കഴിഞ്ഞ മാസം, ജപ്പാനിലെ ഹിരോഷിമയിൽ ജി -7 ഉച്ചകോടി നടക്കുന്നതിനിടയിൽ അതിൽ പങ്കെടുക്കുകയായിരുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി നിശ്ചയിച്ചിരുന്നതിനേക്കാൾ ഒരു ദിവസം മുൻപ് തനിക്ക് യോഗത്തിൽ നിന്ന് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. ആ ആഴ്‌ച അവരുടെ രാജ്യത്തിന്റെ വടക്ക് ഭാഗത്ത് പ്രളയവും, എമിലിയ-റൊമാഗ്ന മേഖലയുടെ കിഴക്കൻ ഭാഗങ്ങളിൽ പേമാരിയും നാശം വിതയ്ക്കുകയും 14 പേർ കൊല്ലപ്പെടുകയും വൻ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. അതിനെ നേരിടാൻ തന്റെ സാന്നിധ്യം ആവശ്യമാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് അവർ പുറപ്പെടാൻ തിടുക്കം കൂട്ടിയത്.
മണിപ്പൂർ സംസ്ഥാനം കത്തുമ്പോൾ അമേരിക്ക സന്ദർശിക്കാനെത്തിയിരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇത് താരതമ്യം ചെയ്യുക. വർഷങ്ങളായി മണിപ്പൂരിൽ അധിവസിച്ചിരുന്ന ഗോത്രവർഗക്കാരെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള വിശാലമായ അജണ്ടയുടെ ഭാഗമായി ഭീകരവാദികൾ അവിടത്തെ ഗ്രാമങ്ങൾ മുഴുവനായും കത്തിച്ചപ്പോൾ നൂറുകണക്കിന് ആളുകൾക്കാണ് ജീവനും വീടുകളും നഷ്ടപ്പെട്ടത്.അതിലേറെയും ക്രിസ്ത്യാനികളാണ്.
മണിപ്പൂർ കലാപം കൈവിട്ടുപോകുന്നതിനിടെയാണ് മോദി, പാപ്പുവ ന്യൂഗിനിയിലെ ക്വാഡ് ഉച്ചകോടിക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ പേരിൽ ഓസ്‌ട്രേലിയയിലേക്ക് പോയത്. ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങളാണ് അവിടെ പ്രാഥമികമായും ചർച്ച നടത്തിയതെന്നാണ് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ സർക്കാർ ഈ വിഷയത്തിൽ തങ്ങളുടെ വാദം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര പറഞ്ഞത്. "ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണവും മറ്റ് വിഘടനവാദികളുടെ പ്രവർത്തനങ്ങളും നേരത്തെയും ഇന്നും ഇരു പ്രധാനമന്ത്രിമാരും ചർച്ച ചെയ്തിരുന്നു. മുൻപ് നടത്തിയ ചർച്ചകളിൽ തുടങ്ങി ഈ സമയം വരെ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ, ഈ ഘടകങ്ങൾക്കെതിരെ ഓസ്‌ട്രേലിയൻ സർക്കാർ സ്വീകരിച്ച നടപടിക്ക് പ്രധാനമന്ത്രി അൽബനീസിനോട് മോദി നന്ദി അറിയിച്ചതിൽ നിന്നുതന്നെ ഇക്കാര്യത്തിലെ പുരോഗതി വ്യക്തമായി പ്രതിഫലിക്കുന്നു ," ക്വാത്ര വിശദീകരിച്ചു.
വിദേശ രാജ്യങ്ങളിലെ തന്റെ ജനങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് അവരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി, ഒരു നേതാവ് ഉത്കണ്ഠപ്പെടുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല. എന്നാൽ,സ്വന്തം നാട്ടിൽ 253 ക്രിസ്ത്യൻ പള്ളികൾ കത്തിക്കാൻ തന്റെ അനുകൂലികളെ അനുവദിച്ച അതേ വ്യക്തി, സ്വന്തം മതവിശ്വാസത്തിലുള്ള ആരാധനാലയങ്ങൾ ഒരു വിദേശ രാജ്യത്ത് സംരക്ഷിക്കുന്ന പ്രാഥമിക ചർച്ചയിൽ ഏർപ്പെടുന്നത് വിരോധാഭാസമാണ്. അക്രമം കൊടുംപിരികൊള്ളുന്നതിനിടയിൽ, അവിടത്തെ പള്ളികളും ക്രിസ്ത്യൻ സ്ഥാപനങ്ങളും അഗ്നിക്കിരയാവുകയോ കേടുപാടുകൾ സംഭവിക്കുകയോ നശിക്കുകയോ ചെയ്തതായി ആ പ്രദേശത്തെ ക്രിസ്ത്യൻ സംഘടനകൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായി, ഈ പള്ളികൾ മെയ്തി ക്രിസ്ത്യാനികളുടെ ആരാധനാലയങ്ങളായിരുന്നു. ഈ നിർമിതികൾ ലക്ഷ്യം വച്ചതും നശിപ്പിച്ചതും മെയ്തി ഹിന്ദുക്കളാണെന്നാണ് ആരോപണം. ആർഎസ്എസാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് കരുതുന്നത്. ഭൂമിയുടെ അവകാശത്തെച്ചൊല്ലി മെയ്തികളും കുക്കികളും തമ്മിലുള്ള പോരാട്ടത്തിനിടയിൽ, അക്രമത്തിന്റെ ആദ്യ തിരമാല ആഞ്ഞടിച്ചപ്പോൾ എന്തുകൊണ്ട് മെയ്തിയുടെ ഹൃദയഭാഗത്തെ 249 ക്രിസ്തീയ ദേവാലയങ്ങൾ മാത്രം കത്തിയമരുകയും നശിപ്പിക്കപ്പെടുകയും ചെയ്തു എന്ന് ആർക്കും അത്ഭുതം തോന്നാം.
"ആൾക്കൂട്ടം എന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി, അവൾ ക്രിസ്തുമതം സ്വീകരിച്ചുവെന്നതായിരുന്നു ആരോപണം. നിമിഷങ്ങൾക്ക് ശേഷം, അവളെയും ഞങ്ങളുടെ മകൻ ജോഷ്വയെയും അവർ ജീവനോടെ ചുട്ടെരിച്ചു. ആ അക്രമികൾ അവരുടെ മനുഷ്യത്വരഹിതമായ വിജയത്തിൽ ആർത്തുല്ലസിച്ചു. ഒരു തെറ്റും ചെയ്യാത്ത എന്റെ മകന്റെ പാപ്പാ, പാപ്പാ എന്നുള്ള അവസാന വിളി ഇപ്പോഴും കാതിൽ മുഴങ്ങുകയാണ്." ഈ ക്രൂരമായ ആക്രമണത്തിന് ഇരയായവരിൽ ഒരാളായ ജോഷ്വ ഹാങ്‌ഷിംഗ് പറഞ്ഞു,
മണിപ്പൂരിലെ സർക്കാരും ഡൽഹിയിലെ ആഭ്യന്തര മന്ത്രാലയവും ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചിരുന്നെങ്കിൽ ഈ തുടർച്ചയായ അക്രമം ദിവസങ്ങൾക്കുള്ളിൽതന്നെ തടയാമായിരുന്നു. ജനാധിപത്യ രാജ്യത്ത് തിരഞ്ഞെടുപ്പുകൾ മത്സരാത്മകവും പലപ്പോഴും കടുത്ത പോരാട്ടവുമാകാറുണ്ട്. എന്നിരുന്നാലും, ഒരു പാർട്ടി നേതാവ് സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞാൽ, ആ വ്യക്തി മുഴുവൻ രാജ്യത്തിന്റെയും നേതാവായിരിക്കും. എന്നാൽ, ഇന്ന് ഇന്ത്യയിൽ നാം കാണുന്നത് ആ മാനദണ്ഡത്തിന് വിരുദ്ധമാണ്. പ്രധാനമന്ത്രി മോദിയും അദ്ദേഹം പ്രതിനിധീകരിക്കുന്ന പാർട്ടിയായ ബി ജെ പിയും ഒരു മതവിഭാഗത്തിന്റെ ക്ഷേമത്തിൽ മാത്രം താൽപ്പര്യമുള്ളവരും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക ഇല്ലാത്തവരുമാണ്. ഭൂരിപക്ഷ ഭരണത്തിനായി മുന്നോട്ട് പോകുന്ന മോദിയുടെ പാർട്ടിയുടെ കുത്സിത അജണ്ടയ്ക്ക്, ന്യൂനപക്ഷങ്ങൾ ഇരകളാകുന്നതിന്റെ അനന്തരഫലങ്ങൾ ഏവർക്കും അറിയാം.
ഇന്ത്യൻ അമേരിക്കക്കാരെ സംബന്ധിച്ച്, അവരുടെ മാതൃരാജ്യത്തിന്റെ നേതാവ് അമേരിക്ക സന്ദർശിക്കുന്നു എന്നത് ഹൃദയത്തോട് ചേർന്നുനിൽക്കുന്ന അനുഭവമായിരിക്കും. ഈ ബന്ധത്തിന് യുഎസ് സർക്കാർ നൽകുന്ന പ്രാധാന്യത്തെയും ഇത് സൂചിപ്പിക്കുന്നു. പൊതുവായ മൂല്യങ്ങളിലും താൽപ്പര്യങ്ങളിലും അധിഷ്ഠിതമായൊരു ഊഷ്മള ബന്ധം സ്ഥാപിക്കാൻ അവർ ആഗ്രഹിക്കുന്നുമുണ്ട്. എന്നാൽ, മാധ്യമങ്ങളെ മൂടിക്കെട്ടിക്കൊണ്ട് ജുഡീഷ്യറി ഉൾപ്പെടെയുള്ള ജനാധിപത്യ സംവിധാനങ്ങളെ തുരങ്കം വയ്ക്കാൻ മോദി ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ, സ്വേച്ഛാധിപത്യത്തിലേക്കുള്ള അപകടകരമായ പാതയിലേക്ക് രാജ്യത്തെ എത്തിക്കുമെന്ന് നിരവധി റിപ്പോർട്ടുകൾ സൂചന നൽകുന്നു.
അവകാശങ്ങൾ, മതസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം എന്നിവ വിദേശനയത്തിൽ മുൻനിർത്തിക്കൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രം ബന്ധങ്ങൾ കെട്ടിപ്പടുക്കുന്ന രീതിയാണ് അമേരിക്ക പിന്തുടരുന്നത്. സ്വാതന്ത്ര്യ ബോധത്തെ നെഞ്ചോടുചേർക്കുന്നവരുടെ ഈറ്റില്ലമായി തലയെടുപ്പുള്ള രാജ്യമായി തുടർന്നും അമേരിക്കയ്ക്ക് തിളങ്ങിനിൽക്കാൻ കഴിയണമെങ്കിൽ, പൊതുവായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രസിഡണ്ട് ബൈഡൻ പ്രധാനമന്ത്രി മോദിയോട് തുറന്നു സംസാരിക്കുകയും ആത്മാർത്ഥമായി ചർച്ച നടത്തുകയും വേണം. അതുകൂടാതെ, സുദൃഢവും വിശ്വാസയോഗ്യവുമായൊരു സൗഹൃദം ഒരിക്കലും നേടിയെടുക്കാൻ കഴിയില്ല.
മണിപ്പൂരിലെ സ്വന്തം ജനതയുടെ തുടർച്ചയായ രക്തച്ചൊരിച്ചിലിനെയും കഷ്ടപ്പാടുകളെയും കുറിച്ച് ജനനായകൻ എന്നനിലയിൽ എന്തുകൊണ്ടാണ് ഇതുവരെ ഒരക്ഷരം മിണ്ടാത്തത് എന്ന് ബൈഡൻ ദയവായി തുറന്ന് ചോദിക്കണം. അത് ദയനീയമായ കാഴ്ചയാണ്. ഇന്ത്യൻ അമേരിക്കക്കാരിൽ നല്ലൊരു പങ്കും മണിപ്പൂരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഒട്ടും കരുണ കാണിക്കുന്നില്ല. ആർതർ ഷോപ്പൻഹോവർ പറഞ്ഞതുപോലെ, അനുകമ്പയാണ് ധാർമികതയുടെ അടിസ്ഥാനം. നാം അനുകമ്പയെ നിയന്ത്രിക്കുമ്പോൾ, നമ്മുടെ ധാർമ്മിക വ്യക്തിത്വമാണ് അടിയറവയ്ക്കേണ്ടി വരുന്നത്. ആർദ്രതയുടെയും മനുഷ്യത്വത്തിന്റെയും അഭാവം, ജനാധിപത്യരാജ്യമെന്ന നിലയിൽ ഇന്ത്യയുടെ വിജയത്തെ ഗുരുതരമായി ബാധിക്കപ്പെടുന്നുണ്ടെന്നത് ഗൗരവത്തോടെ ചിന്തിക്കേണ്ട സമയമാണിത്.
ദുർബലരായ ന്യൂനപക്ഷങ്ങളോടുള്ള ഇന്ത്യയുടെ സമീപനം, ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യക്കാർക്ക് ഗുണകരമല്ല.ഈ രീതി തുടർന്നാൽ, ഇന്ത്യക്കാർക്ക് മറ്റൊരു രാജ്യത്ത് ചെന്ന് ന്യായവും സമത്വവും നീതിയും ആവശ്യപ്പെടാൻ സാധിക്കാതെവരും.
#manipurviolence