക്ഷെ ഡി. എന്. എ. യുടെ അദൃശ്യമായ ഉൾവിളി ആയിരിക്കാം.