ഹായ് എല്ലാവർക്കും സുഖം തന്നെ അല്ലെ? മാളു, അമ്മിണി, അപ്പു, നസീർ, അന്ന, എല്ലാവരും എന്തു പറയുന്നു? അന്നയുടെ പഠനം ഒക്കെ എങ്ങനെ പോകുന്നു? ദാക്ഷായണിയമ്മയുടെ വലിവിന് കുറവുണ്ടോ? പ്രസാദ് ഇനി എന്നാ നാട്ടിലേക്ക്?
എന്താ ആരും ഒന്നും പറയാത്തെ? ഓ അത് മറന്നു. ഞാൻ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ. ഞാനാരാണെന്നു മനസിലായില്ല അല്ലെ? ഞാൻ ആരാണെന്നു വഴിയേ മനസിലാകും കേട്ടോ., ഞാൻ ആരാണെന്നു ഇപ്പഴേ പറഞ്ഞാൽ, വേണ്ട. അത് ശരിയാകില്ല . എന്നാലും എന്നെ പറ്റി ഒരു ആമുഖം നൽകിയേക്കാം. എനിക്ക് എപ്പോൾ വേണമെങ്കിലും എവിടെയും കയറിച്ചെല്ലാം. പാതിരാത്രിയെന്നോ, നട്ടുച്ച എന്നോ വ്യത്യാസമില്ലാതെ, എവിടെ വേണമെങ്കിലും കേറി ചെല്ലാൻ, ആരെ വേണമെങ്കിലും കാണാൻ എനിക്ക് പറ്റും. വൈറ്റ് ഹൗസിലോ പാർലമെന്റ് മന്ദിരത്തിലോ, , എപ്പോൾ വേണമെങ്കിലും പ്രെവേശനം ഉള്ള, യാത്ര ചെയ്യാൻ പാസ്പോർട്ടോ വിസയോ ആവശ്യമില്ലാത്ത ഒരാളാണ് ഞാൻ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ?
ഞാൻ ആരുടേയും ക്ഷണം കിട്ടിയിട്ടല്ലാ എല്ലായിടത്തും പോകുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾ ഇപ്പോൾ വിശ്വസിക്കുമോ എന്ന് എനിക്കറിഞ്ഞുകൂടാ.സ്വാഭാവികമായും ഇപ്പോൾ നിങ്ങൾ ചിന്തിച്ചേക്കും, എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാൻ അധികാരമുള്ള ഒരാൾ തീർച്ചയായും വളരെ പ്രമുഖനായ ഒരാൾ ആയിരിക്കുമല്ലോ. പിന്നെന്താ ആരും ക്ഷണിക്കില്ല എന്ന് പറയുന്നത് എന്ന്. അതും പ്രമുഖ വ്യക്തികളെ കാണാൻ, അവരെ വീട്ടിലേക്കു ക്ഷണിക്കാൻ അവസരം പാർത്തിരിക്കുന്ന, അത് ഒരു സ്റ്റാറ്റസ് സിംബൽ ആയി കാണുന്ന സമൂഹത്തിൽ.
ഇക്കഴിഞ്ഞ ദിവസം ഞാൻ ഒരു വീട്ടിൽ പോയി. അവിടുത്തെ കാരണവരെ സന്ദർശിക്കാനാണ് പോയത് . കക്ഷി ആ നാട്ടിലെ ഒരു പ്രമുഖൻ തന്നെയാണ് കേട്ടോ. വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ കേറി ഇടപെടുന്ന, ഉത്തരത്തേൽ ഇരിക്കുന്ന പല്ലിയുടെ ചിന്താഗതിയുള്ള ഒരാൾ. ഞാൻ ആളെ സന്ദർശിക്കാൻ ചെല്ലും എന്ന് പല നാളായി പല വഴിക്കു അറിയിക്കുന്നു. പുള്ളിയാകട്ടെ ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു.ആൾ എന്തൊക്കെ ഒഴിവുകഴിവു പറഞ്ഞാലും ചെല്ലാൻ തീരുമാനിച്ച ദിവസം എനിക്ക് പോകാതിരിക്കാൻ പറ്റില്ലല്ലോ. എന്റെ വരവ് തടയാൻ കക്ഷിയും കക്ഷിയുടെ വേണ്ടപ്പെട്ടവരും ഒക്കെ ശ്രമിച്ചുനോക്കിയതാ. പക്ഷെ ആരൊക്കെ തടഞ്ഞാലും ചെല്ലാതിരിക്കാൻ എനിക്ക് സാധിക്കില്ല..
ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും, ഇവൻ ആള് കൊള്ളാമല്ലോ. ഇത്രയും നേരം, എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും പ്രവേശനം ഉള്ള വലിയ ആളാണ് എന്നൊക്കെ വാചകം അടിച്ചിട്ട്, ഇതാ ഇപ്പോൾ പറയുന്നത് കേട്ടാൽ തോന്നും വിളിക്കാതെ എവിടെ വേണമെങ്കിലും വലിഞ്ഞു കേറിചെല്ലുന്ന ഒരാൾ ആണല്ലോ എന്ന്.
ഞാൻ പറഞ്ഞു തീർത്തില്ല കേട്ടോ.കഴിഞ്ഞയാഴ്ച ഞാൻ പോയത് പടിഞ്ഞാറെ തെരുവിലെ പതിനാറാം നമ്പർ വീട്ടിലേക്കായിരുന്നു.ഒരമ്മയും രണ്ടു കുഞ്ഞുമക്കളും മാത്രമുള്ള വീട്ടിലേക്ക്. ഞാൻ ചെല്ലും എന്നതിന്റെ ഒരു ചെറിയ സൂചന പോലും അവർക്കു കൊടുക്കാൻ എനിക്ക് പറ്റിയില്ല.അതുകൊണ്ടുതന്നെ എന്റെ പെട്ടെന്നുള്ള സന്ദർശനം അവരെ വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു . ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നത് ഇയാൾ കൊള്ളാലോ, വലിഞ്ഞുകേറി ചെല്ലുക മാത്രമല്ല, ചെല്ലുന്നിടത്തെ ആൾക്കാരെ വിഷമിപ്പിക്കുകയും ചെയ്യുമല്ലോ എന്നല്ലേ?
ഇനി ഞാൻ എന്നെപ്പറ്റി പരസ്യമായ ഒരു രഹസ്യം പറയട്ടെ . എന്റെ നിയോഗം, സകല ജീവജാലങ്ങളെയും സന്ദർശിക്കണമെന്ന നിയോഗം. ഓരോ ജീവനെയും സന്ദർശിക്കാൻ എഴുതിക്കുറിച്ചു വെച്ച സമയം. അത് ഒരു അണുവിട പോലും അങ്ങൊട്ട്ടോ ഇങ്ങോട്ടോ തെറ്റിക്കൂടാ. അതിനു കാലദേശ വ്യത്യാസമോ, ജാതി വർഗ്ഗ വർണ്ണ വിവേചനമോ വലിപ്പച്ചെറുപ്പവ്യത്യാസമോ ഇല്ല. എന്റെ സന്ദർശന സമയത്തെപ്പറ്റി ചിലരെയൊക്കെ ഞാൻ മുൻകൂട്ടി അറിയിക്കാറുണ്ട്. എന്നെ സ്വീകരിക്കാൻ അവർക്കു ആവശ്യത്തിന് സമയവും കൊടുക്കാറുണ്ട്. പക്ഷെ ആരും തന്നെ, വിരലിൽ എണ്ണാവുന്നവർ ഒഴിച്ച് എന്നെ സ്വീകരിക്കാൻ ഒരു തയ്യാറെടുപ്പും നടത്താറില്ല. ഞാൻ വരാൻ താമസിക്കും എന്ന് അവരൊക്കെ വൃഥാ മോഹിക്കുന്നു. ബാക്കി കുറച്ചുപേരെയാകട്ടെ , അവർ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തു ഒരു മിന്നൽ സന്ദർശനം നടത്തി ഞാൻ ഞെട്ടിക്കുന്നു.
നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും ഞാൻ എന്താ ചിലരെ ഒക്കെ മിന്നൽ സന്ദര്ശനത്തിലൂടെയും മറ്റുള്ളവരെ കാലേകൂട്ടി സൂചനകൾ നൽകിയും സന്ദർശിക്കുന്നത് എന്ന്? എന്റെ സന്ദർശനങ്ങൾ എങ്ങനെയായിരിക്കും , എന്തു സൂചനകൾ ആവും ഞാൻ നൽകുക?. എങ്ങനെയാ ഞാൻ ഒക്കെ വിശദീകരിക്കുക? ചില ഉദാഹരണങ്ങൾ പറയാം അല്ലെ?
കഴിഞ്ഞയാഴ്ച ഞാൻ സന്ദർശിച്ചത് കിഴക്കേതിലെ ദിവാകരൻ ചേട്ടനെ ആയിരുന്നു. രണ്ടു വർഷമായി പാവം കിടപ്പിലായിരുന്നു. ഒന്ന് തിരിഞ്ഞു കിടക്കണമെങ്കിൽ പോലും പരസഹായം വേണം. ആയ കാലത്തു എല്ലുമുറിയെ പണിയെടുക്കുന്ന ഒരു മനുഷ്യനായിരുന്നു. അങ്ങ് ഗൾഫിൽ, ഒരു അറബിയുടെ കീഴിൽ. കഷ്ട്ടപ്പെട്ടു ജോലി ചെയ്തു നാട്ടിൽ വലിയ ഒരു വീട് ഒക്കെ വെച്ചു. പെണ്മക്കളെ ഒക്കെ നല്ല നിലയിൽ കല്യാണം കഴിപ്പിച്ചു വിട്ടു. ഒരു മോനുള്ളതിനെ പഠിപ്പിച്ചു, കാശു ഒക്കെ മുടക്കി സർക്കാർ ജോലിയും വാങ്ങിച്ചു കൊടുത്തു. ഇടയ്ക്കിടയ്ക്ക് ദിവാകരൻ ചേട്ടന്, തലവേദനയും ക്ഷീണവും ഒക്കെ വന്നുകൊണ്ടിരുന്നു. ഡോക്ടർ പറഞ്ഞു അധ്വാനം ഒക്കെ ഇത്തിരി കുറച്ചു, വിശ്രമം ഒക്കെ ആവശ്യത്തിന് എടുക്കണമെന്ന്. അല്ലെങ്കിൽ വീണു പോകുമെന്ന്. ദിവാകരൻ ചേട്ടൻ ഒന്നും കാര്യമാക്കിയില്ല. അവസാനം ഒരു വീഴ്ച. അത് ഒരു വല്ലാത്ത വീഴ്ച തന്നെ ആയിരുന്നു. പതുക്കെ പതുക്കെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വരവ് ഒക്കെ കുറഞ്ഞു. ചിരിച്ച മുഖങ്ങൾ ഒക്കെ പല ഭാവപ്പകർച്ചകൾ എടുത്തണിഞ്ഞു. ദിവാകരൻ ചേട്ടന്റെ മരുമോളും മോനും ഒക്കെ ഓരോ ദിവസവും എനിക്കുവേണ്ടി കാത്തിരിക്കാൻ തുടങ്ങി.പക്ഷെ ഞാൻ ചെന്ന ദിവസം, എന്നോട് എന്തെ ഇത്ര പെട്ടെന്ന് വന്നു എന്ന ഭീതി നിറഞ്ഞ ചോദ്യം ദിവാകരൻ ചേട്ടന്റെ പാതി കൂമ്പിയ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാൻ എനിക്ക് പറ്റി.
രണ്ടായിരത്തിഇരുപത് എന്ന വർഷം നിങ്ങൾ ആരും അത്ര പെട്ടെന്ന് മറന്നുപോകാൻ സാധ്യതയില്ലല്ലോ അല്ലെ? . ചൈനയിലായിരുന്നു എന്റെ സന്ദർശനം ആരംഭിച്ചത്. ദോഷം പറയരുതല്ലല്ലോ , എന്റെ സന്ദർശനം തടസം കൂടാതെ നടത്താൻ ചിലരൊക്കെ അകമഴിഞ്ഞ് സഹായിച്ചു. ഒരേ സമയത്തു പലരാജ്യങ്ങളിലും എന്റെ സന്ദർശനം തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെ അധികമാർക്കും വലിയ സൂചനകൾ ഒന്നും കൊടുക്കാൻ അപ്പോൾ എനിക്ക് തീരെ സമയം ഇല്ലായിരുന്നു. കൃത്യമായ സമയത്തു പല ദേശങ്ങളിൽ, സമയവ്യത്യാസങ്ങൾക്കു അതീതനായി ഞാൻ സഞ്ചരിച്ചുകൊണ്ടേയിരുന്നു. മനുഷ്യകുലത്തിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരുന്ന ചില നല്ല ഗുണങ്ങളൊക്കെ തിരിച്ചു വരുന്നത് അപ്പോൾ ഞാൻ കണ്ടു. ഒപ്പം തന്നെ എന്റെ വരവിനെപറ്റിയുള്ള ആധിക്കിടയിലും തലയുയർത്തിനിൽക്കുന്ന സ്വാർത്ഥതയുടെ മൂർത്തരൂപങ്ങളെയും.
അപ്പോൾ ഞാൻ എന്താ പറഞ്ഞുവന്നത് എന്ന് വെച്ചാൽ, രണ്ടായിരത്തി ഇരുപതിൽ ഞാൻ സന്ദർശിക്കാതെ വിട്ടവർ-അത് അവരെ ചെന്ന് കാണാനുള്ള എന്റെ സമയം ആകാത്തതുകൊണ്ടു മാത്രം, എല്ലാം മറന്നു കൊണ്ട് , ഒരിക്കൽ ,എഴുതപ്പെട്ട സമയത്തു, നിശ്ചയിക്കപ്പെട്ട സ്ഥലത്തു ഞാൻ അവരെ ചെന്ന് കാണും എന്ന പ്രകൃതിസത്യം മറന്ന്, എന്റെ മുന്നറിയിപ്പുകൾ അവഗണിച്ചു, എല്ലാ ദുഷ്ടത്തരങ്ങളും പ്രവർത്തിച്ചു അങ്ങ് ജീവിക്കുകയാണ്. പ്രകൃതിയിൽ അലിഞ്ഞു മഴയായും വെള്ളപ്പൊക്കമായും, പിന്നെ അപകടങ്ങളിലൂടെയും , കുഞ്ഞൻ അണുക്കളുടെ രൂപത്തിലും ഒക്കെ ഞാൻ എന്റെ സന്ദർശനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നതു കണ്ടിട്ടും, എന്താണാവോ ആരും ഞാൻ അവരെയും സന്ദർശിക്കും എന്ന സത്യം മനസ്സിലാക്കാത്തത്? അത് മാത്രം ഇനിയും എനിക്ക് മനസിലാകാത്ത ഒരു രഹസ്യം ആയി തുടരുന്നു.
എന്റെ ഈ യാത്രയുടെ ഇടയ്ക്കു വെറുതെ നിങ്ങൾക്കൊക്കെ സുഖം ആണോ എന്ന് ചോദിച്ചതാ . ഞാൻ ആരാണെന്നു നിങ്ങൾക്കു ഒക്കെ മനസിലായ സ്ഥിതിക്ക്, എന്റെ കൺവെട്ടത്തുനിന്ന് ഓടി ഒളിക്കാനുള്ള നിങ്ങളുടെ തത്രപ്പാട് ഞാൻ കാണുന്നുണ്ട് കേട്ടോ. നിങ്ങൾക്കു മുൻപിൽ ക്ഷണിക്കപ്പെടാത്ത ഒരതിഥി ആയി ഒരിക്കൽ, കൃത്യസമയത്തു ഞാൻ വരും എന്ന് വെറുതെ ഒന്ന് ഓർമ്മിപ്പിച്ചേക്കാം എന്ന് തോന്നി. എവിടെ ഒളിച്ചാലും, എന്റെ വരവിനെ തടയാൻ എന്തൊക്കെ ചെയ്താലും എനിക്ക് വന്നല്ലേ പറ്റൂ. എന്നാൽ പിന്നെ എന്തെങ്കിലും നന്മ ഒക്കെ ചെയ്തു സന്തോഷത്തോടെ ആ കൊച്ചു ജീവിതം അങ്ങ് ജീവിക്കൂ .
എന്ന് വിശ്വസ്തതയോടെ നിങ്ങളുടെ ഒരിക്കലും ക്ഷണിക്കപ്പെടാത്ത അതിഥി.