ഓർമ്മയിലൊരു ശകടമോടുന്നു രാവിൻ-
ഇരുട്ടിനെ കീറിമുറിച്ചു കൊണ്ടങ്ങനെ
തെരുവോരക്കാഴ്ചകൾ കണ്ടുകൊണ്ടൊരു
ജനലരികിലായ് കാഴ്ചകളുമൊപ്പമോടുന്നു
രാത്രിയിലുറങ്ങാതെ നഗരം ചരിക്കവെ
കൂടെയൊഴുകുന്നൊരു ജനസാഗരം
നാളെ തിരുനാളാണുത്സാഹമോടെ
വീടുണരേണം, ഒരുക്കണം വീടിനെ
ഓടിനടന്നു വാങ്ങുന്നു പലവ്യഞ്ജനം
പച്ചക്കറികളും പലഹാരക്കൂട്ടങ്ങളും
പുതുവസ്ത്രമില്ലാതെ എന്തൊരാഘോഷം
തിക്കിത്തിരക്കുന്നു വസ്ത്രാലയങ്ങളിൽ
പോക്കറ്റിൻ കനം തിട്ടപ്പെടുത്തുന്നു
വാങ്ങേണ്ട പുത്തൻ തുണിത്തരത്തിൻ മാറ്റ്
എന്നുമീ നേരത്ത് ശൂന്യമാം നഗരത്തെരുവുകൾ
ഉറക്കച്ചടവോടെ നിൽക്കും വിളക്കുകാലുകൾ
വിളക്കുകാലിൻ ചുവട്ടിലായ് നിഴൽപറ്റി
മുല്ലപൂത്തിറങ്ങുമഴിഞ്ഞ കൂന്തലിൽ
അലസമായ് വിരലോടിച്ച്, ചടുലമിഴിയാൾ
കാത്തുനില്പാണ് ചാരത്തണയുമൊരു കാമിയെ
തെരുവിനെന്തുത്സാഹമാണുറക്കമില്ലാതെ
ഊറിച്ചിരിക്കുന്നു ഗണികയെപ്പോലവൾ
ലാസ്യം നിറച്ച മിഴികളിൽ കാത്തുവയ്ക്കുന്നു
കവിതതുളുമ്പും രാവിൻ മായികഭാവങ്ങൾ
തുള്ളിത്തുള്ളിപ്പെയ്യും മഴയിൽ നഗരസുന്ദരി
നവോഢയെപ്പോലെ നാണം കുണുങ്ങുന്നു
പാതിരാവിലെപ്പോഴോ കൺപോളകളടയും
ഉണരുമവൾ ഏഴുവെളുപ്പിനാലസ്യമോടെ
അപ്പോഴുമോടുമീ ശകടമോർമ്മകളിൽ, കാണും
നഗരവീഥികളിൽ വസന്തം വിരിയുന്നതും
രാത്രിയാമങ്ങളിൽ മടിക്കുത്തുലയുന്നതും
ചവറുകൂനയിൽ പുതുജിവൻ പൊലിയുന്നതും
മദിരയിൽ മുങ്ങി യുവത്വം മരിക്കുന്നതും
പകയുടെ ഘോരമാം പുകച്ചുരുളിൽ
മേലങ്കിയായൊരു നാഗരികന്റെ കുപ്പായം
ഊരിമാറ്റി അവനണിയുന്നൊരു നീചവേഷം
നഗരമപ്പോഴുമൊരു നാടകക്കാരിയെപ്പോൽ
ആടിത്തിമിർക്കും നടനവൈഭവമൊട്ടും ചോരാതെ
-പലവേഷങ്ങളരങ്ങിൽ, രാവറിയാതെ
പകലിനെ പ്രണയിയ്ക്കും സൂര്യതേജസ്സെപ്പോൽ