ഉള്ളിന്റെയുമ്മറവാതിലി,ലുണ്മയാല്‍,
തുള്ളിത്തുളുമ്പുന്ന നൈര്‍മല്യമേ;
മിന്നിത്തെളിയും ചിരിവിളക്കായ് നീ-
ചിത്രം വരച്ചിടുന്നോര്‍മ്മയില്‍.
അമ്മയ്ക്കു കുഞ്ഞായി, പ്രിയജനങ്ങള്‍ക്ക്-
കുഞ്ഞൂഞ്ഞായ്, നാട്ടുകാര്‍ക്കുമ്മന്‍ചാണ്ടി;
സ്ഥാനമാനങ്ങള്‍ക്കടിമയാകാത്തവന്‍,
കേരളം കണ്ട മനുഷ്യസ്‌നേഹി;
ആവലാതിക്കാര്‍ക്ക് കാവലാളായവന്‍,
ആവോളമാശ്വാസമേകിയവന്‍,
താഴൂ തന്‍ രൂപമെടുത്തവനിന്നിതാ-
കാണാമറയത്തകന്നുപോയി....
പാദങ്ങളൂന്നിയ, പാതവിട്ടേകനായ്-
'അതിവേഗം ബഹുദൂര'മെത്തി,
നിത്യവിഹായസ്സിലേറെത്തിളങ്ങുന്ന,
നക്ഷത്ര ദീപമായ്ത്തീര്‍ന്നു നീണാള്‍,
നീതിബോധം സദാ കൈമുതലാക്കിയീ-
ജീവിതം നന്മമരത്തണലായ്;
നായകന്‍, സേവനകനാകണമെന്നുള്ള,
പാഠം പഠിപ്പിച്ചിടുന്നു നമ്മെ.
കാലം മറക്കുന്ന സംഭവമെത്രയോ?
കാലം മറക്കാത്ത സത്യങ്ങളും;
അഞ്ജലീബദ്ധയാര്‍പ്പിച്ചുകൊള്ളട്ടെ ,
'വോട്ടറാ'മെന്റെയനുസ്മരണം.