"ഞാൻ പോകുന്നില്ലെന്ന് പറഞ്ഞാൽ പോകുന്നില്ല, അത്ര തന്നെ".
"മരണത്തോടാണോടോ വാശി?
"പോയൊന്നു കണ്ടു വരൂ.
വാശിയൊതുങ്ങുമ്പോൾ ഒരു പക്ഷേ താൻ സങ്കടപ്പെടും", ഭർത്താവിൻ്റെ സാന്ത്വനം. അദ്ദേഹത്തോട് ചേർന്നു നിന്ന് ഭേഷായാെന്നു കരഞ്ഞപ്പോൾ കുറേ ഭാരം കുറഞ്ഞു.
ഏടത്തി നേർത്തെപോയത് നന്നായി എന്നോർത്തു.
ചെല്ലുമ്പോൾ, മഴ പെയ്ത് മുറ്റം നനഞ്ഞു കിടന്നിരുന്നു. ഏട്ടനും ഏടത്തിയും ഒന്നായി വാങ്ങിയ വീട്. പിന്നീട് ഏടത്തി ഒറ്റയ്ക്ക് ഇറങ്ങിപ്പോയ വീട്.
അവരിരുവരുമില്ലാത്ത വീട്ടിലേയ്ക്ക് കടന്നു വരേണ്ടിയിരുന്നില്ലെന്ന് തോന്നി ഒരു നിമിഷം.
തിരിഞ്ഞു നടന്നാലോ എന്ന് ശങ്കിക്കുമ്പോഴാണ് ആരോ ഉച്ചത്തിൽ പറഞ്ഞത്, ''ശാന്തേടത്ത്യോട് പറയിൻ അദ്യത്തിൻ്റെ ഒടപ്രന്നോള് വന്നട്ക്കണൂ ന്ന്''.
മനസ്സിൽ വലിയൊരു ചില്ലുപാത്രം തകർന്നുവീണു.
'ഡീ ശാന്തേ ചായ'
'ആ പാത്രം മോറിക്കൊണ്ടു വാ' "അവ്ടൊന്ന് തൂർത്തിട്"
എന്നൊക്കെ പറഞ്ഞാണ് ശീലം.
വീട്ടിലെ വാല്ല്യക്കാരത്തിയായിരുന്നു.
അവരെ ഏടത്തി എന്നൊക്കെ വിളിക്കാൻ, അതും, നിലവിളക്കു പോലെ പ്രഭ ചൊരിഞ്ഞ് നിന്നിരുന്ന ആ ഒരാൾ നിൽക്കേണ്ടിയിരുന്ന സ്ഥാനത്ത് പകരക്കാരിയായി വന്നൊരുവളെ.....
അസ്വസ്ഥത തോന്നി.
പക്ഷെ, അവരവിടെ നിന്നൊക്കെ വളർന്ന് ശാന്തമ്മയും, ശാന്താ മാഡവും ശാന്തേടത്തിയുമൊക്കെ ആയിരിക്കുന്നു. വൈഭവക്കാരായവർക്ക് ഏട്ടൻ്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ, 'സ്കൈ ഇസ് ദ ലിമിറ്റ്'.
ഏട്ടൻ കണ്ണടച്ച്, കൈകൾ മാറിൽ ചേർത്തു കൂപ്പി, അരിപ്പൊടി വരച്ച അരികുകൾക്കുള്ളിൽ നിശ്ശബ്ദനായി കിടന്നു.
ആരും വരച്ച കളങ്ങളിലൊതുങ്ങാത്തയാൾ.....
ആർക്കു മുൻപിലും കൈകൂപ്പി ശീലിച്ചിട്ടാല്ലാത്തയാൾ....
ആരാണദ്ദേഹത്തെയിങ്ങനെ...
കടുത്ത ദേഷ്യം മനസ്സിനെ കീഴടക്കാൻ തുടങ്ങി.
'അരുത്' എന്ന് ചേർത്തു പിടിച്ചയാളുടെ കൈ മുറുകിയപ്പോഴറിഞ്ഞു.
വല്ലാതെ ക്ഷീണിച്ചിരിയ്ക്കുന്നു, സംസാരം പണ്ടേ കുറവായിരുന്നു. കണക്കു പറയലും, കണക്കെഴുത്തും, കണക്കപ്പിള്ളയും അവരായിരുന്നെന്ന് കേട്ടിരുന്നു.
ഒപ്പുവയ്ക്കാൻ ഒരു കൈപ്പത്തി എന്നതിനപ്പുറം ആളുടെ വില നഷ്ടപ്പെട്ടിരുന്നു.
തറവാട്ടിലെ വടക്കോറത്ത് വീണ എച്ചിൽ പാത്രങ്ങളുടെ കണക്കത്രയും അവർ തീർക്കുകയാണ്, വാശിയോടെ.....
തലയ്ക്കൽ ദു:ഖഭാരാഭിനയം നോക്കാതിരിയ്ക്കാൻ പണിപ്പെടേണ്ടി വന്നു.
നന്നേ തടിച്ച് തുടുത്തിരിയ്ക്കുന്നു.
അടുത്ത്, അവരുടെ ഏടത്തിയുടെ മകൾ.....
വടക്കു പുറത്തെ വരാന്തയിൽ ഭക്ഷണത്തിനായി വന്ന് നിന്നിരുന്ന മെലിഞ്ഞ കൈകാലുകളുണ്ടായിരുന്ന പെൺകുട്ടി. അവളുടെ കണ്ണുകളിലെ ആർത്തി ഇപ്പോഴും കുറഞ്ഞിട്ടില്ല.
കണ്ണുകൊണ്ട് ആജ്ഞ കണ്ടു,
"അമ്മായിയെ കൂട്ടി വരൂ", അല്പം ഉറക്കെ, അധികാരത്തോടെ അവർ പറഞ്ഞു. പെൺകുട്ടി വന്ന് കൈ പിടിച്ചപ്പോൾ കുടഞ്ഞു മാറ്റി.
തൻ്റെ അധികാര പരിധിയിൽ....
വെറും വിരുന്നുകാരിയുടെ റോളിലാണിപ്പോൾ.
അരുത്, മരണത്തിനു മുന്നിൽ അഹന്തകളരുത്, കോപമരുത്.....
മനസ്സിനോട് പറഞ്ഞു കൊണ്ടേയിരുന്നു.
തലയ്ക്കൽ ഏട്ടനടുത്ത് കുനിഞ്ഞിരിയ്ക്കുമ്പോൾ അവർക്ക് മാത്രം കേൾക്കാൻ മട്ടിൽ പറഞ്ഞു.
"ശാന്ത അങ്ങട് നീങ്ങിയിരിയ്ക്കു, എനിക്കെൻ്റെ ഏട്ടൻ്റടുത്ത് ഇത്തിരി നേരം ഇരിയ്ക്കണം"
അവർ ഒരു നിമിഷം അടുക്കളപ്പുറത്തെ ശാന്തയായി, എഴുന്നേറ്റ് പോയി.
ഏട്ടൻ്റെ മുഖത്തേക്ക് ഉറ്റുനോക്കിയിരിയ്ക്കേ ഓർമ്മകളുടെ ഒരു വലിയ കെട്ടു തന്നെ മുന്നിൽ വന്നു വീണു.
വായനകളെ നയിച്ച, പുസ്തകങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ച ഏട്ടൻ.....
"കണ്ണിക്കണ്ട പുസ്തകോന്നും വായ്ക്കാൻ കൊടുത്ത് അതിനെ വഴിതെറ്റിക്കണ്ട, അതൊരു പെങ്കുട്ടിയാണെന്ന്ള്ളത് മറക്കണ്ട"
അകത്ത് നിന്ന് അമ്മ പറയും,
"ഏയ്! എന്നൊരു കണ്ണിറുക്കലിൽ തനിക്ക് തന്ന സർവ്വ സ്വാതന്ത്ര്യം, പ്രണയത്തിലും ഒളിച്ചോട്ടത്തിലും താങ്ങും തണലുമായ ഏട്ടൻ......
കണ്ണീരൊഴുകി പടർന്നു.
പ്രിയപ്പെട്ട എഴുത്തുകാരിയായിരുന്നു ഏടത്തി.
ഇത്ര ചേർച്ചയുള്ള ജോഡിയെ കണ്ടിട്ടേയില്ലെന്ന് എല്ലായ്പ്പോഴും ഭർത്താവിനോട് അഭിമാനപൂർവ്വം പറയുമായിരുന്നു.
വിവാഹം എന്ന ഉടമ്പടിയില്ലാതെ പരസ്പരം സ്നേഹത്തിലും വിശ്വാസത്തിലും മാത്രം ഉറച്ച് ജീവിച്ച അവരുടെ ഇടയിൽ എന്താണ് സംഭവിച്ചത്?
ഏടത്തി ഇറങ്ങിപ്പോയി എന്നറിഞ്ഞെത്തിയ തൻ്റെ
ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ ഏട്ടനിരുന്നു.
പിന്നീട് കേട്ടു, മദ്യം ഏട്ടനെ കീഴടക്കിക്കൊണ്ടിരിയ്ക്കുന്നു.
വടക്കുപുറത്തെ വാതിൽ കടന്ന് ശാന്ത കിടപ്പുമുറിയിലേക്ക് മാറി. ശാന്തമ്മയായി.
ബുദ്ധിപൂർവ്വം വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പലവട്ടം, പല മട്ടിൽ ചോദിച്ചിട്ടും ഏടത്തി ഒന്നും പറയുകയുണ്ടായില്ല. ഒരു സന്യാസിനിയുടെ ജീവിതം. ഒറ്റമുറിയിൽ.....
"എങ്ങനെയാവും ഏടത്തിയ്ക്ക് കഴിയാഞ്ഞത് ശാന്ത നേടിയെടുത്തിട്ടുണ്ടാവുക?"
"രണ്ടു തട്ടിൽ നിൽക്കുന്ന മനുഷ്യരെ സാമ്യപ്പെടുത്താതിരിയ്ക്കൂ'', അദ്ദേഹം പറഞ്ഞു,
"ഒരു വീട്, പ്രതാപിയായ മനുഷ്യൻ്റെ അഡ്രസ്സ് ഇവയൊക്കെ ഒരു വീട്ടുജോലിക്കാരിക്ക് സ്വപ്നം മാത്രമല്ലെ? അത് കിട്ടിയാൽ പിന്നവർക്കെന്തായാലെന്താ...
തൻ്റെ ഏട്ടനും ഒരു ഇൻ്റലക്ച്വൽ കംപാനിയൻഷിപ്ന്റെ ആവശ്യം തോന്നിയിരിക്കില്ല''.
ഏടത്തിയുടെ അവസാനം ഓർമ്മയുണ്ട്. കാണണം എന്നുണ്ടോ എന്ന ചോദ്യത്തിന് കണ്ണീർ ധാരധാരയായി ഒഴുകി.
ഏട്ടനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടെങ്കിലും വരികയോ അന്വേഷിക്കുകയോ ചെയ്യുകയുണ്ടായില്ല.....
അന്നും, ഹോം നഴ്സിനെ ഏല്പിച്ച് വൈകുന്നേരം വീട്ടിൽ വന്നതായിരുന്നു....
"ഏട്ത്തിയ്ക്ക് പ്രാന്താ!"
"ചില ഭ്രാന്തുകൾ നന്നല്ലേ കുട്ടീ"
വിഷാദം കലർന്നൊരു ചിരി പറഞ്ഞു!
"അർഹതപ്പെട്ടത് വിട്ടു കളഞ്ഞൊരു വിഡ്ഢിയെന്ന് ഏട്ത്തിയെ എല്ലാരും പരിഹസിയ്ക്കും!"
"അർഹതപ്പെട്ടത് എങ്ങനാ കുട്ട്യേ കളഞ്ഞു പോവ്വാ!"
"എനിയ്ക്ക് ഏട്ത്തീടെ ഈ തണുത്ത സ്വഭാവം കണ്ട് ദേഷ്യം വര്ണ്ട്"
"വേണ്ടാ, കുട്ടി പറയൂ ഞാന്താ ചെയ്യണ്ടേ?"
"ചേർന്നു നിൽക്കൂ"
"ചേർത്തു നിർത്താത്തോരെ എങ്ങ്ന്യാ കുട്ട്യേ....."
"ന്നാ വിട്ടു പോവൂ"
"പറ്റാഞ്ഞിട്ടല്ലേ....."
"ഒന്നു പറയാൻ മറന്നു കുട്ടീ, എനിയ്ക്കെന്തു വന്നാലും, ആറ് മാസത്തിന്റുള്ളില് നെന്റെ ഏട്ടനത് വരും"
"ഓർമ്മ്യല്ല്യേ, മഞ്ഞപ്പിത്തം, പിന്നെ....."
"ഉണ്ടുണ്ട്"
''അത്രണ്ട് നൂല്ട്ട് കെട്ടീട്ടാ, രണ്ട് ജന്മങ്ങളും,നല്ലോണം നോക്കിക്കോളേണ്ടൂ, ദുശ്ശാഠ്യങ്ങളൊരുപാട്ണ്ട്, അറിയാണ്ടേല്ലാ....."
"അത്ര കരുതലുള്ളോര്, വല്ലോരേം ഏൽപ്പിയ്ക്കാണ്ടേ, തന്നന്നെ നോക്ക്വാ"
"വേണ്ടാച്ചിട്ടല്ലല്ലൊ, ആവാഞ്ഞിട്ടല്ലേ കുട്ടീ"
"താനെന്താ പാതിരാത്രി പിറുപിറുക്കണെ?"
ഉറക്കത്തിനിടയിലെഴുന്നേറ്റ ഭർത്താവ് ചോദിച്ചു.
"ഒന്നൂല്ല്യാ..."
പെട്ടെന്ന് ഹാളിലെ ഫോൺ മുഴങ്ങി, അപ്പുറത്ത് ഏട്ത്തിയുടെ നാത്തൂൻ!
"പോയീട്ടാേ''
എന്താഡോ, ആരാ.....
"ഒന്നൂല്യാ, ഒരു നക്ഷത്രം വീണുപോയി"
"ന്താ തനിയ്ക്ക്! നക്ഷത്രം വീഴ്വേ?"
ആകാശത്തു നിന്നൊരു കൊള്ളിയാൻ ജനലിനരികിലൂടെന്ന പോൽ....
അത് കഴിഞ്ഞ് ആറുമാസം കഴിഞ്ഞുവെന്ന് ഞെട്ടലോടെ ഓർത്തു.
പറഞ്ഞേൽപ്പിച്ചു പോയിട്ടും......
ഒരു കുറ്റബോധം ഉള്ളിൽ പടരാൻ തുടങ്ങി....