ജനങ്ങൾക്കിടയിലൂടെ നടക്കുമ്പോഴാണ് ഒരാൾ എക്കാലവും നേതാവ് ആകുന്നതെന്ന് ജീവിതം കൊണ്ട് തെളിയിച്ച പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി വിട പറഞ്ഞിരിക്കുന്നു. ജനാധിപത്യ ബോധം തികഞ്ഞ നിഷ്ഠയോടെ ഉള്ളിലും പുറത്തും കൊണ്ടു നടന്ന പൊതുപ്രവർത്തകൻ ആയിരുന്നു അദ്ദേഹം. കെ. എസ്. യു കാലം മുതൽക്കേ നല്ല ബന്ധം വ്യക്തിപരമായി കാത്തു സൂക്ഷിക്കുവാൻ കഴിഞ്ഞിരുന്നു എന്ന് അഭിമാനത്തോടെ പറയും.
ഒരു ഉദാഹരണം സൂചിപ്പിക്കാം. ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കുള്ള യാത്രയിൽ ഒരു മുസ്ലിം വിധവ സ്വന്തമായി വീട്ടില്ലാത്ത വിവരം അദ്ദേഹത്തെ ധരിപ്പിക്കുന്നു. തന്റെ പ്രയാസങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ച കൂട്ടത്തിൽ വീടില്ലാത്ത വിവരങ്ങൾ ധരിപ്പിക്കുകയായിരുന്നു. രണ്ട് പെൺകുട്ടികളാണ് തനിക്കുള്ളതെന്നും, അടച്ചുറപ്പുള്ള വീട്ടില്ലന്നും സൂചിപ്പിച്ചു അവർ. അഞ്ച് വർഷം മുൻപാണ് സംഭവം. അദ്ദേഹം അപ്പോൾ തന്നെ അവരുടെ ഫോൺ നമ്പർ കുറിച്ചെടുത്തു. ഉടൻ തന്നെ പിറവം മുനിസിപ്പൽ ചെയർമാൻ സാബു ജേക്കബിനെ വിളിച്ച് വിവരം പറഞ്ഞു. " അമേരിക്കയിലുള്ള ജോയി ഇട്ടനോട് പറയണം. നിലാരംബരായ ഒരു കുടുംബത്തിന് വീട് വെച്ച് നൽകണം എന്ന് പറയണം എന്ന് " . അങ്ങനെ സാബു ജേക്കബ് വിളിച്ചു. പിന്നീട് ഉമ്മൻ ചാണ്ടി സാറും വിളിച്ചു.
വളരെ വേഗം ആ വീടുപണി ഏറ്റെടുത്ത് പൂർത്തിയാക്കി. അദ്ദേഹം തന്നെ ആ വീടിന്റെ താക്കോൽ ദാനം നിർവ്വഹിക്കുകയും ചെയ്തു. നിരവധി പരിപാടികൾ ഉള്ള ദിവസം ആയതിനാൽ രാത്രി രണ്ട് മണിക്കാണ് അദ്ദേഹം അവിടെയെത്തിയത്. അന്ന് അദ്ദേഹത്തെ കാണാൻ തടിച്ചു കൂടിയ ജനങ്ങൾ അദ്ദേഹം വരുന്നതു വരെ കാത്തു നിന്നു . ഇപ്പോഴും ആ നിമിഷങ്ങൾ ഓർമ്മിക്കുന്നു. അതുപോലെ തന്നെ എന്റെ പിതാവ് നാല് വർഷം മുൻപ് മരിച്ചപ്പോൾ അദ്ദേഹം സ്ഥലത്തില്ലായിരുന്നു. ഡൽഹിയിൽ നിന്ന് വരുന്ന വഴി വീട്ടിലെത്തി അനുശോചനം അറിയിച്ചിട്ടാണ് തിരുവനന്തപുരത്തേക്ക് പോയത്. പന്ത്രണ്ട് വർഷം മുൻപ് യു ഡി എഫിന്റെ കൺവീനർ ആയ സമയത്ത് വെസ്റ്റ് ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷ പരിപാടികൾ ഉദ്ലാടനം ചെയ്യുവാൻ അദ്ദേഹം എത്തിയിരുന്നു. അന്ന് അദ്ദേഹം വെസ്റ്റ് ചെസ്റ്റർ പള്ളിയിൽ വന്ന നിമിഷങ്ങൾ എല്ലാം ഇപ്പോൾ ഓർമ്മിക്കുന്നു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തെ കാണുന്ന സമയങ്ങളിൽ സംസാരിക്കുമായിരുന്നു. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ആഗോള മലയാളികൾ ഇഷ്ടപ്പെടുന്ന , ബഹുമാനിക്കുന്ന അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ആദരാഞ്ജലികൾ അറിയിക്കുന്നു. നമുക്ക് നഷ്ടപ്പെട്ടത് അൻപത്തി മൂന്ന് ആണ്ടുകൾ പുതുപ്പള്ളിയെ നയിച്ച ജനകീയനായ ഒരു എം.എൽ .എയും, ജനകീയനായ മുഖ്യമന്ത്രിയേയുമാണ്. പരസ്യമായി കൊലവിളികൾ മുഴക്കുന്ന ജനപ്രതിനിധികൾ ആഘോഷിക്കുന്ന നമ്മുടെ കേരളത്തിൽ ഉമ്മൻ ചാണ്ടി എന്ന മാതൃകയിലേക്ക് എത്താൻ പല നേതാക്കളും പ്രകാശ വർഷങ്ങൾ താണ്ടേണ്ടി വരും. അതാണ് ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയപാഠം നമ്മെ പഠിപ്പിക്കുന്നത്.
എനിക്കും നിനക്കും, അവനും, ഇവനും, അവർക്കും ഇവർക്കും ഒപ്പം നിൽക്കാനും ഇരിക്കാനും കാണാനും സംസാരിക്കാനും കഴിയുന്ന ജനാധിപത്യ പാഠം നമുക്ക് നൽകുന്നതിൽ ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവിന് സാധിച്ചു എന്നതിൽ പരം മറ്റൊരു വിജയം വേറെ ഒരു നേതാവിനും ഇനിയും അവകാശപ്പെടാൻ സാധിക്കില്ല. മരണത്തിനപ്പുറം ഒരു ലോകം ഉണ്ടെങ്കിൽ അവിടെ ദു:ഖങ്ങൾ പറയാൻ കഴിയുമെങ്കിൽ, അവിടെ ജന സമ്പർക്ക പരിപാടി ഉണ്ടെങ്കിൽ അവിടെ നീതി കിട്ടാതെ മരിച്ചവർക്കിടയിൽ ഉമ്മൻ ചാണ്ടി ഉണ്ടാവും.
Ummenchandy_condoloncebyJoy_ittan