ഇന്ത്യയിൽ നരേന്ദ്രമോദി അധികാരത്തിൽ വന്നതിൽ പിന്നെ ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സ് അഭൂതപൂർവ്വമായി ഉയർന്നു എന്നത് പല രാഷ്ട്രീയ പാർട്ടികളും അംഗീകരിക്കാൻ മടിക്കുന്ന ഒരു സത്യമാണ്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതു മുതൽ അധികാരത്തിൽ വന്ന പ്രധാനമന്ത്രിമാർ ആ കാലത്തിനനുസരിച്ചു രാജ്യത്തെ ഉയർത്താൻ ശ്രമിച്ചെങ്കിലും ആ ലക്‌ഷ്യം നേടാനുള്ള വകയൊന്നും ആവനാഴിയിൽ ഇല്ലായിരുന്നു. അതുണ്ടാക്കാനുള്ള തത്രപ്പാടിലും നാടിനെ ഉയരങ്ങളിലേക്ക് നയിക്കാൻ അവർ ശ്രമിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്തും പ്രതിരോധമേഖലയിലും ഭക്ഷ്യ വസ്‌തുക്കളുടെ സ്വയം പര്യാപ്തതയിലുമെല്ലാം കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ അവർക്കു കഴിഞ്ഞു. എന്നാൽ അതിൽ ശ്രദ്ധിക്കപ്പെടേണ്ട കാര്യം അവർ രാജ്യ പുരോഗതിയിൽ മുന്നേറുവാൻ ശ്രമിക്കുമ്പോഴും അമേരിക്ക-ചൈന-പാക്കിസ്ഥാൻ ശക്തികൾ നമ്മുടെ രാജ്യത്തിന് ഉയർത്തിയിരുന്ന ഭീഷണിയുടെ നടുവിലായിരുന്നു ആ മുന്നേറ്റം എന്നതാണ്.
2014 ൽ ബിജെപി അധികാരത്തിലേറിയപ്പോൾ അടുത്ത 25 വർഷം കഴിയുമ്പോൾ രാജ്യം എവിടെ ആയിരിക്കണം എന്ന് കൃത്യമായ ലക്ഷ്യം അവർക്കുണ്ടായിരുന്നു. ആഗോളതലത്തിൽ ഉണ്ടായ ചേരിതിരിവുകളും സംഭവ വികാസങ്ങളും ഭീഷണി ഉയർത്തിയിരുന്ന വേലിക്കെട്ടിനെ തച്ചുടച്ചു. ഇവിടെ ലോകോത്തര ശക്തിയായി വളരുന്ന ഇന്ത്യ ശ്രദ്ധിക്കപ്പെട്ടു. ഇതുവരെ വിദേശ നിക്ഷേപങ്ങൾക്കു പരിധി നിർദ്ദേശിച്ചിരുന്ന നയമാണ് ഇന്ത്യ പിന്തുടർന്നത്. വിദേശ ശക്തികളെ ആശ്രയിക്കാതെ എല്ലാം സ്വയം നിർമ്മിക്കണമെന്ന ഒച്ചിഴയുന്ന നയമാണ് സർക്കാർ സ്വീകരിച്ചിരുന്നത്. പുതിയ സർക്കാർ ആ നയം തിരുത്തിയെഴുതി മാറുന്ന കാലത്തിനൊത്തു കുതിക്കുവാൻ തീരുമാനിച്ചു. അതോടെ ഇന്ത്യ രാജ്യാന്തര രംഗത്ത് അവഗണിക്കാനാവാത്ത ശക്തിയായി വളർന്നു. പ്രധാനമന്ത്രി അവസരത്തിനൊത്തുയർന്നു വളർന്നു.
ആഗോള തലത്തിൽ തിളങ്ങുമ്പോഴും ആഭ്യന്തര തലത്തിൽ വൈവിധ്യത്തിലെ ഏകത്വത്തിൽ വിള്ളൽ വീഴ്ത്തുന്ന അണികളെ നിയന്ത്രിക്കാൻ ശക്തിമാൻ പരിവേഷമുള്ള പ്രധാനമന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ കഴിഞ്ഞില്ല. അത്, ആത്യന്തിക അജണ്ടയായി കരുതുന്ന ഹിന്ദുരാഷ്ട്ര സങ്കൽപത്തിലേക്കുള്ള വഴിവെട്ടുകയാണെന്നുള്ള വിമർശകരുടെ വാദത്തെ തള്ളിക്കളായാനാവാത്ത വിധമുള്ള നയമാണോ എന്ന് പോലും സംശയിക്കേണ്ടതായി വന്നു. നാനാ ജാതി മതസ്ഥരും സാഹോദര്യത്തോടെ ജീവിക്കുന്ന ഭൂമികയിൽ മതസ്പർദ്ധ വളർത്തി രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വിള്ളലുണ്ടാക്കാൻ ചിലർ ശ്രമിച്ചു. സ്വന്തം പാർട്ടി അധികാരത്തിലുള്ളതുകൊണ്ടു നിയമം കയ്യിലെടുക്കാൻ ഭയപ്പെടേണ്ടതില്ലെന്നു മനസ്സിലാക്കിയ പോഷക സംഘടനകൾ അവരുടെ അണികൾ ചെയ്യുന്ന തേർവാഴ്ചകൾക്കു മൗനാനുവാദം നൽകി. ന്യൂന പക്ഷങ്ങൾക്കു ഭീഷണിയായി അവർ അഴിഞ്ഞാടി അരാജകത്വം സൃഷ്ടിക്കാൻ ആരംഭിച്ചു. ഒറ്റപ്പെട്ട സംഭവങ്ങൾക്കു മേൽ നടപടിയില്ലാതെ വന്നപ്പോൾ സമഷ്‌ടിവാചിയായി പദ്ധതികൾ രൂപം കൊണ്ടു. മണിപ്പൂർ അതിന്റെ സൃഷ്ടിയാണ്.
കഴിഞ്ഞ 83 ദിവസങ്ങളായി മണിപ്പൂർ കത്തുകയാണ്. ഭൂരിപക്ഷ വിഭാഗത്തിന് സർക്കാർ സംവിധാനങ്ങളുടെ പരോക്ഷ പിന്തുണ ഉണ്ടായതോടെ അക്രമം പുതിയ മാനങ്ങളിലേക്കുയർന്നു. ഇരയായവർ ക്രിസ്തുമത വിശ്വാസികൾ ആയിരുന്നതുകൊണ്ട് ഇതൊരു വർഗ്ഗീയ കലാപമാണെന്നു പലരും അഭിപ്രായപ്പെട്ടെങ്കിലും രണ്ടു ഗോത്ര വിഭാഗക്കാരുടെ സ്ഥിരം കലാപരിപാടിയായ കലാപം മാത്രമാണെന്നായിരുന്നു സർക്കാർ ഭാഷ്യം. കലാപത്തെ നേരിടാൻ വന്ന സുരക്ഷാ സേനയുടെ നാലായിരത്തിൽ പരം തോക്കുകൾ ഉൾപ്പെടെ ആയുധങ്ങൾ മോഷണം പോയി. അക്രമികൾക്ക് അവ നൽകിയതാണെന്ന വാദം മറുപക്ഷം ഉയർത്തി. എന്തായാലും കലാപം മൂർഛിച്ചു. ക്രൈസ്തവരായ കുക്കി വിഭാഗം വനാന്തരത്തിലേക്കു പലായനം ചെയ്‌തു. ആയുധധാരികളായ അക്രമികൾ അവരെ പിന്തുടർന്ന് ചെന്ന് ക്രൂരമായി വേട്ടയാടി.
ഇന്റർനെറ്റ് സംവിധാനങ്ങൾ പൂർണ്ണമായി നിരോധിച്ചിരുന്നതു കൊണ്ട് അവിടെ നടക്കുന്ന യാതൊരു കാര്യങ്ങളും പുറംലോകം തത്സമയം അറിഞ്ഞിരുന്നില്ല. തങ്ങളെ ഉത്മൂലനം ചെയ്യാനായി കരുതിക്കൂട്ടിയുള്ള കലാപമാണ് എന്ന് പരസ്യമായി കുക്കി വിഭാഗത്തിൽ നിന്നും വിമർശനം ഉണ്ടായിട്ടും അക്രമികളെ മൗനമായി പിന്തുണയ്ക്കുന്ന സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ പ്രതികരിച്ചില്ല. ഏതാണ്ട് രണ്ടു മാസങ്ങൾ പിന്നിട്ട ചില കിരാതമായ ആക്രമങ്ങളുടെ വീഡിയോകൾ പുറം ലോകത്തു പ്രത്യക്ഷപ്പെട്ടു. കുക്കി വിഭാഗത്തിൽ പെട്ട മൂന്നു സ്ത്രീകളെ നഗ്നരാക്കി ഘോഷയാത്രയായി നടത്തിക്കൊണ്ടു വന്ന് പരസ്യമായി കൂട്ട ബലാൽതസംഗം ചെയ്‌തു. ഒരു സ്ത്രീയെ ക്രൂരമായ ലൈംഗികാക്രമണത്തിനു ശേഷം കൊലപ്പെടുത്തി. കുട്ടികൾ ഉൾപ്പെടെ പലരെയും ജീവനോടെ കത്തിച്ചു. ശരീര ഭാഗങ്ങൾ അറുത്തു മാറ്റിയ ജഡങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ ചിതറിക്കിടക്കുന്നു. മനം മടുപ്പിക്കുന്ന ദുർഗന്ധം വമിക്കുന്ന കബന്ധങ്ങൾ! ഇത്രയധികം വീഡിയോകൾ പുറത്തു വന്നിട്ടും ഉത്തരവാദപ്പെട്ട പ്രധാനമന്ത്രി പ്രതികരിച്ചില്ല.
എന്നാൽ, സ്വീഡനിൽ ഒരാൾ വിശുദ്ധ ഖുർആൻ കത്തിച്ചതിനെ അപലപിച്ചു പാക്കിസ്ഥാൻ യു. എന്നിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ ഇന്ത്യൻ പ്രധാന മന്ത്രി പാക്കിസ്ഥാനെ പിന്താങ്ങി അതിനെ അപലപിച്ചു കയ്യടി വാങ്ങി. ഏതു മതഗ്രന്‌ഥമായാലും അതിനെ കത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം അസഗ്നിദ്ധമായി പ്രസ്‌താവിച്ചു. ഖുർആൻ കത്തിച്ചതിന്റെ മണം അദ്ദേഹത്തെ അലോസരപ്പെടുത്തി. പക്ഷേ, മണിപ്പൂരിൽ 251 ക്രിസ്ത്യൻ ദേവാലയങ്ങൾ കത്തിച്ച മണമോ പച്ച മനുഷ്യരെ ജീവനോടെ കത്തിച്ചതിന്റെ മണമോ അദ്ദേഹത്തെ അലോസരപ്പെടുത്തിയില്ല. പക്ഷേ, അന്തർദ്ദേശീയ തലത്തിൽ വീഡിയോകൾ വൈറലായി പ്രതിഷേധം ഉയർന്നപ്പോൾ, പ്രതിഛായയ്ക്കു മങ്ങലേൽക്കുമെന്നു കണ്ടപ്പോൾ, മാത്രം പ്രതികരിക്കാൻ തയ്യാറായി. ഇനിയും നടപടി ഉണ്ടാകേണ്ടിയിരിക്കുന്നു.
രണ്ടു വിഭാഗങ്ങളെയും പിന്തുണയ്ക്കുന്നവർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകളിൽ പലതും സത്യമല്ലെന്ന യാഥാർഥ്യവും നിലനിൽക്കുന്നു. ഉദാഹരണത്തിന് ഒരു കുക്കി പെൺകുട്ടിയെ കുറെ ചെറുപ്പക്കാർ കൂടി മാരകമായി ഉപദ്രവിക്കുന്ന വീഡിയോ വൈറൽ ആണ്. പോസ്റ്റ് ചെയ്തവർ പറയുന്നത് ആ പെൺകുട്ടി കുക്കി വിഭാഗത്തിൽ പെട്ടവളും ആക്രമിക്കുന്ന ചെറുപ്പക്കാർ മെയ്‌തി വിഭാഗത്തിൽ പെട്ടവരും ആണെന്നാണ്. എന്നാൽ ഫാക്‌ട് ചെക്കിൽ കണ്ടത് അത് മൂന്നു വർഷം മുൻപ് ബീഹാറിൽ നടന്ന ഒരു സംഭവം ആണെന്നാണ്. മറ്റൊരു വീഡിയോ കുക്കികൾ കഞ്ചാവ് കൃഷി ചെയ്യുന്നവരാണെന്നും അത് നശിപ്പിക്കാൻ പോയ മിലിട്ടറിയെ അവർ ആക്രമിച്ചെന്നുമാണ്. ഫാക്‌ട് ചെക്കിൽ കണ്ടത് അത് അമേരിക്കൻ മിലിട്ടറി അഫ്‌ഗാനിസ്ഥാനിൽ നശിപ്പിച്ച 'പോപ്പി' കൃഷിയുടേതാണെന്നാണ്. ഇങ്ങനെയുള്ള പ്രചരണങ്ങൾ എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെയാണെന്ന് മനസ്സിലാക്കണം. സർക്കാർ, പ്രത്യേകിച്ച് പ്രധാനമന്ത്രി, ഇടപെട്ട് എത്രയും പെട്ടെന്നു തന്നെ ഇതിനു പരിഹാരം ഉണ്ടാകണം.
ഏഴു സഹോദരിമാർ എന്നറിയപ്പെടുന്ന മിസോറാം, ത്രിപുര, മണിപ്പൂർ, നാഗാലാൻഡ്, മേഘാലയ, ആസാം, അരുണാചൽപ്രദേശ് സംസ്ഥാനങ്ങൾ ആകെ ആശങ്കയിലാണ്. കലാപം കാട്ടുതീ പോലെ പടരുകയാണ്. ഇപ്പോൾ വരുന്ന വാർത്ത കലാപം മിസോറാമിലേക്കു പടരുന്നു എന്നതാണ്. മിസോറാമിൽ 87 ശതമാനത്തിലധികം ക്രിസ്ത്യാനികളാണ്. കുക്കികളെ പിന്തുണയ്ക്കുന്ന ചില തീവ്രവാദ സംഘടനകൾ രംഗത്തു വന്നതോടെ ഇപ്പോൾ മെയ്‌തികൾ പലായനം ചെയ്യുകയാണ്. അതും അപകടകരമാണ്. എന്തായാലും അധികാരികളുടെ അനാസ്ഥ കാര്യങ്ങൾ കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ. പ്രധാനമന്ത്രിയുടെ നിസ്സംഗത അവസാനിപ്പിക്കണം. അല്ലെങ്കിൽ ഈ നിസ്സംഗത എന്തുകൊണ്ടാണെന്ന് രാജ്യത്തോട് പറയണം.
Nadappaathayil innu