ക്രുദ്ധനായി ലോകത്തെ നശിപ്പിക്കാനൊരുങ്ങിയ രാമനെ ലക്ഷ്മണന്‍ അനുനയിപ്പിച്ചു. 'ഒരിക്കലും അങ്ങ് ഇപ്രകാരം ക്രോധം കൊള്ളരുത്. ഉലകം അങ്ങയെ അഭയം പ്രാപിക്കുമ്പോള്‍, അങ്ങ് ഉലകമില്ലാതാക്കുവാന്‍ പുറപ്പെടുകയാണോ? അങ്ങയെ ഉപദേശിക്കുവാന്‍ ആര്‍ക്കു കഴിയും? ശോകം കൊണ്ടുറങ്ങിപ്പോയ അങ്ങയുടെ ജ്ഞാനത്തെ ഞാന്‍ ഉണര്‍ത്തുക മാത്രമാണു ചെയ്യുന്നത്. ഹേ, രഘൂത്തമ, ശത്രുവധത്തിനു യത്‌നിച്ചാലും. സര്‍വ്വവും മുടിച്ചിട്ട് എന്തു പ്രയോജനം? ആ വൈരിയെ കണ്ടുപിടിച്ചു നശിപ്പിച്ചാലും.'
ലക്ഷ്മണന്റെ മൊഴികള്‍ കേട്ടു രാമന്‍ കോപമടക്കി. പിന്നെ സീതയെ അപഹരിച്ച രാക്ഷസന്‍ ജനസ്ഥാനത്തു തന്നെ ഉണ്ടാകുമെന്ന ധാരണയില്‍ കാടാകെ തിരഞ്ഞു. അപ്പോഴാണ് ജടായുവിനെ രാമന്‍ കാണുന്നത്. ആദ്യം ജടായുവാണ് സീതയെ അപഹരിച്ചത് എന്നു നിനച്ചുവെങ്കിലും, ചിറകറ്റു വീണു കിടക്കുന്ന ജടായു, രാവണന്‍ സീതയെ അപഹരിക്കവേ താനുമായി ഉണ്ടായ യുദ്ധത്തെക്കുറിച്ചു പറയുകയും, അവന്റെ തകര്‍ന്ന തേരിനേയും, തേരാളിയേയും ആയുധങ്ങളേയും കാട്ടിക്കൊടുക്കുകയും ചെയ്തു. പിന്നെ, രാവണന്‍ അരിഞ്ഞു വീഴ്ത്തിയ അവന്റെ ചിറകുകളും രാമനു കാട്ടിക്കൊടുത്തു. രാവണനെക്കുറിച്ചും, 'ഹാ രാമാ' എന്നു കരഞ്ഞ സീതയെക്കുറിച്ചും പറഞ്ഞ്, ജടായു ജീവന്‍ വെടിഞ്ഞു. ജടായുവിനായി ചിത ചമച്ച്, അതില്‍ ദഹിപ്പിച്ച്, ഗോദാവരിയില്‍ ഉദകക്രിയയും ചെയ്ത് ഇരുവരും തെക്കു ദിക്കിലേക്കു യാത്ര തുടര്‍ന്നു.
ഏറ്റവും ദുര്‍ഗ്ഗമവും ഘോരവുമായ പെരുങ്കാട്ടിലൂടെ സഞ്ചരിക്കവേ അയോമുഖി എന്ന രാക്ഷസിയുടെ മുന്നില്‍ അവര്‍ പെട്ടു. തന്നെ കടന്നുപിടിച്ച അവളെ ലക്ഷ്മണന്‍ അംഗഛേദം നടത്തിവിട്ടു. ക്രുദ്ധയായ അവള്‍ അലറിക്കൊണ്ടു പോകെ, കബന്ധനെന്ന തലയും കാലുമില്ലാത്ത, നീണ്ട കൈകളും വയറില്‍ ഒരു കണ്ണും വായുമുള്ള ഒരു സത്വം അവര്‍ക്കു മുന്നില്‍ പ്രത്യക്ഷനായി. അതിന്റെ കൈകളില്‍ രാമലക്ഷ്മണന്മാര്‍ പെട്ടു. ഇന്ദ്രന്റെ ശാപം കൊണ്ടു വികൃത ശരീരനായ ആ സത്വത്തിന്റെ ശക്തി കൈകളിലാണെന്നു തിരിച്ചറിഞ്ഞ രാമലക്ഷ്മണന്മാര്‍ അവന്റെ കൈകള്‍ ഛേദിച്ചു. അതോടെ ശക്തി ക്ഷയിച്ചു ചത്തുമലച്ച അവനെ കുഴിയില്‍ ഇട്ടു ദഹിപ്പിച്ചു. ശാപമോക്ഷം ലഭിച്ച കബന്ധന്‍, താന്‍ ഈ ശുഭ നിമിഷത്തിനായി രാമന്റെ വരവും കാത്തിരിക്കുകയായിരുന്നുവെന്നും, സീതാദേവിയെ ലഭിക്കുവാന്‍, ബാലീ സഹോദരന്‍ സുഗ്രീവനുമായി സന്ധി ചെയ്യുകയാണു മാര്‍ഗമെന്നും ഉപദേശിച്ചു. ഒപ്പം പമ്പാതീരത്ത് മാതംഗവനത്തിനടുത്ത് ഋഷിമൂകമെന്ന സ്ഥലത്തു പാര്‍ക്കുന്ന സുഗ്രീവനെ കണ്ടെത്തുവാനുള്ള മാര്‍ഗ്ഗങ്ങളും പറഞ്ഞുകൊടുത്ത് കബന്ധന്‍ മറഞ്ഞു.
തെക്കുദിക്കുനോക്കി നടന്ന രാമലക്ഷ്മണന്മാര്‍ ഒടുവില്‍ പമ്പാതീരത്തു ശബരി ആശ്രമത്തിലെത്തി. ആ സാധ്വിയുടെ ആതിഥ്യം സ്വീകരിച്ച രാമന്‍ അവരെ അനുഗ്രഹിച്ചു. രാമനെ കണ്ടു ചരിതാര്‍ത്ഥയായ അവര്‍ അഗ്‌നിയില്‍ ശരീരം വെടിഞ്ഞു, സ്വര്‍ഗം പ്രാപ്തമാക്കി വിണ്ണിലേക്കുയര്‍ന്നു.
പിന്നെ രാമലക്ഷ്മണന്മാര്‍ പമ്പാ സരസ്സില്‍ എത്തിച്ചേര്‍ന്നു. നീര്‍ക്കോഴി, മയില്‍, മരംകൊത്തി, തത്ത തുടങ്ങിയ പക്ഷികള്‍ കൂകുന്നതും, പൂത്തുലഞ്ഞ പല തരം മരങ്ങള്‍ തിങ്ങിനിറഞ്ഞതുമായ വനം കണ്ടു അവര്‍ നടന്നു. നറുവരിമരം, പുന്നാഗം, അശോകം തുടങ്ങിയവ നിറഞ്ഞ ഉപവനങ്ങളും, പല വല്ലികളാലും വൃക്ഷങ്ങളാലും ചൂഴപ്പെട്ട്, പല നിറമാര്‍ന്ന കമ്പിളി പോലുള്ള ആമ്പലുകളും താമരകളും നിറഞ്ഞ പമ്പ കണ്ട് രാമന്‍ സീതയെ ഓര്‍ത്തു ദീനാര്‍ത്തനായി.
അരണ്യകാണ്ഡം സമാപ്തം.
കിഷ്‌കിന്ധാകാണ്ഡം ആരംഭം
പമ്പാതീരത്തെ പ്രകൃതി മനോഹാരിതയില്‍ രാമന്‍ സീതയെക്കുറിച്ചോര്‍ത്തു കൂടുതല്‍ വിഷാദിച്ചു. പൂത്തു കായ്ച്ചു നില്‍ക്കുന്ന മരങ്ങങ്ങളും തെളിനീരുറവകളും ചെറു താമര പൊയ്കകളും, പക്ഷികളുടെ കൂജനവും ഒക്കെ രാമനില്‍ വിരഹ വേദന ശക്തമാക്കി.
ഇതേ സമയം ഋഷ്യമൂകത്തിനടുത്തു കൂടി സഞ്ചരിച്ചിരുന്ന രാമലക്ഷ്മണന്‍മാരെ സുഗ്രീവന്‍ കണ്ടു. അവര്‍ ബാലിയുടെ ചാരന്മാരാകുമെന്നു ശങ്കിച്ചു വേഗം എല്ലാ വാനന്മാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ഒപ്പം ഇവര്‍ ആരെന്നും എന്തെന്നും അറിഞ്ഞു വരാന്‍ ഹനുമാനെ അയക്കുകയും ചെയ്തു. ഹനുമാന്‍ ബ്രാഹ്‌മണ വേഷത്തില്‍ രാമലക്ഷ്മണന്മാര്‍ക്കു മുന്നില്‍ പ്രത്യക്ഷനായി. എന്നിട്ട്, അവരുടെ വരവിന്റെ ലക്ഷ്യമെന്തെന്ന് ആരാഞ്ഞു. ഒപ്പം ബാലിയുടെ കോപമേറ്റു രാജ്യവും ഭാര്യയും നഷ്ടമായി ബാലികേറാമലയായ ഋഷ്യമൂകത്തില്‍ ഭയന്നു കഴിയുകയാണു സുഗ്രീവനെന്നും അറിയിച്ചു.
ഇതുകേട്ടു ലക്ഷ്മണന്‍ തങ്ങള്‍ തേടിയതു സുഗ്രീവനെയാണെന്നും സന്ധി ചെയ്യുവാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചു. രാമനിര്‍ദ്ദേശപ്രകാരം രണ്ടുപേരേയും ഹനുമാന്‍ സുഗ്രീവനു മുന്‍പാകെ എത്തിച്ചു. അവിടെ വച്ച് സുഗ്രീവനു രാജ്യം വീണ്ടെടുത്തു നല്‍കാന്‍ സഹായിക്കുമെന്നു രാമനും, സീതയെ കണ്ടെത്തുവാന്‍ സഹായിക്കുമെന്നു സുഗ്രീവനും സഖ്യം ചെയ്തു.കൂടാതെ, രാവണന്‍ തട്ടിക്കൊണ്ടു പോകുന്ന സമയം സീത താഴേക്കിട്ട ആഭരണങ്ങളും ഉത്തരീയവും കാട്ടിക്കൊടുക്കുകയും ചെയ്തു. സീതയുടെ ആഭരണങ്ങള്‍ കണ്ട്, അവ മാറോടു ചേര്‍ത്തു രാമന്‍ പൊട്ടിക്കരഞ്ഞു. ദീനനായ രാമനെ സുഗ്രീവന്‍ സമാശ്വസിപ്പിച്ചു.
സുഗ്രീവനും രാമനും സംഖ്യത്തിലേര്‍പ്പെട്ടുകൊണ്ട് സ്വന്തം കഥകള്‍ പറയവേ രാമന്‍, സുഗ്രീവനും ബാലിയുമായുളള ശത്രുതയുടെ കാരണം അന്വേഷിച്ചു. സുഗ്രീവന്‍ ആ കഥ പറഞ്ഞു.
സുഗ്രീവന്റെ ജേഷ്ഠനാണു ബാലി. അച്ഛന്‍ മരിച്ചപ്പോള്‍ മുറപോലെ ബാലിയെ കിഷ്‌കിന്ധാധിപനാക്കി. സുഗ്രീവന്‍ ദാസനെപ്പോലെ അവനെ സേവിച്ചു വന്നു. ഒരിക്കല്‍ ദുന്ദുഭിയുടെ മകനായ മായാവിയുമായി ബാലി, സ്ത്രീ വിഷയത്തിലുണ്ടായ പോരില്‍ ഇടഞ്ഞു. അതില്‍ തോറ്റ മായാവി, ഒരു ദിവസം രാത്രി ഏവരും ഉറങ്ങിക്കിടക്കുമ്പോള്‍ വന്നു ബാലിയെ പോരിനു വിളിച്ചു.എല്ലാവരുടേയും അപേക്ഷയും തള്ളി, ബാലി ആ രാത്രി തന്നെ ആ മായാവിയുടെ പിന്നാലെ ചെന്നു. ഒപ്പം സുഗ്രീവനും. മായാവി ഒരു ഗുഹയ്ക്കുള്ളിലേക്ക് ഓടിക്കയറി. അവിടെ എത്തിയ സുഗ്രീവനോട് ഗുഹക്കു പുറത്തുകാവല്‍ നില്‍ക്കുവാന്‍ ആവശ്യപ്പെട്ട്, ബാലി അകത്തേക്കു പ്രവേശിച്ചു.ഒരു വര്‍ഷം കഴിഞ്ഞു. ഒടുവില്‍ ആ ഗുഹയില്‍ നിന്നു മായാവിയുടെ അട്ടഹാസങ്ങള്‍ കേള്‍ക്കുകയും പതഞ്ഞ ചോര പുറത്തേക്ക് ഒഴുകുകയും ചെയ്തു തുടങ്ങി. മായാവിയാല്‍ ബാലി വധിക്കപ്പെട്ടു എന്നു നിനച്ച് സുഗ്രീവന്‍ ആ ഗുഹാമുഖം വലിയ പാറകൊണ്ടടച്ചു കൊട്ടാരത്തിലേക്കു വന്നു. മന്ത്രിമാരും ബാലി മരണപ്പെട്ടുവെന്നു കരുതി സുഗ്രീവനെ രാജാവാക്കി.എന്നാല്‍ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ബാലി തിരികെ വന്നു. സുഗ്രീവന്‍ പറഞ്ഞതൊന്നും കേള്‍ക്കുവാന്‍ ബാലി കൂട്ടാക്കിയില്ല. ബാലി, സഹോദരന്‍ തന്നെ വഞ്ചിച്ചു എന്നു പറഞ്ഞു സുഗ്രീവനെ രാജ്യത്തു നിന്നും പുറത്താക്കി. ഭാര്യയെ അവന്റെതാക്കി. അങ്ങനെ ഹതാശനായ സുഗ്രീവന്‍ ബാലിക്കു ശാപം കിട്ടിയ ഋഷ്യമൂകം എന്ന മലയില്‍ നാലു സചിവരോടൊത്തു പാര്‍ത്തു വരികയാണ്.
ഈ കഥ കേട്ട രാമന്‍, സുഗ്രീവനെ സഹായിക്കാമെന്നു വാക്കു കൊടുത്തു. എന്നാല്‍ രാമന് ബാലിയെ വധിക്കാനാകുമോ എന്ന കാര്യത്തില്‍ സുഗ്രീവനു സംശയമുണ്ടായിരുന്നു. അവന്‍ പണ്ടു ദുന്ദുഭി എന്ന രാക്ഷസന്‍ പോത്തിന്റെ രൂപമെടുത്തു സാഗരത്തേയും, ഹിമവാനേയും വെല്ലുവിളിച്ചിരുന്ന കഥ പറഞ്ഞു. അന്ന് ഹിമവാന്‍ ദുന്ദുഭിയെ നേരിടാന്‍ ഭൂമിയില്‍ ബാലി മാത്രമേ ഉള്ളൂ എന്നറിയിച്ചു. ദുന്ദുഭി ബാലിയെപ്പോരിനു വിളിച്ചു. ബാലിയുമായുള്ള ഏറ്റുമുട്ടലില്‍ ദുന്ദുഭി ചത്തുമലച്ചു. അവന്റെ കുന്നോളം പോന്ന ശരീരം ബാലി, കാലിന്റെ തള്ളവിരല്‍ കൊണ്ടുത്തോണ്ടി ദൂരേക്ക് പറപ്പിച്ചു. ആ സമയം അവന്റെ പിണത്തില്‍ നിന്നും തെറിച്ച ചോരത്തുള്ളികള്‍ മാതംഗാശ്രമത്തെ മലിനപ്പെടുത്തി. ഇതു കണ്ടു മാതംഗ മുനി, ആശ്രമം അശുദ്ധപ്പെടുത്തിയ ബാലിയോ കിങ്കരന്മാരോ ആശ്രമത്തില്‍ കടന്നാല്‍ കല്ലായിപ്പോകുമെന്നു ശപിച്ചു. ആ ശാപം പേടിച്ച് ബാലിയും കൂട്ടരും ഋഷ്യ മൂകത്തേക്കു കടക്കില്ല. അതിനാലാണ് സുഗ്രീവനും നാലു സചിവരും അവിടെ താമസിച്ചു വന്നത്..
ഇത്രയും ബലവാനായ ബാലിയെ രാമന്‍ എപ്രകാരം വധിക്കും എന്ന കാര്യത്തില്‍ സുഗ്രീവനു സംശയമുണ്ടായിരുന്നു. അവന്‍ മാതംഗാശ്രമത്തില്‍ ഒരു കുന്നുപോലെ കിടന്ന ദുന്ദുഭിയുടെ എല്ലിന്‍ കൂട് കാണിച്ചു കൊടുത്തു. അതു കാലിന്റെ പെരുവിരല്‍ കൊണ്ട് പത്തു വില്‍പ്പാടു നീക്കാമോ എന്നു ചോദിച്ചു. രാമനതു തളള വിരല്‍ കൊണ്ടു ഇരുന്നൂറു യോജേന തോണ്ടി എറിഞ്ഞു എന്നിട്ടും സുഗ്രീവനു വിശ്വാസം വരായ്കയാല്‍ രാമന്‍, ബാലി ഒറ്റ അമ്പു കൊണ്ടു തുളച്ചിരുന്ന സാല മരങ്ങള്‍ ഏഴെണ്ണം ഒറ്റ അമ്പു കൊണ്ടു തുളച്ചുകാട്ടി.
സുഗ്രീവനു വിശ്വാസമായി.
അവന്‍ പോരിനു ബലിയെ വിളിച്ചു. പക്ഷേ, കാണാന്‍ ഒന്നു പോലിരിക്കുന്ന ബാലി സുഗ്രീവന്മാരെ വേറിട്ടു തിരിച്ചറിയാനാകാതെ രാമന്‍ കുഴഞ്ഞു. ഒടുവില്‍ തോറ്റു തിരിഞ്ഞോടിയ സുഗ്രീവന്‍ ഋഷ്യ മൂകത്തിലെത്തി. പിന്നെ രാമനിര്‍ദ്ദേശപ്രകാരം ലക്ഷ്മണന്‍ ഗജപുഷ്പി കൊണ്ടുണ്ടാക്കിയ മാല സുഗ്രീവനു നല്‍കി. അതും ധരിച്ചവന്‍ വീണ്ടും ബാലിയെ പോരിനു വിളിച്ചു. ഇക്കുറി താര ബാലിയോടു പോരിനിറങ്ങരുത് എന്ന് അപേക്ഷിച്ചു. രണ്ടാമതും പോരിനു വന്നുവെങ്കില്‍ അവനു പിന്നില്‍ ശക്തമായ ആരെങ്കിലും ഉണ്ടാകും. അതില്‍ ചതിവു പറ്റും എന്നുമറിയിച്ചു.
എന്നാലതു കേള്‍ക്കുവാന്‍ ബാലി കൂട്ടാക്കിയില്ല.
രണ്ടാമതു നടന്ന യുദ്ധത്തില്‍ സുഗ്രീവന്‍ തളര്‍ന്നു തുടങ്ങിയ ഘട്ടത്തില്‍ രാമനെയ്ത അമ്പേറ്റ് ബാലി നിലം പതിച്ചു. വീണു കിടക്കുന്ന ബാലിയുടെ അടുത്തേക്കു രാമലക്ഷ്മണന്മാരെത്തി. അവരെക്കണ്ട ബാലി, രാമനു നേരിട്ടു ശത്രുത ഇല്ലാതിരുന്നിട്ടും എന്തിനു വേണ്ടിയാണു തനിക്കു നേരെ അമ്പെയ്തത് എന്നു ചോദിച്ചു. ഇതു കേട്ടു രാമന്‍ ബാലിയോടു ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.
ജേഷ്ഠ സഹോദരന്‍, പിതാവ്, വിദ്യാദാതാവ് എന്നിവര്‍ പിതാവിന്റെ സ്ഥാനത്താണുള്ളത്. അനുജനെ പുത്രനെന്നും കരുതണം.ബാലി, സഹോദരപത്‌നിയെ പുത്രിയായി കാണുന്നതിനു പകരം ഭാര്യയാക്കി. അത്തരം ധര്‍മ്മഭ്രംശത്തിനു മരണമാണു ശിക്ഷ. പിന്നെ, മനുഷ്യര്‍ മൃഗങ്ങളെ വേട്ടയാടുന്നതും പതിവു തന്നെ. ആ അര്‍ത്ഥത്തിലും രാമനു പിഴവു പറ്റിയിട്ടില്ല എന്നു ബാലിയെ ബോധിപ്പിച്ചു. തുടര്‍ന്ന് ബാലിയുടെ ഭാര്യ താര അലമുറയിട്ടു കൊണ്ട് ബാലിയുടെ അടുത്തെത്തി. അവള്‍ക്കു സങ്കടം അടക്കുവാനായില്ല. അവളെ ഹനുമാന്‍ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. ഇതിനിടയില്‍ അങ്ഗദനെ ചേര്‍ത്തു പിടിച്ചു കൊണ്ടു സുഗ്രീവനെ അനുസരിക്കണമെന്ന് ഉപദേശിച്ചു. കൂടാതെ സ്വന്തം കഴുത്തിലെ രത്‌നമാല സുഗ്രീവനു നല്‍കി. പിന്നെ ബാലി കണ്ണുകളടച്ചു.
ബാലിയുടെ മരണം കണ്ട താര ഭര്‍ത്താവിന്റെ മുഖം മുകര്‍ന്നു കൊണ്ട് ഓരോന്നു പറഞ്ഞു വിലപിച്ചുകൊണ്ടിരുന്നു. പിന്നെ രാമനിര്‍ദ്ദേശപ്രകാരം ബാലിക്ക് ഉദകക്രിയകള്‍ ചെയ്തു. ശേഷം ലക്ഷ്മണനോടൊത്തു സുഗ്രീവന്‍ രാമന്റെ അടുത്തെത്തി.
പതിനഞ്ചാം ദിനം സമാപ്തം