“ഇന്നെന്തു പറ്റി, വിക്കി? നിലപാടുകൾ വ്യക്തമാക്കിയതിനാൽ ഇപ്പോൾ അനാവശ്യ നിർദേശങ്ങൾ ഒന്നും ആരും തരാറില്ല എന്നാണല്ലോ കഴിഞ്ഞ തവണ പറഞ്ഞത്? ഇപ്പോളും എന്തോ ഒരു ചിന്ത പോലെ?”
"ഇത് ജോലി സംബന്ധമായല്ല, സോഫിയ. എന്റെ മകൾ അഖില, മംഗൾ പാണ്ഡേയുടെ ജീവിതത്തെ ആസ്പദമാക്കി സ്കൂളിൽ "ആദ്യത്തെ സ്വാതന്ത്ര്യസമരസമര സേനാനി” എന്നൊരു നാടകം സംവിധാനം ചെയ്യുന്നുണ്ട്.”
“ആഹാ, അത് ഒരു ഗംഭീരമായ കാര്യമാണല്ലോ. ആ കാലഘട്ടം ആവിഷ്കരിക്കുക എന്നത് എളുപ്പമല്ല. കല സംവിധാനം തന്നെ ഒരു വെല്ലുവിളിയാണ്.”
“അതേ. അവൾ, മെനക്കെട്ട് കുറേ പ്രോപ്സ് ഉണ്ടാക്കി. പീരങ്കികൾ പോലും ഉണ്ട്. അവളുടെ കൂട്ടുകാരും സഹായിക്കുന്നുണ്ട്. ടിക്കറ്റൊക്കെ വെച്ചുള്ള ഷോ ആണ്. പക്ഷേ, ആരോ എന്തൊക്കെയോ കുപ്രചരണങ്ങൾ നടത്തിയത് കാരണം ടിക്കറ്റുകൾ അങ്ങനെ വിറ്റു പോകുന്നില്ല.”
“അയ്യോ, കഷ്ടമായി പോയല്ലോ.”
“അതെ. അവൾക്ക് എന്ത് പോംവഴി പറഞ്ഞു കൊടുക്കണം എന്ന് തന്നെ എനിക്ക് അറിയില്ല.”
"ഒരു വഴിയുണ്ട്".
"എന്താണ്?"
"ഇന്നത്തെ കാലത്ത് എന്തും ശരിയായ രീതിയിൽ മാർക്കറ്റ് ചെയ്‌താൽ, ആളുകൾ വാങ്ങും".
"എങ്ങനെ മാർക്കറ്റ് ചെയ്യണമെന്നാണ് പറയുന്നത്?"
"അഖില കുറേ പ്രോപ്സ് ഉണ്ടാക്കിയിട്ടുണ്ടെന്നല്ലേ പറഞ്ഞത്? ആദ്യം ആ പ്രോപ്സിന്റെ ഒരു സൗജന്യ പ്രദർശനം നടത്തണം. അത് നാടകത്തെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കാൻ സഹായിക്കും."