കഥകളുടെ രാജശിൽപി എം.ടി. വാസുദേവൻ നായർക്ക് നവതി ആശംസകൾ . ജൂലൈ 15 ന് നവതി (90
വയസ്) ആഘോഷിക്കുന്ന എം.ടി. യുടെ സാഹിത്യ സൃഷ്‌ടികൾക്ക് മുൻപിൽ സാഷ്ടാംഗ പ്രണാമം.
മലയാളത്തിന്റെ അക്ഷര സുകൃതം എന്ന് അദ്ദേഹത്തെ പൊതുവെ വിശേഷിപ്പിക്കാം . എം.ടിയെ അദ്ദേഹത്തിന്റെ കൃതികളിലൂടെയാണ് ഏതൊരു വായനക്കാരെനെയും പോലെ ഞാനും പരിചയപ്പെടുന്നത്. പുസ്തകവായന ഇഷ്‌ടപ്പെട്ടിരുന്ന എനിക്ക് തീര്‍ച്ചയായും എം.ടിയെപ്പോലുള്ള മഹാരഥന്മാരുടെ നോവലുകളും കഥകളും വായിക്കാന്‍ അതിയായ താല്പര്യം എന്നും ഉണ്ടായിരുന്നു. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ (ജനനം: 1933).
എംടിയുടെ കൃതികൾ വായിക്കുമ്പോൾ ഒരോ വായനക്കാരനും അത്ഭുതപ്പെടുന്നുണ്ടായിരിക്കാം എന്റെ മനസ്സ് ഈ എഴുത്തുകാരൻ എങ്ങനെ മനസിലാക്കി എന്ന് . നമ്മുടെ സ്വകാര്യമോഹങ്ങൾ, നഷ്‌ടങ്ങൾ ആരോടും പറയാത്ത സങ്കടങ്ങൾ. കാത്തുവച്ച ഇഷ്ടങ്ങൾ. നമ്മുടെ മനസ്സിലെ പ്രണയങ്ങൾ , അനുഭവങ്ങൾ എല്ലാം അദ്ദേഹം തന്റെ കഥാപാത്രങ്ങളിലൂടെ വായനക്കാരുടെ അത്ഭുതലോകത്തു എത്തിക്കുന്നു.
വായിക്കുന്നവരെ അതു തങ്ങളുടെ ജീവിതമാണെന്നു തോന്നിപ്പിക്കുന്ന എഴുത്ത് .വായനക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ച സാഹിത്യകാരൻ, കവിതയും കഥനവുമാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ മാസ്മരിക ശക്തി. രചനകൾ വായിക്കുന്ന ഒരാളെ മാസ്മരിക ലോകത്തു എത്തിക്കാൻ എം . ടി യെ പോലെ മറ്റാർക്കും കഴിഞ്ഞിട്ടില്ല എന്ന് പറയുന്നതിൽ അതിശയോക്തി കാണില്ല.
മലയാള സാഹിത്യത്തില്‍ അദ്ദേഹം എഴുത്തു തുടങ്ങുന്നത് വരെ സാഹിത്യ ഭാഷയായിരുന്നു അംഗീകരിക്കപ്പെട്ട് വന്നിരുന്നത്. ആ ഭാഷയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ സംസാരഭാഷ അതിന്റെ എല്ലാ.പ്രാദേശിക ചുവകളോടും കൂടി എം.ടി ഒരു കൂസലുമില്ലാതെ സാഹിത്യത്തില്‍ പ്രയോഗിച്ചപ്പോള്‍ കേരള സാഹിത്യത്തിനു നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു. അങ്ങനെ പുതിയ ഒരു അദ്ധ്യയത്തിന് അദ്ദേഹം തുടക്കം കുറിച്ചു. എഴുതിയ ഓരോ വാക്കിലും വരിയിലും പോലും ജീവിതത്തെ അനുഭവിപ്പിച്ച എഴുത്തുകാരൻ. ചെറുപ്പകാലത്തു സിനിമ കണ്ടു നടന്നിരുന്ന കാലത്തു തിരക്കഥ എം.ടി ആയാൽ ആ സിനിമ റിലീസ് ആകുന്ന ദിവസം തന്നെ കണ്ടിരുന്നു. അത്രക്ക് പ്രിയമായിരുന്നു എം.ടി കഥകൾ. ഒരിക്കലും നിരാശപ്പെടേണ്ടുന്നതായും വന്നിട്ടില്ല.
കാലത്തിന്റെ കുത്തൊഴുക്കില്‍ പ്രവാസത്തിന്റെ തിരക്കിനിടയിൽ സാഹിത്യാഭിരുചി വരണ്ടുണങ്ങിപ്പോയപ്പോഴും ഒട്ടും സമയമില്ലത്ത ഒരു സമയത്തു വായിച്ച "രണ്ടാമൂഴം" എന്ന നോവൽ അത് ഒരു വേറിട്ട അനുഭവമായി. ആ നോവലിന്റെ ആധാരം എന്റെ മനസ്സില്‍ ഒരു കുളിര്‍ മഴ പോലെ പെയ്തിറങ്ങുകയായിരുന്നു.
"രണ്ടാമൂഴം" അല്ലെങ്കിൽ "രണ്ടാം അവസരം" എന്ന് അർത്ഥമാക്കുന്ന രണ്ടാമൂഴം നോവൽ ഒരു വേറിട്ട അനുഭവമാണ്. പലപ്പോഴും എംടിയുടെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു ഈ നോവലിനെ. അദ്ദേഹത്തിന്റെ കൃതികളിൽ ഏറ്റവും കൂടുതൽ ജനപ്രിയമായി മാറിയ കൃതി. ഇന്ത്യയുടെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം നേടിയെടുക്കാൻ അദ്ദേഹത്തെ ഈ നോവൽ പ്രാപ്തനാക്കി. (ഇന്ത്യൻ സാഹിത്യത്തിനുള്ള അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള സംഭാവനകൾക്കാണ് ഈ പുരസ്കാരം ലഭിച്ചതെങ്കിൽകൂടി). പത്മഭൂഷൺ ബഹുമതി ഉൾപ്പെടെ നിരവധി പുരസ്കരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.
രണ്ടാമൂഴം കഥ മഹാഭാരതത്തിന് സമാനമാണ്. കുന്തി തന്റെ കുട്ടികളുമായി ഹസ്തിനപുരത്തിൽ എത്തുന്നതോടെ രണ്ടാംമൂഴം ആരംഭിക്കുകയും കുരുക്ഷേത്ര യുദ്ധത്തിൽ അവസാനിക്കുകയും ചെയ്യുന്നു. മഹാഭാരതത്തിലെ എല്ലാ പ്രധാന സംഭവങ്ങളും രണ്ടാമൂഴത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. മഹാഭാരതവും രണ്ടാമൂഴവും തമ്മിൽ ചില പ്രധാന വ്യത്യാസങ്ങളുണ്ട്.
രണ്ടാമൂഴം ഭീമന്റെ ചിന്തകളിലൂടെ പരിണമിക്കുന്നു. രണ്ടാമൂഴത്തിലെ പ്രധാന കഥാപാത്രം ഭീമനാണ്. ഭീമന്റെ ചിന്തകളിലും വികാരങ്ങളിലുമാണ് കഥ പ്രധാനമായും ഊന്നൽ നൽകുന്നത്. ഭീമന്റെ കണ്ണിലൂടെയുള്ള മഹാഭാരത ഇതിഹാസത്തിന്റെ കഥയാണ് ഈ പുസ്തകം. ഭീമൻ തന്നെയാണ് കഥ വിവരിച്ചിരിക്കുന്നത്.
പാണ്ഡവർ യുധിഷ്ടിരൻ, ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ.. കുന്തിദേവിയുടെ രണ്ടാമത്തെ മകൻ ഭീമൻ. യുധിഷ്ടിരൻ എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചുള്ള ഭീമന്റെ വികാരങ്ങൾ കഥ വ്യക്തമാക്കുന്നു. ദ്രൗപതിയുടെ അന്തസ്സിനു വേണ്ടി പലതവണ ഭീമൻ പ്രതികരിച്ചു. മാത്രമല്ല അവളുടെ നിസ്സാരമായ ആഗ്രഹങ്ങൾ പോലും അയാൾ എളുപ്പത്തിൽ ലഭ്യമാക്കി.
ദൈവിക ഇടപെടലായി മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്ന ഓരോ സംഭവവും വായനക്കാരെ ഒരു പുതിയ വെളിച്ചത്തിൽ കാണിക്കുന്നു.
പാണ്ഡവരുടെയും ദ്രൗപതിയുടെയും അന്ത്യയാത്രയിൽ നിന്നാണ് ആഖ്യാനം ആരംഭിക്കുന്നത്. ഈ യാത്രയിൽ ദ്രൗപതി ബോധംകെട്ടു വീണു. അവളുടെ സഹായത്തിനെത്തിയ ഏക വ്യക്തി ഭീമൻ മാത്രമായിരുന്നു. ബാക്കിയുള്ളവർ സ്വർഗം നേടാനുള്ള യാത്ര തുടർന്നു.
'രണ്ടാമൂഴം' എന്ന വാക്കിന്റെ സാരം ഈ കഥയിലെ പല സംഭവങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ ഒരു ഇതിഹാസ പുരാണം പുനരാഖ്യാനം ചെയ്ത എംടി എന്ന സാഹിത്യകാരൻ ഇന്ത്യൻ സാഹിത്യത്തിൽ ഒരു ഇതിഹാസമായി മാറുന്നതാണ് കാണാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ ഓരോ കഥാസൃഷ്‌ടികളും ഒന്നിനൊന്നുമെച്ചമാണ്.
മലമക്കാവ് എലിമെന്ററി സ്‌കൂളിലും കുമരനെല്ലൂർ ഹൈസ്‌കൂളിലും പാലക്കാട് വിക്‌ടോറിയ കോളജിലും വിദ്യാഭ്യാസം. വിക്‌ടോറിയയിൽനിന്ന് കെമിസ്‌ട്രിയിൽ ബി.എസ്‌സി. ബിരുദം നേടിയ ശേഷം പട്ടാമ്പി, ചാവക്കാട് ഹൈസ്‌കൂളുകളിലും പാലക്കാട്ട് എം.ബി. ട്യൂട്ടോറിയൽസിലും അധ്യാപകവൃത്തി. എം.ബിയിൽ സഹ അധ്യാപികയും പിന്നീട് കോഴിക്കോട് സെന്റ് വിൻസെന്റ് സ്‌കൂളിൽ അധ്യാപികയുമായിരുന്ന പ്രമീളയാണ് ആദ്യ ഭാര്യ. 1956 ൽ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ സബ് എഡിറ്റർ ട്രെയിനിയായി. മുഖ്യപത്രാധിപരായിരുന്ന എൻ. വി. കൃഷ്‌ണവാര്യർ 1968 ൽ ആ സ്‌ഥാനമൊഴിഞ്ഞപ്പോൾ എം.ടി. മുഖ്യപത്രാധിപരായി. 1981 വരെ ആ സ്‌ഥാനത്തു തുടർന്നു. പിന്നീട് ചെറിയ ഇടവേളയ്‌ക്കുശേഷം 1989 ൽ മാതൃഭൂമി പീരിയോഡിക്കൽസിന്റെ എഡിറ്ററായി. 1999 ൽ അവിടെനിന്നും പിരിഞ്ഞു.
പ്രസിദ്ധ നർത്തകി കലാമണ്ഡലം സരസ്വതിയാണ് എം.ടിയുടെ ഭാര്യ. സിതാര (ജോൺസൺ ആൻഡ് ജോൺസൺ, ന്യൂജേഴ്‌സി), അശ്വതി (നർത്തകി) എന്നിവർ മക്കൾ. മരുമക്കൾ : സഞ്‌ജയ് ഗിർമെ (യുഎസ്), ശ്രീകാന്ത്.
എം.ടിയെ കാണണം, സംസാരിക്കണം, ഒപ്പമിരുന്ന് കുറച്ചുസമയം ചെലവഴിക്കണം എന്നൊക്കെ ഏതൊരു വായനക്കാരനെയും പോലെ സ്വാഭാവികമായും ഞാനും ആഗ്രഹിക്കാറുണ്ട് . അതിനായ് ഇനിയും കാത്തിരിക്കുന്നു .
അദ്ദേഹം ജീവിച്ച കാലത്തു ജീവിക്കുന്നത് തന്നെ പുണ്യം എന്ന് ചിന്തിക്കുന്ന ഒരു എളിയ വായനക്കാരന് ഞാൻ . അദ്ദേഹത്തിന് ഇനിയും കൂടുതൽ നാളുകൾ ജീവിക്കാൻ ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
see also
https://emalayalee.com/vartha/267528