ജനിമൃതിയോളം തുടരുന്ന,
ഉയിരിൻ വായനയുതിരുന്ന,
രമ്പഭാവങ്ങൾ പകരുന്ന,
സ്മരണകളേടുകളാകുന്ന,
പിറന്നാൾ മുദ്രകൾ കുത്തുന്ന,
ജീവിതമെന്ന മഹാഗ്രന്ഥം,
മനുഷ്യ കഥാനുഗായികളായ്,
ഗ്രന്ഥാലയ മാക്കുന്നുലകം.
രചനാരീതികൾ പലമട്ടിൽ,
അർത്ഥ മനർത്ഥങ്ങളിലൂടെ,
നിഗൂഢമാം സംഭവഗതികൾ,
നിരന്തരം പരിണാമങ്ങൾ,
നിശ്ചിത മാർഗങ്ങളിലൂടെ-
സമയ രഥത്തിൽ മുന്നോട്ട്,
ഉദത്തമാം ചലച്ചിത്രങ്ങൾ തൻ,
ചരിത്രമെത്ര വിചിത്രം ഹാ !
എഴുത്തുകാരാ, നിൻ കരവേല-
നിത്യം പ്രകൃതി പുകഴ്ത്തുമ്പോൾ,
സജീവ പുസ്തക മേളകളാൽ-
എങ്ങുമലംകൃത മാകുമ്പോൾ,
സ്വരലയ താള തരംഗിതമായ്-
സംഗീത ധ്വനിയുയരുമ്പോൾ,
തുറക്കാൻ കഴിയാതൊരുനാൾ,
അടയ്ക്കുവതെന്തു മറിമായം?
നിമിഷ ചിറകുകളേന്തുന്ന,
കാലത്തിന്റെ നിശബ്ദതയിൽ,
പുനർ വായനയില്ലാത്തവയായ്,
അടുക്കി വയ്ക്കുകയോ നീണാൾ.
വായനശാലയിലത്ഭുതമായ്,
ജീവാക്ഷരങ്ങൾ തുടർക്കഥകൾ,
രചനാചതുരനദൃശ്യനായ്-
മായിക വിദ്യകൾ കാട്ടുകയോ?