മുരുക്കിടത്തെ, സുഭദ്രാമ്മ അത്ര സു അല്ലാത്ത, (ദു:)സാമർത്ഥ്യത്തിന് കൈകാലുകൾ പിടിപ്പിച്ച ഒരു സ്ത്രീയായിരുന്നു.
പെൺമക്കളില്ലാതിരുന്ന അവർ ആൺമക്കളേയും അവരുടെ ഭാര്യമാരെയും "വരച്ചവരയിൽ" നിറുത്തി ഭരിച്ചിരുന്നു.
ഇളയ മകൻ പ്രേമിച്ചു വിവാഹം ചെയ്തു കൊണ്ടുവന്ന ഇന്ദുബാല മാത്രമേ അവർക്ക് കട്ടയ്ക്ക് നിൽക്കുന്ന എതിരാളിയായുള്ളൂ. ഇളയവർ കല്യാണം കഴിച്ച മുറയ്ക്ക്,
മുതിർന്ന മക്കൾ ഭാര്യമാരെയും കൂട്ടി മാറിത്താമസിച്ചപ്പോൾ ഇളയ രണ്ടു മക്കളും ഭാര്യമാരും സുഭദ്രാമ്മയ്ക്കൊപ്പം നിൽക്കേണ്ടി വന്നു.
അതു വരെ പന്ത്രണ്ടായി പകർന്ന യുദ്ധം അതോടെ രണ്ടിലേക്ക് കേന്ദ്രീകരിച്ചു, യുദ്ധമുറകൾ യഥാകാലം പരിഷ്ക്കരിക്കപ്പെടുകയും ചെയ്തു പോന്നു.
നെൽപ്പാടങ്ങളിൽ നിന്നുള്ളവരായ്കയും, പറമ്പിലെ തെങ്ങ്, പച്ചക്കറി, കുളത്തിലെ മീനുകൾ, പശുവിൻ പാലിൽ നിന്നുള്ള വരുമാനം, ഇവയൊക്കെ സുഭദ്രാമ്മയുടെ സ്വകാര്യ സമ്പാദ്യമായി പരിഗണിക്കപ്പെട്ടിരുന്നു. മക്കളുടെ ജോലിയിൽ നിന്നുള്ള വരുമാനം മാസാമാസം സുഭദ്രാമ്മയെ ഏൽപ്പിക്കുകയും ചെയ്യണമായിരുന്നു.
ചിലവ് എമ്പാടും ചുരുക്കി, മധുരമില്ലാത്ത ഓട വെളളം കണക്കുള്ള ചായ, വാഴപ്പിണ്ടി കൊണ്ട് ഒരു അച്ചാറ്.... ചിലവെങ്ങനെ ചുരുക്കാമെന്നതിന് ഇന്നത്തെ കാലത്ത് ഗവർമ്മേൻ്റുകൾ ഒരു ശില്പശാല വയ്ക്കാൻ താല്പര്യപ്പെടുന്നുവെങ്കിൽ, മുന്തിയ റിസോഴ്സ് പേഴ്സൺ ആയിരിക്കുമായിരുന്നു സുഭദ്രാമ്മ!
കേടുവന്ന് വില്പനക്കാരെടുക്കാത്ത ചീര, പയർ, മത്തൻ, പേട്ടു തേങ്ങകൾ ഒക്കെയായിരുന്നു വീട്ടാവശ്യങ്ങൾക്കായി മാറ്റി വച്ചിരുന്നത്. ജീവിതം, മുഷിപ്പനായി
അങ്ങനെ നീങ്ങിക്കൊണ്ടിരിക്കെയാണ് സുഭദ്രാമ്മയിൽ ഒരു പുതിയ സ്വഭാവം രൂപപ്പെട്ടത് ഇന്ദുബാലയുടെ ശ്രദ്ധയിൽ പെട്ടത്.
അത്താഴ സമയത്ത്, സുഭദ്രാമ്മയ്ക്കൊരു "ഛർദ്ദിക്കാൻ വരല്"
ആദ്യം, തള്ള ഇടയ്ക്കു വന്നു പോവുന്ന ആങ്ങളമാരുടെ പെൺമക്കൾ കൊടുക്കുന്ന ബേക്കറിപ്പലഹാരങ്ങൾ ഒളിച്ച് വച്ച് തിന്നുന്നത് കൊണ്ടാവും എന്ന് ഇന്ദുബാല, ജ്യേഷ്ഠ ഭാര്യയായ കനകത്തോട് കുശുകുശുക്കുകയും ചെയ്തു.
മുരുക്കിടത്തെ തറവാട്ടിലെ, അടുക്കളപ്പുര പ്രധാന കെട്ടിടത്തിൽ നിന്ന് വേറിട്ടാണ്. അതിനപ്പുറം അടുക്കളക്കിണർ, അതും കടന്ന് പോകണം കുളിമുറിയിലേക്ക്. ആ പഴയ വീടിന് കിടപ്പുമുറിയോട് ചേർന്ന് ചായ്പ്പ് ഒന്നുമില്ല.
രാത്രി മൂത്രമൊഴിക്കാൻ എഴുന്നേറ്റു പുറത്തു പോയ ഇന്ദുബാല അടുക്കളക്കിണറിനടുത്തെത്തിയപ്പോൾ അകത്ത് വെളിച്ചം കണ്ട് ഒന്ന് നടുങ്ങിയെങ്കിലും, എത്തിവലിഞ്ഞു നോക്കുമ്പോൾ അമ്മാവിയമ്മയുടെ സമൃദ്ധമായ ഭക്ഷണം കണ്ട് വീണ്ടും ഞെട്ടി. തള്ളക്കിട്ടൊരു പണി കൊടുക്കണമെന്ന് മനസ്സിൽ അപ്പഴേ കുറിച്ചിടുകയും ചെയ്തു. ഏടത്തിയോട് പറഞ്ഞാൽ ശരിയാവില്ല, മണ്ടി ചെന്ന് ഭർത്താവിനോട് പറഞ്ഞ് ആകെ കുളമാക്കും. "ദൈവകോപം" എന്നിത്യാദി ഭയപ്പാടുകൾ വേറെയും കേൾക്കണം. ഇന്ദുബാല ചിലതൊക്കെ കണക്കുകൂട്ടി തിരിച്ച് വന്നു കിടന്ന് ഉറക്കം പിടിച്ചു.
പിറ്റേന്ന് വിഭവസമൃദ്ധമായ അത്താഴമുണ്ടാക്കി അമ്മാവിയെ വിളിക്കാൻ ചെന്നതും ഇന്ദുവാണ്. പതിവ് പല്ലവി തന്നെ പാടി സുഭദ്രാമ്മ.
"അമ്മക്ക് കട്ടഞ്ചായ ഇട്ടു തരട്ടെ?"
"എത്ര ദിവസമായി ഇങ്ങനെ?"
"അല്ലെങ്കിൽ ആ കുഞ്ചൻ വൈദ്യരെ ഒന്നു വരുത്ത്യാലോ?"
ഇന്ദു ഒരു പൊടി സ്നേഹം കൂട്ടിയിട്ടു.
"ഓ! വേണ്ട! എന്തോ ഒരു വല്ലാഴിക, മക്കള് കഴിച്ചിട്ട് കിടന്നോ"
ഹും! അഭിനയത്തിൽ ഉർവ്വശിപ്പട്ടം കിട്ടിയ സുഭദ്രാമ്മയോടാേ കിളുന്നു പെണ്ണിൻ്റെ കളി?
ഇന്ദുവും ഏടത്തിയും അവരുടെ ഭർത്താക്കന്മാരും, ഊണു കഴിഞ്ഞ് എഴുന്നേറ്റു.
"ഏടത്തിക്ക് ക്ഷീണണ്ടാവും, കെടന്നോളൂ"
അഞ്ചുമാസം ഗർഭിണിയായ കനകത്തെ ഊണു കഴിഞ്ഞുള്ള പണികളിൽ നിന്ന് ഇന്ദുബാല ഒഴിവാക്കി.
എല്ലാവരും കിടന്ന ശേഷം ഇന്ദു അന്നുണ്ടാക്കിയ നല്ല കറികളൊക്കെ പത്തായപ്പെട്ടിയിൽവച്ചടച്ചു പൂട്ടി. താക്കോൽ കൈവശം വയ്ക്കുകയും, ബാക്കി വന്ന ചോറ് പശുവിനുള്ള കാടിവെള്ളത്തിലിട്ട് പാത്രം കഴുകിക്കമിഴ്ത്തിവയ്ക്കുകയും ചെയ്തു! അമ്മാവിയുടെ മുറിക്കു നേരെ ഒരു പുഞ്ചിരിയുമുതിർത്ത് ഇന്ദു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
രാത്രി അമ്മാവിയുടെ അറ വാതിൽ തുറക്കുന്നതും, കാലടികൾ അടുക്കളപ്പുരയ്ക്കു നേരെ നീങ്ങുന്നതും കേട്ട ഇന്ദു അടക്കിച്ചിരിച്ചു......
ആ കാലടികൾ തിരിച്ചു നടക്കുന്ന ശബ്ദം കാത്തു നിൽക്കാതെ ഉറക്കവും പിടിച്ചു.
പിറ്റേന്ന് സുഭദ്രാമ്മ പതിവില്ലാതെ, നേരത്തെ എഴുന്നേറ്റ് അടുക്കളയിലെത്തി ചായയുണ്ടാക്കുന്ന ഇന്ദുവിനോട് പറഞ്ഞു "മോളെ, നല്ല കടുപ്പത്തിലൊരു ചായ താ! പാല് ആ മൊന്തയിൽ നിന്നെടുത്തോളൂ!"
"എന്താന്നറിയണില്ല്യാ, ആകെ ഒരു എരിപൊരിസഞ്ചാരം!"
"അതിനെന്താമ്മേ, ഇപ്പത്തരാല്ലോ" എന്ന് ഇന്ദുമുഖി ബാല കുണുങ്ങിച്ചിരിച്ചു!
"രാത്രി ഒന്നും കഴിക്കാണ്ടേ ആവും"
"ഇവളിതെങ്ങനറിഞ്ഞു" എന്ന് അത്ഭുതം കൂറവെ, ബാലയുടെ തെളിഞ്ഞ കള്ളച്ചിരി കണ്ട സുഭദ്രാമ്മയ്ക്ക് എല്ലാം മനസ്സിലായി. തൻ്റെ അതേ നിലവാരമുളള ശത്രുവിനെ മുന്നിൽക്കണ്ട സുഭദ്രാമ്മ പിന്നീട് അത്തരം തരികിടകളിൽ നിന്ന് ഒഴിഞ്ഞു നിന്നു.
കിനാശ്ശേരിയിലെ നവവധുക്കളുടെ സ്റ്റഡീ ക്ലാസ്സിലെ ഒരു കേസ് സ്റ്റഡിയായി കുറേ നാൾ ഈ പാഠം നിലനിന്നിരുന്നെന്നാണറിവ്.