Image

ഡോഗ്‌സ് ഓൺ കൺട്രി, ഷെയിം ഓൺ യു! (നടപ്പാതയിൽ ഇന്ന്- 82:ബാബു പാറയ്ക്കൽ)

Published on 28 June, 2023
ഡോഗ്‌സ് ഓൺ കൺട്രി, ഷെയിം ഓൺ യു! (നടപ്പാതയിൽ ഇന്ന്- 82:ബാബു പാറയ്ക്കൽ)

"എന്താ പിള്ളേച്ചാ, കണ്ടിട്ടു കുറച്ചു ദിവസമായല്ലോ. എന്താ ഇപ്പോൾ രാവിലെ നടക്കാൻ പോകുന്നില്ലേ?"
"എടോ, പട്ടിയെ പേടിച്ചിട്ടു നടപ്പു കുറച്ചതാ. ഒരു രക്ഷയുമില്ല. ഇപ്പോൾ വീട്ടിലും ഇരിക്കാൻ വയ്യെന്നായി."
"അതുകൊണ്ടാണോ കയ്യിൽ ഒരു വടിയുമായി ഇന്ന് നടക്കാൻ ഇറങ്ങിയത്?"
"കയ്യിൽ ഒരു വടിയെങ്കിലും ഇല്ലാതെ പറ്റില്ലെടോ. പണ്ട് ചെറുപ്പത്തിൽ വടിയെടുക്കുന്നത് പാമ്പിനെ കാണുമ്പോഴായിരുന്നു. ഇന്ന് പാമ്പും മനുഷ്യനുമായി രമ്യതപ്പെട്ടെന്നു തോന്നുന്നു. അവറ്റകളുടെ ശല്യം കുറച്ചു കുറഞ്ഞു. അപ്പോഴാണ് തെരുവുപട്ടികൾ! യാതൊരു രക്ഷയുമില്ല. ഇതിൽ എത്രയെണ്ണം പേയ് പിടിച്ചതാണെന്നാരു കണ്ടു?"
"ഇതുപോലെ ഇത്രയും വലിയൊരു പ്രതിസന്ധി നാട്ടിലുണ്ടായിട്ടും എന്താ പിള്ളേച്ചാ ഇതുവരെ സർക്കാർ കാര്യമായ നടപടികളൊന്നും എടുക്കാത്തത്?"
"അവിടെയാണെടോ രാഷ്ട്രീയം കളിക്കുന്നത്."
"തെരുവു പട്ടികളിലെന്തു രാഷ്ട്രീയമാണ്? അവറ്റകൾക്കു വോട്ടില്ലല്ലോ."
"അവറ്റകൾക്കു വോട്ടില്ലെങ്കിലും അവറ്റകൾക്കു വേണ്ടി വാദിക്കുന്നവർ വളരെ ശക്തരാണെടോ."
"മൃഗസ്നേഹികളെ കുറ്റം പറയാൻ പാടില്ല. ഈ പ്രകൃതിയിൽ അവറ്റകൾക്കും ജീവിക്കാൻ അവകാശമില്ലേ?"
"അവരും ജീവിച്ചോട്ടെ. പക്ഷെ മനുഷ്യനെ ജീവിക്കാൻ അനുവദിക്കാതെ ഓടിച്ചിട്ടു കടിക്കുമ്പോൾ അതിനെതിരേ എന്തെങ്കിലും ചെയ്യേണ്ടേ?"
"കഴിഞ്ഞ ദിവസം കണ്ട പല വാർത്തകളും ഞെട്ടിക്കുന്നതാണ്. വെറും മൂന്നു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ കുളിപ്പിക്കാനായി അമ്മ ഒരു പ്ലാസ്റ്റിക് കുളിത്തൊട്ടിയിൽ മുറ്റത്ത്  ഇറക്കി ഇരുത്തിയിട്ട് എന്തോ എടുക്കാനായി ഒരു നിമിഷം അകത്തേക്കു പോയി. ഉടനെ തന്നെ എങ്ങു നിന്നോ വന്ന ഒരു തെരുവ് പട്ടി ഓടി വന്ന് ആ കുഞ്ഞിനെ കടിച്ചു വലിച്ചു പുറത്തിട്ടു കാർന്നു തിന്നുവാൻ തുടങ്ങി. അമ്മ ഓടിവന്നതിനാൽ തലനാരിഴയ്ക്കു കുഞ്ഞിനെ തിരിച്ചു കിട്ടി."
"അത് തന്നെയല്ലെടോ. എട്ടു വയസ്സു പ്രായമുള്ള ബധിരനും മൂകനുമായ ഒരു ബാലനെ അനേകം തെരുവു പട്ടികൾ കൂട്ടമായി ആക്രമിച്ച്‌ ആൾതാമസമില്ലാത്ത ഒരു കെട്ടിടത്തിലേക്ക് ഓടിച്ചു കയറ്റിയിട്ട് അവിടെയിട്ടു ക്രൂരമായി കടിച്ചു കൊന്നു തിന്നു. മറ്റൊരു കുട്ടിയെ വീടിനു വെളിയിലുള്ള ഇടനാഴിയിൽ വച്ച് ആക്രമിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിവന്ന വീട്ടുകാർ പട്ടികളെ ഓടിച്ചുവിട്ടു കുട്ടിയെ രക്ഷപ്പെടുത്തി. സ്‌കൂൾ വിട്ടു വീട്ടിലേക്കു നടന്നു പോയ ഒരു ബാലനെ പട്ടികൾ പുറകെ വന്ന് ആക്രമിച്ചപ്പോൾ വഴിയരുകിൽ വീട്ടിൽ ഇരുന്ന ഒരാൾ കണ്ടതുകൊണ്ടു മാത്രം ആ പയ്യൻ രക്ഷപെട്ടു. മധ്യവയസ്കയായ ഒരു സ്ത്രീ കുട്ടയിൽ സാധനം ചുമന്നു കൊണ്ട് നടന്നു റോഡിൽ കൂടി പോയപ്പോൾ പട്ടി പുറകെ വന്നു സ്ത്രീയുടെ മുട്ടിനു താഴെ കടിച്ചു പറിച്ചെടുത്തു. അങ്ങനെ എത്രയോ സംഭവങ്ങൾ. എന്നിട്ടും ഈ ഗുരുതരമായ പ്രതിസന്ധിയിൽ എന്തുകൊണ്ടാണ് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ മൗനമായിരിക്കുന്നത് എന്ന് ചിന്തിക്കണം."
"ഇതിനൊരു പരിഹാരം കാണണമെങ്കിൽ ആദ്യം തന്നെ വഴിയരുകിൽ മാലിന്യം വലിച്ചെറിയുന്ന അളിഞ്ഞ സംസ്ക്കാരം മാറണം. അഭ്യസ്തവിദ്യരായവർ പോലും രാവിലെ ഓഫീസിലേക്കു പോകുമ്പോൾ വീട്ടിലെ മാലിന്യം, അത് കോഴിയുടെയും മീനിന്റെയും ഒക്കെ ബാക്കി ഭാഗങ്ങൾ ആയിരിക്കും, ഒരു പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞു വഴിയരികിൽ എറിഞ്ഞിട്ടു പോകുന്നത് സാധാരണ കാഴ്ചയാണ്. അത് ഭക്ഷിക്കാനായി തെരുവോരങ്ങളിൽ പട്ടികൾ കൂട്ടമായി നിൽക്കും. ഏതെങ്കിലും ഒരെണ്ണത്തിന് പേയുണ്ടെങ്കിൽ അവറ്റകൾക്കൊക്കെ പേയ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇതിനെയൊക്കെ കൊന്നൊടുക്കി കൂടേ പിള്ളേച്ചാ?"
"ബെസ്ററ്. ഇതിനെയൊക്കെ കൊന്നൊടുക്കിയാൽ പിന്നെ കച്ചവടം എങ്ങനെ നടക്കും?"
"തെരുവ് പട്ടിയെക്കൊണ്ട് എന്ത് കച്ചവടമാ പിള്ളേച്ചാ നടക്കുന്നത്?"
"എടോ, പട്ടി കടിച്ചാൽ കൊടുക്കുന്ന കുത്തിവെയ്‌പിനുള്ള മരുന്നിനു മാത്രം 2800 കോടി രൂപയുടെ കച്ചവടമാ നടക്കുന്നത്. അതിനു പുറമേയുള്ള ആന്റി ഇമ്മുണോ ഗ്ലോബുലിൻ- ഹ്യൂമൻ വേരിയന്റ് എന്ന മരുന്ന് ഒരെണ്ണത്തിന് 3800 മുതൽ 6500 വരെ രൂപയാണ് സർക്കാർ നൽകുന്നത്. അപ്പോൾ പ്രതിവർഷം എത്ര കോടിയുടെ ബിസിനസ് ആണ് നടക്കുന്നതെന്ന് ചിന്തിക്കണം. ആ ലോബ്ബിക്കു വേണ്ടിയാണ് മൃഗസ്നേഹികൾ ബഹളം വയ്ക്കുന്നത്. മൃഗങ്ങളെ സ്നേഹിക്കുന്നവർക്ക് കോഴിയേയും താറാവിനെയും ആടിനെയും പശുവിനെയും കാളയെയും പോത്തിനേയും ഒക്കെ കൊല്ലാം. പക്ഷേ, പേവിഷം പരത്തുന്ന തെരുവു പട്ടിയെ കൊല്ലാൻ പാടില്ല!"
