Image

പഞ്ചവർണ്ണക്കിളിയുടെ സഞ്ചാരപഥം. (ആറ്റുമാലി)

Published on 14 July, 2023
പഞ്ചവർണ്ണക്കിളിയുടെ സഞ്ചാരപഥം. (ആറ്റുമാലി)

മലമുകളിൽ വിരിയുന്ന പുലരിയുടെ പുതുമലർ 
ചോദിച്ചു, എങ്ങോട്ടാണ് പറക്കുന്നതെന്ന്. 
തെല്ല് നിന്നില്ല; തിരിഞ്ഞ് നോക്കിയില്ല; മറുപടി പറഞ്ഞില്ല. 
പഞ്ചവർണ്ണക്കിളി പറന്നുകൊണ്ടേയിരുന്നു.

അടിവാരത്തിലെ കുഞ്ഞരുവി ചോദിച്ചപ്പോഴും,
പുസ്തകസഞ്ചിയുമായി പുഴയോരത്തിലൂടെ ഒഴുകുന്ന 
ബാലികാബാലൻമാർ പിന്നാലെ കൂടി ആരാഞ്ഞപ്പോഴും 
താനെവിടേക്ക് പറക്കുന്നുവെന്ന് കിളി പറഞ്ഞില്ല.

വെയിലിൽ വെട്ടിത്തിളങ്ങുന്ന ക്ഷേത്ര ഗോപുരങ്ങൾക്കും 
അമ്പലമുറ്റത്തെ പൊന്നിൽ പൊതിഞ്ഞ കൊടിമരങ്ങൾക്കും 
അമ്പലപ്പറമ്പിലെ ആകാശം മറയ്കുന്ന ആൽമരച്ചില്ലകൾക്കും 
പഞ്ചവർണ്ണക്കിളിയുടെ  സഞ്ചാരപഥം അറിയാനായില്ല.

തീരത്തെത്തുമ്പോൾ തിരകളാരാഞ്ഞു, എങ്ങോട്ടെന്ന്. 
തീരത്തെ മണൽത്തരികൾക്കുമറിയണം എങ്ങോട്ടെന്ന്. 
പഞ്ചവർണ്ണക്കിളിക്ക് മിണ്ടാനായില്ല, എന്തെന്നാൽ 
തന്റെ ലക്ഷ്യം എന്തെന്ന് പാവം കിളിക്കുമറിയില്ലല്ലോ! 

പറന്ന് തളർന്ന കിളി കരിമ്പാറക്കെട്ടിൽ തളർന്നു വീണു.
തിരകൾക്ക് മീതെ പറന്ന് ഒരു കടൽക്കാക്ക അടുത്തെത്തി.
വൈകിപ്പോയി! “ലക്ഷ്യമില്ലാത്ത സഞ്ചാരപഥങ്ങൾ 
എവിടെയുമെത്തുന്നില്ല”. കടൽക്കാക്ക സ്വയം പറഞ്ഞു.       

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക