Image

മുക്തിബാഹിനി--ജിസ ജോസ് ( നോവൽ പരിചയം : ഡോ. കുഞ്ഞമ്മ ജോർജ്ജ് )

Published on 11 July, 2023
മുക്തിബാഹിനി--ജിസ ജോസ് ( നോവൽ പരിചയം : ഡോ. കുഞ്ഞമ്മ ജോർജ്ജ് )

"എല്ലാ താരകളും ഇവിടെത്തന്നെയുണ്ട്. വീണു പോയെന്നും നഷ്ടപ്പെട്ടുവെന്നും ഒക്കെയുള്ളത് തോന്നലായിരുന്നു. വെളിച്ചം ഉണ്ടാകും എന്ന് പ്രതീക്ഷയുള്ളപ്പോൾ വരാനിരിക്കുന്ന ലോകം അത്രമേൽ ഇരുട്ടുപുരണ്ടതായിരിക്കില്ല ".

ജിസ ജോസിന്റെ  ' മുക്തിബാഹിനിയെ കുറിച്ചാണ് '.335 പേജുകളുള്ള ഈ പുസ്തകത്തിൽ അത്രയേറെ കഥാപാത്രങ്ങൾ ഒന്നുമില്ല. ഉള്ളവരാകട്ടെ നമ്മുടെ നെഞ്ചിൽ ഉറഞ്ഞു പോയവർ. മൂന്നു തലമുറയിലെ  വ്യത്യസ്തമായ ജീവിതശൈലികളുള്ള ആറോഏഴോ സ്ത്രീകളും അവർക്ക് ചുറ്റും നമ്മൾ പരിചയപ്പെടുന്ന വളരെ ചെറിയ ഒരു കൂട്ടം പുരുഷന്മാരുമാണ് ഈ നോവലിലെ കഥാപാത്രങ്ങൾ. മനുഷ്യമനസ്സുകളുടെ ഒരിക്കലും അറിയപ്പെടാതെ പോകുന്ന പല സങ്കീർണ്ണതകളും ഈ നോവലിൽ അനാവൃതമാകുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ മനസ്സ്.. ഒരു സ്ത്രീയെ മറ്റൊരു സ്ത്രീക്ക് മനസ്സിലാകുന്ന അത്രയും വേറെ ആർക്കാണ് മനസ്സിലാകുക. ഈയൊരു സ്ത്രീയവസ്ഥയ്ക്ക് നല്ല തോതിൽ ആക്കം കൊടുക്കുന്നുണ്ട് നോവലിസ്റ്റ്. ഈ നോവലിലെ ഓരോ സ്ത്രീയും  പൊതുവായ ഒരു കാരണത്താലാണ് അസ്വസ്ഥരാകുന്നത് . ഈ നോവലിൽ നമ്മൾ പരിചയപ്പെടുന്ന ഓരോ പുരുഷ കഥാപാത്രങ്ങളും അവരുടെ ജീവിതത്തിലെ ഭൂതകാല കനൽക്കാറ്റുകൾ  ഒക്കെ, വിശ്വസിച്ച് ഏറ്റവും അടുത്തു നിൽക്കുന്ന സ്ത്രീകളിലേക്ക്  തിളയ്ക്കുന്ന ലാവ മാതിരി ഒഴുക്കി വിടുമ്പോൾ ശരിക്കും ആ' ഇരകളെല്ലാം' മരണം വരെ വെന്തു നീറുകയാണ്. 

മുപ്പത് അദ്ധ്യായങ്ങൾ ഉള്ള ഈ നോവലിലെ അവസാന അധ്യായവും വായിച്ചു തീരും വരെ ഇതു ശൂന്യതയുടെ പുസ്തകം എന്നു തോന്നിപ്പോകാം .  ലാറ്റിൻ അമേരിക്കൻ എഴുത്തുകാരൻ ഹുവാൻ  റൂൾഫോയുടെ 'പെഡ്രോ പരാമോ ' എന്ന പുസ്തകത്തെക്കുറിച്ച് എം കൃഷ്ണൻ നായർ സാർ അഭിപ്രായപ്പെട്ടത് 'ഇത് ശൂന്യതയുടെ പുസ്തകം' എന്നാണ്. മുക്തിബാഹിനി എന്ന നോവലിന് പല തലങ്ങളിലും പെഡ്രോ പരാമയുമായി  സാദൃശ്യം തോന്നിയാൽ അതിൽ അത്ഭുതപ്പെടാൻ ആവില്ല. സീനിയർ പെഡ്രോ പരാമോ മുതൽ ഈ നോവലിലെ മിക്ക കഥാപാത്രങ്ങളും എന്തിനൊക്കെയോ വേണ്ടി അലഞ്ഞ് ഒടുവിൽ  ഒന്നും നേടാൻ സാധിക്കാതെ ശൂന്യതയിൽ അമർന്നു പോയവരാണ്. പേഡ്രോ പരാമോ പ്രണയിച്ച സൂസാനയെ കുതന്ത്രങ്ങളിലൂടെ അയാൾ നേടിയെടുക്കുമ്പോളാകട്ടെ അവൾക്ക് സ്മൃതി നാശം സംഭവിച്ചിരുന്നു. സൂസാ നയുടെ മരണം പോലെ പെഡ്രോ പരാമോയെ തളർത്തിയ മറ്റൊന്ന് അയാളുടെ ജീവിതത്തിലില്ല. അതോടെ അയാൾ സൂസാന ....സൂസാന സാൻ ഹുവാൻ .. എന്നു വിലപിച്ച് മരണമടയുകയാണ്. എന്നാൽ മുക്തിബാഹിനിയിൽ ഓർമ്മകൾ ചോർന്നു പോകുന്നത് പട്ടാളക്കാരനായ നീലാഭയുടെ അച്ഛച്ചൻ രാമചന്ദ്രൻ എന്ന എക്സ് പട്ടാളക്കാരനാണ്. ഇടയിൽ പെട്ടെന്നൊരു ദിവസം ഓർമ്മ തിരിച്ചു വരുമ്പോളാകട്ടെ അയാൾ ആവശ്യപ്പെടുന്നത് പൂർവ്വ കാമുകി ഹേ മാംബികയെ ഒന്ന് കാണണം എന്നാണ്. ഇത് കേട്ട് മകൾ താമരയ്ക്കും കൊച്ചുമകൾ നീലാഭയ്ക്കും കയ്ച്ചു പോയി..അയാളുടെ ഈ അവസാനത്തെ വാക്കുകൾക്ക് ശേഷം അയാളും മരണത്തിന് കീഴടങ്ങുകയാണ്. എന്നിരിക്കലും പെഡ്രോ പരാമോയിൽ നിന്നും വ്യത്യസ്തമായി പ്രത്യാശ പകർന്നു കൊണ്ടാണ് മുക്തി ബാഹിനി അവസാനിക്കുന്നത്.." എല്ലാ താരകളും ഇവിടെത്തന്നെയുണ്ട്.. വീണു പോയെന്നും നഷ്ടപ്പെട്ടു എന്നുമൊക്കെയുള്ളത് തോന്നലായിരുന്നു. വെളിച്ചം ഉണ്ടാകുമെന്ന് പ്രതീക്ഷയുള്ളപ്പോൾ വരാനിരിക്കുന്ന ലോകം അത്രമേൽ ഇരുട്ടുപുരണ്ടതായിരിക്കുകയില്ല".
 

മുക്തിബാഹിനിയിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് നീലാഭയുടെ അച്ഛച്ചൻ രാമചന്ദ്രൻ. താരാപ്രിയ ദർശനിയുടെയും താമരയുടെയും പട്ടാളക്കാരനായ അച്ഛൻ. പ്രഭാമയി എന്ന സ്വന്തം ഭാര്യയോട് ഈ പട്ടാളക്കാരൻ ആദ്യരാത്രിയിൽ തന്നെ പറയുന്നത്   "എനിക്ക് നിന്നെ ഇഷ്ടമാണ്,പക്ഷേ ഹേമാംബിക കഴിഞ്ഞെ എനിക്ക് നീയുള്ളൂ". അന്നുമുതൽ  മരണം വരെ   ഈ സ്ത്രീ കത്തി അമരുകയാണ്. ഇത് പ്രഭാമയിയുടെ മാത്രം വിധിയല്ല. ഈ നോവലിലുള്ള എല്ലാ പുരുഷ കഥാപാത്രങ്ങളും തന്നെ അവരുടെ നിരാശകൾ, അശരണതകൾ, പ്രണയ പരാജയങ്ങൾ, ഓരോരോ സ്ത്രീ കഥാപാത്രങ്ങളിലേക്ക്  അവർ ആവശ്യപ്പെടാതെ തന്നെ അടിച്ചേൽപ്പിക്കുകയാണ്.

താരാപ്രിയ ദർശനിയുടെ ശരീരം അവകാശപ്പെടുത്തിയതിനു ശേഷമാണ് ആദിൽ ഹുസൈൻ താൻ മൂന്നു മാസങ്ങൾക്കു മുമ്പ് മധുപർണയെ വിവാഹം കഴിച്ചുവെന്നത് വെളിപ്പെടുത്തുന്നത്. താരയുടെ സഹോദരി താമരയുടെ ഭർത്താവ് രവി കിരൺ ചരിത്രം ആവർത്തിക്കുകയാണ്. ആദ്യരാത്രിയിൽ തന്നെ അയാളും പറയുകയാണ് തന്റെ ഭാര്യ താമരയോട്. " "നിന്നെ എനിക്ക് ഇഷ്ടമാണ്, പക്ഷേ നിന്റെ ചേച്ചി താരാപ്രിയ ദർശനിയെ കാണുന്നിടം  വരെ". താമരയുടെ മകൾ നീലാഭയാകട്ടെ തന്റെ കാമുകൻ റിഹാ ൻ അപകടത്തിൽപ്പെട്ട് മരണമടയുന്നതോടെ ആശയറ്റവളായി തീരുന്നു. മധുപർണയുടെ ഭർത്താവ് ആദിൽ ഹുസൈൻ ഡോക്ടർ ആദിൽ ഹുസൈൻ ആകുന്നതിൽ മധുപർണ വഹിച്ച പങ്ക് വലുതായിരുന്നു. അത്യാവശ്യം വില്ലത്തരമുള്ള താരാ പ്രിയദർശിനി തന്റെ വിദ്യാർത്ഥി കൂടിയായ ആദിൽ ഹുസൈനെ കൂട്ടുകാരനാക്കി ഒരുമിച്ച് ജീവിക്കുന്നു. ഈ വിവരം അറിയാവുന്ന മധുപർണ്ണയും വേവുകയാണ്. മധുപർണ്ണക്ക് ദുഃഖിക്കുവാൻ വേറെയും കാരണങ്ങളുണ്ട്. വിപ്ലവസ്ത ലിയിലേക്ക് പുറപ്പെട്ട ആദിൽ ഹുസൈൻ മത രാഷ്ട്രീയ വിപ്ലവത്തിൽപ്പെട്ട്‌ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാതെ ഉഴലുകയാണ്. ചിറകുവെന്ത ഒരുകൂട്ടം ചിത്രശലഭങ്ങൾ അതിജീവനത്തിനായി ചിറക് കുടഞ്ഞു കുടഞ്ഞു പറക്കും പോലെ ഇതിലെ ഓരോ സ്ത്രീകഥാപാത്രങ്ങളും. മറ്റു കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഈ സ്ത്രീകൾക്ക് ഇല്ല  പോലും. അവരുടെ നൊമ്പരങ്ങളെ കുറുകെ കടക്കുവാൻ അവർക്ക് ഇന്നോളം സാധിക്കുന്നുമില്ല.  ഈ സ്ത്രീകളുടെ വർണ്ണചിറകുകൾക്ക് തീ കൊളുത്തിയ പുരുഷന്മാർ ഒരിക്കലും അറിയുന്നില്ല അവർ കൊളുത്തിയ ഈ നോവിന്റെ കഥ. ഒരു സ്ത്രീയ്ക്ക് മാത്രം അറിയാവുന്ന മറ്റൊരു സ്ത്രീയുടെ നൊമ്പരം. ഈ നോവലിലെ ഒരു പ്രധാന ആഖ്യാന വിഷയവും ഇതുതന്നെയാണ്. ജിസ ജോസ് ഈ വിഷയത്തെ വളരെ അനായാസമായി ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു.

ഈ നോവൽ തുടങ്ങുന്നത് തന്നെ  "മഴ മാത്രം പെയ്ത ഒരു ദിവസമായിരുന്നു അത് " എന്ന മിഴികൾ ഉടക്കി നിൽക്കുന്ന ഒരു വരിയിലൂടെ ആണ്. "കോൾ മി ഇസ്മയിൽ" എന്ന ഹെർമൻ മെൽബലിന്റെ  'മോബി ഡിക്കിലെ' പ്രസിദ്ധമായ ആദ്യ വരി ഞാൻ വെറുതെ ഓർത്തുപോയി.. താരാ പ്രിയദർശിനിയെ തിരഞ്ഞുവരുന്ന മധുപർണ്ണയെ അവതരിപ്പിച്ചു കൊണ്ടാണ് ആദ്യ അധ്യായം തുടങ്ങുന്നത്. തുടക്കം മുതൽ രണ്ട് കാലങ്ങളിൽ നിന്നാണ് നോവൽ വികസിച്ചു വരുന്നത്. വർത്തമാനവും ഭൂതകാലവും ഇടകലർത്തിയുള്ള ഒരു കഥ പറച്ചിൽ രീതിയാണ് ജിസാ ജോസ് നോവലിൽ സ്വീകരിച്ചിരിക്കുന്നത്. ആത്മഗതങ്ങളിലൂടെയാണ് കഥയുടെ നല്ലൊരു പങ്കും വെളിപ്പെട്ടു വരുന്നത്..

താരാ പ്രിയദർശനിയുടെ എഴുത്തിനെ കുറിച്ച് മധു പർണ ആവേശം കൊള്ളു ന്നതുപോലെ, "ഫോക്കും രാഷ്ട്രീയ ചരിത്രവും സമകാലിക സംഭവങ്ങളുമൊ ക്കെ മാജിക്കൽ ആയി ബ്ലണ്ട് ചെയ്ത ഒരെഴുത്തു ശൈലി. അത്തരമൊന്നാണ്  മുക്തിബാഹിനിയിൽ ജിസ ജോസും അവലംബിച്ചിരിക്കുന്നത്. പട്ടാളക്കാരനായ അച്ഛനിൽ നിന്നും പട്ടാള കഥകൾ കേട്ടുവളർന്ന ജിസക്ക് യുദ്ധ പശ്ചാത്തലങ്ങൾ നോവലിൽ സ്വാഭാവികമായി റെൻഡർ ചെയ്യുവാൻ ഒട്ടും തന്നെ ആയാസപ്പെടേണ്ടി വന്നിട്ടില്ല എന്ന് കരുതാം.പലയിടത്തും ജിസയുടെ ആത്മാംശം ഈ നോവലിൽ ഉണ്ടായേക്കുമെന്ന് ജിസയെ അറിയാത്ത എനിക്ക് തോന്നിപ്പോയി...

Sybiling rivalry യെ നാം ധാരാളം കേട്ടിട്ടുണ്ട്.  ഭൂമിയിലെ ആദ്യ സഹോദരങ്ങളായ കായേനും ഹാ ബേലിനും ഇടയിൽ തുടങ്ങിയ ഈ സഹോദര സ്പർദ്ധ ഈ നോവലിലും ഉടനീളം ഉണ്ട്.   സാധാരണ സഹോദരന്മാരിൽ കണ്ടുവരുന്ന ഈ സ്പർദ്ധ ഈ നോവലിൽ നാം കാണുന്നത് സഹോദരിമാർക്കിടയിലും അമ്മ മകൾക്കിടയിലും ആണ്. താരാപ്രിയ ദർശിനിയ്ക്ക് അച്ഛൻ ഇട്ട പേര് ഇന്ദിരാ പ്രിയദർശിനി എന്നായിരുന്നു. അതിനു കാരണം ഉണ്ട്. ഇന്ദിരാഗാന്ധിയുടെ മാതിരി നീണ്ട മൂക്കും, സൗന്ദര്യവും, കൂർമ്മ ബുദ്ധിയും, നിശ്ചയദാർഢ്യവും മൂത്ത മകൾക്കുണ്ട് എന്നതായിരുന്നു അച്ഛന്റെ കണ്ടുപിടിത്തം. അത് അക്ഷരംപ്രതി ശരിയുമായിരുന്നു. നല്ലതും സുന്ദരവുമായ എല്ലാം എനിക്ക് എന്നതായിരുന്നു ചേച്ചിയുടെ ധാർഷ്ട്യം. "ഇന്ത്യയ്ക്ക് ഒരു ഇന്ദിരാ പ്രിയദർശിനി മതി " എന്ന് തീരുമാനിച്ച സത്യൻ അമ്മാ വനാണ് ആ പേരു മാറ്റി താരാ പ്രിയദർശിനി എന്നാക്കിയത്. താര എന്ന ചേച്ചിയുടെ പ്രഭാവത്തിൽ വല്ലാതെ മങ്ങി പോവുകയാണ് താമര എന്ന പാവം അനുജത്തി. അവസരം ഒത്തു വരുമ്പോഴെല്ലാം അവർ പരസ്പരം കൊച്ചാക്കാൻ ശ്രമിക്കുകയാണ്. രവി കിരൺ എന്ന സുന്ദരനാണ് അനുജത്തി താമരയെ വിവാഹം കഴിക്കാൻ പോകുന്നതെന്ന് അറിഞ്ഞപ്പോൾ താര അവളുടെ തനിനിറം കാട്ടി. "രവി നിനക്ക് ചേരില്ല, അവൻ എന്റെ പുരുഷനാണ് " എന്ന് താര അവകാശപ്പെട്ടെങ്കിലും താമരയുമായുള്ള രവികിരണിന്റെ വിവാഹം നടക്കുന്നു. ആദ്യരാത്രിക്ക് മുമ്പ് തന്നെ താരാപ്രിയ ദർശിനി തന്റെ ശാലീന സൗന്ദര്യം ആയുധമാക്കി രവി കിരണിന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.. ആ നിമിഷം രവി കിരൺ ഒന്നുലഞ്ഞു..അയാൾ താമരയോട് പുലമ്പി. "നിന്നെ എനിക്കിഷ്ടമാണ് പക്ഷേ നിന്റെ ചേച്ചിക്ക് താഴെ മാത്രം." അവരുടെ കുടുംബ ജീവിതവും അത്ര ശുഭകര മായിരുന്നില്ല. ഇങ്ങനെ  ഉദാഹരണങ്ങൾ ഏറെ.

അമ്മ താമരയ്ക്കും മകൾ നീലാഭയ്യ് ക്കും ഇടയിൽ എത്രയെത്ര ശീത സമരങ്ങൾ. അവർക്കിടയിൽ നല്ലതോതിൽ മത്സരങ്ങൾ ഉണ്ട്. പലതും ആത്മഗതങ്ങളിൽ ഒതുങ്ങുന്നുണ്ട്.. അധ്യാപികയായ അമ്മ താമരയ്ക്ക് സ്വന്തമായ വീടുണ്ട്.. അച്ഛച്ചന്റെ ശുശ്രൂഷയ്ക്കായി കുടുംബ വീട്ടിലാണ് ഇപ്പോൾ നീലാഭ. അച്ഛച്ചൻ മരിച്ച്  ചിത അടങ്ങിയപ്പോൾ സ്വന്തം വീട്ടിലേക്ക് പോയ അമ്മ താമരയെ കുടുംബ വീട്ടിലേക്ക് ക്ഷണിക്കേണ്ടതുണ്ടോ എന്ന് നീലാഭ മനസ്സിൽ കലഹിക്കുന്നുണ്ട്‌.  "ഇതെന്റെ വീടാണ് ഇവിടെ അമ്മയും ഒരു അതിഥി മാത്രം, മധുപർണയെ  പോലെ.". ഈയൊരു വെളിപാടിൽ വല്ലാതെ ആഹ്ലാദിക്കുന്നുണ്ട് നീലാഭ. നോവലിന്റെ അവസാന അധ്യായം എത്തുമ്പോൾ ഈ അമ്മയും മകളും സംസാരത്തിലും പ്രവർത്തിയിലും അല്പം സ്നേഹം പങ്കുവെക്കുന്നുണ്ട് എന്നുള്ളത് വായനക്കാർക്ക് ഒരു ആശ്വാസമാകുന്നു. ഇതിലെ ഒരു കഥാപാത്രത്തോടും പക്ഷം പിടിക്കുന്നില്ല നോവലിസ്റ്റ്. എനിക്കാണ് ഒരു ഊഴം കിട്ടുന്നതെങ്കിൽ ഞാൻ മധു പർണയെ ചേർത്ത് പിടിക്കും.

ഇനിയും പലതും ഈ നോവലിന്റെ ആഖ്യാന വിഷയങ്ങൾ ആകുന്നുണ്ട്. കാലവും കാലാവസ്ഥയും ഇതിൽ കഥാപാത്രങ്ങൾ ആകുന്നുണ്ട്.. യുദ്ധവും, മത രാഷ്ട്രീയവും മത വംശീയതയും ഹിന്ദു മുസ്ലിം കലഹങ്ങളും ഈ നോവലിനെ സ്വാഭാവികമായും രാഷ്ട്രീയവൽക്കരിക്കുന്നുണ്ട്. 'മുക്തി ബാഹിനി'  എന്ന വാക്കുപോലും ബംഗ്ലാദേശിന്റെ വിമോചനത്തിനായി രൂപീകരിക്കപ്പെട്ട ഒരു വിപ്ലവ പ്രസ്ഥാനമാണ്. എനിക്ക് പ്രധാനപ്പെട്ട വിഷയങ്ങൾ എന്നു തോന്നിയ ചിലവയെ ഞാൻ മുൻനിരയിലേക്ക് കൊണ്ടുവന്നു എന്നേയുള്ളു.

തോരാതെ മഴ പെയ്ത ഒരു ദിവസം വളരെയേറെ സഞ്ചരിച്ച് താരാപ്രിയ ദർശിനിയുടെ കുടുംബ വീട്ടിലേക്ക് വരുന്ന മധു പർണ എന്ന ഹിന്ദിക്കാരി തന്റെ വരവിന്റെ ഉദ്ദേശം ഒരു മാഗസിനിലേക്ക് സൗരാഷ്ട്രയിലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരേസമയം വർക്ക് ചെയ്ത താരാപ്രിയ ദർശിനിയെ കുറിച്ച് ഒരു ആർട്ടിക്കിൾ ചെയ്യാൻ വിവരശേഖരണത്തിന് വന്നതാണെന്നത് പച്ചക്കള്ളം ആയിരുന്നു. സ്മൃതി നാശം വന്ന അച്ഛനോ, സഹോദരി താമര, മകൾ നീലാഭ എന്നിവരിൽ നിന്നും കാര്യമായി ഒന്നും വീണു കിട്ടില്ലെന്ന് അറിയുമ്പോൾ മധു പർണ മടക്കയാത്രപ്ലാൻ ചെയ്യുന്നു. വാസ്തവത്തിൽ തന്റെ ഭർത്താവ് ആദിൽ ഹുസൈനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോ എന്നറിയുവാൻ ആയിരുന്നു മധു പർണയുടെ വരവിന്റെ ഉദ്ദേശം. എന്നാൽ അവൾ മൂളിയ ഒരു ഹിന്ദി പാട്ടിൽ ഒരു നിലവിളി കുരുങ്ങിക്കിടക്കുന്നുണ്ടെന്ന് നീലാഭയ്യ്ക്ക്  മനസ്സിലായി.. "വളരെ ദൂരം സഞ്ചരിച്ചു വന്ന, തന്നെക്കാൾ വളരെ മുതിർന്ന ആ സ്ത്രീയെ വെറും കയ്യോടെ തിരിച്ചയക്കില്ലെന്ന് ആ നിമിഷം തന്നെ നീലാഭ നിശ്ചയിക്കുകയും ചെയ്തു". ഇതാണ് ഈ നോവലിന്റെ മർമ്മപ്രധാനമായ ട്വിസ്റ്റ്... അല്ലാത്തി ടത്തോളം  ഇതൊരു ശൂന്യതയുടെ പുസ്തകമായി അവസാനിക്കേണ്ടതാണ്.

താര പ്രിയദർശിനെയെ കുറിച്ചോ,അവൾ എന്നോ കുടുംബ വീടിന്റെ മച്ചിൻ പുറത്ത് ഉപേക്ഷിച്ചു പോയ ബാഗിനുള്ളിലെ അപൂർണ്ണമായ നോവൽ എഴുത്തിനെ കുറിച്ചോ മധു പർണയെ അറിയിക്കേണ്ടതില്ലെന്ന്‌ താമരയും നീലാഭയും ഒരു നിമിഷം ചിന്തിച്ചുറപ്പിച്ചിരുന്നു. എന്നാൽ അച്ഛന്റെ മരണകർമ്മങ്ങൾക്കുപോലും സാക്ഷിയാകേണ്ടിവന്ന് അവിടെ ഒരു ദിവസം താമസിക്കുന്ന മധുപർണ്ണയെ അവർ വെറും കയ്യോടെ പറഞ്ഞയച്ചില്ല. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് തീർച്ചയില്ലാത്ത രണ്ട് കഥാപാത്രങ്ങളാണ് താരാപ്രിയ ദർശിനി യും  ആദിൽ ഹുസൈനും.. ഇവരെ രണ്ടുപേരെയും കുറിച്ചാണ് മധു പർണയ്ക്ക് അറിയേണ്ടതും. ഒടുവിൽ എന്നെങ്കിലും വരികയോ വരാതിരിക്കുകയോ ചെയ്യാവുന്ന താരാപ്രിയ ദർശിനി  ഉപേക്ഷിച്ചു പോയ ബാഗും, അതിനുള്ളിലെ  അപൂർണ്ണമായ 'മുക്തിബാഹിനി' എന്ന നോവലും അതിനോടൊപ്പം താമരയുടെയും നീലാഭയുടെയും സഹകരണങ്ങളും വാഗ്ദാനം ചെയ്താണ് മധുപർണ്ണയെ ഇവർ യാത്രയാക്കുന്നത്. ഇവിടെയാണ് ഈ നോവൽ അത്യധികം പ്രകാശപൂരിതമാകുന്നത്..

ജിസ ജോസിന്റെ മുദ്രിതയും ആനന്ദഭാരവും മാറ്റിവെച്ച് അവരുടെ നാലാമത്തെ നോവലായ മുക്തി ബാ ഹിനി തന്നെ ഞാൻ ആദ്യ വായനയ്ക്ക് എടുത്തത് എന്തുകൊണ്ടാണ്? എനിക്ക് ഉത്തരമില്ല. ഈ ആസ്വാദനക്കുറിപ്പ് തീർച്ചയായും അപൂർണ്ണമാണ്. ഈ പുസ്തകം  വായിക്കുന്നവർ ഇതിലെ ഓരോ വാക്കും വരികളും വായിക്കേണ്ടിയിരിക്കുന്നു. ജീവിതത്തിലെ പച്ച യാഥാർത്ഥ്യങ്ങളെ ഇത്ര കയ്യടക്കത്തോടെ,താൻ ഇതൊക്കെയാണ് എഴുതാൻ ഭാവി ച്ചതെന്ന പറച്ചിലുകൾ ഇല്ലാതെ, വളരെ സ്മൂത്ത് ആയി കുറിച്ചിട്ടിരിക്കുകയാണ് ജിസ ജോസ് എന്ന പ്രതിഭയുള്ള എഴുത്തുകാരി. ഈയിടെ വായിച്ച പല നോവലുകളേക്കാൾ എന്നെ പ്രലോഭപ്പിക്കുന്നുണ്ട് മുക്തി ബാഹിനി. അക്ഷരത്തെറ്റുകൾ തീരെ ഇല്ലാത്ത ഒരു എഡിറ്റിംഗ് എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.. ജിസ ഇനിയും നല്ല നല്ല എഴുത്തുകളുമായി വരുമെന്ന് എനിക്കുറപ്പുണ്ട്. ജിസയ്ക്ക്, മുക്തിബാഹിനിക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസിച്ചുകൊണ്ട്

Dr. Kunjamma George

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക