അവസരങ്ങളുടെ സ്വപ്നഭൂമിയായ അമേരിക്കയിലേക്ക് കാലകുത്തുന്നവരെ സ്വാഗതം ചെയ്തുകൊണ്ട് സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി തല ഉയര്‍ത്തി നില്ക്കുന്നു. അമേരിക്കന്‍ ജീവിത ശൈലിയെ പുല്‍കാന്‍ വെമ്പുന്നവര്‍ക്ക് ഈ സുഭഗാകാരമായ പ്രതിമ എന്നും ഒരു ആവേശമാണ്. റോമിലെ സ്വാതന്ത്ര്യ ദേവതയുടെ രൂപമാതൃകയിലാണ് ഈ പ്രതിമ തീര്‍ത്തിരിക്കുന്നത്. സ്വാതന്ത്ര്യവും ജീവിത വിജയത്തിനുള്ള അവസരങ്ങളും അഭിവ്യദ്ധിയും ഉള്‍ച്ചേര്‍ന്ന അമേരിക്കയുടെ സ്വപ്നത്തിന്റെ മൂര്‍ത്തിമത്ത് ഭാവമായി ഇത് നിലകൊള്ളുന്നു. 'എല്ലാവരും അവനവന്റെ കഴിവുകള്‍ക്കും നേട്ടത്തിന്റേയും അടിസ്ഥാനത്തില്‍, അവസരങ്ങളെ ഉപയോഗപ്പെടുത്തി അഭിവൃദ്ധിയും സംതൃപ്തി നിറഞ്ഞതുമായ ജീവിതം കെട്ടിപ്പടുക്കല്‍' എന്നാണ്. ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഒന്നില്‍ ജെയിംമ്‌സ് ടര്‍സ്‌ലോ ആഡംസ് അമേരിക്കന്‍ ഡ്രീംമിനെ നിര്‍വ്വചിച്ചിരിക്കുന്നത്. അമേരിക്കന്‍ ഡ്രീംമിന്റെ ആശയം വേരൂന്നി നില്ക്കുന്നത്, 'എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു' എന്ന അമേരിക്കന്‍ ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് വിളംബരത്തിലും. എന്നാല്‍ അതിനാവശ്യമായ ഉര്‍ജ്ജം ലഭിക്കുന്നതോ? ആര്‍ക്കും അന്യാധീനപ്പെടുത്താന്‍ കഴിയാത്തതും ഈശ്വരന്‍ ധാനമായി കൊടുത്തിട്ടുള്ളതുമായ, ജീവന്‍, സ്വാതന്ത്ര്യം, ജീവിത സന്തോഷത്തെ അനുധാവനം ചെയ്യല്‍, തുടങ്ങിയ സുകുമാര ഗുണങ്ങളിലും.
ആയിരത്തി എഴുനൂറ്റി എഴുപത്തി ആറില്‍, സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയുടെ പ്രതിഷ്ഠിക്കലിനു ശേഷം, അമേരിക്ക സ്വാതന്ത്ര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും സാമ്പ്രാജ്യം ആയി കണക്കാക്കപ്പെടുകയും സ്വയം വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ആദികാല അമേരിക്കന്‍ കുടിയേറ്റക്കാരുടെ ഏറ്റവും വലിയ സ്വപ്നം, ഏറ്റവും തുച്ഛമായ വിലയ്ക്ക്, കൃഷി ചെയ്യുവാന്‍ ഒരുതുണ്ട് ഭൂമി വാങ്ങുക എന്നുള്ളതായിരുന്നു. മറ്റൊരു സ്ഥലത്ത് വില കുറഞ്ഞ ഭൂമി കിട്ടുമെന്നു വന്നാല്‍, കൈവശമുള്ള സ്ഥലം വിറ്റ് അവര്‍ പുതിയ സ്ഥലത്തേക്ക് മാറിക്കൊണ്ടിരുന്നു. കഠിനാദ്ധ്വാനികളായ അവര്‍ വാങ്ങിയ സ്ഥലങ്ങളിലെല്ലാം പൊന്നു വിളയിക്കുകയും അവരുടെ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം കണ്ടെത്തുകയും ചെയ്തു.
പക്ഷെ കാലക്രമത്തില്‍ അമേരിക്കന്‍ സ്വപ്നം പുനര്‍നിര്‍വ്വചിക്കപ്പെട്ടു. ഈ കാലഘട്ടത്തിലെ കുടിയേറ്റക്കാരെ സംബന്ധിച്ചടത്തോളം, അമേരിക്കയുടെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികളില്‍ പങ്കുചേര്‍ന്നു കൊണ്ട് ജീവിതത്തില്‍ അഭ്യുന്നതി നേടുക എന്നുള്ളതാണ്. തടസ്സങ്ങള്‍ ഒന്നും ഇല്ലാതെ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നതിനും അതിലൂടെ ഏറ്റവും നല്ല ജോലി നേടി എടുക്കാന്‍ അവസരങ്ങള്‍ ഉണ്ടാക്കി സമൃദ്ധമായ ഒരുജീവിതം നയിക്കുക എന്നത് ഈ പുനര്‍ നിര്‍വ്വചനത്തിന്റെ ഭാഗം ആണ്. ജാതിയുടേയോ, മതത്തിന്റേയോ, വര്‍ക്ഷീയതയുടേതായ യാതൊരു തടസ്സങ്ങളും ഇല്ലാതെ, അവരവരുടെ ഇഷ്ടപ്രകാരം, സമ്പല്‍ സമൃദ്ധിയുടെ മേച്ചില്‍പ്പുറങ്ങള്‍ തേടുവാനുള്ള സ്വാതന്ത്ര്യം അമേരിക്കന്‍ സ്വപ്നത്തിന്റെ ഒരു സവിശേഷതയായി നിലകൊള്ളുന്നു.
പത്തൊന്‍പതാം നുറ്റാണ്ടിലെ അമേരിക്കന്‍ കുടിയേറ്റക്കാരില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്, ആയിരത്തി തൊള്ളായിരത്തി നാല്പത്തി എട്ടില്‍ ജര്‍മ്മനിയിലെ പരാജയപ്പെട്ട വിപ്ലവത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട, വിദ്യാസമ്പന്നരായ ജ്യൂത വംശജരാണ്. സേച്ഛാധിപത്യം, മര്‍ദ്ദനം, കുത്തകഭരണം, വഹിക്കാനാവാത്ത നികുതി, അവനവന്റെ വിശ്വാസങ്ങളെ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായ്മ എന്നിവയില്‍ നിന്ന് ഓടി രക്ഷപ്പെട്ട്, അമേരിക്ക എന്ന സ്വപ്ന ഭൂമിയില്‍ എത്തിയ തങ്ങള്‍ക്ക, ് ലഭിച്ച അനുഭവം അവര്‍ണ്ണനീയം എന്നാണ് ഒരു യഹൂദ കുടിയേറ്റക്കാരന്‍ വിശേഷിപ്പിച്ചത്. ഭയമെന്ന്യേ, നിയമപാലകരുടെ ഇടപെടല്‍ ഇല്ലാതെ ആര്‍ക്കും എവിടെയും താമസിക്കാനും ജോലി ചെയ്യാനുമുള്ള സ്വാതന്ത്ര്യം, കര്‍ത്തവ്യനിര്‍വ്വഹണത്തിലുള്ള വിശ്വാസ്യതയും കഴിവും തൊഴില്‍ കണ്ടെത്തുന്നതിനുള്ള അടിസ്ഥാന യോഗ്യത, ഇതെല്ലാം യഥാര്‍ത്ഥത്തില്‍, തന്നെ, ഒരു സ്വപ്നഭൂമിയില്‍ എത്തിച്ചു എന്നാണ് നിഷ്ഠൂരമായ ജര്‍മ്മന്‍ വ്യവസ്ഥിതിയില്‍ നിന്നും ഓടി രക്ഷപ്പെട്ട അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്.
അനേകായിരങ്ങളെ ഈ സ്വപ്നഭൂമിയിലേക്ക് പ്രലോഭിപ്പിച്ചു കൊണ്ടു വരുന്നത് വെറും സാമ്പത്തിക ഉന്നമനം മാത്രമല്ല. തീര്‍ച്ചയായും അത് ഒരു പ്രധാന ഘടകമാണെങ്കില്‍തന്നെയും, കാരണങ്ങള്‍ അതിലുമുപരിയാണ്. മതവും സമൂഹവും അനുശ്വാസിക്കുന്ന വിലക്കുകളില്ലാതെ, സമൂഹത്തിന്റെ നിബന്ധനകളില്ലാതെ പുരുഷനും സ്ത്രീക്കും തങ്ങളുടേതായ സ്വപ്നങ്ങളെ അനുധാവനം ചെയ്യാന്‍ ഈ സ്വപ്ന ഭൂമി പോലെ മറ്റൊരു സ്ഥലം ഉണ്ടോ എന്ന് സംശയിക്കുന്നു.
'എന്റെ പ്രിയപ്പെട്ട അമേരിക്കന്‍ സഹജീവികളെ, ഓസ്റ്ററിയയില്‍ നിന്ന് വന്ന ഒരു മെലിഞ്ഞ പയ്യന്, കാലിഫോര്‍ണിയായുടെ ഗവര്‍ണ്ണര്‍ ആകാനും മെഡിസന്‍സ്‌ക്വയറില്‍ നിന്ന് അമേരിക്കന്‍ പ്രസിഡണ്ടിന് വേണ്ടി സംസാരിക്കാനും കഴിയുക എന്നത് അത്ഭുതകരമായി തോന്നുന്ന്. ഇതിനെയാണ് ഞാന്‍ അമേരിക്കന്‍ ഡ്രീം എന്ന് വിളിക്കുന്നത്.' (ആര്‍നോള്‍ഡ് ഷോര്‍സ്‌നെക്ഷര്‍)
ഈമലയാളി വായനക്കാര്‍ക്ക് ജുലൈ ഫോര്‍ത്തിന്റെ അഭിവാദനങ്ങള്‍.
Americanfreedomanddream