കേരളത്തിലെ പ്രത്യേകിച്ച് പുതുപ്പള്ളിയിലെ ജനങ്ങള്‍ക്ക് മേല്‍ പടര്‍ന്ന് നിന്ന സ്‌നേഹത്തണലായിരുന്നു ഉമ്മന്‍ ചാണ്ടി. ജനജീവിതത്തോട് ഇത്രത്തോളം ചേര്‍ന്ന് നിന്ന മറ്റൊരു നേതാവ് ഓര്‍മയിലില്ല. ചെറുപ്പകാലം മുതല്‍ കേട്ട് വളര്‍ന്ന പേരായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്.
അച്ചായന്റെ ചേട്ടന്‍ പാപ്പുച്ചേട്ടന്റെയും (വെല്ലിച്ചായന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന തുമ്പയില്‍ ടി വി കുറിയാക്കോസ് ) സുഹൃത്തായിരുന്നു ഉമ്മന്‍ ചാണ്ടി. പല കാര്യങ്ങള്‍ക്കും വെല്ലിച്ചായന്റെ വീട്ടില്‍ ഉമ്മന്‍ ചാണ്ടി വരുമായിരുന്നു. വെല്ലിച്ചായന്‍ ഒരു 'പ്രസ്ഥാനമായിരുന്നത്' കൊണ്ടും ഞങ്ങള്‍ കുട്ടികള്‍ വലിയ കാര്യമായാണ് ഉമ്മന്‍ ചാണ്ടി സാറിനെ കണ്ടിരുന്നതും.
പാമ്പാടി എം ജി എം ഹൈ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍. അന്നേ ആ പേര് ഒരു ഊര്‍ജ്ജമായിരുന്നു.
കാലം മാറി തുടങ്ങിയപ്പോള്‍ പുതുപ്പള്ളിയിലേക്ക് പാമ്പാടിയില്‍ നിന്നും ദൂരം 10 കിലോമീറ്റര്‍ എന്ന് മനസിലായി.
എം ജി എം ഹൈ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു ഇലക്ഷന്‍ സമയത്ത് കാറില്‍ അനൗണ്‍സ്‌മെന്റിനായി ലേഖകന്റെ സുഹൃത്തായിരുന്ന രാജന്‍ ഐക്കരപ്പടവിലു(ഫിലിപ്പ് വര്‍ഗീസ്)മായി ചേര്‍ന്ന് ഉമ്മന്‍ ചാണ്ടിക്കായി വോട്ട് ചെയ്യണം എന്നാവശ്യപ്പെട്ട് പ്രചാരണത്തിനിറങ്ങിയതാണ് ആദ്യത്തെ ഓര്‍മ. പാമ്പാടിയിലും പരിസര പ്രദേശങ്ങളിലും അനൗണ്‍സ്‌മെന്റുമായി നടന്നതായോര്‍ക്കുന്നു .
മറ്റൊരു പ്രാവശ്യം ഉമ്മന്‍ ചാണ്ടിക്കൊപ്പം കാറില്‍ പാമ്പാടിയിലൊക്കെ കറങ്ങി നടന്നു.
പൊത്തന്‍ പുറത്തിന് ആദ്യ ട്രാന്‍സ്പോര്‍ട്ട് ബസ് അനുവദിച്ചത് ഉമ്മന്‍ ചാണ്ടിയായിരുന്നു. പൊത്തന്‍ പുറം ദയറാ പാമ്പാടി തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്ത സ്ഥലമായിരുന്നു. ആ വണ്ടിയില്‍ ആലാംമ്പള്ളിയില്‍ നിന്ന് കയറി പൊത്തന്‍ പുറത്തിന് പോയതൊക്കെ ഓര്‍മയില്‍ അലയടിച്ച് നില്‍ക്കുന്നു. അതുവരെ, ആ 4 കിലോ മീറ്റര്‍ ഒക്കെ നടന്നു വേണമായിരുന്നു പൊത്തന്‍ പുറത്ത് എത്താന്‍.
അദ്ദേഹത്തിന്റെ കല്യാണ ദിവസം വന്ന മനോരമയിലെ ഒരു പത്ര പരസ്യമാണ് പിന്നീടുള്ള ഓര്‍മ.
'ഞാന്‍ വിവാഹിതനാകുന്നു. പൊത്തന്‍ പുറത്താണ് കല്യാണം. എല്ലാവരും വരണം.'
പോയി. പങ്കെടുത്തു. ആകപ്പാടെ കിട്ടിയത് ഒരു നാരങ്ങാ വെള്ളം മാത്രം!
പിന്നീട് യു എസില്‍ വന്നതിന് ശേഷം ഫിലഡല്‍ഫിയയില്‍ നിന്ന് വെസ്റ്റ് ഓറഞ്ചിലെ വീട്ടില്‍ ഉമ്മന്‍ ചാണ്ടിയും ഭാര്യയും (ഒപ്പം മാത്യു കുന്നത്ത് അച്ചനും സാജു പൗലൂസ് മാറോത്തും ജോസ് മുണ്ടന്‍ചിറയും മറ്റ് വിശിഷ്ടാതിഥികളും ) വന്നപ്പോള്‍ പണ്ട് നാരങ്ങാ വെള്ളം തന്നതുമൊക്കെ അവരെ അനുസ്മരിപ്പിക്കുകയും ചെയ്തു.
ഒരു ഗിഫ്റ്റ് കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അതൊന്നും വേണ്ടായെന്ന് ഹൃദയപൂര്‍വം പറഞ്ഞത് ഓര്‍മയില്‍ നില്‍ക്കുന്നു.
പാമ്പാടിയില്‍ എത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടി സാറിനെ ഓര്‍ക്കും. പുതുപ്പള്ളിയെ തന്റെ നെഞ്ചോട് ചേര്‍ത്ത ജന നായകനെ, കോളിളക്കങ്ങളെ പുഞ്ചിരിയോടെ നേരിട്ട ആ സൗമ്യമുഖത്തെ എന്നും അതിശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. പാര്‍ട്ടിയിലെ ഗ്രൂപ്പിസവും ഉള്‍പാര്‍ട്ടി സമരങ്ങളുമൊക്കെ ആ രാഷ്ട്രീയ തന്ത്രജ്ഞന്‍ എത്ര മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യുന്നു എന്ന് അതിശയിച്ചിട്ടുണ്ട്.
പ്രിയ അച്ചായന്‍ മരിച്ചപ്പോള്‍ (അന്ന് CM ആയിരുന്നു) പാമ്പാടി വീട്ടില്‍ വന്നതും എല്ലാരേയും ആശ്വസിപ്പിച്ചതുമൊക്കെ ഓര്‍മയില്‍ വരുന്നു. ഒരു കട്ടന്‍ കാപ്പി മാത്രമായിരുന്നു കഴിച്ച ഏക ഭക്ഷണം. കേരളത്തിന്റെ ഒന്നാം നമ്പര്‍ കാറില്‍ പാമ്പാടിയിലെ വീട്ടില്‍ വന്നതും എല്ലാം ഓര്‍മയിലെങ്ങനെ പച്ച പിടിച്ച് നില്‍ക്കുകയാണ്.
അന്ന് പെങ്ങളുടെ മകള്‍ അക്‌സ കാഞ്ഞിരത്തില്‍ ഒരു ഓട്ടോഗ്രാഫിനായി ശ്രമിച്ചതും അത് സാധിച്ചു കൊടുത്തതുമൊക്കെ ഇപ്പോഴും ഓര്‍ക്കുന്നു. ഭാര്യ ഇന്ദിരയുടെയും വിവരങ്ങള്‍ തിരക്കുകയും ചെയ്തു.
'അമ്മ മരിച്ചപ്പോഴും (അന്ന് അദ്ദേഹം തിരക്കിലായിരുന്നു ) പിന്നീട് ഫോണില്‍ വിളിച്ചതും ഓര്‍മയില്‍ വരുന്നു.
അലസമായി ഖദറില്‍ ഉള്ള ഷര്‍ട്ടും അലക്ഷ്യമായിട്ട തലമുടിയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. പുതുപ്പള്ളി പള്ളിയിലെ സ്ഥിരം ആളായിരുന്നു.
അമേരിക്കയില്‍ വന്ന സമയത്ത്, ഞാനോര്‍ക്കുന്നു, ഞങ്ങളുടെ ബന്ധു കൂടിയായ മനോരമയുടെ ജോണ്‍ മുണ്ടക്കയം പറഞ്ഞത് ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നു. അന്ന് നാട്ടിലെന്തോ ഒരു പ്രശ്‌നം ഉണ്ടായിരുന്നു. 'ഉമ്മന്‍ ചാണ്ടിയോട് പറ തിരികെ പോരാന്‍, ഇവിടുത്തെ പ്രശ്‌നം ഒക്കെ തീര്‍ന്നു '.
ഒരേയൊരു കാര്യം മാത്രം മനസില്‍ വേദനയായി നില്‍ക്കുന്നു. നാട്ടിലുള്ള സമയത്ത് 1975 വരെ വോട്ട് ചെയ്യാന്‍ അനുവാദമില്ലായിരുന്നു. പിന്നീട് മുംബൈയിലും സൗദിയിലും ജീവിതായോധനത്തിനായി എത്തിച്ചേര്‍ന്നപ്പോഴും പിന്നീട് യു.എസില്‍ എത്തിയപ്പോഴും വോട്ട് ചെയ്യാന്‍ സാധിച്ചില്ല. യു എസില്‍ എത്തിയതിന് ശേഷം പൗരത്വം ഭേദഗതി ചെയ്ത് യു എസ് പൗരനായി. അദ്ദേഹത്തിന് വേണ്ടി വോട്ട് ചെയ്യാന്‍ സാധിക്കാത്തതില്‍ മനസില്‍ ഇന്നും ദുഃഖമുണ്ട്.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, നാട്ടില്‍ എത്തിയ സമയം ഒരു ദിവസം ഒരു കോള്‍ -മറുഭാഗത്ത് ഉമ്മന്‍ ചാണ്ടി സാര്‍ .
''ഇത് ഉമ്മന്‍ ചാണ്ടി. താങ്കള്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗമായി നാട്ടില്‍ എത്തിയെന്ന് അറിഞ്ഞു .സഭാ സെക്രട്ടറി ആയി '---------------' ആള്‍ക്ക് വോട്ട് ചെയ്യണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹം ജയിച്ചു വരുന്നതാണ് എല്ലാവര്‍ക്കും നല്ലത് ''. ആര്‍ക്ക് വോട്ട് ചെയ്തു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?.
സങ്കടങ്ങളും പരാതികളും സന്തോഷങ്ങളും പറയാന്‍ ഉമ്മന്‍ ചാണ്ടിയുള്ളയിടങ്ങളിലേക്ക് ജനം തിക്കിത്തിരക്കിയെത്തി. ഇന്ന് അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെ ഹൃദയം പൊട്ടിയുള്ള അന്ത്യാഭിവാദ്യങ്ങള്‍ കാണുമ്പോള്‍ ജന ഹൃദയങ്ങളില്‍ അദ്ദേഹം എത്ര മാത്രം ഇടം സ്വന്തമാക്കിയിരുന്നു എന്ന സന്തോഷം മനസിനെ നിറയ്ക്കുന്നു.