അഖിലയും, ലിജേഷും, നാടക ടീമിലുള്ള മറ്റുള്ളവരും പിന്നീടുള്ള പ്രവർത്തനങ്ങൾ ശീഘ്രഗതിയിൽ തന്നെ മുന്നോട്ട് കൊണ്ടു പോയി. വിവേകിന്റെ സർഗാത്മകത പകർന്നു കിട്ടിയ, മകളായ അഖില കലാ സംവിധാനം സ്കൂൾ നാടകത്തിന് ഉള്ള സങ്കല്പങ്ങളിൽ നിന്നും അടുത്ത തലത്തിലേക്ക് ഉയർത്തി. അഖിലയുടെ ഉത്സാഹം കണ്ട സ്കൂൾ അധികൃതർ കൂടുതൽ ഫണ്ട് അനുവദിക്കുകയും, സ്കൂൾ ചരിത്രത്തിലാദ്യമായി ടിക്കറ്റ് വെച്ചുള്ള നാടകമായി ഈ നാടകം നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. വിദ്യാർത്ഥികളും, അധ്യാപകരും, നാട്ടുകാരും എല്ലാം ചേർന്ന് ഇത് ഒരു ആഘോഷമാക്കാം എന്നായിരുന്നു അവരുടെ കണക്ക് കൂട്ടൽ.
മംഗൾ പാണ്ഡേയായി ലിജേഷ് തിളങ്ങുകയും വിളങ്ങുകയും ചെയ്തപ്പോൾ, വിജേഷിന്റെ ജോലി അവനെ കൃത്യമായി റിഹേർസൽ ക്യാമ്പിൽ എത്തിക്കുക എന്നതായിരുന്നു. അവരുടെ വീട്ടിലെ പഴയ "ബജാജ് ചേതക്ക്" നിരന്തരം ഓടി കൊണ്ടിരുന്നു. അഖില കലാ സംവിധാനത്തിലും മറ്റും മുഴുകിയപ്പോൾ പലപ്പോഴും രംഗ സംവിധാനം ചെയ്തിരുന്നത് ലിജേഷ് തന്നെയായിരുന്നു. റിഹേർസൽ ക്യാമ്പിലും, വീട്ടിലും നിരന്തരം നാടക ഡയലോഗുകൾ കേട്ട വിജേഷിനെ ഏത് ഉറക്കത്തിൽ വിളിച്ചുണർത്തി ചോദിച്ചാലും ആ ഡയലോഗുകൾ പറയും എന്ന നിലയിൽ കാര്യങ്ങളെത്തി.
അഖിലയുടേയും, ലിജേഷിന്റെയും ആത്മാർത്ഥമായ പ്രവർത്തനങ്ങളും, അതിന് സ്കൂൾ നൽകുന്ന പിന്തുണയും ഇഷ്ടപ്പെടാത്ത രണ്ട് പേർ ക്ലാസ്സിലുണ്ടായിരുന്നു - സംഗീതയും, നന്ദുവും. കഥാപാത്രങ്ങളും റോളുകളും താൻ സ്ക്രിപ്റ്റ് തീർത്തിട്ട് പറയാം എന്ന് പറഞ്ഞപ്പോൾ അവർ രണ്ട് പേരും തങ്ങളും നാടകത്തിലുണ്ടാകുമെന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ, ലിജേഷും ശ്രീകാന്തുമൊഴികെ മറ്റുള്ള അഭിനേതാക്കളൊക്കെ വെറെ ക്ലാസ്സുകളിൽ നിന്നായിരുന്നു.
സ്കൂൾ, പതിവില്ലാതെ കൂടുതൽ ഫണ്ടുകൾ അനുവദിക്കുകയും, ടിക്കറ്റ് വെച്ച് നാടകം കളിക്കാം എന്ന നിർദേശം വെക്കുകയും ചെയ്തതോടെ അവരുടെ നിരാശ, അസൂയയിലേക്കും, പകയിലേക്കും വഴി മാറി. നാടകത്തെ കുറിച്ച് അപവാദം പ്രചരിപ്പിക്കുക എന്ന കാര്യമാണ് അതിന്റെ ഭാഗമായി സംഗീത ചെയ്തത്. നന്ദുവും അതേറ്റെടുത്തതോടെ ആ നാടകം ഒരു വലിയ സംഭവമില്ലെന്ന ധാരണ പരത്താൻ അവർക്ക് പറ്റി.