Image

കര്‍ക്കടകം ആറ്: രാമായണ പാരായണം ശ്രീരാമാഭിഷേകാരംഭം, രമാഭിഷേക വിഘ്‌നം(ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 22 July, 2023
കര്‍ക്കടകം ആറ്: രാമായണ പാരായണം ശ്രീരാമാഭിഷേകാരംഭം, രമാഭിഷേക വിഘ്‌നം(ദുര്‍ഗ മനോജ്)

ഭരതനും ശത്രുഘ്‌നനും കേകയത്തിലാണ്. രാജ്യ കാര്യങ്ങളില്‍ ദശരഥനൊപ്പം കണ്ണും കാതുമായി രാമനും ലക്ഷ്മണനും ഒപ്പമുണ്ട്. പ്രജകളും, മുഖ്യമന്ത്രിമാരും സാമന്തമാരും രാമന്റെ ഭരണമികവിനെ പ്രശംസിക്കുന്നുണ്ട്. അതു മഹാരാജാവും അറിയുന്നുണ്ട്. അങ്ങനെയാണ് ദശരഥന്‍ ആ തീരുമാനത്തിലെത്തുന്നത്. രാമനു രാജ്യാധികാരം നല്‍കുക. പട്ടാഭിഷേകം നടത്തുക തന്നെ. പുഷ്യനക്ഷത്ര നാള്‍ വന്നടുത്തു കഴിഞ്ഞു. ഇതിലേറെ ഒരു ശുഭദിനം ഇനി കാത്തിരിക്കേണ്ടതില്ല. അതിനാല്‍ത്തന്നെ ഭരതനും ശത്രുഘ്‌നനും വേണ്ടിയും കാത്തിരിക്കാനാവില്ല. ഗുരു വസിഷ്ഠനും അത് അംഗീകരിച്ചു. ഒരു രാത്രിയേ ഉള്ളൂ തയ്യാറെടുപ്പിന്. അദ്ദേഹം വേഗം സുമന്ത്രരോട് തേരുമായി എത്താന്‍ കല്പ്പിച്ചു. ഗുരു വേഗം ആ തേരിലേറി രാമന്റെ അടുത്തെത്തി. അന്തഃപുരത്തില്‍ ജാനകിയോടൊപ്പമിരുന്ന രാമന്‍, ഗുരുവരുന്നതു കണ്ട് വേഗം അദ്ദേഹത്തെ എതിരേറ്റ് ആനയിച്ചു. വസിഷ്ഠന്‍ ആ സദ് വാര്‍ത്ത രാമനെ അറിയിച്ചു. സൂര്യനുദിച്ചാല്‍ അഭിഷേകമാണ്. രാമനും സീതയും രാത്രി ഉപവസിക്കണം. മറ്റ് ഒരുക്കങ്ങള്‍ ഒക്കെ ആരംഭിക്കണം. വേണ്ട ഉപദേശം നല്‍കി വസിഷ്ഠന്‍ മടങ്ങി.
അയോധ്യ അഭിഷേകോത്സവ തിമിര്‍പ്പിലായി. വീഥികളില്‍ പൂക്കള്‍ വിതറി മനോഹരമാക്കി, വീടുകള്‍ പൂമാല്യങ്ങള്‍ കൊണ്ട് അലങ്കരിച്ചു. വിവിധഘോഷങ്ങള്‍ ആരംഭിച്ചു. ദേവകളും ഇതു കാണുന്നുണ്ടായിരുന്നു. അവര്‍ ആശങ്കപ്പെട്ടു. നാരായണന്‍ രാമനായത് രാവണനിഗ്രഹത്തിനാണ്. എന്നാല്‍ ഇപ്പോഴും ആ ലക്ഷ്യം നടന്നിട്ടില്ല. ഇനി വൈകിയാല്‍ പറ്റില്ല. എന്തെങ്കിലും വഴി കണ്ടെത്തി രാമനും രാവണനും തമ്മില്‍ കണ്ടു മുട്ടണം. അങ്ങനെ സരസ്വതീദേവിയെ ദേവന്മാര്‍ ഒരു നിയോഗമേല്‍പ്പിച്ചു. ഒരു ഭാഗത്ത് അഭിഷേക കാര്യങ്ങള്‍ മുന്നേറുമ്പോള്‍ സരസ്വതി, മന്ഥരയെന്ന കൈകേയിയുടെ നാവിന്‍തുമ്പില്‍ അവതരിച്ചു.

രാമനുപട്ടാഭിഷേകമെന്നറിഞ്ഞ മന്ഥര കൂനിക്കൂനി കൈകേയിയുടെ അന്തഃപുരത്തിലെത്തി. അവള്‍ ആ വാര്‍ത്ത കൈകേയിയെ അറിയിച്ചു.

കൈകേയി ഏറെ സന്തോഷത്തോടെ ഒരു വലിയ രത്‌നഹാരം മന്ഥരയ്ക്കു സമ്മാനിച്ചു. എന്നാല്‍ മന്ഥരയത് ദേഷ്യത്തോടെ തട്ടിമാറ്റി. അവള്‍ കൈകേയിയുടെ മനസ്സില്‍ വിഷം നിറച്ചു. ഒടുവില്‍ കൈകേയി അത് സമ്മതിച്ചു. പണ്ട് ഒരു ദേവാസുര യുദ്ധത്തില്‍ ദശരഥനൊപ്പം കൈകേയിയും യുദ്ധഭൂമിയില്‍ ചെന്നിരുന്നു. ആ യുദ്ധത്തിനിടെ ദശരഥന്റെ തേര്‍ചക്രത്തിന്റെ ആണി ഊരിപ്പോയി. അതു കണ്ട് കൈകേയി അവളുടെ വിരല്‍ ആണിയാക്കി ആ യുദ്ധഭൂമിയില്‍ ദശരഥന്റെ ജീവന്‍ രക്ഷിച്ചു. അതില്‍ സംപ്രീതനായ ദശരഥന്‍, കൈകേയിക്ക് രണ്ടു വരം നല്‍കി. എന്നാല്‍ ആ വരം പിന്നീടു മതിയെന്ന് കൈകേയി പറഞ്ഞു.ആ വരങ്ങളാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഒന്നാമതായി ഭരതനു രാജ്യാധികാരം നല്‍കണം, രണ്ടാമതായി രാമന്‍ പതിനാലു വര്‍ഷം വനവാസത്തിനു പോകണം.
സന്തോഷത്തോടെ അന്തഃപുരത്തു വന്ന ദശരഥനു മുന്നില്‍ കരഞ്ഞു തളര്‍ന്ന കൈകേയി തന്റെ ആവശ്യങ്ങള്‍ പറഞ്ഞുവെച്ചു. ദശരഥന്‍ തളര്‍ന്നുവീണു. അപ്പോഴേക്കും നേരം പുലര്‍ന്നിരുന്നു. രാമന്‍ ജാനകീ സമേതനായി അച്ഛനെക്കാണാന്‍ കൈകേയിയുടെ അന്തഃപുരത്തിലെത്തി.

രാമായണം, ഒരു കഥ മാത്രമല്ല, അതിലെ അന്തരാര്‍ത്ഥങ്ങള്‍ കാലമെത്ര മാറിമറഞ്ഞാലും മനുഷ്യര്‍ തിരിച്ചറിയേണ്ട സത്യങ്ങള്‍ ആയി തുടരുന്നു. കൈകേയി നല്ലവളാണ്, എന്നാല്‍ ഒരു ദുര്‍ബുദ്ധി എത്ര വേഗം അവളെ വഴിതെറ്റിക്കുന്നുവെന്നു കാണൂ. 
ശ്രീമന്നാരായണനെ വണങ്ങി ഇന്നത്തെ ദിനം സംഗ്രഹിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക