ഇന്ത്യയുടെ കിഴക്കൻ മേഖലയിലെ ഏഴു സംസ്ഥാനങ്ങളിൽ ഒന്നായ മണിപ്പൂരിൽ കഴിഞ്ഞ അൻപതോളം ദിവസങ്ങളായി നടക്കുന്ന നരഹത്യ മാനവരാശിയുടെ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഏതാണ്ട് 36 ലക്ഷത്തോളം മാത്രം വരുന്ന ജനസംഖ്യയിൽ മുഖ്യമായും രണ്ടു വിഭാഗങ്ങളാണുള്ളത്. ഒന്ന്, 53 ശതമാനം വരുന്ന മെയ്ത്തി വിഭാഗവും, രണ്ട് 41 ശതമാനം വരുന്ന കുക്കി വിഭാഗത്തിൽ പെടുന്നവരുമാണ്. ഇതിനിടയിൽ ആറു ശതമാനം വരുന്ന മുസ്ലിങ്ങളും, മെനാഷെ, ശാവേയി ഗോത്രങ്ങളിൽ പെടുന്ന 5000 ൽ പരം യഹൂദരും ഉണ്ട്. ഏതാണ്ട് 8620 ചതുരശ്ര മൈൽ മാത്രം വരുന്ന ചെറിയ ഒരു സംസ്ഥാനമാണ് മണിപ്പൂർ. വടക്കു നാഗാലാൻഡും തെക്കു മിസോറാമും പടിഞ്ഞാറ് ആസ്സാമും ആയി അതിർത്തി പങ്കിടുന്ന ഈ സംസ്ഥാനം മ്യാൻമാർ എന്ന വിദേശ രാജ്യവുമായും അതിർത്തി പങ്കിടുന്നുണ്ട്.
സമാധാനപരമായിരുന്നു ഈ കിഴക്കൻ മേഖല യുദ്ധഭൂമിയാക്കി മാറ്റിയ ഈ കലാപത്തിന് കളമൊരുക്കിയ പശ്ചാത്തലം നാം അറിയേണ്ടതുണ്ട്. അവിടെയുള്ള മെയ്ത്തി വിഭാഗത്തിൽ ഭൂരിഭാഗവും ഹിന്ദുക്കളും കുക്കി വിഭാഗത്തിൽ പെടുന്നവർ ക്രിസ്ത്യാനികളുമാണ്. മുൻപും ഈ മേഖലയിൽ കലാപങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വർഗ്ഗീയമായി ഇവരിൽ ഒരു ചേരിതിരിവ് ഇതുവരെ ഉണ്ടായിരുന്നില്ല. സംസ്ഥാനത്തിന്റെ 90 ശതമാനം ഭൂവിഭാഗവും ന്യൂനപക്ഷമായ കുക്കി വിഭാഗത്തിന്റെയാണ്. ബാക്കി വെറും 10 ശതമാനമാണ് ഭൂരിഭാഗം വരുന്ന മെയ്ത്തി വിഭാഗത്തിന്റെ കൈവശമുള്ളത്. എന്നാൽ കുക്കികളുടേതു മുഴുവൻ വനപ്രദേശവും മെയ്ത്തികളുടേത് ഫലഭൂയിഷ്ഠമായ താഴ്വാരങ്ങളും നഗരങ്ങളുമാണ്. കുക്കികൾ മുഴുവൻ പട്ടിക ജാതി/പട്ടിക വർഗ്ഗത്തിൽ പെടുന്ന ഗോത്രവർഗക്കാരാണ്. അമേരിക്കയിലെ ഇന്ത്യൻ റിസർവേഷൻ പോലെ ഇവർക്ക് ഈ സ്ഥലത്തിന് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ സ്ഥലം വാങ്ങാനോ വിൽക്കാനോ മറ്റുള്ളവർക്ക് അനുവാദമില്ല.
മെയ്ത്തികൾ പട്ടികജാതിയിൽ മാത്രം പെടുന്ന ഗോത്രവർഗ്ഗക്കാരാണെങ്കിലും അവരുടെ സ്ഥലത്തിന് ഈ സംവരണമില്ല. തികച്ചും കാട്ടുജാതിക്കാരായിരുന്ന കുക്കികളുടെ ഇടയിൽ ക്രിസ്ത്യൻ മിഷനറികൾ കഴിഞ്ഞ അഞ്ചു ദശാബ്ദത്തിലേറെയായി നടത്തിയ ദൗത്യത്തിന്റെ ഫലമായി അവിടെ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാകുകയും കുക്കികൾ വിദ്യാഭ്യാസപരമായി വളരെ മുൻപോട്ടു പോകുകയും ചെയ്‌തു. അതിന്റെ ഫലമായും ലഭിച്ചിട്ടുള്ള സംവരണത്തിന്റെ ആനുകൂല്യത്തിലും സിവിൽ സർവീസ് പരീക്ഷകളിൽ കുക്കി വിഭാഗം ആധിപത്യം പുലർത്തി. ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്മാരും ഭരണ സിരാകേന്ദ്രങ്ങളിലെ സെക്രട്ടറിമാരും ഭൂരിഭാഗവും കുക്കികളായി. ബിസിനസ്സ് സ്ഥാപനങ്ങൾ മെയ്ത്തികളുടെ ഉടമസ്ഥതയിലാണെങ്കിലും കുക്കികൾക്കും അവിടെ വന്നു ജോലി ചെയ്യുന്നതിൽ പ്രശ്‌നമില്ല. മെയ്ത്തികളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണെങ്കിലും കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെയായി കടയിൽ ജോലി ചെയ്യുന്ന കുക്കികളുടെ പ്രവർത്തനത്തിലാണെന്നു പറയുന്നു കുറേപ്പേരെങ്കിലും ക്രിസ്‌തു മതത്തിലേക്ക് പരിവർത്തനം ചെയ്‌തിട്ടുണ്ട്. ഇപ്പോൾ ഏതാണ്ട് 12 ശതമാനം മെയ്ത്തികൾ ക്രിസ്‌തു മത വിശ്വാസികളാണ്.
കുക്കികളെപ്പോലെ മെയ്ത്തികൾക്കും പട്ടിക വർഗ്ഗ സംവരണം അനുവദിക്കണമെന്നു കാണിച്ച് കോടതിയിൽ കൊടുത്ത ഹർജ്ജി അനുവദിച്ചു കോടതി മെയ് 2 ന് ഉത്തരവായി. ഒപ്പം തന്നെ മെയ്ത്തികൾക്കും കുക്കികളുടെ സംവരണ സ്ഥലങ്ങളിൽ കയറി വസ്‌തു വാങ്ങാനുള്ള അനുമതിയും നൽകി. ഇത് കുക്കികളെ ചൊടിപ്പിച്ചു. അവരുടെ ഗോത്രവർഗ്ഗ സംസ്ക്കാരവും സ്വത്വ ബോധവും അന്യം നിൽക്കുമെന്നും ഭരണ സിരാകേന്ദ്രങ്ങളിൽ അവർ കയ്യാളുന്ന മേൽക്കോയ്മയ്‌മയ്‌ക്കു വിരാമം ഇടുമെന്നും ഭയപ്പെട്ട അവർ തലസ്ഥാനത്തു തന്നെ തെരുവിലിറങ്ങി. 'ഓൾ ട്രൈബൽ സ്റ്റുഡൻറ്സ് യൂണിയൻ ഓഫ് മണിപ്പൂർ' എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ജാഥ അരങ്ങേറിയത്. എന്നാൽ ജാഥ അപ്രതീക്ഷിതമായി അക്രമാസക്തമായി.
കോപാകുലരായ മെയ്ത്തികൾ കുക്കികളെ സ്തബ്ധരാക്കിക്കൊണ്ട് അവരുടെ ഗ്രാമങ്ങളിൽ മിന്നലാക്രമണം നടത്തി ഗ്രാമങ്ങൾ ചുട്ടെരിച്ചു. എല്ലാം തയ്യാറാക്കി അവസരം കാത്തിരുന്നതുപോലെയായിരുന്നു മെയ്ത്തികളുടെ ചടുലമായ നീക്കം. കുക്കികൾ വീടുപേക്ഷിച്ചു വനാന്തരങ്ങളിലേക്കു പലായനം ചെയ്‌തു. കൂടുതൽ മെയ്ത്തികൾ ആയുധധാരികളായി എത്തിയപ്പോൾ കുക്കികൾക്കു ചെറുത്തു നിൽക്കാനായില്ല. വെറും രണ്ടു ദിവസം കൊണ്ട് നൂറോളം പേർ കൊല്ലപ്പെട്ടു. കുക്കികളുടെ നിരവധി വീടുകളും ദേവാലയങ്ങളും ചാമ്പലായി. ക്രിസ്ത്യാനികളായ മെയ്ത്തികൾ ആരാധിച്ചിരുന്ന ദേവാലയങ്ങളും ചാമ്പലായതോടെ അതുവരെ ഗോത്രവർഗ്ഗ കലാപം മാത്രമായിരുന്ന യുദ്ധഭൂമിക്കു ചിലർ വർഗ്ഗീയ ലഹളയുടെ ലേബൽ ചാർത്തി. ആർ എസ് എസ് പോലെ മെയ്ത്തികളിലുള്ള രണ്ടു സംഘടനകളാണ് അക്രമത്തിനു മുൻനിരയിൽ എന്ന് മനസ്സിലാക്കിയ സർക്കാർ കേന്ദ്രസേനയിലെ വിവിധ വിഭാഗങ്ങളെ ഇറക്കി കലാപം അടിച്ചമർത്തുമെന്നു പറഞ്ഞു. എന്നാൽ അങ്ങനെ വന്ന അർദ്ധസൈനിക വിഭാഗങ്ങളുടെ ആയുധ ശേഖരം അപ്പാടെ മെയ്ത്തികൾ മോഷ്ടിച്ചുകൊണ്ടുപോയത് അക്ഷരാർത്ഥത്തിൽ സർക്കാരിനെ ഞെട്ടിച്ചു.
എന്നാൽ ഇത് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും കൂടി ഒത്തുകളിച്ചു ക്രിസ്ത്യൻ വിഭാഗത്തെ ഉന്മൂലനം ചെയ്യാനാണു ശ്രമിക്കുന്നതെന്ന് കുക്കികളും അവരെ പിന്താങ്ങുന്നവരും ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തി നിർദ്ദേശങ്ങൾ നൽകി ഡൽഹിക്കു തിരിച്ചു പോയപ്പോൾ തന്നെ പൂർവ്വാധികം ശക്തിയായി കലാപം രൂക്ഷമായി. മുന്നൂറിൽപരം ക്രിസ്ത്യൻ ദേവാലയങ്ങൾ രണ്ടു വിഭാഗത്തിലുമായി അഗ്നിക്കിരയാക്കി. യഹൂദരുടെ രണ്ടു സിനഗോഗുകളും കത്തി നശിച്ചു. ഔദ്യോഗിക കണക്കനുസരിച്ചു 100 പേർ മരിച്ചെന്നാണ് സർക്കാരിന്റെ കണക്ക്. എന്നാൽ കലാപഭൂമി സന്ദർശിച്ച മാധ്യമങ്ങളും മിഷനറികളും പറയുന്ന കണക്ക് ചിന്തിക്കാവുന്നതിനപ്പുറമാണ്. എന്തു തന്നെയായാലും മണിപ്പൂർ നിന്നു കത്തുകയാണ്. കിഴക്കൻ മേഖലയിൽ വിവിധ സംസ്ഥാനങ്ങളിലുള്ള ക്രിസ്ത്യാനികൾ ഭയവിഹ്വലരാണ്. ഇത് അവരുടെ വംശഹത്യയുടെ തുടക്കമാണെന്നു പോലും വിമർശകർ പ്രചരിപ്പിക്കുന്നു. ഈ കലാപത്തിന് പെട്ടെന്ന് തന്നെ വിരാമം ഇട്ടേ മതിയാവൂ.
സർക്കാരിന്റെ മനസ്സിൽ എന്ത് തന്നെയായാലും തന്ത്ര പ്രധാനമായ ചില കാര്യങ്ങൾ കൂടി നാം മനസ്സിലാക്കണം. ഈ സംസ്ഥാനം ബർമ്മ എന്നറിയപ്പെട്ടിരുന്ന മ്യാന്മറുമായി അതിർത്തി പങ്കിടുന്നുണ്ട്. ഈ മേഖലയിൽ മാവിയിസ്റ്റുകൾക്ക് ആഴത്തിൽ വേരുകളുള്ള സ്ഥലമാണ്. ഇതിനു തൊട്ടുകിടക്കുന്ന നാഗാലാൻഡും പൂർണ്ണമായി ഗോത്രവർഗ്ഗക്കാരാണ്. തൊട്ടു കിടക്കുന്ന അരുണാചൽപ്രദേശുമായി ചൈന അതിർത്തി പങ്കിടുന്നുണ്ട്. കലാപം നീണ്ടാൽ നമ്മുടെ നാശം കാണാൻ ആഗ്രഹിക്കുന്ന ബാഹ്യ ശക്തികൾ ഇതിൽ നിന്നു മുതലെടുക്കുവാൻ രണ്ടു പക്ഷത്തിനും സഹായവുമായി എത്തിയേക്കാം. പൂർണ്ണമായ വനമേഖലയായതിനാൽ ഇവരെ പ്രതിരോധിക്കുക എളുപ്പമല്ല. ഇപ്പോൾ സൂചി കൊണ്ട് എടുക്കാവുന്ന കാര്യം പിന്നീട് തൂമ്പാ കൊണ്ടുപോലും എടുക്കാൻ ബുദ്ധിമുട്ടാകും.
ഇവിടെ ഉയരുന്ന ഒരു ചോദ്യം പ്രസക്തമാണ്. തീവ്രവാദികളെ ശത്രുരാജ്യത്തുള്ള അവരുടെ മടയിൽ കയറി ‘സർജിക്കൽ സ്ട്രൈക്ക്’ നടത്തി വകവരുത്തിയ ധീരനായ നമ്മുടെ പ്രധാനമന്ത്രി ഏതാണ്ട് അമ്പതു ദിവസമായിട്ടും കലാപകാരികളെ തളയ്ക്കാനോ അതിനെതിരായി ഒരു വാക്കു പോലും ഉരിയാടുകയോ ചെയ്യാതെ ശതകോടികളുടെ വികസനം കൊണ്ടുവരാനായി കരാർ ഒപ്പിടാൻ അമേരിക്കയ്ക്ക് പറന്നത് എന്താണ്? ചരിത്രത്തിൽ വിൻസ്റ്റൺ ചർച്ചിലിനു ശേഷം അമേരിക്കൻ കോൺഗ്രസ്സിനെ രണ്ടു പ്രാവശ്യം അഭിസംബോധന ചെയ്യുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഭാരതത്തിന്റെ നെറുകയിലണിയുന്ന ഈ തൊപ്പിയിലെ തൂവലിനു പക്ഷേ മണിപ്പൂരിലെ ചോരയുടെ മണമുണ്ടായാൽ അത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിനേറ്റ മുറിവായി വിലയിരുത്തപ്പെടും.