Image

“ജാലകങ്ങള്‍ നീ തുറന്നു, ഞാന്‍ അതിന്റെ കീഴില്‍ നിന്നു....” (കഥ - ജോസഫ്‌  എബ്രഹാം)

Published on 23 July, 2023
“ജാലകങ്ങള്‍ നീ തുറന്നു, ഞാന്‍ അതിന്റെ കീഴില്‍ നിന്നു....” (കഥ - ജോസഫ്‌  എബ്രഹാം)

 ഹോട്ടൽ മുറിയിലേക്ക് വരാന്‍ അവള്‍ക്ക് മടി കാണുമോയെന്ന ആശങ്കയില്‍ ഇരിക്കവേയാണ്,  കൊടുങ്കാറ്റുപോലവള്‍ മുറിയിലേക്ക് ഇരച്ചുകയറിയത്. പിന്നെ ടീപ്പോയിയില്‍ ഒഴിച്ച് വെച്ച ഗ്ലാസ്സ് മട മട എന്ന് കുടിച്ച് കസേരയില്‍ വീണതും പെട്ടന്നായിരുന്നു.

പിന്നെയാണ്  എന്നെ ഒന്ന് നോക്കുക പോലും ചെയ്തത്. കൂടെ കുശലം ചോദിയ്ക്കാനെനിക്കിടം  നല്‍കാതെ ഒരു പറച്ചിലും.

“എടാ നമുക്ക് ഒളിച്ചോടിയാലോ”

ഇരുപത്തഞ്ചു വര്‍ഷത്തിന് ശേഷം കാണുമ്പോള്‍ചോദിക്കാന്‍ പറ്റിയ ചോദ്യം. കേട്ടപ്പോളാദ്യം ചിരിവന്നു.

ഇനി എവിടേക്ക് ഒളിച്ചോടാനാണ്. അതും ഈ പ്രായത്തില്‍ ?

ഗ്ലാസില്‍  പകുതി നിറഞ്ഞിരുന്ന ജോണി വാക്കര്‍  സിപ്പ് ചെയ്തുകൊണ്ട് ആലോചിച്ചു.

 എന്‍റെ മുഖത്തേക്ക് അവളുടെ ആകാംക്ഷ നിറഞ്ഞ നോട്ടമെത്തി.

"എടീ ഏറെ വൈകിയില്ലേ നമ്മള്‍?"

 അവള്‍ക്കായി പാതി നിറച്ചു കൊടുത്ത ഗ്ലാസ്‌ ചുണ്ടോടടുപ്പിച്ചു ഒറ്റ വലിക്കു അകത്താക്കി, അവള്‍ ചുണ്ടു തുടച്ചു. ഒരു കഷണം ചിക്കന്‍ എടുത്തു തിടുക്കത്തില്‍ചവച്ചു.

“എനിക്ക് നിന്നെപ്പോലെ ഇങ്ങനെ ഇച്ചിരി ഇച്ചിരിയായി കുടിക്കാന്‍ പറ്റില്ല. ഓക്കാനം വരും. ഒറ്റയടിക്കു പിടിപ്പിച്ചാല്‍ കുഴപ്പമില്ല”

“അല്ല നീ മറുപടി പറഞ്ഞില്ല”

“എന്തായിരുന്നു നിന്‍റെ ചോദ്യം ?”

കുടിച്ചത് തലയ്ക്കു പിടിച്ചുതുടങ്ങി .  അവള്‍ കസേരയില്‍ ചാഞ്ഞിരുന്ന്, കാലെടുത്തു ടീപ്പോയുടെ മുകളില്‍ വച്ചു.
എണ്ണക്കറുപ്പുള്ള അവളുടെ കണങ്കാലില്‍ സ്വര്‍ണ്ണ പാദസരം.

അതിലൂടെ വിരലോടിച്ചു, പറഞ്ഞു.
“നിന്‍റെ കാലില്‍ ഇത് നന്നായി ചേരുന്നുണ്ട്”.

അവള്‍ ചിരിച്ചില്ല.പകരം കാലുകൊണ്ടുള്ള തള്ളില്‍ ഞാന്‍ മലര്‍ന്നു വീണു.

“അങ്ങിനെ നിനക്ക് ചേരുന്ന പലതും എനിക്കുണ്ട്.അതല്ലല്ലോ ഇവിടുത്തെ കാര്യം.നീ എന്താണ് ചോദിച്ചതെന്ന് പറ”

“അല്ല ഈ പ്രായത്തിലാണോ ഒളിച്ചോടുന്നത്. ഇതൊക്കെ ഒരു പത്തിരുപത്തഞ്ചു വര്‍ഷം മുന്‍പ് ചോദിക്കേണ്ടതല്ലായിരുന്നോ”

“ അന്ന് ചോദിക്കാതിരുന്നത് നിന്റെ കുഴപ്പം. എനിക്ക് ഇപ്പോഴാണ്‌ ചോദിക്കാനുള്ള ധൈര്യം വന്നത്. പിന്നേ, ഇപ്പോള്‍ ഒളിച്ചോടിയാല്‍ എന്താ കുഴപ്പം”

                        **

പെണ്ണിവള്‍ പണ്ടേ ഇങ്ങനെയൊക്കെയാണ്.  എന്നേക്കാള്‍ ഇളയവള്‍.   പക്ഷെ കാറ്റില്‍ പാവാട തുമ്പ് അഴിച്ചിട്ടു നടക്കുന്ന കാലം മുതല്‍ക്കേ കുറുമ്പില്‍ അവളാണ് വമ്പത്തി.

തോന്നുന്നത് പറയും. പറയുന്നതിന്റെ വരും വരായ്കകള്‍ ആലോചിക്കാതെ അതങ്ങ് നടപ്പിലാക്കുകകയും ചെയ്യും.വാശിക്കരച്ചിലില്‍ ഒരിക്കലും പിന്നോക്കം പോകാത്ത ഒരുത്തി.കക്കുകളിയില്‍ വരയില്‍  ചവിട്ടിയെന്നു കള്ളം പറഞ്ഞെന്നെ വീണ്ടും  ഒന്നാമത്തെ കളത്തിലേക്കു പറഞ്ഞുവിട്ടവള്‍  എപ്പോഴും കളി ജയിക്കുമായിരുന്നു. 

ഇടയ്ക്കവള്‍ വല്ലാതങ്ങു സുന്ദരിയായ കാലത്ത്, മുട്ടിനു മുകളിലെ പാവാടയ്ക്ക് ഇറക്കം വെച്ചിരുന്ന പ്രായത്തില്‍,  ഒന്നും പറയാതെയങ്ങു കെട്ടിപിടിച്ചു. കൂടെ മാങ്ങാച്ചുന മണമുള്ള ഉമ്മയും.

ഇരുട്ടില്‍ അപ്പുറത്തെ ജാലകത്തില്‍, അവളുടെ കണ്ണു മിന്നുന്നതും കണ്ട് അന്നുറങ്ങാതിരുന്നു.

ഹോസ്റ്റലിലേക്ക് പോകുന്നതിന്റെ തലേന്ന് രാത്രിയായിരുന്നു അത്. കണ്ണീരുപ്പുള്ള ഉമ്മകള്‍. അടുക്കി വെച്ചിരുന്ന കുപ്പായങ്ങള്‍ക്കുള്ളില്‍ അവള്‍ എന്തോ ഒളിപ്പിച്ചിരുന്നു. കൈതപ്പൂക്കളുടെ മണമുള്ള അവളുടെയൊരു കുപ്പായം.

പുലര്‍ച്ചെ വണ്ടിക്ക് പോകണം. ബസ്സ് കിട്ടുന്ന സ്ഥലത്തേക്ക് കുറച്ചു നടക്കാനുണ്ട്. 
ഉറക്കം വരാതെ കൈതപ്പൂവിന്റെ ഗന്ധത്തില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ അവളുമുറങ്ങിയിട്ടില്ലെന്ന് അപ്പുറത്തെ അനക്കങ്ങള്‍ പറഞ്ഞു

"ചെര്‍ക്കാ . പോകണ്ടായോ. എണീറ്റ് വല്ലോം കഴിച്ചിട്ട് പോകാന്‍ നോക്ക് "

അമ്മയാണ്. പുലര്‍ച്ചെ തണുപ്പില്‍ കുളിക്കാന്‍ ചൂടുവെള്ളമുണ്ട്, കുളിമുറിയില്‍.

അപ്പുറത്തേക്ക് നോക്കി. അവള്‍ എഴുന്നേറ്റിട്ടില്ല. പോകുമ്പോള്‍ കാണാതിരിക്കലാവും നല്ലത്.

പെട്ടന്ന് ഒരുങ്ങി.  ബാഗും എടുത്തു അപ്പച്ചന്‍  പിറകില്‍ ഉണ്ട്. വരണ്ടന്ന് പറഞ്ഞത് കേള്‍ക്കാതെ, ബസ് വരുന്നിടം വരേക്ക് കൂട്ടിന് എന്നും പറഞ്ഞു.

കാപ്പി മരങ്ങള്‍ പൂത്ത മണമുള്ള കാറ്റില്‍ തണുത്ത നിലത്ത് തലേന്ന് രാത്രിയിലെ മഞ്ഞിന്‍ തുള്ളികള്‍. അവളുടെ കണ്ണീരു പോലെ.

ഓരോ അവധിയിലും ഓടി എത്താന്‍ സാമ്പത്തിക സ്ഥിതി അനുവദിച്ചിരുന്നില്ല. എന്നാലും ഇടയ്ക്കവളുടെ മണമുള്ള കുപ്പായത്തില്‍ അവളെയറിഞ്ഞു, അമ്മയ്ക്ക് അയക്കുന്ന കത്തുകളില്‍ അവളെയും ഓമനിച്ച്, രണ്ടു വര്‍ഷം എങ്ങനെയോ പോയി.. അവളുടെ അക്ഷരങ്ങളിലൂടെ അമ്മച്ചി എന്നോട് സംസാരിച്ചതിനിടയ്ക്ക് ഒളിഞ്ഞും തെളിഞ്ഞും അവളും എന്നോട് പലതും പറഞ്ഞു.

രണ്ടാമത്തെ വര്‍ഷത്തെ  പരീക്ഷയ്ക്ക് മുന്‍പുള്ള  വേനല്‍ അവധിക്ക് വന്നപ്പോള്‍ അവളുടെ അപ്പന്‍ പറഞ്ഞു.

‘മോന്‍ വരാന്‍ വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. എന്നെക്കൊണ്ട് ഒറ്റയ്ക്ക് ഓടാന്‍ പറ്റില്ല. എന്തെല്ലാം കാര്യങ്ങള്‍ ഒരുക്കണം”

കാര്യമറിയാതെ ഞാന്‍ അമ്മച്ചിയുടെ നേരെ നോക്കി. കുറച്ചുനാളായി  അമ്മച്ചിയുടെ എഴുത്തുകള്‍ മുടങ്ങി പോയിരുന്നതിന്റെ കാരണം കൂടി ആ നോട്ടത്തില്‍ ഉണ്ടായിരുന്നു.

“അപ്പോള്‍ ചേച്ചി മോനോട്  പറഞ്ഞില്ലേ?  എടാ അവളുടെ, നിന്‍റെ പെങ്ങളുടെ കല്യാണമാണ്. ഇനി രണ്ടാഴ്ചയെ ഉള്ളൂ. ചെറുക്കന്‍ ദുബായിലാ  അവധി ഇല്ല.  അതുകൊണ്ട്  ഒന്ന് വിളിച്ചു ചെല്ലി കെട്ട്. മെത്രാച്ചന്റെ  കത്തു  ഇന്നലെ അങ്കിളും മോന്‍റെ അപ്പച്ചനും കൂടിപ്പോയി വാങ്ങി”

ആന്റി, അവളുടെ അമ്മയാണ് അതു പറഞ്ഞത്. 

 “ അവന്‍ രാത്രിയല്ലേ വന്നത്. രാവിലെ പറയാമെന്നു കരുതി"
 എന്‍റെ മുഖത്ത് നോക്കാതെ അമ്മച്ചി പറഞ്ഞു. വിളറി പോയ മുഖമൊളിപ്പിക്കാന്‍ ശ്രമിച്ചതില്‍ ഞാന്‍ വിജയിച്ചു.

 മുറ്റത്തിറങ്ങി അവളുടെ മുറിയുടെ ജനാലയുടെ നേരെ നോക്കി. പതിവിനു വിപരീതമായി  ജാലകം അടഞ്ഞു കിടന്നിരുന്നു.

അതിനടുത്തുള്ള  തെങ്ങില്‍ ഒരു പോത്തിനെ  കെട്ടിയിരുന്നു. 
അവളുടെ വീട്ടില്‍ പുറം പണിക്കു വരുന്ന ത്രെസ്യേയെടത്തി പോത്തിന് കാടിയുമായി വന്നു.അവരെ കണ്ടതും  പോത്ത് ഒന്നമറി.അതിന്റെ കഴുത്തിലെ കെട്ടു ഇറുകി കിടക്കുന്നു.    കണ്ണില്‍ ദൈന്യത.

 “വെള്ളിയാഴ്ചത്തെ കാലി ചന്തയില്‍ നിന്ന് വാങ്ങീതാ. കല്യാണത്തിനു വെട്ടാന്‍. മോന്‍റെ അപ്പച്ചനാ ഉരു നോക്കി വാങ്ങിയത്"

അതിനെ ഒന്ന് തലോടി കൊണ്ട് അവര്‍ പറഞ്ഞു.
"കൊള്ളാം. അല്ല്യോ. നല്ല നെയ്യ് മുറ്റിയതാ"

പോത്തെന്നെ തല ചെരിച്ചു നോക്കി പിന്നെ ചെവിയനക്കിയും വാല് വീശിയും ഈച്ചകളെ ആട്ടിക്കൊണ്ട് ചെമ്പ് ചട്ടിയിലെ കാടിയിലേക്ക് തല താഴ്ത്തി.

ജാലകം ഇപ്പോഴും അടഞ്ഞു തന്നെയാണ്. അവള്‍ അതിനപ്പുറത്തെ ഇരുളിരുന്നു തേങ്ങുന്നുണ്ടാവണം..അവളുടെ ഒച്ചയില്ലാത്ത കരച്ചില്‍ എന്നെ വന്നു തൊട്ടു.

അവളെ കാണാന്‍ കഴിഞ്ഞെങ്കില്‍, എങ്ങോട്ടെങ്കിലും ഓടിപോകാം എന്ന് പറയാമായിരുന്നു.പക്ഷെ, എവിടെ പോകും എങ്ങനെ ജീവിക്കും?. വിളിച്ചാല്‍ അവള്‍ വരുമെന്ന് എന്തുറപ്പാണ്?.

അവളുടെ വീടിന്‍റെ ഉമ്മറത്തൊരു നിഴലനക്കം. മുന്നോട്ടാഞ്ഞ കാലുകള്‍ പിന്നില്‍ നിന്നും ആരോ തടഞ്ഞപോലെ നിന്നുപോയി 

“എന്നാ മോന്‍ കുളിച്ചു റെഡിയാവു  നമുക്ക് കുറച്ചു സ്ഥലങ്ങളില്‍ കല്യാണം വിളിക്കാന്‍ പോകാനുള്ളതാണ്”

അങ്കിള്‍ പറഞ്ഞു. ആ ശബ്ദത്തില്‍ ഒന്നും അസ്വാഭാവികമായി തോന്നിയില്ല.
പിന്തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മച്ചി.

‘സാരമില്ല മോനെ നമുക്ക് വിധിച്ചിട്ടില്ല എന്നുകരുതിയാല്‍ മതി’  
അമ്മച്ചിയുടെ നോട്ടം അങ്ങനെ ആയിരുന്നു എന്നോട് പറഞ്ഞത്.

നഷ്ട്ടപ്പെടും എന്നോര്‍ത്തപ്പോഴാണ് അവളെ അത്രയധികം സ്നേഹിച്ചിരുന്നുവെന്ന് മനസ്സറിഞ്ഞത്.എന്നിട്ടും അവളെചെന്നു കാണുവാന്‍ ധൈര്യം വന്നില്ല. കൂടെ വരട്ടെ എന്നവള്‍ ചോദിച്ചാല്‍ എന്തു പറയുമെന്നറിയില്ല  എപ്പോഴോ പാറിവന്ന അവളുടെ ഒരു പാളിനോട്ടത്തിലെ  യാചന കണ്ടു വിങ്ങിപ്പോയ മനസ്സ് തിരിച്ചെടുക്കാന്‍ അമ്മച്ചിയുടെ കണ്ണീര് മതിയായിരുന്നു.
  
കല്യാണത്തിന്റെ അടുത്ത ദിവസങ്ങളില്‍ നിലത്തിരിക്കാന്‍ നേരമില്ലായിരുന്നു, പന്തലും ഒരുക്കങ്ങളും ഒക്കെയായുള്ള ഓട്ടം. അതിനിടയില്‍ ഒറ്റ നോട്ടങ്ങളില്‍ അവിടവിടെ അവളെയും കണ്ടു. ആ കണ്ണുകളില്‍ കുറ്റപെടുത്തലായിരുന്നുവോ അതോ വേണ്ടസമയത്ത്   ധൈര്യം കാണിക്കാത്ത ആണ്‍ പിറപ്പിനോടുള്ള പരിഹാസമോ ? 

ഓടി നടന്നു പണികള്‍ എടുക്കുമ്പോള്‍ എന്നെ നോക്കി അവളുടെ ബന്ധുക്കള്‍ പരസ്പരം പറഞ്ഞു.

“നല്ല ചെറുക്കന്‍. സ്വന്തം വീട്ടിലെ കാര്യങ്ങള്‍ പോലല്ലേ ഓടി നടന്നു ചെയ്യണത്” 

“അത് പിന്നെ അവന്റെ സ്വന്തം  പെങ്ങളല്ലേ.  ചെറുപ്പം മുതല്‍ അവര്‍ ഒരുമിച്ച് വളര്‍ന്നതല്ലേ..”
 ആന്റി  ബന്ധുക്കളോട് പറഞ്ഞു.

കെട്ടു കഴിഞ്ഞു,ആളുകള്‍  പിരിയാന്‍ തുടങ്ങി. പുരയിടത്തിന്റെ താഴെ ചരുവിലെ കിണറിന്‍ കരയില്‍  പടര്‍ന്നു  നില്‍ക്കുന്ന അറബിക്കാപ്പിയുടെ ചുവട്ടില്‍ പോയിരുന്നു. ഒന്നുറക്കെ കരയാന്‍ മനസ്സ് വിങ്ങി. ചെറുപ്പത്തില്‍ ആ വയസന്‍ കാപ്പിയുടെ മുകളില്‍ വലിഞ്ഞു കയറി ഞങ്ങള്‍ ഒരു പാട് കളിച്ചിരുന്നു. ചുവന്ന കാപ്പി കുരുക്കള്‍ വായിലിട്ട്, ഉച്ചത്തില്‍ പാട്ടു പാടി അപ്പച്ചന്റെ അടി വാങ്ങിത്തരാന്‍ അവളു കാണിച്ച ഉത്സാഹമോര്‍ത്തപ്പോള്‍ ഒരു ഏങ്ങല്‍ നെഞ്ചില്‍ അലച്ചു വന്നു.

കിണറ്റില്‍ നിന്നും ഒരുതൊട്ടി വെള്ളം കോരി മുഖം കഴുകി. ഉടുത്തിരുന്ന ഡബിള്‍ മുണ്ടിന്‍റെ കോന്തലയില്‍ മുഖം തുടച്ചു. അവളുടെ കല്യാണം പ്രമാണിച്ച്  സമ്മാനമായി അങ്കിള്‍ വാങ്ങി തന്ന വിലകൂടിയ കസവ് മുണ്ടാണ്. 

കുന്നു കയറി ചെന്നപ്പോഴേക്കും ആളുകള്‍ അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു,

“മോനെ നീ എവിടെയായിരുന്നു. ഞാന്‍ എല്ലായിടത്തും നോക്കി”

എന്താ അങ്കിളേ ?

“എന്താന്നോ, നല്ല കാര്യം. ഈ വാടക കസേരയും പന്തലുമൊക്കെ  ടെമ്പോയില്‍ കേറ്റി വിടണ്ടേ. കട അടയ്ക്കുന്നതിന് മുന്‍പ് കൊടുത്തില്ലേല്‍  ഒരു ദിവസത്തെ വാടക കൂടി കൊടുക്കണം.ടെമ്പോ ഇപ്പൊ വരും. വേഗം ഒന്ന് ഉഷാറാക്ക് ”

അകത്തെ മുറിയില്‍ നിന്നും ജാലകത്തിലൂടെ  ഒരു എത്തിനോട്ടം കണ്ടു. അവള്‍ മന്ത്രകോടിയില്‍ തന്നെ ആയിരുന്നു. ദേഹം നിറയെ സ്വര്‍ണപണ്ടങ്ങളും. ആ രൂപത്തില്‍ അവളെ കണ്ടിരുന്ന  സ്വപ്‌നങ്ങള്‍ പിന്നോട്ട് പോയി എവിടെയോ തട്ടി നിന്നു. 

രാത്രിയില്‍ അടച്ചിട്ട അവളുടെ ജാലകത്തിനപ്പുറം നിഴലനക്കങ്ങള്‍ കണ്ടപ്പോള്‍,  അവളുടെ ഓര്‍മകള്‍ക്ക് നേരെ ഞാന്‍ ജനാല വലിച്ചടച്ചു.

അവള്‍ ഇനി മറ്റൊരാളുടെതാണ്. ഇനി ഒരിക്കലും ഓര്‍ക്കരുതെന്ന് മനസ്സില്‍ പറഞ്ഞുറപ്പിച്ചു.

പിറ്റേകൊല്ലത്തെ വേനല്‍ അവധിക്ക് ഞാന്‍ വന്നില്ല അവസാന വര്‍ഷ പരീക്ഷ ആയതിനാല്‍  ഹോസ്റ്റലില്‍ തന്നെയിരുന്നു പഠിച്ചു. പോയ വര്‍ഷത്തില്‍  തോറ്റ് പോയ ചില വിഷയങ്ങള്‍ കൂടി അക്കൊല്ലം എഴുതി എടുക്കണമായിരുന്നു. 

പരീക്ഷ കഴിഞ്ഞു ഹോസ്റ്റല്‍ ഒഴിഞ്ഞു. മൂന്നുവര്‍ഷം ഒരുമിച്ച് ഉണ്ടുറങ്ങിയും ചെറിയ പിണക്കങ്ങള്‍ കൂടിയും കഴിഞ്ഞ കൂട്ടുകാര്‍ കെട്ടിപ്പിടിച്ചു കണ്ണീരോടെ പിരിഞ്ഞു. ഭാരപ്പെട്ട മനസുമായാണ് വീട്ടിലെത്തിയത് 

കുറച്ചു കാലമായി അടച്ചിട്ടിരുന്ന ജനാല  തുറന്നപ്പോള്‍, എതിരെയുള്ള അവളുടെ  പാതി ജാലകം തുറന്നു കിടക്കുന്നു.

“അവളിങ്ങു പോന്നു”

പുറകില്‍ നിന്നും അമ്മച്ചിയുടെ പതിഞ്ഞ സ്വരം കേട്ടു

“അവനൊരു കൊണമില്ലടാ.  കല്യാണം കഴിഞ്ഞ ഉടനെ ദുബായിലെ പണി വേണ്ടാന്ന് വച്ച് ഇങ്ങു പോന്നു. നാട്ടില്‍ ബിസിനസ്‌ തുടങ്ങാന്‍ എന്നു പറഞ്ഞാണ് വന്നത്.ദുബായീന്നു, അവന്‍റെ കയ്യിലിരുപ്പു കാരണം പറഞ്ഞു വിട്ടതാന്നാ എല്ലാരും പറേണത്, നേരോ, നൊണയൊ ആര്‍ക്കറിയാം?.

“ഇവിടെ വന്നു ബിസിനസ്‌ എന്നും പറഞ്ഞു അവളുടെ സ്വര്‍ണ്ണമൊക്കെ വിറ്റ്  ഏതാണ്ടൊക്കെ കാണിച്ചു. ഒന്നും പറയേണ്ട ഇപ്പൊ സ്വര്‍ണ്ണവുമില്ല ബിസിനസുമില്ലാ. എന്ത്യാനിച്ചു നടക്കുന്ന, ഏതാണ്ട് പെണ്ണുങ്ങളൊക്കെ കാശുകൊണ്ടുപോയി തിന്നന്നൊക്കെ കരക്കാര് പറയുന്നുണ്ട്. നേരാണോന്നു എനിക്കറിയില്ല , ചിലപ്പം ആള്‍ക്കാര്‍ ചുമ്മാ കരക്കമ്പി അടിച്ചു നടക്കണതായിരിക്കും.

“അതെചോല്ലി വഴക്കായപ്പോള്‍  അവളെ തല്ലീന്നാ പറയണത്. അവള് കൊച്ചിനേം എടുത്തോണ്ട് ഇങ്ങു പോന്നു. ഇനി തിരിച്ചു പോവൂല്ലാന്നാ അവളു പറേണത്. 

“പാവം നല്ലൊരു കൊച്ച്,  നിന്നെക്കാള്‍ എത്ര വയസിനു എളേതാണ്. ഇങ്ങനെ അടാപിടീന്നു പതിനെട്ടു തികഞ്ഞപ്പോഴേക്കും ചുമടിറക്കുംപോലെ  അതിനെ ഇറക്കിവിടേണ്ട  വല്ല കാര്യവുമുണ്ടായിരുന്നോ. ഇനീപ്പോ പറഞ്ഞിട്ടെന്താ കാര്യം. 

“ കാര്യം പറഞ്ഞാല്‍ കല്യാണം വന്നപ്പോള്‍ പാവം അത് പറഞ്ഞതാ. അവളെ അപ്പോള്‍  കെട്ടിക്കേണ്ടന്നു. നിന്നെക്കൊണ്ടു കെട്ടിച്ചാല്‍ മതിയെന്നൊക്കെ അവള്‍ ആരാണ്ടോടൊക്കെ പറഞ്ഞായിരുന്നു”.

“എന്നിട്ടത് ഇപ്പാഴാണോ നിങ്ങള്‍ അറിയുന്നത്?  ഒരു വിശേഷം പറയാന്‍ കണ്ട നേരം. പൊക്കോ അപ്പുറത്തേക്ക്” 

“എന്‍റെ മക്കള് വിഷമിക്കാതെടാ, ഞാനും നിന്‍റെ അപ്പച്ചനും ഒന്നു രണ്ടു പ്രാവശ്യം അവളെ  ചോദിക്കാനായി അവിടെ ചെന്നതാ. അപ്പോഴൊക്കെ അവര്‍ നമ്മുടെ മനസ്സറിഞ്ഞപോലെ ഒരോ കൊമ്പത്തെ കല്യാണ ആലോചനകള്‍ വന്ന കാര്യം ഇങ്ങോട്ട് പറയും. നിനക്കറിയാലോ അവരുടെ സ്ഥിതി അല്ല നമുക്കെന്ന്.  അങ്ങിനെ നേരിട്ട് ചോദിയ്ക്കാന്‍ കൊള്ളുവോ. അന്നത്തെ അവരുടെ സ്വഭാവത്തിന് ചിലപ്പോള്‍ അവരുടെ പണം കണ്ടിട്ട് പെണ്ണ് ചോദിയ്ക്കാന്‍ ചെന്നതാന്നു പറഞ്ഞു നമ്മളെ ആട്ടിയേനെ. 

“ങഹാ-, അതിന്‍റെ തലേവര ഇങ്ങിനെആയിപ്പോയി.  അല്ലാതെന്തു പറയാന്‍. ഇതൊക്കെ ഒടേതമ്പുരാന്‍ നിശ്ചയിക്കും പോലെയല്ലേ നടക്കൂ.

“ഇന്നലെ കണ്ണീരും കയ്യുമായി അവളുടെ തള്ള ഇവിടെ വന്നു കുറേനേരം കരഞ്ഞു പതംപറഞ്ഞു. എന്‍റെ ചേച്ചി നമ്മുടെ മോനെക്കൊണ്ട് മോളെ കെട്ടിച്ചാല്‍ മതിയായിരുന്നു. അവനവളെ പോന്നു പോലെ നോക്കുമായിരുന്നു എന്നൊക്കെ പറയണകേട്ടു. ഞാനൊന്നും പറയാന്‍ പോയില്ല.

“കെട്ടി ഒരു കൊച്ചുമായി. ഇനി ഇതൊക്കെ പറഞ്ഞിട്ടു എന്തു കാര്യം?.  ആ കൊച്ചിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ സങ്കടമുണ്ട്. അതിനു നിന്നെ ജീവനായിരുന്നു. അവര്‍ക്കന്നു സ്വത്തും മുതലുമുള്ള ചെറുക്കനെയായിരുന്നു വേണ്ടത്.”     
                                              *****
    
“എടാ നീ എന്താ മിണുങ്ങസ്യാന്നിരിക്കുന്നത്.  നീ എന്നതാണ് ആലോചിക്കുന്നതെന്ന് എനിക്കറിയാം. അതാ പറയുന്നത് കാര്‍ന്നോമ്മാര്‍ക്കു വിവരം വേണമെന്ന്. മക്കടെ മനസറിയാന്‍ കഴിയണമെന്ന്.  അതൊക്കെ പോട്ടെ. നീ ഇങ്ങിനെ സെന്റി അടിക്കാതെ.  ഒന്നുകില്‍ ഇത് കുടിക്ക് അല്ലെങ്കില്‍ വല്ലതു പറ”.
അവളുടെ വാക്കുകള്‍ ഓര്‍മ്മകള്‍ക്കു  അര്‍ദ്ധവിരാമമിട്ടു.
“എടാ ഞാനിപ്പോള്‍ ആ പഴയ പൊട്ടിപ്പെണ്ണല്ല.  സ്വന്തമായി തീരുമാനം എടുക്കാന്‍ കെല്‍പ്പുണ്ട്.  ബിസിനെസ്സ് ചെയ്തു പണമുണ്ടാക്കാന്‍ തുടങ്ങി. എനിക്കിപ്പോള്‍ ഒരാളോടും കടപ്പാടില്ല. എന്നെ ഭരിക്കാന്‍ ആരുമില്ല. ഒരു സ്വതന്ത്ര റിപ്പബ്ലിക്കാണ്  ഞാനിപ്പോള്‍” 
അവളുറക്കെ ചിരിച്ചു. 
“എന്നാലും ഈ പ്രായത്തില്‍ നമ്മള്‍ എവിടേക്ക് ഒളിച്ചോടണമെന്നാണ് നീ പറയുന്നത്” 
അവളുടെ ഒഴിഞ്ഞ ഗ്ലാസ്  കാല്‍ഭാഗം  നിറച്ചുകൊണ്ട് ചോദിച്ചു.  വെള്ളമൊഴിക്കാന്‍ തുനിഞ്ഞ എന്‍റെ കൈ അവള്‍തടഞ്ഞു 
“വേണ്ട രണ്ടെണ്ണം ചെന്നാല്‍ പിന്നെ  നീറ്റായി ചെലുത്തണം. അതാണെനിക്കിഷ്ട്ടം”
ഞാന്‍ മിഴിച്ചു നില്‍ക്കെ ശരവേഗത്തില്‍  വായിലേക്ക് കമിഴ്ത്തി പഠേന്നു ഗ്ലാസ്‌ ടീപ്പോയില്‍ ഇടിച്ചിറക്കി.
ഉള്ളിലാളിപ്പിടിക്കുന്ന അഗ്നിയില്‍  തലയും തോളും  വെട്ടിച്ചുകൊണ്ട് സാലഡില്‍ നിന്നും ഒരു മുളകെടുത്തു കടിച്ചു. ബീഫ് ഫ്രൈയില്‍  നിന്നും ഒരു കഷണം ഇറച്ചി തേങ്ങാക്കൊത്തിനോപ്പം വായിലിട്ടു ചവച്ചുകൊണ്ടവള്‍  ആലോചനയില്‍  മുഴുകി
“നീ മറുപടി പറഞ്ഞില്ല”
“പറയാം സിഗരറ്റ് ഉണ്ടോ ഒന്നെടുക്കാന്‍”
ഞാന്‍ വലിക്കുന്നത് അവള്‍ക്ക്  ഇഷ്ട്ടമല്ലെന്നറിയാം. അതുകൊണ്ട് സിഗരറ്റു പുറത്തെടുത്തിരുന്നില്ല. 
“നീ വലിക്കുമോ? നിനക്കറിയില്ലേ ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന്”
“പോടാ ചുമ്മാ വളിപ്പ് പറയാതെ. ഉണ്ടെങ്കില്‍ ഒരെണ്ണം എടുക്ക്”
“മുറിയില്‍  അപ്പടി പുകയാകും. പുറത്തിറങ്ങി വലിക്കാന്‍ നിനക്ക് മടിയുണ്ടോ?”
സിഗരറ്റുമെടുത്ത് അവള്‍ കുളിമുറിയിലേക്ക് നടന്നു. എക്സ്ഹോസ്റ്റ് ഫാന്‍ ഓണ്‍ ചെയ്തശേഷം  സിഗരറ്റു കൊളുത്തി. സിഗരറ്റു പായ്ക്കറ്റ് എന്‍റെ നേരെ നീട്ടിക്കൊണ്ട് ചോദിച്ചു 
“എവിടേയ്ക്ക് ഒളിച്ചോടുമെന്നല്ലേ  നിന്‍റെ ചോദ്യം?”
“അതേ” 
“അതിത്ര ആലോചിക്കാനെന്ത്. നമുക്കിവിടെതന്നെ ഒരുമിച്ചു താമസിക്കണം”
“ഈ നാട്ടിലോ?” 
“അതേ. അറിയില്ലേ സുപ്രീംകോടതി വിധി ? പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ചു ഇപ്പോള്‍ എവിടെയും താമസിക്കാം. വ്യഭിചാരകുറ്റമൊന്നും എടുക്കാന്‍  ഇനി വകുപ്പില്ല”
അതുപറഞ്ഞു കഴിഞ്ഞതും അവള്‍ ടോയിലററ്  ബൌളിലേക്ക് കുനിഞ്ഞുനിന്ന്‌ ചര്‍ദ്ദിച്ചു.
ഇടറിയ ചുവടോടെ  കിടക്കയിലേക്ക് ചെന്നുവീണ അവള്‍ക്കായി എ. സി യുടെ തണുപ്പ് കൂട്ടിവച്ചു. എന്‍റെ ദേഹത്തും വസ്ത്രത്തിലും ചര്‍ദ്ദിലിന്റെ അഴുക്കായിരുന്നു. വസ്ത്രം മാറി കുളികഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും അവള്‍ ഉറങ്ങിപ്പോയിരുന്നു.
കിടക്കയുടെ അരികില്‍ ചെന്നിരുന്ന്, അവളുടെ കൈകള്‍ എടുത്തു മടിയില്‍ വച്ച് തടവി.
“എടാ വല്ലാത്ത തലവേദന.  ഐ അം സോറി” 
മയക്കത്തില്‍ കിടന്നുകൊണ്ട് അവള്‍ പറഞ്ഞു. എന്തൊക്കെയോ പിന്‍ചിന്തകളുമായി ഞാനും അവള്‍ക്കരികിലെ കസേരയിലമര്‍ന്നു. കണ്ണുകള്‍ അടഞ്ഞു പോയതു പോലും അറിഞ്ഞില്ല.
“എടാ. എണീക്ക്. എനിക്ക് പോകാന്‍ സമയമായി. അയാം റിയലി സോറി ”.
അവള്‍ വിളിച്ചപ്പോളാണ്  ഞാന്‍ ഉണര്‍ന്നത്.
“സാരമില്ലെടി പിന്നീടൊരിക്കല്‍  കാണാം”
 കണ്ണു തിരുമ്മി എഴുനേറ്റ്, അവളോട് അന്നേരം അങ്ങനെ പറഞ്ഞെങ്കിലും എനിക്കൊട്ടും ആശ്വാസം തോന്നിയില്ല.
“എന്നാലും നീ എനിക്ക് വേണ്ടി ഇത്ര ദൂരം വന്നിട്ടും... 
“ഇനി നീ വരുമ്പോള്‍ ഇങ്ങനെ കള്ളും വാങ്ങി വരല്ലെ കേട്ടോ. വെറുതെ മനുഷ്യനെ സുയിപ്പക്കാന്‍”  
“അതൊക്കെ പോട്ടെ. നീ ഉറങ്ങുമ്പോള്‍ നിന്‍റെ ഫോണില്‍ ആരൊക്കയോ വിളിച്ചിരുന്നു” 
അവള്‍ ഫോണെടുത്ത് നോക്കി. നാലു മിസ്‌ കാളുകള്‍
“എന്‍റെ ദൈവമേ പുലിവാലായെന്നു തോന്നുന്നു”
“എന്നാ പറ്റി” 
“എടാ ആ കോപ്പനാ വിളിച്ചത്.  കോവിഡ് വന്നിട്ടുപോലും  ഒരു  ഗുണമുണ്ടായില്ല. ഇന്നിനി വീട്ടില്‍ ചെല്ലുമ്പോള്‍ കച്ചറയായിരിക്കും  എന്‍റെ മാതാവേ” 
അവള്‍ ബാഗുമെടുത്ത് തിരക്കിട്ടിറങ്ങി. യാത്ര പോലും പറഞ്ഞില്ല. ഹോട്ടല്‍ മുറിയുടെ ബാല്‍ക്കണിയില്‍  ചെന്നുനിന്നു. താഴെ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ അവിടെനിന്നും കാണാം. അവളെയും..
അവളോടിച്ചെന്നു സ്കൂട്ടറില്‍ കയറിയിരുന്നു മുന്നോട്ടെടുത്തു. വെപ്രാളപ്പെട്ടു എടുത്തതിനാലാവണം സ്കൂട്ടറിന്റെ  ബാലസ് പോയി ഒരു വശത്തേക്ക് ചെരിഞ്ഞു.  കാലുകള്‍ നിലത്തൂന്നി മറിയാതെ  അവള്‍ ബാലന്‍സ് ചെയ്തു.
ഹോട്ടലിന്‍റെ കവാടം കടന്നു മറയുന്നതുവരെ അവളുടെ കാലുകള്‍ സ്കൂട്ടറിനൊപ്പം നിലത്തുകൂടെ ഇഴയുന്നത്‌ കാണാമായിരുന്നു.    
"അവളുടെ ഒരു ഹെലികോപ്റ്റര്‍ ലാന്‍ഡിംഗ് "
 ഒരു ചിരിയില്‍ അങ്ങിനെ പറഞ്ഞു നിര്‍ത്തുമ്പോള്‍ ഞാനോര്‍ത്തത്, വലിച്ചടക്കാന്‍ ഞങ്ങള്‍ക്കിടയിലപ്പോള്‍ ജാലകങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നായിരുന്നു. കാപ്പി പൂക്കളുടെ സുഗന്ധവുമായി ഒരു കാറ്റപ്പോള്‍ മലയിറങ്ങി വരുന്നുണ്ടായിരുന്നു 

 

Join WhatsApp News
സാബു മാത്യു 2023-07-23 22:06:52
ഒരു സാധാരണ നാടന്‍ പ്രണയം അതിന്‍റെ സ്വാഭാവികമായ അന്ത്യം എങ്കിലും ഉള്ളില്‍ കെടാതെയുള്ള പ്രണയം അത് അനസ്യൂതം തുടരും രണ്ടുപേരും ജീവിക്കുന്നിടത്തോളം കാലം. പ്രണയം വിജയിക്കുന്നത് പ്രേമബന്ധം പൂര്‍ത്തിയാകത്തിടത്താണ്. അതുകൊണ്ടാണ് പ്രേമം കാല്‍പ്പനികമായി മാത്രം ശ്രേഷ്ഠതയില്‍ അഭിരമിക്കുന്നത്. ജോസഫ്‌ എബ്രഹാം എന്ന എഴുത്ത് കാരനില്‍ നിന്നും ഇത്തരം ഒരു പ്രേമകഥ പ്രതീക്ഷിച്ചിരുന്നില്ല അതുകൊണ്ടുതന്നെ എഴുത്ത് കാരന്‍റെ മറ്റു രചനകളെ വച്ചു ഇതിനെ താരതമ്യം ചെയ്താല്‍ ഇതു ഒരു മികച്ചതെന്നു പറയാന്‍ കഴിയില്ല. എന്നാല്‍ ഇവിടെ എടുത്തിരിക്കുന്ന വിഷയം യാതൊരുവിധ നാടകീയമായ പരിണാമ ഗുപ്തിയും ഇല്ലാത്ത ഒരു ലളിത കഥ യായ ഇതിനെ അതിന്‍റെ പേരുപോലെ, പ്രശസ്തമായ ഗാനത്തിന്‍റെ " പറന്നു പറന്നു ചെല്ലാന്‍ പറ്റാത്ത കാടുകളില്‍" പൂമരകൊമ്പില്‍ കൂട് കൂട്ടിയെന്ന കല്പനയോടു ചേര്‍ത്ത് വായിക്കുമ്പോള്‍ " ജാലകങ്ങള്‍ നീ തുറന്നൂ ...." എന്ന തലക്കെട്ട്‌ വളരെ ഉചിതമായി എന്നു മാത്രമല്ല കഥയിലേക്ക് വായനക്കാര്‍ക്കുള്ള ഒരു ദിശാ സൂചിക കൂടിയാണ് തലക്കെട്ട്‌ . ഒരു പ്രണയ കഥ, ചര്‍വിത ചര്‍വണമായ ഒരു വിഷയം പൈങ്കിളി ആവാതെ, നല്ല പാരായണ ക്ഷമതയോടെ അവതരിപ്പിച്ചു എന്നതില്‍ കഥാകൃത്തിനു അഭിമാനിക്കാം. ഹാസ്യത്തില്‍ പൊതിഞ്ഞതെങ്കിലും പ്രണയത്തിന്‍റെ നൊമ്പരം കാണാനായി
Sudhir Panikkaveetil 2023-07-24 02:48:11
സ്നേഹമാണെന്നു പറയാൻ ഭീരുവായ കാമുകന് കഴിഞ്ഞില്ലെങ്കിലും അയാൾ അവളെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച്. അവൾ പ്രതികരിച്ചില്ല. എന്നിട്ടും അയാൾക്ക് I love you എന്ന് പറയാൻ ധൈര്യമുണ്ടായില്ല. അയാൾക്ക് സംശയമായിരുന്നു. അവൾ വിളിച്ചാൽ വരുമോ എന്നും സംശയം. പക്ഷെ അവൾ ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം അയാളോടൊത്ത് ഒളിച്ചോടാൻ തയ്യാറായി വരുന്നു. അ വൾക്ക് വിശ്വാസമുണ്ട്. അപ്പോഴും അയാൾക്ക് ശങ്കകളാണ്. അവൾ സമാധാനിപ്പിക്കുന്നു നമുക്ക് Living Togher ആകാം. നിയമം അനുവദിക്കുന്നു. അവൾ വിവാഹിതയാണ് അയാൾ വിവാഹം കഴിച്ചോ എന്ന് വ്യക്തമല്ല. പക്ഷെ ഭീരുവായ ആ മനുഷ്യൻ suffering from indecision എന്ന മനോനിലയിലാണ്. ഹേ, മനുഷ്യാ പ്രേമമൊന്നും തന്നെപോലെയുള്ളവർക്ക് പറഞ്ഞതല്ല എന്ന് വായനക്കാരെകൊണ്ട് കഥാകൃത്ത് പറയിപ്പിക്കുന്നു
ജോസഫ് എബ്രഹാം 2023-07-24 14:40:25
ശ്രീ സാബു മാത്യൂ, സുധീർ മാഷ്. നിങ്ങളുടെ വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക