നന്ദു, ചുകപ്പ് പെയിന്റ് വാങ്ങാൻ പോയ വൈകുംന്നേരം, വിവേകും സോഫിയയും പതിവ് പോലെ, അന്നത്തെ തങ്ങളുടെ "ഖുലഡ്" ചായ ഊതി കുടിക്കുകയായിരുന്നു.
സോഫിയ, തന്റെ “ഓഫീസ് ഭാര്യ” ആയിക്കഴിഞ്ഞിരിക്കുന്നു എന്ന് വിവേകിന് തോന്നി. അതായത്, ഒരു ഭാര്യയെ പോലെ എല്ലാ കാര്യങ്ങളും കേൾക്കുന്ന, ഉപദേശങ്ങൾ നൽകുന്ന ഒരു വ്യക്തി. ഒരു പക്ഷേ, തന്റെ യഥാർത്ഥ ഭാര്യയായ സോണിയുമായി അത്ര നല്ല ആശയവിനിമയം ഇല്ലാത്തത് കൊണ്ടാണോ അത് എന്ന് വിവേക് ചിന്തിക്കാതിരുന്നില്ല. പക്ഷേ, ഈയിടെയായി എല്ലാ കാര്യത്തിനും വിവേകിന് സോഫിയയുടെ ഉപദേശം വേണം. തന്റെ എല്ലാ ആകുലതകളും ആശങ്കകളും അവളുമായി അവന് പങ്കു വെക്കണം. അതിനാൽ അന്നത്തെ ആശങ്കയും അവളോടവൻ പറഞ്ഞു:
"ഈ 1857ലെ സ്വതന്ത്ര സമരം നമ്മൾ കരുതും പോലെ ലോകത്ത് അത്ര വലിയ സംഭവമൊന്നും ആയിരുന്നില്ല വാട്സ്ആപ്പിൽ എവിടെയോ വായിച്ചു. അഖില, നാടകം കളിക്കുന്നത് അവൾ വിചാരിക്കുന്ന പോലെ വലിയ ഒരു കാര്യമായി ആളുകൾ കരുതുമോ എനിക്കൊരു സംശയം".
ശ്രദ്ധിച്ചു കേട്ട സോഫിയ ഒരു നിമിഷം എന്തോ ചിന്തിച്ചു. അനന്തരം, വിവേകിനോട് ഒരു ചോദ്യം ചോദിച്ചു:
"ആരോ കുപ്രചരണം നടത്തുന്നു എന്ന് പറഞ്ഞില്ലേ?"
"ഉവ്വ്".
"വാട്സാപ്പ് യൂണിവേഴ്സിറ്റി" വഴിയാവും അത് ചെയ്യുന്നത്. വേണ്ടാത്ത കാര്യങ്ങൾ വേഗം വൈറൽ ആകുമല്ലോ".
"അതും ശരിയാണ്".
"പിന്നെ, ഇതുമായി ബന്ധപ്പെട്ട, എനിക്ക് പെട്ടെന്ന് ഓർമ്മ വന്ന ഒരു കാര്യം പറയാം. അതിന് മുൻപേ, "എറൗണ്ട് ദി വേൾഡ് ഇൻ എയിറ്റി ഡേയ്സ്" എന്ന പുസ്തകം ആദ്യമായി ഏത് വർഷമാണ് പബ്ലിഷ് ചെയ്തത് എന്ന് നോക്കട്ടെ."
ഇത്രയും പറഞ്ഞു കൊണ്ട്, സോഫിയ തന്റെ മൊബൈൽ ഫോണിൽ ആ കാര്യം സെർച്ച് ചെയ്യാൻ തുടങ്ങി.
"ജൂൾസ് വെർണെ അല്ലേ അതെഴുതിയത്? ഞാൻ പുസ്തകം വായിച്ചിട്ടില്ല. പക്ഷേ, ജൂൾസ് വെർണെയുടെ പുസ്തകമാണെന്നറിയാം".
"അതെ, അദ്ദേഹമാണ് എഴുതിയത്. പിന്നെ, ഇൻറർനെറ്റിൽ പറയുന്നത്, പുസ്തകം ആദ്യമായി പബ്ലിഷ് ചെയ്തത്, 1872 - ൽ ആണെന്നാണ്. അതായത്, ഒന്നാം സ്വാതന്ത്ര്യ സമരം കഴിഞ്ഞു 15 വർഷങ്ങൾക്ക് ശേഷം."
"ഓക്കേ. പക്ഷേ, ഈ കാര്യങ്ങൾ ഇപ്പോൾ ഇവിടെ പരാമർശിക്കാൻ കാരണം?"
"പറയാം. ഞാനത് കുറച്ചു കാലം മുൻപേ വായിച്ചതാണെങ്കിലും ചില കാര്യങ്ങൾ എനിക്ക് നല്ല ഓർമ്മയുണ്ട്. ആ പുസ്തകത്തിൽ പറയുന്നുണ്ട്, ഇംഗ്ലീഷുകാർ ഇന്ത്യൻ മത വിശ്വാസങ്ങളെ തൊട്ട് കളിക്കില്ല എന്ന്. അതിന് കാരണം അവർക്ക് 1857-ലെ ശിപായി ലഹള നല്ല ഓർമയുണ്ട് എന്നാണ്".
"ആഹാ, അത് നല്ല കണ്ടെത്തലാണല്ലോ. അതായത്, ഫ്രഞ്ചുകാരനായ ജൂൾസ് വെർണയ്ക്കും ഇന്ത്യയെയും ബ്രിട്ടനേയും ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാമെന്നും, തന്റെ ക്ലാസ്സിക് പുസ്തകത്തിൽ അത് പരാമർശിച്ചു എന്നും, അല്ലേ?"
"അതേ. അപ്പോൾ അന്നത്തെ ലോകത്ത് പല രാജ്യങ്ങളിലും ഇതേ പറ്റി പല ചർച്ചകളും നടന്നിട്ടുണ്ടാകും. പിന്നെ, നമ്മൾ ഇപ്പോൾ ബ്രിട്ടീഷുകാർ തന്നെ എഴുതി വെച്ച ചരിത്രം പരിശോധിച്ചാൽ അങ്ങനെയൊന്നും അവർ പറഞ്ഞു കാണില്ല".
"അത് ശരി. അപ്പോൾ അങ്ങനെയാണല്ലേ?"
വിക്കി, തന്നെ ഒരു “ഓഫീസ് ഭാര്യ” ആക്കുന്നത് പോലെ സോഫിയയ്ക്കും തോന്നി തുടങ്ങി. ഈയിടെയായി എല്ലാ കാര്യത്തിനും വിക്കിക്ക് തന്റെ ഉപദേശം വേണം. അങ്ങനെ ഒരു ബന്ധം തങ്ങൾക്കിടയിൽ വേണ്ട എന്ന് സോഫിയ ഉറപ്പിച്ചു. സൗഹൃദം മാത്രം മതി. അതിനു മുന്നോടിയായി വിഷയം മാറ്റാൻ അവൾ തീരുമാനിച്ചു. ഒപ്പം, തനിക്കുള്ള നീരസം വിനയപൂർവം തന്നെ പ്രകടിപ്പിക്കുവാനും.
"അതെ. പിന്നെ, ഇത് പോലുള്ള ക്ഷണിച്ചു വരുത്തുന്ന ആശങ്കകൾ ഒന്നും എന്നോട് ഇനി പങ്കു വെക്കല്ലേ. എനിക്കും ടെൻഷനാകും. വല്ല തമാശകളും നടന്നെങ്കിൽ പറ".
"ഒരു തമാശ നടന്നു", വിവേക് ഒന്ന് ചിന്തിച്ചെടുത്തു കൊണ്ട് സോഫിയയോട് പറഞ്ഞു.
"പറയൂ, കേൾക്കട്ടെ".
"നമ്മുടെ ഓഫീസിന്റെ പുറത്തുള്ള ബേക്കറിയില്ലേ? ഞാൻ കയറിയപ്പോൾ കൊക്ക കോള ബോട്ടിലുകളുടെ പുതിയ ഒരു ക്രെയ്റ്റ് കൊണ്ട് വന്നു. അതിൽ ഒരു സ്റ്റിക്കർ ഒട്ടിച്ചിരുന്നു. "റുപ്പീസ് ഫൈവ് ഓഫ്" എന്ന്. ആ ബേക്കറിക്കാരൻ ഉടനേ തിരക്കിട്ട് ഓരോ ബോട്ടിലിലേയും സ്റ്റിക്കറുകൾ പറിച്ചു കളഞ്ഞു. കാരണം, അയാൾക്ക് ഓഫ് ഇല്ലാത്ത പഴയ വിലയിൽ തന്നെ വില്കാമല്ലോ".
"ഹാ ഹാ ഹാ, അയാള് കൊള്ളാമല്ലോ. വാ അങ്ങോട്ട് പോകാം".
"എന്തിന്?”
അതിന് മറുപടി നൽകാതെ, സോഫിയ വിവേകിനെ കൂട്ടി ഉടനെ തന്നെ ബേക്കറിയിൽ പോയി. എന്നിട്ട് ബേക്കറിക്കാരനോട് ചോദിച്ചു:
"സ്റ്റിക്കർ പൊളിക്കാത്ത കൊക്ക കോളയുണ്ടോ?"