കോരിച്ചൊരിയുന്ന മഴ. കാലം തെറ്റിവന്ന മഴ. ഇടയ്ക്കൊതുങ്ങിയും, പിന്നീട് കനത്തും അതങ്ങനെ പെയ്തുകൊണ്ടേയിരുന്നു. അതുവരെ തോന്നാത്ത ഒരു താളം ആ മഴയിലുണ്ടായിരുന്നു. അമൃതവര്‍ഷിണിയോടൊപ്പം മറ്റേതോ ഹൃദയരാഗം കൂടി ഇടകലര്‍ന്നൊഴുകി ശ്രുതി ഉയര്‍ത്തിയും താഴ്ത്തിയും നിപതിക്കുംപോലെ...
പ്രകൃതിയും വിതുമ്പുകയാണോ?
ഫ്യൂണറല്‍ ഹോംപാര്‍ക്കിംഗ് ഏരിയ നിറഞ്ഞു. കുറച്ചുചുറ്റി, അകലെയായി വണ്ടി ഇട്ടു.
ഇപ്പോള്‍ മഴയുടെ ശക്തി കുറഞ്ഞു. അതൊരു തേങ്ങലായി തന്നോടൊപ്പം കൂടി.
ഫ്യൂണറല്‍ ഹോമിലെത്തി. അകാലത്തില്‍ പൊലിഞ്ഞ, കണ്ണീര്‍പ്പൂവിനെ ഒന്നു കൂടി കാണുവാന്‍ ഇഷ്ടപ്പെട്ടവര്‍ ഒത്തുകൂടിയിരിക്കുന്നു.
സമയം കാലത്തിന്‍റെ കൈവഴിയിലൂടെ പതുക്കെ കടന്നുപോകുന്നു. ഒരു തിടുക്കവുമില്ലാത്ത കുറച്ചു നിമിഷങ്ങള്‍. വാക്കുകളും ജഡരൂപമായി.
ചലനമറ്റ ശരീരത്തെ ഒരുനോക്കു കാണുവാന്‍ വേണ്ടി കൂടിയവരല്ല ആവരാരും. അതിനുമപ്പുറമുള്ള എന്തൊക്കെയോ വൈകാരികത അവരിലാകെ വ്യാപരിച്ചിരുന്നു.
'യാത്രയാകുമ്പോള്‍ അരികില്‍ ഉണ്ടാവണം, പിന്നെ എനിക്കായ് ഒരു ചരമക്കുറിപ്പും...'കൊടുത്ത വാക്ക് പാലിക്കണം.
കോട്ടിന്‍റെ പോക്കറ്റില്‍ പരതി. ചിലതെല്ലാം കുറിച്ചിട്ടുണ്ട്. അല്ലെങ്കില്‍ത്തന്നെ അവളെ കുറിച്ചു പറയുവാന്‍ അധികമായി എന്തു കുറിക്കാന്‍. ഹൃദയത്തില്‍ കാവ്യം പകര്‍ന്നവളാണ്. മനോമുകുരത്തിലെ വിചാരമണ്ഡലവും പുഞ്ചിരിയിലൊളിപ്പിച്ച ദുഃഖവും ആയിരംകാതം അകലെയിരുന്നു തിരിച്ചറിഞ്ഞവള്‍. അവസാനമായി ഒരുനോക്കു കാണുവാനുള്ള നീണ്ടനിരയില്‍ ഞാനും എന്‍റെ ഓര്‍മകളും ഇടംപിടിച്ചു.
എന്നും അവള്‍ക്ക് അവളുടേതായ ആശയങ്ങള്‍ ഉണ്ടായിരുന്നു.ڈഅതില്‍ സ്വപ്നവും ചിന്തയും ഉണ്ടായിരുന്നു. ചില തത്ത്വചിന്തയുടെ ആഴങ്ങളെ സ്പര്‍ശിക്കുന്ന ആശയങ്ങള്‍കൊണ്ട് അവള്‍ പുതിയ മാനങ്ങള്‍ തീര്‍ത്തിരുന്നു.
മരണത്തെക്കുറിച്ച് പറയുമ്പോള്‍ അവള്‍ വാചാലയായിരുന്നു. തൊട്ടുനിന്ന് അനുഭവം പോലെയാണ് അതിനെക്കുറിച്ച് അവള്‍ പറയുക.
എപ്പോഴോ നൂലു പൊട്ടിയ ഒരു പട്ടം, അലക്ഷ്യമായ കാറ്റിന്‍ കൈകളില്‍ നിന്നും ചിതറിയുഴറി കാഴ്ചയില്‍ നിന്നും മറയുന്നതുപോലെയുള്ള ഒരു ജീവിതത്തിന്‍റെ നേര്‍ച്ചിത്രം ആ വാക്കുകളില്‍ കണ്ടെത്താന്‍ പ്രയാസമുണ്ടായിരുന്നില്ല. ജീവിതത്തെ അവള്‍ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു.
'പുനര്‍ജ്ജന്മം ഉണ്ടോ എന്നറിയില്ല; ജന്മം കൊണ്ട് മറ്റുള്ളവരുടെ മനസ്സിലും ഓര്‍മയിലും വസന്തമൊരുക്കുക',
ചെറുചിരിയോടെ അവള്‍ തുടര്‍ന്നു.
'പുനര്‍ജ്ജനി ഉണ്ടെങ്കില്‍ ഞാന്‍ സാഗരമായും നീ തിരയായും... കാറ്റിനും പൗര്‍ണ്ണമിയിലെ വേലിയേറ്റങ്ങള്‍ക്കും വേര്‍പിരിക്കാനാവാത്ത.... ആഴിയും തീരവുമായി .......' പറഞ്ഞു പൂര്‍ത്തിയാക്കുംമുമ്പേ അവളുടെ കണ്ഠം ഇടറിയിരുന്നു. കണ്ണുകളില്‍ നനവും ഉണ്ടായിരുന്നു.
'ഞാന്‍ ഒന്നുമല്ലെടോ, വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ആരേയും ഉപദ്രവിക്കാതെ ഈ ജീവിതം ഇങ്ങനെ മുന്നേറുക. ആവുംപോലെ എന്തെങ്കിലുമൊക്കെ ചെയ്യുക. ഇവിടെ ഞാന്‍ ഉണ്ടായിരുന്നു എന്നൊരു ഓര്‍മപ്പെടുത്തല്‍. അത്രയേ വേണ്ടൂ.'
ആ വാക്കുകള്‍ പതിവില്‍ കവിഞ്ഞ് ഇടറിയിരുന്നു.
ഓരോ ചുവടുറപ്പിലും ഓരോ ഓര്‍മകള്‍.
മുന്‍നിരകള്‍ ഏതാണ്ട് ചിതറി മാറി. പിന്‍നിരയ്ക്കു ദൂരം കൂടിയിരുന്നു.
അവളുടെ അടുത്ത് എത്താറായപ്പോഴേക്കും ഹൃദയമിടിപ്പിന്‍റെ വേഗത കാലുകള്‍ക്ക് ഇല്ലാതെയായി.
കണ്ണുകള്‍ അടച്ച് അവള്‍ അങ്ങനെ...
ജീവന്‍ ഊര്‍ന്നുപോയെങ്കിലും ആ മുഖം പ്രസന്നമായിരുന്നു.
ഒന്നുകൂടെ നോക്കാന്‍ മനസ്സ് അനുവദിച്ചില്ല. പക്ഷെ, കഴുത്തില്‍ അണിഞ്ഞിരിക്കുന്ന മാലയിലേക്ക് കണ്ണുകള്‍ പരതി. അതെ ആ മാലതന്നെ!
ഒരു നീര്‍ത്തുള്ളി പോലെയുള്ള ആ പതക്കം വേര്‍പിരിയാന്‍ ആവാത്തതുപോലെ.
കോളേജില്‍ നിന്നു ടൂര്‍ പോയ ആ കാലത്തിലേക്ക് ആ പതക്കം എന്നെ കൂട്ടിക്കൊണ്ടുപോയി. മുത്തുകളും പവിഴങ്ങളും വില്‍ക്കുന്ന ഒരു കടയില്‍ ഞങ്ങള്‍ കയറി. തിരച്ചിലിനിടയില്‍ അവളുടെ കണ്ണുകള്‍ ഏതോ ഒരു മാലയില്‍ ഉടക്കിനിന്നതുപോലെ.
അടുത്തെത്തിയപ്പോള്‍ ആ മാലയിലേക്ക് ചൂണ്ടിക്കൊണ്ട് അവള്‍ പറഞ്ഞു.
'എന്തോ ഒരു പ്രത്യേകത തോന്നുന്നു.'
'അതെ, നല്ല ഒരു ലോക്കറ്റ്. കണ്ണുനീര്‍ത്തുള്ളി പോലെ,ڇആത്മാവില്‍ സംവേദനങ്ങള്‍ പ്രവഹിക്കുന്ന, പെയ്തൊഴിയാത്ത മേഘംപോലെ ആ മിഴിനീര്‍ത്തുള്ളികളില്‍ ഒന്ന്....'
അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
'ഒന്നു വാടോ, നമ്മോടൊപ്പമുള്ളവര്‍ പോയി. തന്‍റെ ഒരു കവിത.'ڈ
അവളെ കൂട്ടുകാര്‍ക്കൊപ്പം പറഞ്ഞു വിട്ടു.
അവള്‍ ആഗ്രഹിച്ച ആ മാല കൈയ്യിലെടുത്തു. വെറുതെ അതുകൊണ്ട് അവളുടെ പേരു കൈത്തലത്തില്‍ കുറിച്ചു. നിനക്കുള്ള എന്‍റെ സമ്മാനം. മനസ്സു പറഞ്ഞു.
പിന്നീട് എത്രയോ ദിവസങ്ങള്‍ ആ മാല നോക്കി അങ്ങനെ വെറുതെയിരിക്കും. അപ്പോള്‍ അതില്‍ തെളിയുന്നത് അവളുടെ മുഖമായിരിക്കും. ചിലപ്പോള്‍ അത് സംസാരിക്കുന്നതുപോലെ. ഞാനും സംസാരിക്കുമായിരുന്നു. അവളോടു പറയാന്‍ കഴിയാതിരുന്നതൊക്കെ അതിനെ നോക്കി പറയുമായിരുന്നു. ആ മാലയില്‍ ഒരു ചുംബനം നല്‍കണമെന്നു തോന്നിയ സന്ദര്‍ഭങ്ങള്‍. 'വേണ്ട, അതുതാത്തതൊന്നും വേണ്ട...' പാകപ്പെട്ട മനസ്സു പറയുമായിരുന്നു.
പഠനം പൂര്‍ത്തിയാക്കി കോളജ് ക്യാമ്പസ് വിട്ടിറങ്ങുന്നതിനു മുമ്പ്, ഞാനത് അവള്‍ക്കു നല്‍കി.
എപ്പോഴോ ഇഷ്ടപ്പെട്ടു മറന്ന ആ മാല അവള്‍ കണ്ടമാത്രയില്‍ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.ചിലതങ്ങനെയാണ്. ഒരിക്കല്‍ മാത്രം കണ്ടാല്‍ മതി. പിന്നീടത് ഒപ്പമുണ്ടാകും. അതിനെക്കുറിച്ച് ഓര്‍ക്കണമെന്നില്ല. എങ്കിലും അതൊപ്പമുണ്ടാകും.
എത്ര ആവേശത്തോടെയാണ് അവള്‍ അതു നോക്കിനിന്നത്.
തന്‍റെ ഇഷ്ടത്തെ തിരിച്ചറിഞ്ഞ ഒരാള്‍ തനിക്കുണ്ടല്ലോ എന്ന ചിന്ത അവളെ ഭരിച്ചിരുന്നതുപോലെയുള്ള നോട്ടമായിരുന്നു അപ്പോഴവളില്‍ ഉണ്ടായിരുന്നത്.
'നന്നായി അറിയുന്നവര്‍ക്ക്, ദൂരമോ, സമയക്കുറവോ ഒന്നും സൗഹൃദത്തെ കുറയ്ക്കില്ല. നമ്മുടേത് ആഴമേറിയ സൗഹൃദം ആയിരുന്നു. നമ്മുടെ ഇന്നലകള്‍ ശേഷിക്കുന്ന കാലത്തോളം നിലനില്ക്കും. ഇത് ഏറ്റവും മികച്ച കാലമെന്ന് ഒരു ദിവസം നാം തിരിച്ചറിയും'.
ഇങ്ങനെയൊരു കുറിപ്പ് ആ ബോക്സില്‍ വെച്ചിരുന്നു. അപ്പോള്‍ അത് അവളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ആ മാല അവള്‍ ബോക്സിലാക്കി. ഇഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ അവള്‍ തന്‍റെ ഉള്ളം കൈയ്യില്‍വച്ച് അതില്‍ തന്നെ നോക്കിയിരുന്നു.
സന്തോഷത്തിന്‍റെ കണ്ണുനീര്‍.
മഴത്തുള്ളി പതക്കം പോലെ അവളുടെ പീലികളില്‍ ഉടക്കി നിന്നു.ڈ
വൈകാരികതയുടെ ഏതോ ഹൃദയതടങ്ങളില്‍ നിന്നുയര്‍ന്ന ഇളംകാറ്റുപോലെ, അവ്യക്തമായ ചില ആശയങ്ങള്‍ അലകളുയര്‍ത്തി.
'നിന്‍റെ ഈ ഭാവത്തെ എനിക്കു പകര്‍ത്താന്‍ കഴിഞ്ഞാല്‍...'
അവള്‍ പറഞ്ഞു.
'ഒന്നെഴുതെടോ, തനിക്ക് കഴിയും. എന്ത് നന്നായി സംസാരിക്കുന്ന ആളാ.'
അവളുടെ പ്രചോദനം എന്നിലൂര്‍ജ്ജമായി. അങ്ങനെയാണ് എന്‍റെ ആദ്യകവിതയുടെ പിറവി- 'നീര്‍മിഴിത്തുള്ളിയിലെ മഴവില്ല്'
ആസ്വാദന സമൂഹം അംഗീകരിച്ച വാരികയില്‍ അതച്ചടിച്ചുവന്നതും ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം പുതിയൊരു തുറവിയായിരുന്നു. കവിതയിലെ വിത തിരിച്ചറിഞ്ഞവര്‍ ഫോണിലൂടെ ബന്ധപ്പെട്ടു. മറ്റു പ്രസിദ്ധീകരണങ്ങളും ആ കവിത ശ്രദ്ധിച്ചിരുന്നു. അവര്‍ക്കുവേണ്ടി പിന്നീട് പലതും എഴുതി. എന്തിനെക്കുറിച്ച് എഴുതാനിരിക്കുമ്പോഴും ഒരു കാറ്റിന്‍റെ സ്പര്‍ശമായി അവളുണ്ടായിരുന്നു. വ്യത്യസ്ത വര്‍ണ്ണങ്ങളും സുഗന്ധങ്ങളുമായി അതെന്നില്‍ പുതിയ പുതിയ ബിംബങ്ങളുടെ പിറവിക്കു കാരണമായി. ആദ്യ കവിതാസമാഹാരം പുതു തലമുറയിലെ വാഗ്ദാനങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിരൂപണം കൂടിയായപ്പോള്‍ എന്നിലെ ഞാന്‍ തീര്‍ത്തും ഒരു കവിയായി മാറുകയായിരുന്നു. പ്യൂപ്പയില്‍ നിന്നും ചിത്രശലഭത്തിലേക്കുള്ള വളര്‍ച്ചപോലെ.
പ്രസിദ്ധീകരണത്തിന്‍റെ പിറ്റേവര്‍ഷം തന്നെ ആ വര്‍ഷം മലയാളത്തിനോടു വിടപറഞ്ഞ കവിയുടെ പേരിലുള്ള വലിയ അവാര്‍ഡും ലഭിച്ചു.
സാഹിത്യ അക്കാദമിയില്‍ വച്ച് അത് സ്വീകരിക്കുമ്പോള്‍ അവള്‍ സദസ്സില്‍ എവിടെയെങ്കിലും ഉണ്ടായിരിക്കുമെന്ന് വെറുതെ ഒരു തോന്നല്‍.
അവള്‍ ആ നഗരത്തിനടുത്ത് എവിടെയോ ആയിരുന്നു താമസിക്കുന്നതെന്ന് എപ്പോഴോ അറിയാന്‍ കഴിഞ്ഞിരുന്നു. അവാര്‍ഡ് സ്വീകരിച്ചു നന്ദി പറയുമ്പോള്‍ അവളെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. എല്ലാ അര്‍ത്ഥത്തിലും പറയാതിരിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല.
വേദി വിട്ട് പുരസ്കാരവുമായി പടികളിറങ്ങി നിന്നപ്പോള്‍ ഒരു ചെറുചിരിയാണ് ആദ്യം എതിരേറ്റത്.
'നിങ്ങള്‍ എന്തെങ്കിലും ആഗ്രഹിക്കുമ്പോള്‍, അത് നേടുന്നതിനായി പ്രപഞ്ചം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാവും'.
ആ ആശയത്തിലൂടെ പൗലോ കൊയ്ലോയിലേക്കുള്ള വാതില്‍ തുറന്നിട്ടവള്‍ ഇതാ തന്‍റെ മുന്നില്‍.
'ജീവിതം ഒളിച്ചുകളിയാണെങ്കില്‍, നമ്മുടെ മനസ്സ് ഒളിച്ചിരിക്കുകയും നമ്മുടെ ഹൃദയം അന്വേഷിക്കുകയും ചെയ്യും' ഇതുകൂടി അനുബന്ധമായി പറഞ്ഞപ്പോള്‍ ഇപ്പോഴും അവളില്‍ ഞാനുണ്ടായിരുന്നുവെന്നു ഒരിക്കല്‍ കൂടി ബോധ്യപ്പെട്ടു.
എന്നിട്ടും.
വേദനയൊതുക്കിയ ആ പുഞ്ചിരി. കരിമേഘങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങാന്‍ ശ്രമിക്കുന്ന കിരണങ്ങള്‍ പോലെ...
അവളൊടൊപ്പമുണ്ടായിരുന്ന ഭർത്താവു അവളെ ചേര്‍ത്തു പിടിച്ചുകൊണ്ട് പറഞ്ഞു.
'മറുപടി പ്രസംഗം നന്നായിരുന്നു. ഈ കഥാ സമാഹാരം ഇവള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. പ്രത്യേകിച്ച് അവസാനത്തെ കഥ പല പ്രാവശ്യം വായിക്കുന്നത് ശ്രദ്ധിച്ചു. ഒരിക്കല്‍ അവള്‍ക്കുവേണ്ടി വായിച്ചുകൊടുക്കുക കൂടിയുണ്ടായി. അതിലെ ക്യാമ്പസും കഥാപാത്രങ്ങളും...ഒക്കെ ഞാന്‍ ഇപ്പോള്‍ കാണുകയാണ്.'
യാത്ര പറയുന്നതിനു മുമ്പായി അവളുടെ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു. ഏതാണ്ട് രണ്ടാഴ്ചക്കാലം ആ നഗരത്തില്‍ ഞാന്‍ ഉണ്ടായിരുന്നു. ഒന്നുകൂടി കാണണം എന്നൊരു തോന്നല്‍.
കായലരികത്തുള്ള മാമോസ് കഫെയില്‍ വരുമോ എന്നാരാഞ്ഞു.
ഭര്‍ത്താവിനോട് അനുവാദം വാങ്ങട്ടെ എന്നായിരുന്നു മറുപടി.
ഏപ്രില്‍ മുപ്പതിലെ ആ സായാഹ്നത്തില്‍ അവള്‍ മാമോസ് കഫെയിലെത്തി. ഒരു ഇരുപതുകാരന്‍റെ ഹൃദയമിടിപ്പോടെ അവളുടെ അരികില്‍ ഇരുന്നു.
മോട്ടിവേഷന്‍ നല്കുന്ന ഒരാളെ കണ്ടുമുട്ടുന്നത് ആശ്വാസമാണ്. ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടുകയും ആ നിമിഷം വീണ്ടും ഉണ്ടാകില്ലെന്നും, എല്ലാം വീണ്ടും ഉപേക്ഷിക്കപ്പെടും എന്നുള്ളത് മനസ്സിന് അംഗീകരിക്കുവാന്‍ പറ്റാത്ത അപ്രിയ സത്യമാണ്.
'ബോറടിച്ചിട്ടുണ്ടാവും. ട്രാഫിക്കില്‍പ്പെട്ടുപോയി. സോറി.'
ജീവിതത്തെക്കുറിച്ച്, കുടുംബത്തെക്കുറിച്ച്, ലക്ഷ്യങ്ങളെക്കുറിച്ച്, ദൗത്യങ്ങളെക്കുറിച്ച്, രോഗത്തെക്കുറിച്ച് വാതോരാതെ അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
'മറ്റുള്ളവര്‍ക്ക് പ്രചോദനമേകി കാലത്തിന്‍റെ മണ്‍തരികളില്‍ കാല്‍പാദങ്ങള്‍ പതിപ്പിച്ചു കാലം തികയ്ക്കണം.' ഒരു സിംഫണിപോലെ അവള്‍ ആവര്‍ത്തിച്ചു.
അപ്പോഴും ഇടയ്ക്കിടെ അവള്‍ മാലയിലെ പതക്കത്തെ സ്പര്‍ശിച്ചിരുന്നു.
ഓര്‍മകളുടെ വെള്ളിവെളിച്ചംപോലെ അതു തന്നെ പഴയകാലങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി.
എരിഞ്ഞു തീരാത്ത ഒരു നെരിപ്പോട്.
യാത്രപറയുമ്പോഴും മിഴിപ്പീലിയില്‍ ഒരുനീര്‍ത്തുള്ളി ഉടക്കിനിന്നു.
ആ കണ്ണുകള്‍ തുടയ്ക്കുവാന്‍ കൈ ഉയര്‍ന്നെങ്കിലും വീണ്ടുവിചാരത്തോടെ പിന്‍വലിച്ചു.
ആത്മാവിന്‍റെ വികാരത്താളുകള്‍ ഒന്നു മറിച്ചു നോക്കി. മരുപ്പച്ചതേടുന്ന മോഹങ്ങള്‍. എങ്കിലും പ്രത്യാശ മിന്നിമറിഞ്ഞുവോ? കരിന്തിരി എരിഞ്ഞ കിനാവുകളില്‍ ഒരഗ്നിസ്ഫുലിംഗം. വേദനയില്‍ വെന്തുനീറിയെങ്കിലും ഇല്ലാതായ ഇന്നലെകളെ തേടുന്നതില്‍ അര്‍ത്ഥമില്ലല്ലോ എന്നാശ്വസിക്കുവാന്‍ ശ്രമിച്ചു.
നഗരം വിടുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി കാണണമെന്ന് ആഗ്രഹിച്ചു.
പക്ഷെ, അതിങ്ങനെയായിരിക്കുമെന്നു കരുതിയില്ല.
സൗമ്യയായി കിടക്കുന്നതും കണ്ട് മുന്നോട്ടു പോകുമ്പോള്‍ അവള്‍ക്കരികിലിരുന്ന മകള്‍ എഴുന്നേറ്റു.
കാതില്‍ മന്ത്രിക്കും പോലെ അവള്‍ പറഞ്ഞു.
'അങ്കിള്‍ കൊടുത്ത മാല താലിക്കൊപ്പം അണിയിച്ചു വിടണം എന്ന് മമ്മി പറഞ്ഞിരുന്നു.'
കണ്ണു തുടച്ചുകൊണ്ട് അവള്‍ തുടര്‍ന്നു.
അങ്കിള്‍ എപ്പോഴും മമ്മിക്ക് ബേസ്ഡ് ഫ്രണ്ട് ആയിരുന്നുവെന്ന് പറഞ്ഞിരുന്നു. ഒത്തിരി നന്ദിയുണ്ട്. അങ്കിള്‍ എന്‍റമ്മയെ സന്തോഷവതിയാക്കുവാന്‍ സഹായിച്ചതിന്....' അപ്പോഴേക്കും അവള്‍ പൊട്ടിക്കരഞ്ഞിരുന്നു.
'ഉള്ളിലെ പ്രകാശം അണയുകയും മറ്റൊരു പ്രകാശത്തില്‍ വീണ്ടും ജ്വലിക്കുകയും ചെയ്യും. നമ്മുടെ ഉള്ളില്‍ ജ്വാല കൊളുത്തിയവരെയും ഓര്‍ക്കണം' എപ്പോഴോ അവള്‍ പറഞ്ഞ ആ വാക്കുകള്‍ മനസ്സില്‍ തെളിഞ്ഞു.
അനുസ്മരണത്തിനായി വിളിച്ചപ്പോള്‍, കണ്ണുകള്‍ നിറഞ്ഞു. തൊണ്ട വറ്റി. വാക്കുകള്‍ ഇടറി. പൊട്ടിക്കരഞ്ഞേക്കുമോ എന്നു തോന്നി. എങ്കിലും പറഞ്ഞു തുടങ്ങി.
'ഗിവ് അപ്പ്' എന്ന വാക്ക് ജീവിത നിഘണ്ടുവില്‍ ഒരിക്കലും എഴുതി ചേര്‍ക്കരുത് എന്നു പഠിപ്പിച്ചവള്‍. വളരുക എന്നത് കൊണ്ട് എല്ലാവരും ഉദ്ദേശിക്കുന്നത് പ്രായമേറുന്നതിനെ ആണ്. എന്നാല്‍ പ്രായമേറുന്നവര്‍ അല്ല വളരുന്നത്, ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വയം പുനര്‍ജനിക്കാന്‍ കഴിയുന്നവര്‍ മാത്രമാണ് വളരുന്നത്.
പ്രായം ഏറുന്നത് സഹജമാണ്. ജീവിച്ചു തീര്‍ത്ത ദിനങ്ങളുടെ എണ്ണം നോക്കി പ്രായവും പക്വതയും അളന്നെടുക്കുന്നതാണ് പലപ്പോഴത്തേയും വിലയിരുത്തലിലെ അപാകത. തിരുത്തലുകള്‍ക്കും ഭേദഗതികള്‍ക്കും ഒരു സാധ്യതയുമില്ലാത്ത ജീവിതത്തില്‍ ഒരു പരിവര്‍ത്തനവും ഉണ്ടാകുന്നില്ല.
പുനര്‍ജനിക്കണം, ഉയര്‍ത്തെഴുന്നേല്‍ക്കണംവീണിടത്തുനിന്ന്, അവഹേളിക്കപ്പെട്ടിടത്തുനിന്ന്, ആത്മവിശ്വാസം തകര്‍ന്നിടത്തുനിന്ന്, ഒരുവഴിയും കാണാത്ത ഒളിസങ്കേതങ്ങളില്‍ നിന്ന്, അപകര്‍ഷതാ ബോധത്തില്‍ നിന്ന് എത്രതവണ പുനര്‍ജനിക്കാന്‍ കഴിയുന്നുവോ അത്രമേല്‍ വിശിഷ്ടവും വിശുദ്ധവും ആകും ജീവിതം. തോല്‍വി സമ്മതിച്ചു അടിയറവു പറയാന്‍ വളരെ എളുപ്പം. എങ്കില്‍ നിങ്ങളുടെ ശക്തി വിജയത്തില്‍ നിന്നല്ല, അത് പോരാട്ടങ്ങളില്‍ നിന്നും ബുദ്ധിമുട്ടുകളില്‍ നിന്നും വരുന്നു. നിങ്ങള്‍ കടന്നുപോകുന്ന എല്ലാ വെല്ലുവിളികളും നിങ്ങളെ അടുത്ത ഘട്ടത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നു.
സ്നേഹത്തില്‍ സ്വയം പോഷിപ്പിക്കാത്ത, ശക്തമായ, സ്വയം പരിചരണം നടത്താത്ത ഒരു സ്ത്രീ, ഒരുതരത്തില്‍ സങ്കല്പം മാത്രമാണ്. പ്രതീക്ഷ കൈവിടുക, അത് ലോകത്തിലെ ഏറ്റവും എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ നിങ്ങള്‍ തകരുമെന്ന് എല്ലാവരും പ്രതീക്ഷിക്കുമ്പോള്‍ പുഞ്ചിരിയോടെ നേരിടുക, അതാണ് യഥാര്‍ത്ഥശക്തി. സ്വയം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക, ഒന്നിനോടും വിട്ടുവീഴ്ച ചെയ്യരുത്. അപ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും, പാറകള്‍ തരണം ചെയ്ത് നദി ഒഴുകാന്‍ തുടങ്ങിയതുപോലെ, വളര്‍ച്ച ആരംഭിക്കുന്നു.'
ഇതൊക്കെ എന്നെ പറയാന്‍ പ്രേരിപ്പിച്ച ഈ വിയോഗം ഭൗതികമായ ഒരു നഷ്ടമാണെങ്കിലും അതൊരു സാന്നിധ്യമായി, ആശയമായി, പ്രേരണയായി ജീവിതത്തില്‍ അവശേഷിക്കുന്നുവെന്ന് പറഞ്ഞു കൊണ്ട് ഉപസംഹരിക്കുമ്പോള്‍ ഞാന്‍ എന്താണ് പറയുന്നതെന്ന് മനസ്സിലാകാത്തവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നുവെന്ന് അവരുടെ നിശബ്ദത എന്നോടു പറയുന്നുണ്ടായിരുന്നു.
ഇങ്ങനെയൊക്കെയല്ലാതെ മറ്റെന്താണ് എനിക്കു പറയാന്‍ കഴിയുക!
കാറിനടുത്തേക്ക് നടക്കുമ്പോള്‍ മഴ തോര്‍ന്നിരുന്നുവെങ്കിലും മരം പിന്നെയും പെയ്തുകൊണ്ടേയിരുന്നു.
ഡോര്‍ അടയ്ക്കുമ്പോഴാണ് അവിചാരിതമായിആകാശച്ചരുവിലെ ആ മഴവില്ല് കണ്ണില്‍പ്പെട്ടത്. ..ആദിത്യൻറ്റെ കിരണങ്ങൾക്കൊപ്പം ഒരു നേർത്ത മാരിവിൽ.എന്താണാവോ ഈ മഴവില്ലു സൂചിപ്പിക്കുന്നത്.? അവൾ സ്വർഗത്തിൽ എത്തിച്ചേർന്നുവോ?അതാണോ സപ്തവർണങ്ങൾ നഭസ്സിൽ വിളങ്ങുന്നതു ?അവളെ അവസാനമായി മോമസ് കഫെയിൽ നിന്ന് യാത്രപറയുമ്പോൾ നീര്മിഴി പീലിയിലെ മഴവില്ലും,കഴുത്തിൽ അണിഞ്ഞിരിക്കുന്ന മഴതുള്ളി പതകത്തിൽ നിന്ന് പ്രതിഫലിക്കുന്ന മഴവില്ലും ,ഇപ്പോൾ മഴമേഘങ്ങൾ പെയ്തൊഴിഞ്ഞ നഭോമണ്ഡലത്തിലെ മഴവില്ലിലും , അതിലെ വര്‍ണങ്ങള്‍ അവളായി രൂപാന്തപ്പെടുകയായിരുന്നു…….
NB: അടുത്തകാലത്ത് പഠിപ്പിക്കുന്ന വിദ്യാർത്ഥിയുടെ മാതാവിൻറ്റെ ശവസംസ്കാരചടങ്ങിൽ പങ്കെടുക്കുമ്പോൾ അവർ കഴുത്തിൽ അണിഞ്ഞിരുന്ന മാലയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു കഥ