നാലുകെട്ടിൻ്റെ ഗർഭഗൃഹത്തിൻ
നാഴിമൗനം ശിരസ്സിൽ തൊടുമ്പോൾ
വാനമേഘമിഴികളിൽ നിന്ന്
ആടിമാസം തിമിർത്തു പെയ്യുന്നു
കാറ്റിലോർമ്മകൾ കൂടുതേടുന്നു
മേച്ചിലോടുകൾ പൊട്ടിവീഴുന്നു
കാട്ടരുവി കുതിച്ച് പായുന്നു
കൂട്ടിനുണ്ട് നിളയും, തണുപ്പും
നോക്കിനിൽക്കേ നിലാവായി മാറി
വാക്കിലെ തീക്കനൽത്തരിപ്പൊള്ളൽ!
നോക്കിനിൽക്കേയതിൽ മഞ്ഞ് വീണു,
ഭാഷയിൽ ഭൂമിഗന്ധം പടർന്നു
കൈതയോലകൾ കോതിമിനുക്കി-
മുന്നിലായ് നിള പാടാനിരുന്നു
പാട്ടിലെ കഥയ്ക്കുള്ളിൽ വടക്കൻ-
കോട്ടയൊന്നായ് നിറംമാറിവന്നു
ആളിരമ്പത്തിലെന്നും തനിയെ
നേരുമക്ഷരക്കാടും പടർന്നു
പൂക്കൾ കണ്ണാന്തളികൾ വിടർന്നു,
യാത്ര ചിത്രത്തെരുവ് വരച്ചു
തച്ചനെ പെരുംകാലത്തിനുള്ളിൽ
കൊത്തിവച്ചു വിളക്ക് തെളിച്ചു
വാക്കിലാരൂഢഗൂഢലോകത്തിൽ
നാക്കിലപ്പച്ചഗ്രാമം വളർന്നു
രാജഗോപരത്തിൽ നിന്ന്, രണ്ടാമൂഴ-
മൊന്നിൽ മഹാകാലയാത്ര
കാലമൂലസ്തൂപങ്ങൾക്ക് മുന്നിൽ
ആരവങ്ങളടക്കുന്നു മൗനം!
പൂവുകൾ മഴത്തുള്ളികൾ തന്നെ,
ഗാനമോ ദേവദുന്ദുഭിനാദം
ദേവദാരുവിൻ പച്ചിലപ്പട്ടിൽ
താഴ്വരകൾ വിരുന്നുവരുന്നു..
സൂര്യജ്വാലയിൽ നിന്ന് വിളക്ക്
ഭൂമിനീട്ടും പിറന്നാളിനൂട്ട്…
(ഞങ്ങളുടെ പഠനകാലത്താണ് അമ്മ 'രണ്ടാമൂഴം' എന്ന പുസ്തകം വായനയ്ക്കായി കൊണ്ടുവന്നത്. ബയൻ്റിട്ട വലിയ ഒരു പുസ്തകം.. കവിതയുടെ ലോകമായിരുന്നു അക്കാലത്ത് എനിക്ക് പ്രിയം. എങ്കിലും രണ്ടാമൂഴം വളരെ ശ്രദ്ധയോടെ വായിച്ചു. വേനലവധിക്കാലത്ത് അമ്മ ഞങ്ങൾക്ക് വേണ്ടി പുരാണങ്ങൾ മുഴുവൻ വായിക്കുകയും അർത്ഥം പറഞ്ഞ് തരികയും ചെയ്തിട്ടുണ്ട്. അർജ്ജുനനും കൃഷ്ണനും വീരനായകന്മാരാകുന്ന പുരാണകഥകളിൽ നിന്ന് വ്യത്യസ്തമായി ഭീമസേനനായിരുന്നു രണ്ടാമൂഴത്തിലെ നായകൻ. അന്നത്തെ വായനയിൽ അതിതീവ്രമായ ദു:ഖം, നിരാശ, ഹൃദയത്തിനൊരു വിങ്ങൽ ഇവയൊക്കെയായിരുന്നു രണ്ടാമൂഴത്തിൽ നിന്ന് കൂടെപ്പോന്നത്. ഓപ്പോൾ എന്ന സിനിമയിലൂടെ എംടി വീണ്ടും ഞങ്ങളുടെ മനസ്സിലേറി. മാദ്ധ്യമങ്ങളിലൂടെ എംടിയുടെ പിറന്നാളാഘോഷം ഗംഭീരമായി നടക്കുമ്പോൾ രണ്ടാമതെത്തുന്നവരോടുള്ള എംടിയുടെ പ്രിയം ശ്രദ്ധിച്ചു. ചന്തുവിനെ ഒരു സിനിമയിലൂടെ നായകനാക്കി. മനുഷ്യനിലെ ഒന്നാമനെക്കാൾ രണ്ടാമതുള്ളവർക്കും ഒരു കഥ പറയാനുണ്ട് എന്ന എംടിയുടെ മനുഷ്യത്വപരമായ കരുതലിനെ ആദരവോടെ മാത്രമേ നോക്കിക്കാണാനാകൂ. എംടിയുടെ തിരഞ്ഞെടുത്ത കഥകളിൽ പലതും ഇതേ പോലെയുള്ള രണ്ടാംഭാവത്തെ ആവിഷ്കരിക്കുന്നതാണ്. കണ്ണിലൊരു നീർക്കണവുമായി ചില കഥാപാത്രങ്ങൾ നമ്മുടെ വീടിനുള്ളിലേക്ക് കയറി വന്ന് രണ്ടോ മൂന്നോ ദിവസം ഹൃദയത്തെ നോവിച്ച് കൊണ്ടിരിക്കും..രണ്ടാമൻമാരെ ഒന്നാമതാക്കുന്ന ഇന്ദ്രജാലം എംടിക്കുണ്ട്, ആ ഇന്ദ്രജാലത്തിന് സ്നേഹാദരങ്ങളർപ്പിക്കുന്നു
മോനിഷ ഉണ്ണി സ്മൃതി 2014 ജനുവരിയിൽ ബാംഗ്ളൂരിൽ നടന്നപ്പോഴാണ് ആദ്യമായി എം ടി സാറിനെ കണ്ടത്, സാർ മൂന്ന് സീറ്റുകൾക്ക് മുന്നിലിരിക്കുന്നത് കണ്ട് സ്നേഹഭയാദരങ്ങളോടെ 'നക്ഷത്രങ്ങളുടെ കവിത' എന്ന എൻ്റെ കവിതാസമാഹാരം സമർപ്പിച്ചു. സ്ഥായിയായ ഗൗരവത്തോടെ സാർ ശിരസ്സുയർത്തി നോക്കി. കാലിൽ തൊട്ട് വന്ദിച്ചപ്പോൾ ഒന്ന് മന്ദഹസിച്ചു. കവിതാസമാഹാരം സാർ മറിച്ച് നോക്കുന്നത് സ്റ്റേജിലുള്ള പ്രൊജക്ടറിലൂടെ ഇടയ്ക്ക് കണ്ടു. മോനിഷ ഒരു നക്ഷത്രകുരുന്നായിരുന്നു, ആകാശത്ത് തിളങ്ങിനിൽപ്പുണ്ടാകും ആ കുഞ്ഞ് എന്ന് ദു:ഖത്തോടെ അന്ന് സാർ അനുസ്മരണത്തിൽ പറഞ്ഞതോർമ്മിക്കുന്നു. )