Image

സന്തോരിനിയിലെ അത്ഭുത ദർശനം (ഗ്രീസ് യാത്ര: ഡോ. കുഞ്ഞമ്മ ജേർജ്ജ് )

Published on 21 July, 2023
സന്തോരിനിയിലെ അത്ഭുത ദർശനം (ഗ്രീസ് യാത്ര: ഡോ. കുഞ്ഞമ്മ ജേർജ്ജ് )

"നിങ്ങളൊരു കാര്യം തീവ്രമായി ആഗ്രഹിച്ച് അതിനു വേണ്ടി ഉത്സാഹിച്ചാൽ ലോകം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും." പാവുലോ കോയിലോയുടെ ആൽക്കമെസ്റ്റിൽ ഇതു വായിക്കുമ്പോൾ ഒരു ഗ്രീസ് യാത്ര എന്നെങ്കിലും സാധിച്ചേക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിരുന്നില്ല. എട്ടു പത്തു വയസൊക്കെ ഉള്ളപ്പോഴാണ് ഗുരു മുഖങ്ങളിൽ നിന്നും ഹെർക്കൂലിസ്, അഥിനാ, പ്രോമെത്തിയൂസ്സ്, സീയൂസ് എന്നൊക്കൊ കേൾക്കുന്നുന്നത്. സഞ്ചാരങ്ങളെ കുറിച്ച് കേട്ടിട്ടു പോലുമില്ലാത്ത ആ പ്രായത്തിൽ എങ്ങിനെയോ തലയിൽ കയറിയതാണ് ഗ്രീസ്സിലേക്കൊരു യാത്ര. വായനയിൽ കയറിവന്ന ഗ്രീക്ക് പുരാണ കഥകൾ, ഗ്രീക്ക് കഥാസാഗരം ഒക്കെ ഈ ആഗ്രഹത്തെ പ്രഭലമാക്കി. മെഡിക്കൽ ലോകത്തിലെ ആദിമ വമ്പൻമാർ, Hippocrates,. യവന എഴുത്തുകാർ കാസന്ത് സാക്കിസ്സിന്റെ ക്രീറ്റ് എന്ന നഗരം, അദ്ദേത്തിന്റെ കാൽപാദങ്ങൾ പതിഞ്ഞ ഇടങ്ങൾ, അദ്ദേഹം കാലങ്ങൾ താണ്ടിയ മൊണാസ്ട്രികൾ, മഹാനായ അലക്സാണ്ടർ,. ഇനി എന്തു വേണം ഗ്രീസ് സന്ദർശനത്തിന് ആഗ്രഹം തോന്നാതിരിക്കാൻ.? അമ്മയുടെ ആഗ്രഹമല്ലേ എന്നു കരുതി കൂടെ കൂടിയ ഏക മകളെ ഞാൻ അനുഗ്രഹിക്കുന്നു. ഒരാഴ്ച യാത്രയെ കുറിച്ച് ഏഴ് വയസ്സുകാരി ആമിക്കുട്ടിയോട് സൂചിപ്പിച്ചു നോക്കി. ഞാനവളുടെ മുഖത്തെ വികാരങ്ങളെ ശ്രദ്ധയോടെ വീക്ഷിച്ചു. വേണ്ടാ എന്നാദ്യം. എന്തിനാ അമ്മയെ കൂട്ടുന്നത് എന്ന് പിന്നാലെ.. അമ്മമ്മയ്ക്കു ഒറ്റ മകളല്ലേ ഉള്ളൂ എന്നു ഞാൻ.. പിന്നെ മോളൊന്നും പ്രതികരിച്ചില്ല.. ആമി കാണുന്നവരോടൊക്കെ പിന്നെ പറഞ്ഞു നടന്നു... അമ്മമ്മയ്ക്ക് അമ്മ മാത്രമേ കൂടെ പോകാനുള്ളു.. പൊക്കോട്ടെ അല്ലെ.. എന്നാലും അവൾക്ക് സങ്കടമുണ്ട്..ഇവിടെ എന്റെ മകൾക്കും സങ്കടമുണ്ട്..അതു പോട്ടെ.

Santorini ഗ്രീസിലെ ഏറ്റവും മനോഹരമായ ദ്വീപ് ആണ്. അവിടെ രണ്ടു ദിനങ്ങൾ.. പലതും കണ്ടെങ്കിലും മൊണാസ്ട്രി കാണൽ അവസാനത്തിലേക്കു കാത്തു വച്ചു. മഹാ മലകളുടെ ഏറ്റവും ടോപിലാണ് ഈ മോണാസ്ട്രി. താഴെ നിന്നുള്ള കാഴ്ചകളിൽ തന്നെ അതു ഞങ്ങളെ മോഹിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ അത്ര ഉയരെ കയറുവാൻ സാധിച്ചേക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു. സാധാരണ ഡ്രൈവർമാർ അത്ര ഉയരത്തിലേക്ക് വണ്ടി കയറ്റാറില്ല. ഞങ്ങളുടെ കാർ ഡ്രൈവർ മിസ്റ്റർ ജോർജ് വളരെ ഉദാര മനസ്‌ക്ക നായിരുന്നു.ഗ്രീക്ക് കാരൻ. എന്റെ പ്രായത്തെ മാനിച്ചോ എന്തോ  അദ്ദേഹം എത്താവുന്നിടത്തോളം കാർ എത്തിച്ചു തന്നു.. ആശ്വാസം. ഇനി ചെറിയൊരു ദൂരം മാത്രം. എന്നാലും കുത്തനെയുള്ള കയറ്റവും പടികളുമാണ്.

ജോർജ് വാചാലനായി. ഇവിടെ ഒരു Monastery മാത്രമാണുള്ളത്. ഒൻപതു സന്ന്യാസികൾ ഉണ്ടായിരുന്നു. ഒരാൾ കഴിഞ്ഞയിടെ മരിച്ചു പോയി. ഇപ്പോൾ എട്ടു പേർ മാത്രം... മൊണാസ്ട്രി തുറന്നിട്ടുണ്ടാവില്ല, എന്നാലും അതിന്റെ പരിസരങ്ങൾ മനോഹരമാണ്. ഇവിടുത്തെ സന്യാസികൾ അവർക്ക് വേണ്ടതെല്ലാം തനിയെ ഉല്പാദിപ്പിക്കുന്നു. മൊണാസ്ട്രിക്ക് പുറകിൽ ഒരു കിച്ചൻ ഗാർഡൻ ഉണ്ട്.വെജിറ്റബിൾസ് ഒക്കെ അവിടെ തന്നെ ഫ്രഷ് ഫ്രം ഫാം എന്നപോലെ ലഭ്യമാണ്.

സാവധാനമുള്ള കയറ്റത്തിന് ഇടയിൽ ഞങ്ങൾ ഇരുവശവും പൂത്തു നിൽക്കുന്ന പലയിനം ചെടികൾ കണ്ടു. റോസിനും ചെമ്പരത്തിക്കും നമ്മുടെ നാട്ടിലുള്ളതിനേക്കാൾ വലിപ്പവും നിറവുംഅധികമാണ്. പൈൻ മരങ്ങൾ ധാരാളമായി ഉണ്ട്. കൂടെ ക്രിസ്തുമസ് ട്രീയും. ജോർജ് ഞങ്ങളുടെ കുറെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി. വലതുവശത്ത് ചെറിയൊരു തടാകം. കുളം എന്നോ മറ്റോ വിശേഷിപ്പിക്കാം. പ്ര തലത്തിന് പച്ച പായലിന്റെ നിറം. ധാരാളം സ്വർണ്ണ മത്സ്യങ്ങൾ അതിൽ പൊളഞ്ഞു നടക്കുന്നു.

താഴെ ഒരു ചെറിയ  ദേവാലയം. 10 -20 പേർക്ക് ഇരിക്കാവുന്ന ഇരിപ്പിടങ്ങൾ മാത്രം. മനോഹരമായ ആൾത്താര. ദൈവാലയത്തിൽ കയറുന്നതിനോ, ഫോട്ടോ എടുക്കുന്നതിനോ നിബന്ധനകൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാലും അവിടെ ചെറിയ ഒരു ബോർഡ് കണ്ടു. "ഇതൊരു സെക്രെഡ് ഇടമാണ്. അതു പ്രകാരം പെരുമാറുക..." അത്ര മതി, ഞാൻ മനസ്സിൽ കുറിച്ചിട്ടു..

അതിനും മുകളിലാണ് Monastery.. തുറന്നിട്ടുണ്ടാവില്ല പോകണോ ജോർജ് ചോദിച്ചു. ഒരു ചാൻസ് എടുക്കാമെന്നായി ഞങ്ങൾ.. Monastery തുറന്നിരുന്നു.. ഞങ്ങൾ അത്ഭുതം കൂറി. അവിടെയും എൻട്രി ഒരു ചെറിയ ദേവാലയത്തിലേക്കാണ്..ആദ്യം കണ്ട ദൈവാലയത്തിന്റെ അതേ പകർപ്പ്. Orthadox church ആണ്. ഞങ്ങൾ കൗതുകത്തോടെ അതിനകം വീക്ഷിച്ചു. നെഞ്ചിൽ കൈവെച്ച് ഹൃദയപൂർവ്വം പ്രാർത്ഥിച്ചു.  ആദ്യമായി കയറുന്ന ദേവാലയമാണ്. പ്രാർത്ഥിക്കുന്ന മൂന്നു കാര്യങ്ങൾ ഉറപ്പായും സാധിച്ചിരിക്കും. ദൈവത്തിന്റെ മുൻപിലുള്ള യാചന ഇപ്പോൾ പണ്ടെന്നപോലെ ഇല്ല. എന്നാലും വീട്ടിലിരിക്കുന്ന വരെ ആരോഗ്യത്തിൽ കാത്തുകൊള്ളേണമേ എന്ന് പ്രാർത്ഥിക്കുക തന്നെ ചെയ്തു. പതിയെ മിഴികൾ തുറന്നപ്പോൾ മുന്നിലേക്ക് ഒരു രൂപം കടന്നു വന്നു.30 വയസ്സിലെ യേശുവിന്റെ ഏതോ ഒരു രൂപം പോലെതോന്നിച്ചു. ഒരു യുവ ഓർത്തഡോക്സ് വൈദികൻ. തലയിൽ കറുത്ത തൊപ്പി. കറുത്ത മേലങ്കികൾ. പ്രകാശം തുളുമ്പുന്ന മിഴികൾ. ലോകത്തിന്റെ സ്നേഹവും കാരുണ്യവും മുഴുവൻ ഇറ്റിറ്റു തുളുമ്പുന്ന മാതിരിയുള്ള വല്ലാതെ പ്രകാശിക്കുന്ന ഒരു മന്ദഹാസം. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം നെഞ്ചിൽ കൈകൾ കൂപ്പി 'നമസ്തേ' എന്ന് ഉച്ചരിച്ചു.. രണ്ടാമത്തെ അത്ഭുതം. ഇന്ത്യയിൽ നിന്നാണല്ലേ എന്ന് അദ്ദേഹം ഹിന്ദിയിൽ ചോദിച്ചു. മൂന്നാമത്തെ അത്ഭുതം.. ലോകത്തിന്റെ ഏത് തീരത്ത് നിന്നാലും ഒരു ഇന്ത്യക്കാരനെ ഒരു മലയാളിയെ അവരുടെ വസ്ത്രധാരണത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും ആർക്കും മനസ്സിലാവും.നമ്മുടെ സംസ്കാരത്തിൽ എനിക്ക് അഭിമാനം തോന്നി. മോൾ ഹിന്ദിയിൽ ചോദിച്ചു. അങ്ങ് ഇന്ത്യയിൽവന്നിട്ടുണ്ടോ,നന്നായി ഹിന്ദി സംസാരിക്കുന്നല്ലോ. ഞാൻ ഗ്രീക്ക് കാരനാണ്, ഹിന്ദി പഠിച്ചത് ടൂറിസ്റ്റുകളിൽ നിന്നാണ്.. ഞങ്ങൾ പരസ്പരം ഷെയ്ഖ് ഹാൻഡ് ചെയ്തു.. അറിയാവുന്ന ഹിന്ദിയിൽ ഞങ്ങൾ ചില  കുശലങ്ങളിൽ ഏർപ്പെട്ടു. പിരിയാൻ നേരം അദ്ദേഹം വീണ്ടും നമസ്തേ പറഞ്ഞു. ഞങ്ങൾ പിറകിലേക്ക് തിരിഞ്ഞു തിരിഞ്ഞു നോക്കി മൊണാസ്ട്രിയുടെ പടികളിറങ്ങി.. ഇറങ്ങാൻ നേരം ഞാൻ മോളോട് പറഞ്ഞു. അദ്ദേഹത്തോടൊപ്പം നമുക്കൊരു ഫോട്ടോ എടുത്താലോ.. മോൾ പറഞ്ഞു. വേണ്ടമ്മേ, monastery നിയമങ്ങൾക്ക് എതിരാണെങ്കിലോ. അദ്ദേഹം ഒരു young Monk അല്ലേ..അദ്ദേഹം നമ്മുടെ മനസ്സിലില്ലേ. നമുക്കതു മതി. ശരിയാ ഞാനും പറഞ്ഞു. നമുക്കതുമതി....

സന്തോരിനിയിലെ അത്ഭുത ദർശനം (ഗ്രീസ് യാത്ര: ഡോ. കുഞ്ഞമ്മ ജേർജ്ജ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക