മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. 79 വയസ്സായിരുന്നു. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത ഒരു നേതാവ്. കേരളത്തിൽ ഒരേ മണ്ഡലത്തിൽ നിന്നും 12 തവണ ജയിച്ചു സാമാജികനായ സർവ്വസമ്മതൻ. 53 വർഷം തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്! തൊഴിൽ, ധനകാര്യം, ആഭ്യന്തരം തുടങ്ങിയവ കുപ്പുകളുടെ മന്ത്രി, പിന്നെ പ്രതിപക്ഷ നേതാവ്, യുഡിഎഫ് കൺവീനർ, രണ്ടു തവണ മുഖ്യമന്ത്രി എന്നിങ്ങനെ വിവിധ നിലകളിലായി അധികാരത്തിന്റെ ഉത്തുംഗശ്രേണിയിൽ! പക്ഷേ, ഒരിക്കൽ പോലും അധികാരത്തിന്റെ ഭ്രാന്ത് പിടിച്ച ഗർവ്വ് അദ്ദേഹത്തിന്റെ തലയ്ക്കു പിടിച്ചിരുന്നില്ല.
സമൂഹത്തിലെ എല്ലാ തുറയിലെയും ആളുകളെ അദ്ദേഹം ഒരുപോലെ കണ്ടിരുന്നു. സഹായം അഭ്യർഥിച്ചു വരുന്നവരുടെ ജാതിയോ മതമോ രാഷ്ട്രീയമോ അദ്ദേഹം നോക്കാറില്ലായിരുന്നു. ഒരു രാഷ്ട്രീയ നേതാവ് എന്തായിരിക്കണം എന്നതിന്റെ ഉദാത്തമായ ഉദാഹരണമായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി. രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു രാഷ്ട്രീയ സർവ്വകലാശാലയായിരുന്നു. എങ്ങനെ ഒരു ജനസംബന്ധിയായ രാഷ്ട്രീയക്കാരനാവാം എന്നത് അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ കാണിച്ചു കൊടുത്തു. 2004 മുതൽ 2006 വരെ മുഖ്യമന്ത്രിയായും 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവായും പിന്നീട് 2011 മുതൽ 2016 വരെ വീണ്ടും മുഖ്യമന്ത്രിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. അദ്ദേഹം മുഖ്യമന്ത്രിയായപ്പോൾ നടത്തിയ ജനസമ്പർക്ക പരിപാടി ഇന്ത്യയിലെന്നല്ല ലോകത്തിലെ തന്നെ പുതിയ ഒരനുഭവമായിരുന്നു. ആയിരക്കണക്കിന് ആളുകളുടെ പരാതികളാണ് സ്വീകരിച്ചതും ഉടനടി പരിഹാരം കണ്ടെത്തിയതും.
വെറും രണ്ടു പേരുടെ ഭൂരിപക്ഷം കൊണ്ട് ഒരു കൂട്ട് മന്ത്രിസഭയെ അഞ്ചു വർഷം പൂർണ്ണമായി നയിച്ച രാഷ്ട്രീയ ചാണക്യനായിരുന്നെങ്കിലും അദ്ദേഹത്തിന് ചില കാര്യങ്ങളിൽ വീഴ്ച്ച പറ്റിയിട്ടുണ്ട്. എല്ലാവരെയും അദ്ദേഹം കണ്ണുമടച്ചു വിശ്വസിച്ചു. കൂടെ നിന്ന് പണി കൊടുത്ത ജോപ്പനെയും കോപ്പനെയുമൊക്കെ മനസ്സിലാക്കാൻ വൈകിപ്പോയി. എങ്ങനെയും അധികാരം പിടിച്ചെടുക്കണം എന്ന് കരുതി എന്തു വൃത്തികേടും ചെയ്യാൻ മടിയില്ലാത്ത പ്രതിപക്ഷത്തിന്റെ ചതിക്കുഴി കാണാൻ കഴിയാതെ പോയി. അതിലുപരി, കൂടെ നിന്നവരിൽ ചിലർ പ്രതിപക്ഷത്തിനൊപ്പം നിന്ന് തനിക്കിട്ടു പാര പണിയുമെന്ന് ചിന്തിക്കാനുള്ള ദീർഘവീക്ഷണവും ഇല്ലാതെ പോയി. അലകടലിൽ പെട്ട ചെറുതോണി പോലെ ആടിയുലഞ്ഞെങ്കിലും അതിവിദഗ്ദ്ധമായിട്ടാണ് അദ്ദേഹം കാലാവധി പൂർത്തീകരിച്ചിറങ്ങിയത്. ജനസമ്പർക്ക പരിപാടിയിലൂടെ അതിവേഗം ബഹുദൂരം അദ്ദേഹം ജനമനസ്സുകളിലേക്കിറങ്ങി ചെന്നു. ജനപ്രീതി അഭൂതപൂർവ്വമായി വർദ്ധിച്ചപ്പോൾ വീണ്ടും യു ഡി എഫ് അധികാരത്തിൽ വരുമെന്ന് മനസ്സിലാക്കിയ പ്രതിപക്ഷവും അധികാരത്തിൽ വന്നാൽ ഉമ്മൻ ചാണ്ടി തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന സത്യം തിരിച്ചറിഞ്ഞ കുപ്പായം തയ്പ്പിച്ചു വച്ചിരുന്ന ചില സഹപ്രവർത്തകരും കൂടി തുരങ്കം വച്ചാണ് ഉമ്മൻ ചാണ്ടിയെ വെട്ടിയതും എൽ ഡി എഫ് അധികാരത്തിൽ വന്നതും.
അന്നവർ കളിച്ച വൃത്തികെട്ട കളി സർവ്വ മാനുഷിക മൂല്യങ്ങൾക്കും വെല്ലുവിളി ഉയർത്തിയ നടപടികളാണ്. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയും കെ എം മാണിയുടെ കോഴ വിവാദവും സരിത എന്ന ശൂർപ്പണകയുടെ സോളാർ വിവാദവും കൂടി കുടത്തിൽ നിന്നിറങ്ങിയ ഭൂതം പോലെ ഉമ്മൻ ചാണ്ടിയുടെ തലയ്ക്കു മുകളിൽ ഉയർന്നു നിന്നിട്ടും പതറാതെ നേരിട്ട ചാണക്യ തന്ത്രം ഇന്നും പല രാഷ്ട്രീയക്കാർക്കും അത്ഭുതം മാത്രമാണ്. സരിതയെ കെട്ടി എഴുന്നെള്ളിച്ചു കൊണ്ടുവന്ന സി പി എം ഒരു ലക്ഷം സഖാക്കളെ അണിനിരത്തി തിരുവനന്തപുരത്തു പ്രതിരോധം തീർത്തപ്പോൾ സെക്രട്ടറിയേറ്റിന് അവധി പ്രഖ്യാപിച്ചു മുഖ്യമന്ത്രി ഞെട്ടിച്ചപ്പോൾ നാണം കെട്ട സഖാക്കൾ തലസ്ഥാന നഗരം മുഴുവൻ തൂറി നാറ്റിച്ചു വൃത്തികേടാക്കി മടങ്ങിയ കഥ കേരള ജനത മറക്കില്ല. താൻ നിരപരാധിയാണെന്ന് പൂർണ്ണ ബോധ്യമുണ്ടായിരുന്ന ഉമ്മൻ ചാണ്ടി അന്വേഷണത്തെ ഭയപ്പെട്ടില്ല. ശിവരാജ് കമ്മീഷൻ മുൻപാകെ പതിമൂന്നു മണിക്കൂർ തുടർച്ചയായി ഇരുന്നു സർവ്വ ചോദ്യങ്ങൾക്കും മറുപടി നൽകിയ അദ്ദേഹത്തിനെ ഇന്നത്തെ മുഖ്യമന്ത്രിയുമായി താരതമ്യപ്പെടുത്തുകയാണ് കേരളത്തിലെ ജനങ്ങൾ ഇന്ന്.
ഉമ്മൻചാണ്ടി തനിക്കു പിതൃതുല്യൻ ആണെന്ന് പല തവണ പറഞ്ഞ സരിത കമ്മീഷൻ റിപ്പോർട്ട് വന്നപ്പോൾ ക്ളിഫ് ഹൗസിൽ ചെന്ന് ഉമ്മൻചാണ്ടിയെ വദനസുരതം ചെയ്‌തു മടങ്ങുമായിരുന്നെന്നു 'കണ്ടെത്തി'. ആത്മാവിനേറ്റ ആഴമേറിയ ആ മുറിവുമായി അദ്ദേഹം തന്റെ പ്രിയപ്പെട്ട പുതുപ്പള്ളി ദേവാലയത്തിൽ പോയി തന്റെ വിശ്വസ്തനായ ഗീവർഗീസ് സഹദായോടു സങ്കടം പറഞ്ഞതല്ലാതെ ആരോടും പ്രതികാരത്തിന് പോയില്ല. കാലം ഒന്നിനും കടം ബാക്കി വയ്ക്കാറില്ല. അടുത്തയിടെ സി പി ഐ യുടെ തന്നെ അനിഷേധ്യനായ നേതാവ് സത്യം തുറന്നു പറഞ്ഞു. ശിവരാജ് കമ്മീഷന് അഞ്ചു കോടി രൂപ കൊടുത്താണ് അങ്ങനെയൊരു റിപ്പോർട്ട് തരപ്പെടുത്തിയത്! അത് തെറ്റാണെന്നു പറയുകയോ അദ്ദേഹത്തിനെതിരായി മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയോ ചെയ്തിട്ടില്ലാത്തതു കൊണ്ട് സത്യമാണെന്നു വിശ്വസിക്കാതെ തരമില്ലല്ലോ. സരിതയെ കൊണ്ടു വന്ന് ഉമ്മൻ ചാണ്ടി എന്ന സത്യമുള്ള രാഷ്ട്രീയക്കാരനെ വ്യക്തിഹത്യ നടത്തി അധികാരം പിടിച്ചെടുത്തവർ ഇന്ന് സ്വപ്‌ന എന്ന മറ്റൊരു സ്ത്രീയെ കണ്ടു ഭയപ്പെട്ടോടുകയാണ്. ഡോളർ കടത്തും സ്വർണ്ണക്കടത്തും ബിരിയാണിചെമ്പും കമ്മീഷനും സ്വജന പക്ഷപാതവും പിൻവാതിൽ നിയമനവും തുടങ്ങി അഴിമതിയുടെ കഥകൾ ഒന്നൊന്നായി പുറത്തു വിട്ടിട്ടും അതിനെ നിഷേധിക്കാതെയിരിക്കുന്ന പാർട്ടിയുടെ നടപടി ജനങ്ങൾക്ക് സത്യം മനസ്സിലാക്കാൻ സഹായിച്ചു. തനിക്കിട്ടു പാര വച്ചവരൊക്കെ വെള്ളം കുടിക്കുന്നതു കണ്ടിട്ടും ആ അവസരം മുതലാക്കി അവർക്കു മറുപടി നൽകാൻ ഉമ്മൻചാണ്ടി തയ്യാറായില്ല. അതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം.
ഒരു പക്ഷേ, കേരളത്തിലെ കോൺഗ്രസിന്റെ അവസാന മുഖ്യമന്ത്രിയായിരിക്കാം ഉമ്മൻചാണ്ടി എന്ന് വിശ്വസിക്കുന്ന വലിയൊരു ജനവിഭാഗം കേരളത്തിലുണ്ട്. ഇനി യു ഡി എഫ് അധികാരത്തിൽ വന്നാലും മുഖ്യമന്ത്രി മുസ്ലിം ലീഗിൽ നിന്നാകാനാണ് സാധ്യത. തൊഴുത്തിൽക്കുത്തും തമ്മിലടിയും പാരവയ്‌പും പോക്കറ്റിൽ കൊണ്ടുനടക്കുന്ന കോൺഗ്രസ് നേതാക്കന്മാരെ കൂട്ടായി നയിക്കാൻ ഇനി ഉമ്മൻ ചാണ്ടി ഉണ്ടാവില്ല. അതിന്റെ നഷ്ടം ഇനിയാണ് കേരളം കാണുക.
ഒരു കാര്യം കൂടി പറയാതെ വയ്യ. സഹപ്രവർത്തകരിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും നേരിട്ടതിനേക്കാൾ അദ്ദേഹത്തെ സങ്കടപ്പെടുത്തിയത് അദ്ദേഹത്തിന്റെ സ്വന്തം സമുദായമായ ഓർത്തഡോക്‌സ് സഭയിൽ നിന്നുണ്ടായ അനുഭവമാണ്. സഭാവഴക്കിൽ മുഖ്യമന്ത്രി എന്ന സ്ഥാനത്തിരുന്നു കൈവിട്ടു സഹായിക്കാൻ തയ്യാറാകാതിരുന്ന ഉമ്മൻ ചാണ്ടിയ്‌ക്ക് സഭാനേതൃത്വം അപ്രഖ്യാപിത ഭ്രഷ്‌ട് കൽപിച്ചിരിക്കയായിരുന്നു. സഭയുടെ പരമോന്നത നേതാവായിരുന്ന പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അദ്ദേഹവുമായി സ്റ്റേജ് പങ്കിടില്ലെന്നു തുറന്നു പ്രഖ്യാപിച്ചു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്‌തനായ എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണനെ ഒരിക്കൽ താൻ പങ്കിട്ട സ്റ്റേജിൽ നിന്നും ഈ ബാവ ഇറക്കിവിട്ടു ദേഷ്യം തീർത്തു. തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ തോൽപിക്കാൻ മറുപക്ഷവുമായി കൂട്ടുചേർന്നു പ്രവർത്തിച്ചു. എൽ ഡി എഫ് അധികാരത്തിൽ വന്നപ്പോൾ കാതോലിക്ക ബാവ തിരുവനന്തപുരത്തു വന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് "ഇപ്പോൾ സഭയ്‌ക്കൊരു നാഥനുണ്ടായി" എന്ന പ്രസ്‌താവന നടത്തി ഞെട്ടിച്ചു. അദ്ദേഹം അന്തരിച്ചെങ്കിലും സഭയുടെ നടപടിയെ ശ്‌ളാഘിച്ച പല തിരുമേനിമാരും നേതൃത്വവും യാതൊരുളുപ്പുമില്ലാതെ നാളെ പുതുപ്പള്ളിയിലേക്ക് എഴുന്നെള്ളി ഉമ്മൻ ചാണ്ടിയുടെ ആത്മാവിനു സ്വർഗ്ഗം ഉറപ്പാക്കുമെന്നതിനു സംശയമില്ല. ജീവിച്ചിരുന്നപ്പോൾ നീതിക്കുവേണ്ടി നിന്ന ഒരു മനുഷ്യനെ തേജോവധം ചെയ്‌തു കുരിശിച്ചിട്ട് അന്ത്യകർമത്തിൽ ധൂപം വീശിയിട്ടെന്തു കാര്യം!
പകരം വയ്ക്കാനില്ലാത്ത ആ വ്യക്തിത്വത്തെ കണ്ടപ്പോഴൊക്കെയുള്ള സ്നേഹത്തോടുകൂടിയ ആ തലോടൽ മറക്കാനാവുന്നതല്ല. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
Nadappathayil_Innu-84