"എന്താ പിള്ളേച്ചാ, നമ്മൾ ഈ കേൾക്കുന്നത്?"
"എന്തു കേട്ടൂന്നാടോ"
"ഓ, എന്താ പിള്ളേച്ചൻ ഒന്നും അറിയാത്തതു പോലെ?"
"എന്താന്നു വച്ചാൽ തെളിച്ചു പറയെടോ!'
"ആലുവായിൽ ആ അഞ്ചു വയസ്സുകാരി കുഞ്ഞിനെ പീഢിപ്പിച്ചു കൊലപ്പെടുത്തിയ കാര്യം പിള്ളേച്ചൻ അറിഞ്ഞില്ലേ? കേരളം മുഴുവൻ ഞെട്ടിയിരിക്കയല്ലേ?"
"എനിക്കൊരു ഞെട്ടലും തോന്നിയില്ല!"
"അതെന്താ, കേരളത്തിലെ സർവ്വ മനുഷ്യരും ഞെട്ടിയിട്ടും പിള്ളേച്ചൻ മാത്രം ഞെട്ടാതിരുന്നത്?"
"ഇതൊക്കെ ഇവിടെ ഞാൻ പ്രതീക്ഷിച്ചിരുന്നതാണെടോ?"
"എന്നു പറഞ്ഞാൽ?"
"എന്നു പറഞ്ഞാൽ എന്താ? ഇത് പഴയ കേരളമാണോ? അല്ല. ഇതൊരു തുടക്കം മാത്രം."
"മനസ്സിലായില്ല. ഈ അതിഥി തൊഴിലാളികളാണോ പ്രശ്നം"
"എടോ, അതിഥി തൊഴിലാളികളല്ല പ്രശ്നം. നമ്മളൊക്കെ ഒരു കാലത്തു മറ്റു സംസ്ഥാനങ്ങളിൽ അതിഥി തൊഴിലാളികൾ അല്ലായിരുന്നോ? നമ്മൾ ആരെങ്കിലും ഇങ്ങനെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ?"
"നമ്മളെ ആരും അതിഥി തൊഴിലാളി എന്ന് വിളിച്ചിട്ടില്ല. 'മദിരാശി' എന്നാണു വിളിച്ചിരുന്നത്."
"അതെന്തെങ്കിലുമാവട്ടെ. എന്താ ഇവിടെ അവർ പ്രശ്നമായി മാറുന്നത്?"
"അവർക്കു ഭാഷ അറിയാത്തതു കൊണ്ടാണോ?"
"നമ്മളൊക്കെ വടക്കേ ഇന്ത്യയിൽ പോയപ്പോൾ ഹിന്ദി സംസാരിക്കാൻ പഠിച്ചിട്ടാണോ പോയത്? ഭാഷയല്ല ഇവിടത്തെ പ്രശ്‌നം.”
"പിന്നെ എന്താണ്?"
"നമ്മുടെ നാട്ടിലെ നിയമങ്ങൾ! അതാണ് പ്രശ്നം. പിന്നെ വ്യവസ്ഥിതി. ഗോവിന്ദച്ചാമിയ്ക്കു വേണ്ടി വാദിക്കാൻ മണിക്കൂറിന് ഒരു ലക്ഷം രൂപ ഫീസുള്ള വക്കീൽ വരുന്നു. ആരാണ് അവർക്കു പണം കൊടുക്കുന്നത് എന്നാരെങ്കിലും തെരക്കിയിട്ടുണ്ടോ?"
"ഈ കുട്ടിയെ തട്ടിക്കൊണ്ടു പോയവൻ കേരളത്തിൽ വന്നിട്ട് അധിക നാളായിട്ടില്ല. എന്നിട്ടുപോലും ഇങ്ങനെയൊക്കെ ചെയ്യാൻ അവന് എങ്ങനെ ധൈര്യം വന്നു?"
"എടോ, ആദ്യം തന്നെ ഈ അന്യ സംസ്ഥാന തൊഴിലാളികൾ എത്ര പേരുണ്ടെന്നോ അവരുടെയൊക്കെ വിവരങ്ങളോ ഒന്നും സംസ്ഥാന സർക്കാരിന്റെ കൈവശമില്ല. ഇന്ന് തന്നെ വകുപ്പു മന്ത്രി പറഞ്ഞത്, 5.16 ലക്ഷം പേർ മാത്രമാണ് കേരളത്തിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്നതെന്നാണ്. അതും ഇൻഷുറൻസ് ആവശ്യത്തിനു വേണ്ടി മാത്രം. എന്നാൽ യഥാർത്ഥത്തിൽ 30 ലക്ഷത്തിനു മുകളിലാണെന്നാണ് അനൗദ്യോഗിക കണക്ക്."
"പെരുമ്പാവൂർ, പായിപ്പാട് തുടങ്ങിയ സ്ഥലങ്ങയിലായിരുന്നു ഇവരുടെ കേന്ദ്രങ്ങൾ എങ്കിൽ ഇപ്പോൾ കേരളത്തിൽ പല ടൗണുകളിലും ഇവർ കൂട്ടമായിട്ടാണ് താമസിക്കുന്നത്."
"കേരളത്തിലേക്ക് വരുന്ന ഈ അന്യസംസ്ഥാന തൊഴിലാളികളിൽ ബംഗ്ലാദേശിൽ നിന്നും അനധികൃതമായി നുഴഞ്ഞു കയറിയവരും ആസാം, ജാർഖണ്ഡ്, ഒഡീഷ്യ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കുടിയേറിയവരും ഉൾപ്പെടുന്നു. കണ്ടാൽ എല്ലാവരും ഏതാണ്ട് ഒരുപോലെ ഇരിക്കുന്നതുകൊണ്ട് അവരെ പ്രത്യേകമായി തിരിച്ചറിയുവാൻ പോലും സാധിക്കില്ല."
"നമ്മുടെ നാട്ടിൽ പണി ചെയ്യേണ്ടവരെല്ലാം അന്യ നാടുകളിലേക്ക് കുടിയേറുന്ന. ആ സ്ഥാനം ഇവർ ഏറ്റെടുക്കുന്നു. എന്ന് കണക്കാക്കിയാൽ പോരെ പിള്ളേച്ചാ?"
"താൻ പറഞ്ഞത് ശരിയാ, പക്ഷെ പ്രശ്നം അവിടെയല്ല. ഇവരുടെ എണ്ണം പെരുകിയപ്പോൾ ഇവരെക്കൊണ്ട് പണക്കാരാകാൻ ചിലർ ശ്രമിക്കുന്നു. മറ്റൊന്നുമല്ല. ഇവർക്കു ലഭ്യമാക്കുന്ന മദ്യവും ലഹരി മരുന്നും. ഇതിൽ മദ്യം സ്പോൺസർ ചെയ്‌തിരിക്കുന്നത് സാക്ഷാൽ സർക്കാർ തന്നെ. മറ്റതും പരോക്ഷമായി സ്‌പോൺസർ ചെയ്യുന്നത് അധികാരികൾ തന്നെ. കേരള സർക്കാരിന്റെ മുഖ്യ വരുമാനം മദ്യവും ലോട്ടറിയുമാണ്. മദ്യത്തിന്റെ ഉത്പാദനം കൂട്ടി എത്രയോ ഇരട്ടി വിലയിട്ടാണ് ഇവർ വിൽക്കുന്നത്. ലഹരി മരുന്നിന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. എടോ, നമ്മുടെ ചെറുപ്പത്തിൽ സ്‌കൂളിലോ കോളേജിൽ പോലും ഏതെങ്കിലും കുട്ടി ഒരു സിഗരറ്റു വലിച്ചുകൊണ്ടു നിൽക്കുമ്പോൾ ഒരദ്ധ്യാപകൻ അതു വഴി വന്നാൽ വലിച്ചുകൊണ്ടു നിൽക്കുന്ന സിഗരറ്റു വലിച്ചെറിഞ്ഞിട്ടവൻ കണ്ടം വഴി ഓടുമായിരുന്നു. ഇന്നോ? പന്ത്രണ്ടു വയസ്സ് മാത്രം പ്രായമുള്ള കുട്ടികൾ വരെ ലഹരി മരുന്നുപയോഗിക്കുന്നു. സ്‌കൂളുകളിൽ ഇത് കൃത്യമായി എത്തുന്നു. പോലീസ് നടത്തുന്ന കഞ്ചാവ് വേട്ടയിൽ കിലോകണക്കിനു പിടിക്കുന്നു. അപ്പോൾ പിടിക്കപ്പെടാത്ത എത്രയോ ക്വിന്റലുകളാണ് പുറത്തേയ്ക്ക് ഒഴുകുന്നത്? ഇതൊക്കെ യഥേഷ്ട്ടം എത്തേണ്ടിടത്ത് എത്തിക്കാൻ അധികാരികൾ സഹായിക്കുന്നു. ആയിരക്കണക്കിനു കോടികളുടെ ബിസിനസ് ആണ് ഇതിൽ കൂടി നടക്കുന്നത്."
"ഇന്ന് ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ലഹരി ഉപയോഗിക്കുന്നുണ്ട് പിള്ളേച്ചാ. അതും പരസ്യമായി. അദ്ധ്യാപകരോ മറ്റാരെങ്കിലുമോ അത് വഴി വന്നാലൊന്നും അവർക്കു പ്രശ്‌നമേയല്ല."
"എടോ, മദ്യം കഴിച്ചാൽ കുറച്ചു കഴിയുമ്പോൾ കെട്ടു വിടും. എന്നാൽ ചില ലഹരി മരുന്നുപയോഗിച്ചാൽ ദിവസങ്ങളോ ചിലപ്പോൾ മാസങ്ങളോ അത് തലച്ചോറിന്റെ നിയന്ത്രണം ഏറ്റെടുക്കും. പിന്നെ എന്താണ് ചെയ്യുന്നതെന്ന് അവനോ അവൾക്കോ അറിയില്ല. ചിലപ്പോൾ മൃഗത്തെപ്പോലെ മറ്റുള്ളവരെ കടിച്ചു കീറും. അതിൽ അവർ ആനന്ദം കണ്ടെത്തും. ഇവിടെ ഈ അഞ്ചു വയസ്സുകാരിയെ പീഢിപ്പിച്ചു കൊലപ്പെടുത്തിയവൻ അമിതമായി മദ്യപിച്ചിരുന്നത്രേ. ഒപ്പം, അയ്യാൾ ലഹരി മരുന്നിനും അടിമയാണത്രേ! ഇങ്ങനെയുള്ള കൊടും ക്രിമിനലുകളെ വാർത്തെടുക്കാൻ നമ്മുടെ മാറിയ വ്യവസ്ഥിതിക്കു സാധിക്കുന്നു. സിംഗപ്പൂരിൽ വെറും 36 ഗ്രാം ലഹരിമരുന്ന് കൈവശം വച്ചതിന് ഒരു സ്ത്രീയെ തൂക്കി കൊന്നത് രണ്ടു ദിവസം മുൻപാണ്. കേരളത്തിൽ 36 കിലോ കൊണ്ടു നടന്നാലും പേടിക്കണ്ട. കാണേണ്ടവരെ കാണേണ്ടതുപോലെ കണ്ടാൽ മതി. അവർക്കു സംരക്ഷണം ലഭ്യമാക്കാനുള്ള വ്യവസ്ഥിതിയുണ്ട്."
"ഈ അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നത്തിൽ പോലീസ് ഇടപെട്ടാൽ ചിലപ്പോൾ അവർ പോലീസിനെപ്പോലും ആക്രമിക്കും. എന്നാലും അവർക്കു മുകളിൽ നിന്നും സംരക്ഷണം ലഭിക്കുന്നു എന്നതാണ് രസകരം."
“അതുകൊണ്ട് അവർക്കു ഭയമില്ല. പഴുതുകൾ ഏറെയുള്ള നിയമത്തെ പേടിക്കേണ്ട ആവശ്യവുമില്ല.”
"അപ്പോൾ ഇത് നാശത്തിലേക്കു തന്നെ. ഈ വ്യവസ്ഥിതി മാറ്റിയെടുക്കാൻ പോംവഴിയൊന്നുമില്ലേ പിള്ളേച്ചാ?"
"ഇഛാശക്തിയുള്ളവർ ഭരണത്തിൽ വന്നാൽ തീർച്ചയായും മാറ്റിയെടുക്കാം. പക്ഷേ, അധികാരത്തിന്റെ സുഖലോലുപതയിൽ അഭിരമിക്കുന്നവർക്കു നാട് നശിച്ചാലോ അടുത്ത തലമുറകൾ നശിച്ചാലോ എന്തു നഷ്ടം? അവരുടെ കുട്ടികൾ വിദേശങ്ങളിലായിരിക്കും സുഖവാസം."
"അപ്പോൾ പിന്നെ ജനങ്ങൾ അനുഭവിച്ചോ, അല്ലേ? ഇവിടെ ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും."
"അത്ര തന്നെ."
__________________