"അതുപോലെയല്ലേ പാമ്പിന്റെ കാര്യവും. പണ്ട് പാമ്പിനെയും കൊല്ലാമായിരുന്നു. ഇപ്പോൾ അതും പറ്റില്ല. വീടിനുള്ളിൽ കിടപ്പുമുറിയിൽ പാമ്പിനെ കണ്ടാൽ പോലും അതിനെ കൊല്ലാൻ പാടില്ല. കാരണം അതിന്റെ സംഖ്യ വർദ്ധിച്ചെങ്കിലല്ലേ പാമ്പ് കടിയേൽക്കുന്നവർക്ക് കൊടുക്കുന്ന ആന്റിവെനം പോലെ വിലയേറിയ മരുന്നിന്റെ കച്ചവടം നടക്കുകയുള്ളൂ!"
"അത് തന്നെയെടോ കാര്യം. പിന്നെ പറഞ്ഞു, തെരുവു പട്ടികളുടെ ജനനനിരക്ക് കുറയ്ക്കാൻ അവയെ വന്ധ്യംകരണത്തിന് വിധേയരാക്കാമെന്ന്. ഇതും മറ്റൊരു കച്ചവടമാണ്. ‘ഹ്യൂമൻ സർവീസ് സൊസൈറ്റി ഓഫ് ഇന്ത്യ’ എന്ന ഒരു ഏജൻസിക്കു മാത്രമേ വന്ധ്യംകരണം ചെയ്യാനുള്ള അധികാരമുള്ളൂ. ഒരു പട്ടിക്ക് 750 രൂപയാണ് സർക്കാർ നൽകുന്നത്. ഒരു മാസം ആയിരം പട്ടിയെ വന്ധ്യം കാരണം ചെയ്തെന്നു പറഞ്ഞാൽ പോലും ഏഴര ലക്ഷം രൂപ സർക്കാരിൽ നിന്നും അവർക്കു ലഭിക്കും. യഥാർഥത്തിൽ ഇവർ ഏതെങ്കിലും ഒരെണ്ണത്തിനെയെങ്കിലും വന്ധ്യംകരണം ചെയ്‌തുകാണുമോ എന്ന് ആർക്കാണ് പരിശോധിക്കാനാവുക? ഒന്നും രണ്ടുമല്ല, മൂന്നു ലക്ഷം തെരുവു പട്ടികളാണ് കേരളത്തിലെ തെരുവുകളിൽ വിലസുന്നതെന്നാണ് കണക്ക്."
"അപ്പോൾ ഇത് വലിയൊരു ഉടായിപ്പു വ്യവസായമാണ്, അല്ലേ?"
"സംശയമെന്താ? എടോ, നാഗാലാൻഡിലെ ഗോത്രവർഗ്ഗക്കാർ പട്ടിയിറച്ചി ഭക്ഷിക്കുന്നവരാണ്. മാർക്കറ്റിൽ പട്ടിയിറച്ചി പരസ്യമായി കച്ചവടം ചെയ്യുന്നത് ഏതാനും വർഷം മുൻപ് ഞാൻ അവിടെ പോയപ്പോൾ കണ്ടതാണ്. ഇതിനെയൊക്കെ അങ്ങോട്ട് കയറ്റി അയച്ചാൽ അവരുടെ വിശപ്പും മാറും നമ്മുടെ പ്രശ്‌നവും മാറും. അതിനൊന്നും ഇവർ സമ്മതിക്കുകേല. കാരണം,  തെരുവുപട്ടികളെ തെരുവുകളിൽ നിറയ്‌ക്കേണ്ടത് അവരുടെ ആവശ്യമാണ്. ആ ലോബിയുടെ സമ്മർദ്ദം ഉള്ളടത്തോളം തെരുവു പട്ടികൾ പെരുകിക്കൊണ്ടേയിരിക്കും. മരുന്നു കമ്പനികൾ കീശ വീർപ്പിക്കുന്നതിനനുസരിച്ചു രാഷ്ട്രീയക്കാരുടെ കീശയും വീർക്കും. മനുഷ്യനു മാത്രം തെരുവു പട്ടിയുടെ വില പോലുമില്ലാത്ത ഈ നാട്ടിൽ 'നിങ്ങളുടെ ജീവനു ഭീഷണിയെന്നു തോന്നിയാൽ സ്വയരക്ഷാർത്ഥം അതിനെ കൊല്ലുക' എന്ന് ഞാൻ പറഞ്ഞാൽ കലാപ ആഹ്വാനത്തിന് അവർ ഈ പിള്ളേച്ചന്റെ പേരിൽ കേസെടുക്കും. അതുകൊണ്ട് ഇതുപോലെ ഒരു വടിയെങ്കിലും കരുതിയേ നടക്കാൻ ഇറങ്ങാവൂ. ഓർമ്മിക്കുക, നിങ്ങൾക്കു വേണ്ടി കരുതുവാൻ നിങ്ങൾ മാത്രമേയുള്ളൂ!"
#kerala_dogs

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക