Image

ഷുഗർ ഡാഡി (ചെറുകഥ:  സാംജീവ്)

Published on 20 June, 2023
ഷുഗർ ഡാഡി (ചെറുകഥ:  സാംജീവ്)

അബിഗയിൽ മരിച്ചതിനു ശേഷമാണ് എഞ്ചിനിയർ ഫ്രാങ്കോവിച്ച് ‘ഹാപ്പി മോമൻറ്റ്സ്’ (Happy  Moments) സന്ദർശനം ആരംഭിച്ചത്. നഗരത്തിലെ തിരക്ക് കുറഞ്ഞ മദ്യവില്പനശാലയാണ് ഹാപ്പി മോമൻറ്റ്സ്.
മെട്രോപ്പൊലിറ്റൻ പ൱വ്വർ കമ്പനിയുടെ ഇലക്ട്രിക്കൽ എഞ്ചിനീയറന്മാരിൽ അഗ്രഗണ്യനായിരുന്നു മാർക്കസ് ഫ്രാങ്കോവിച്ച്. അദ്ദേഹത്തിന്റെ ഉന്നതവിദ്യാഭ്യാസവും ദശകങ്ങളിലെ പരിചയസമ്പത്തും ജോലിയിലുള്ള സമർപ്പണമനോഭാവവും കമ്പനിയുടെ മാനേജ്മെന്റ് അത്യന്തം വിലമതിച്ചിരുന്നു.
ഒരിക്കൽ കമ്പനിയുടെ ചെയർമാൻ പറഞ്ഞുവത്രേ.
“ഫ്രാങ്കോവിച്ച് ഇല്ലാതെ ഈ കമ്പനി എങ്ങനെ പ്രവർത്തിപ്പിക്കാമെന്ന് എനിക്കറിഞ്ഞുകൂടാ.”
ഒരു പുരുഷന്റെ വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഫ്രാങ്കോവിച്ചിന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീ ഉണ്ടായിരുന്നു. അബിഗയിൽ, അദ്ദേഹത്തിന്റെ ഭാര്യ. അവളുടെ തിരോധാനം ഫ്രാങ്കോവിച്ചിന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. കടുത്ത ഏകാന്തതയിൽ നിന്നും മുക്തി നേടുവാൻ അയാൾ ഒരു വഴി തെരഞ്ഞെടുത്തു. മദ്യപാനം.
ഹാപ്പി മോമൻറ്റ്സിൽ വച്ചാണ് ഫ്രാങ്കോവിച്ച് ആദ്യമായി ഇസബേലിനെ കണ്ടത്. ഏകനായി ഒരു സന്ധ്യാനേരത്ത് ബഡ്വൈസർ എന്ന ബീയർ നുണഞ്ഞുകൊണ്ടിരുന്ന ഫ്രാങ്കോയുടെ മേശയ്ക്കരികിലേക്ക് രണ്ടുപേർ നടന്നുവന്നു. അതിസുന്ദരിയായ ഒരു യുവതിയും ദേഹത്ത് പലസ്ഥലങ്ങളിലും പച്ചകുത്തിയ ഒരു യുവാവും. യുവതി ചോദിച്ചു.
“സർ, ഞങ്ങൾ കൂടി ഈ ടേബിൾ ഷെയർ ചെയ്യുന്നതിൽ വിരോധമുണ്ടോ?”
“ഒരിക്കലുമില്ല, ഇരുന്നാലും.”
പുഞ്ചിരിയോടെ ഫ്രാങ്കോ പ്രതികരിച്ചു.
“Thank you.”
“ഞാൻ ഇസബല്ല. ഇത്, എന്റെ ഭർത്താവ് മൈക്കിൾ.”
“Nice to meet you.”
എഞ്ചിനിയർ ഫ്രാങ്കോവിച്ചും ഇസബല്ലയും ഹാപ്പിമോമൻറ്റ്സിൽ ദിനം തോറും കണ്ടുമുട്ടാൻ തുടങ്ങി. അവരുടെ സ൱ഹൃദവും ദിനം തോറും വളരുവാൻ തുടങ്ങി. അബിഗയിലിന്റെ വിയോഗം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും ഫ്രാങ്കോവിച്ച് വിമുക്തനാകാൻ തുടങ്ങി.
ഇസബല്ലയ്ക്ക് മാഗിയുടെ പ്രായം കാണും. ഫ്രാങ്കോവിച്ചിന്റെ മകളാണ് മാഗി എന്ന് വിളിക്കപ്പെടുന്ന മാർഗ്ഗററ്റ്. ഇസബല്ല മാഗിയെപ്പോലെ സുന്ദരിയാണ്. ഇസബല്ലയ്ക്ക് മാഗിയെപ്പോലെ നീലക്കണ്ണുകളുണ്ട്. മാഗിക്കുള്ളതുപോലെ ഇസബല്ലയുടെ ചുണ്ടുകൾക്ക് മാണിക്യരത്നത്തിന്റെ നിറമുണ്ട്. അരുണാഭമായ കപോലങ്ങളും അവൾക്കുണ്ട്.
ഇസബല്ലയും മാഗിയും.
“ഇസബല്ലയെ കാണുമ്പോൾ ഞാൻ എന്റെ മാഗിയെ ഓർത്തുപോകുന്നു. ഇസബല്ല എനിക്ക് മാഗിയെപ്പോലെയാണ്.”
എഞ്ചിനിയർ ഫ്രാങ്കോവിച്ച് പറഞ്ഞു.
“എന്നാൽ ഞാൻ മിസ്റ്റർ ഫ്രാങ്കിനെ ഡാഡി എന്ന് വിളിക്കട്ടേ?”
ഇസബല്ലാ ചിരിച്ചുകൊണ്ട് ചോദിച്ചു. അവളുടെ വാക്കുകൾക്ക് മണിനാദത്തിന്റെ ഇമ്പവും വശ്യതയുമുണ്ട്.
“തീർച്ചയായും. ഞാൻ നിന്നെ ഹണി എന്ന് വിളിക്കും. മാഗിയെ ഞാൻ അങ്ങനെയാണ് വിളിക്കുന്നത്.”
ഇസബല്ല വീണ്ടും പൊട്ടിച്ചിരിച്ചു.
ഇസബല്ലയും മാഗിയും. 
എഞ്ചിനിയർ ഫ്രാങ്കോവിച്ച് താരതമ്യം ചെയ്തുനോക്കി. 
പക്ഷേ, ഇസബല്ല മാഗിയല്ല.
മാഗി ഒരു തെളിനീരുറവയാണെങ്കിൽ ഇസബല്ല ഒരു നയാഗ്രാ ജലപാതമാണ്, ശക്തിയുടെ കുത്തൊഴുക്കാണ്. 
മാഗി ഒരു കൈക്കുമ്പിളിലെ സംഭാരമാണെങ്കിൽ ഇസബല്ല പാനപാത്രത്തിൽ നുരഞ്ഞുപൊങ്ങുന്ന മദ്യമാണ്.
മാഗിക്കില്ലാത്ത ഏതോ ഒരു മാന്ത്രികവലയം ഇസബല്ലയ്ക്കുണ്ട്. ആ കാന്തികവലയത്തിന്റെ കേന്ദ്രത്തിലേക്ക് ഫ്രാങ്കോവിച്ച് എന്ന ബിന്ദു ആകർഷിക്കപ്പെടുന്നു.
ഹാപ്പി മോമൻറ്റ്സിന്റെ അരണ്ട വെളിച്ചത്തിൽ പെട്ടെന്നാണ് അതു സംഭവിച്ചത്. ഇസബല്ല അരികത്തിരുന്ന എഞ്ചിനിയർ ഫ്രാങ്കോയെ ആഞ്ഞു ചുംബിച്ചു.
“മൈ ഡാഡി, സ്വീറ്റ്, സ്വീറ്റ് ഡാഡി.” 
ഇസബല്ലയുടെ ചുടുനിശ്വാസത്തോടൊപ്പം വാക്കുകളും പുറത്തുവന്നു. 
ഒരു നിമിഷത്തിന്റെ അമ്പരപ്പോടെ ഫ്രാങ്കോവിച്ച് മൈക്കിളിന്റെ കസേരയിലേയ്ക്ക് നോക്കി. അയാൾ അപ്രത്യക്ഷനായിരുന്നു.

തെക്കേ അമേരിക്കയിലെ ആമസോൺ കാടുകളിൽ ഒരിനം പെരുമ്പാമ്പുണ്ട്, ആനക്കോണ്ടാ. ലോകത്തിലെ ഏറ്റവും ശക്തിയുള്ള പെരുമ്പാമ്പാണത്. ഏതു വലിയ മൃഗത്തെയും ദ്രുതഗതിയിൽ ആനക്കോണ്ട വരിഞ്ഞുമുറുക്കും. ആനക്കോണ്ടായുടെ പരിരംഭണത്തിന് ഇരയാകുന്ന മൃഗത്തിന്റെ മാംസപേശികളും അസ്ഥികളും ഒടിഞ്ഞുതകരും.

ആനക്കോണ്ടായുടെ പരിരംഭണത്തെക്കാൾ ശക്തമായിരുന്നു ഇസബല്ലയുടെ ആലിംഗനം. ഫ്രാങ്കോവിച്ച് ഇസബല്ലയുടെ നിലനയനങ്ങളിലേയ്ക്ക് തുറിച്ചുനോക്കി. അവ മാഗിയുടെ നിഷ്ക്കളങ്കനേത്രങ്ങളല്ല. ഇസബല്ലയുടെ കണ്ണുകൾക്ക് അറ്റ്ലാന്റിക്ക് മഹാസമുദ്രത്തെക്കാൾ ആഴവും പരപ്പുമുണ്ട്. മാഗിയുടെ കണ്ണുകൾക്ക് നക്ഷത്രങ്ങളുടെ തിളക്കമുണ്ട്. ഒരു ക്ഷീരപഥത്തെ മുഴുവൻ ആവാഹിച്ചെടുത്തിരിക്കുകയാണ് ഇസബല്ലയുടെ നയനങ്ങൾ.

എഞ്ചിനിയർ ഫ്രാങ്കോവിച്ച് വിവാഹിതനാകുന്നു. മൈഥിലി ചരൺ ഗുപ്തയാണ് ആ വിവരം കമ്പനിയിൽ വിളമ്പിയത്. കമ്പനിയിലെ ഇൻഡ്യൻ അസോസ്യേഷന്റെ ജീവാത്മാവും പരമാത്മാവുമാണ് മൈഥിലി. ഒരു അപസർപ്പകന്റെ അന്വേഷണത്വരയും രാഷ്ട്രീയക്കാരന്റെ ചാതുര്യവും ഇരുവായ്ത്തലയുള വാളിനെക്കാൾ മൂർച്ചയേറിയ ജിഹ്വയും മൈഥിലിക്കുണ്ട്. അവൾ സഹപ്രവർത്തകരുടെ രഹസ്യങ്ങൾ കണ്ടെത്തും. അവയുടെ മേൽ മസാല പൊതിയും. മത്തി വറുത്തെടുക്കുന്നതുപോലെ അവൾ വാർത്തകൾ വറുത്തെടുക്കും, കമ്പനിയിലെമ്പാടും വിളമ്പും. കൂട്ടുകാരി മേരി ജോണും എന്നും മൈഥിലിക്കൊപ്പമുണ്ടാകും വാർത്തകൾ പരത്തുന്നതിൽ; ചിലപ്പോൾ ഏഷണിയും.
മൈഥിലിയും മേരി ജോണും പുതുവാർത്ത പരത്തുന്ന ആവേശത്തിലാണ്. ആദ്യം കണ്ടത് റെയ്മണ്ട് തോമസ് എന്ന സഹപ്രവർത്തകനെയാണ്.
“റേ, അറിഞ്ഞോ, നമ്മുടെ എഞ്ചിനീയർ ഫ്രാങ്കോവിച്ച് വിവാഹിതനാകുന്നു.”
മൈഥിലി തട്ടിവിട്ടു.
“അയാളുടെ മകളെക്കാൾ പ്രായം കുറഞ്ഞ ഒരുത്തിയാണ് വധു.” മേരി ജോണിന്റെ വക.
“Good for him “
റേയ്മണ്ട് തോമസ് അത് പറഞ്ഞിട്ട് നടന്നകന്നു. അമേരിക്കക്കാരനായ റെയ്മണ്ടിന് അതൊരു വാർത്തയേ അല്ലായിരുന്നു. പരകാര്യങ്ങൾ സംസാരിക്കാൻ അയാൾക്ക് നേരമില്ല.
അന്ന് കഫറ്റീരിയായിലെ ഇൻഡ്യൻ കോർണറിൽ ഏറ്റവും ചൂടുള്ള വാർത്ത  എഞ്ചിനീയർ ഫ്രാങ്കോവിച്ചിന്റെ വിവാഹക്കാര്യമായിരുന്നു.
“അയാളുടെ ഒരു പൂതിനോക്കണേ ഈ വയസ്സാം കാലത്ത്.”
അനന്തരാമൻ പറഞ്ഞു.
“പൂതിയൊന്നുമല്ല, അയാൾ ഭാഗ്യവാനാണ്.”
ശങ്കരമൂർത്തിയുടെ അഭിപ്രായമാണത്. പെൺവിഷയത്തിൽ ശങ്കരമൂർത്തിക്കുള്ള താല്പര്യം കമ്പനിയിൽ പ്രസിദ്ധമാണ്. 
അറുപതു കഴിഞ്ഞ ഫ്രാങ്കോവിച്ച് ഏതു സമയത്തും തട്ടിപ്പോകാമെന്ന് അവൾക്കറിയാം. അയാളുടെ കണക്കില്ലാത്ത ബാങ്കുബാലൻസും ആനുവിറ്റി തുകയും മില്യൻഡോളർ വീടുമൊക്കെ പിന്നാർക്കാ? അവൾക്കല്ലേ?”
മുഹമ്മദ് ഹനീഫാ പറഞ്ഞു. അയാൾ ഫ്രാങ്കോവിച്ചിന്റെ കീഴിൽ ജോലി ചെയ്യുന്നവനാണ്.

വിവാഹദിനം തന്നെ ഇസബല്ലയും മൂന്നു മക്കളും എഞ്ചിനിയർ ഫ്രാങ്കോവിച്ചിന്റെ മില്യൻഡോളർ ഭവനത്തിലേക്ക് താമസം മാറ്റിയെന്നാണ് മൈഥിലി പറയുന്നത്. അവൾ മസാലക്കഥകൾ കമ്പനിയിൽ വിളമ്പി.
“ഇസബല്ലയും പിള്ളാരും മാത്രമല്ല, മൈക്കിളും അവരോടൊപ്പം താമസം മാറ്റി.”
“മൈക്കിളോ? അയാളും ഇസബല്ലയും തമ്മിലുള്ള ബന്ധം വേർപെടുത്തിയില്ലേ?”
കേട്ട ഇൻഡ്യാക്കാർ ചോദിച്ചു. അമേരിക്കക്കാർക്ക് ഇത്തരം വാർത്തകളിലൊന്നും താല്പര്യമില്ല.
“അത് പേരിനുമാത്രം, നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ. അവരിപ്പോഴും ഭാര്യാഭർത്താക്കന്മാർ തന്നെ.”
മൈഥിലിയുടെ വിശദീകരണം കേട്ട രാമറാവുവും ശങ്കരമൂർത്തിയും മൂക്കത്ത് വിരൽ വച്ചു.
“വിവാഹമോചനം നേടിയാലും അവർക്ക് നല്ല സുഹൃത്തുക്കളായി കഴിയാം. വേണ്ടിവന്നാൽ സഹശയനം നടത്തുകയുമാവാം. അതാണ് സാക്ഷാൽ സ്വാതന്ത്ര്യം. അമേരിക്കയിൽ സ്വാതന്ത്ര്യം വളരെ വിലപ്പെട്ടതാണ്.”
ശങ്കരമൂർത്തി പറഞ്ഞു. 
ഫ്രാങ്കോവിച്ചും ഇസബല്ലയുടെ കുട്ടികളുമായി മില്യൻഡോളർ ഹൌസിന്റെ ബേസ്മെന്റിൽ താമസം തുടങ്ങി. അവിടെയും മനോഹരമായ കിടപ്പുമുറിയും ശുചിമുറിയും മറ്റ് അനുസാരികളുമുണ്ട്. 
ഇസബല്ലയ്ക്കും പിള്ളാർക്കും (പിന്നെ ചിലപ്പോഴൊക്കെ മൈക്കിളിനും) കുക്കുചെയ്യുക, പിള്ളാർക്ക് കാവലിരിക്കുക, ഇസബല്ലയ്ക്ക് ആവശ്യാനുസരണം പണം വാരിയെറിയുക; ഇവയൊക്കയായി എഞ്ചിനീയർ ഫ്രാങ്കോവിച്ചിന്റെ ദിനചര്യകൾ.
മൈഥിലിയും മേരിജോണും കൂടുതൽ മസാലവാർത്തകൾ കമ്പനിയിൽ വിളമ്പിക്കൊണ്ടിരുന്നു.
മൈഥിലിക്ക് ഈ വിവരങ്ങളൊക്കെ എങ്ങനെ ലഭിക്കുന്നു? അവളുടെ അപസർപ്പകബുദ്ധിക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത രഹസ്യങ്ങളുണ്ടോ!
കമ്പനിക്ക് അമ്പത് സബ്സ്റ്റേഷനുകളും ഒരു വൈദ്യുതോല്പാദന നിലയവും ഒരു ലോഡ് ഡെസ്പാച്ചിംഗ് സെൻറ്ററുമുണ്ട്. അവിടൊക്കെ വലിയ പ്രോജക്ടുകൾ നടക്കുന്ന സമയമാണ്.
“ഫ്രാങ്കോ, നിങ്ങൾ അവധി റദ്ദാക്കി ഉടനെ വരണം. നിങ്ങളുടെ സേവനം ഇവിടെ അത്യന്താപേക്ഷിതമാണ്.”
കമ്പനി ചെയർമാൻ ഫോണിലൂടെ എഞ്ചിനീയർ ഫ്രാങ്കോവിച്ചിനോട് ആവശ്യപ്പെട്ടു.
“ഇല്ല, ഞാൻ ഇസബല്ലയുടെ കുട്ടികളെ ‘ബേബിസിറ്റിംഗ്’ ചെയ്യുകയാണ്.”
ഫ്രാങ്കോവിച്ച് പറഞ്ഞു.
“മിസ്റ്റർ ഫ്രാങ്കോവിച്ച്, ഞങ്ങൾക്ക് ചില സാങ്കേതികപ്രശ്നങ്ങളുണ്ട്. പ൱വ്വർഹ൱സിലെ ഗ്യാസ് ടർബൈൻ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. നിങ്ങൾ ഉടനെ പ൱വ്വർ ഹ൱സിലേയ്ക്കു വരണം”
ഒരിക്കൽ പ൱വ്വർഹ൱സ് മാനേജർ വിളിച്ചു.
“ക്ഷമിക്കണം സർ, എനിക്ക് ഇസബല്ലയുമായി വെളിയിൽ പോകണം. ഞങ്ങളുടെ വെഢിംഗ് ആനിവേഴ്സറിയാണിന്ന്. നിങ്ങൾ എഞ്ചിനീയർ സ്റ്റാഫോർഡിനെ വിളിക്കൂ. അയാൾക്കെല്ലാമറിയാം.”

ഒരുദിവസം അത്യന്തം ദു:ഖകരമായ ഒരു വാർത്ത മെട്രോപ്പൊലിറ്റൻ പ൱വ്വർ കമ്പനിയെ പിടിച്ചു കുലുക്കി.
“എഞ്ചിനീയർ മാർക്കസ് ഫ്രാങ്കോവിച്ച് അന്തരിച്ചു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം.”
ചൂടുള്ള വാർത്തയുമായി ചെന്ന ഇൻഡ്യൻ സംഘത്തോട് കമ്പനി ചെയർമാൻ പ്രതികരിച്ചു.
“I am sorry to hear the sad news.” 
കാര്യമാത്രപ്രസക്തമായിരുന്നു ചെയർമാന്റെ പ്രതികരണം.

ഒരാഴ്ച കഴിഞ്ഞ് ഇസബല്ല കമ്പനി സന്ദർശിച്ചു. മൈഥിലി ചരൺ ഗുപ്തയും മേരിജോണും അവളെ അകമ്പടി സേവിച്ചു. ഇസബല്ലയുടെ നീലക്കണ്ണുകൾ ചുവന്നിരുന്നു. അന്തരിച്ച ഭർത്താവിന്റെ ഗുണഗണങ്ങൾ അവൾ വർണ്ണിച്ചുകൊണ്ടിരുന്നു. മൈഥിലിയും മേരിജോണും അവൾ പറയുന്നതെല്ലാം പരമസത്യമാണെന്ന മട്ടിൽ തലയാട്ടിക്കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ അവരും കണ്ണുനീർ തുടച്ചുകൊണ്ടിരുന്നു. അവർ കമ്പനിയുടെ പലമുറികളും കയറിയിറങ്ങി. എഞ്ചിനീയർ മാർക്കസ് ഫ്രാങ്കോവിച്ചിന്റെ ഭീമമായ ആനുവിറ്റി തുകയും മറ്റ് ആനുകൂല്യങ്ങളും കരസ്ഥമാക്കുന്നതിന് ഇസബല്ല പല രേഖകളിലും ഒപ്പുവച്ചു.

ചില ദിവസങ്ങൾ കൊഴിഞ്ഞുവീണു. പിത്തശൂല ബാധിച്ചതുപോലെയുള്ള ഒരു കുട്ടിയെയുംകൊണ്ട് ഒരു യുവതി മെട്രോപ്പൊലിറ്റൻ പ൱വ്വർ കമ്പനിയുടെ പടികൾ കയറിവന്നു. അവൾക്ക് നീലനയനങ്ങളും സ്വർണ്ണത്തലമുടിയുമുണ്ടായിരുന്നു. ദു:ഖം തളംകെട്ടിയ മുഖവുമായി അവൾ കമ്പനിയുടെ ഇടത്തളങ്ങൾ കയറിയിറങ്ങി. അവളുടെ പേര് മാർഗററ്റ് ഫ്രാങ്കോവിച്ച് എന്നായിരുന്നു. അവളായിരുന്നു എഞ്ചിനീയർ ഫ്രാങ്കോവിച്ചിന്റെ ഏകപുത്രി മാഗി എന്ന് വിളിക്കപ്പെട്ടിരുന്ന മാർഗററ്റ്. ഇന്ന് മാഗി വളരെ ദാരിദ്ര്യത്തിലാണ്. കോടീശ്വരനായിരുന്ന അച്ഛന്റെ പെൻഷനോ ആനുവിറ്റി സമ്പാദ്യമോ എന്തെങ്കിലും ലഭിക്കാനുള്ള സാധ്യത അന്വേഷിച്ച് വന്നതാണവൾ. പക്ഷേ നിരാശയായിരുന്നു ഫലം.
മാഗി കമ്പനി ചെയർമാനെയും ഹ്യൂമൻ റിസോഴ്സസ് മാനേജരെയും നിയമവകുപ്പ് മേധാവിയെയും കണ്ട് സംസാരിച്ചു. എഞ്ചിനീയർ ഫ്രാങ്കോവിച്ചിന്റെ സകല സമ്പാദ്യങ്ങളുടെയും അവകാശി ഒരാൾ മാത്രമായിരുന്നു; ഇസബല്ല. മാഗിക്ക് ഒരു ഡോളർപോലും ലഭിക്കാതിരിക്കത്തക്കവണ്ണം നിയമത്തിന്റെ എല്ലാ പഴുതുകളും അടച്ചായിരുന്നു ഫ്രാങ്കോവിച്ചിന്റെ ഒസ്യത്ത് തയ്യാറാക്കിയിരുന്നത്.
മാഗി പറഞ്ഞു.
“ഇത് ചതിയാണ്. എന്റെ അമ്മ അബിഗയിലാണ് മില്യൻ ഡോളർ ഭവനത്തിന്റെ മോർട്ട്ഗേജ് മുഴുവനും അടച്ചത്. അവർ മുപ്പത് വർഷം കഷ്ടപ്പെട്ട് ജോലിചെയ്തിരുന്ന സ്ത്രീയായിരുന്നു. കുടുംബമായിരുന്നു അവർക്കേറ്റവും പ്രധാനം. എന്റെ മാതാപിതാക്കന്മാരുടെ കുടുംബജീവിതം മാതൃകാപരമായിരുന്നു. അബിഗയിലിന് പ്രത്യേക ബാങ്ക് അക്കൌണ്ടോ സമ്പാദ്യമോ ഉണ്ടായിരുന്നില്ല. ഭർത്താവ് ഉപേക്ഷിച്ച ഞാൻ രോഗിയായ പൈതലുമായി പൊതുനിരത്തിലേക്ക് ഇറങ്ങേണ്ട ഗതികേടിലാണ്.”
കമ്പനിക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല. നിയമം ഇസബല്ലയുടെ ഭാഗത്താണ്. നിയമദേവതയുടെ കണ്ണുകൾ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. മാഗി നിറഞ്ഞ കണ്ണുകളോടെ പടികളിറങ്ങി തെരുവീഥിയിലേയ്ക്ക് നടന്നു.
മാഗി വന്നതും പോയതും ഇൻഡ്യൻ അസോസ്യേഷൻ അറിഞ്ഞില്ല.  കഫറ്റീരിയായുടെ ഇൻഡ്യൻ കോർണറിൽ അതൊരു ചർച്ചാവിഷയം ആയതുമില്ല.
ഒരുമാസം വീണ്ടും ഒഴുകിപ്പോയി. മൈഥിലി ചരൺ ഗുപ്ത ചൂടുള്ള മറ്റൊരു വാർത്തയുമായി കമ്പനിയുടെ അകത്തളങ്ങൾ കയറിയിറങ്ങി.
“ഇസബല്ലയും മൈക്കിളും പുനർവിവാഹിതരായി.”

 

 

 

 

Join WhatsApp News
Sudhir Panikkaveetil 2023-06-20 15:47:58
രതിയും പ്രണയവും നാണയത്തുട്ടുകളിൽ കിടന്നു തിരിമറി നടത്തുമ്പോൾ ജീവിതം വഴിതെറ്റുന്നു. ഇതിലെ ഇസബെല്ല ഇപ്പോൾ നാട്ടിൽ നടക്കുന്ന ഹണി ട്രാപ്പിന്റെ ആശാത്തിയാണ്. ശ്രംജീവിയുടെ കഥകൾ എല്ലാം യാഥാർഥ്യങ്ങളെ തൊട്ടു നിൽക്കുന്നു. വായിക്കുമ്പോൾ കഥാകൃത്ത് ആലോചിച്ചുണ്ടാക്കിയ ഒരു കഥയെന്നു തോന്നുകയില്ല. നമ്മുടേ കണ്മുന്നിൽ കാണുന്ന ജീവിതങ്ങളുടെ ഒരു കഥാരൂപം. മൈക്കിളും ഇസബെല്ലയും പുനർ വിവാഹം ചെയ്യുമെന്ന് വായനക്കാർക്ക് സൂചന നൽകരുതായിരുന്നു. ഇസബെല്ലക്ക് ഒപ്പം അയാൾ അവളുടെ ഭർത്താവിന്റെ വീട്ടിലേക്ക് മാറിയെന്നു എഴുതിയപ്പോൾ വായനക്കാരൻ കഥയെ അവന്റെ കാഴ്ചപ്പാടിലൂടെ നോക്കികാണും. അഭിനന്ദനങ്ങൾ ശ്രീ സംജീവ്.
ഉമ്മർ 2023-06-20 16:59:30
ഈ നാണയപ്പുറത്ത് കിടന്ന് രതി നടത്താം എന്ന് എനിക്കറിയില്ലായിരുന്നു. എന്നാൽ എന്റെ അടുത്ത പരിപാടി അവിടെ കിടന്നാകട്ടെ.
ബെന്നി 2023-06-25 19:27:46
നല്ല കഥ. അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക