Image

മരണം ; മോർച്ചറി : എസ്. ബിനുരാജ്

Published on 01 August, 2023
മരണം ; മോർച്ചറി : എസ്. ബിനുരാജ്

2022ല്‍ ലാന്‍സ് നായിക് ചന്ദര്‍ ശേഖറുടെ ഭൗതിക ശരീരം കണ്ടെത്തുമ്പോള്‍ അതിന് 38 വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു. ഇത്രയും നാള്‍ അത് കേടു കൂടാതെ നിലനിന്നതിന് കാരണം അത് സിയാച്ചിന്‍ മഞ്ഞു മലകളില്‍ ആയിരുന്നത് കൊണ്ടാണ്. 1984ല്‍ ഓപ്പറേഷന്‍ മേഘദൂതിന്റെ ഭാഗമായി മേഖലയില്‍ പട്രോളിംഗ് നടത്തുമ്പോള്‍ ഹിമപാതത്തില്‍ വീണുണ്ടായ അപകടത്തില്‍ പെട്ടാണ് ചന്ദര്‍ ശേഖര്‍ മരണമടയുന്നത്. സിയാചിനിലെ ആ ഭാഗത്ത് മൈനസ് 50 ഡിഗ്രിയാണ് പൊതുവേയുള്ള താപനില. ഈ താപനിലയില്‍ മൃതദേഹം എത്ര നാള്‍ വേണമെങ്കിലും കേടു കൂടാതെ ഇരിക്കും. 

1983ല്‍ ലോഗന്‍ എന്നൊരു ശാസ്ത്രജ്ഞന്‍ മൈനസ് 35 ഡിഗ്രിയില്‍ സൂക്ഷിച്ചാല്‍ മൃതശരീരം കേടു കൂടാതെ ഇരിക്കുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. അതിന് മുമ്പ് ആള്‍ക്കഹോള്‍ അടക്കമുള്ള ചില രാസലായനികളില്‍ മുക്കിയാണത്രെ മൃതശരീരം സൂക്ഷിച്ചിരുന്നത്. പ്രധാനമായും പഠനാവശ്യത്തിനാണ് ഇങ്ങനെ സൂക്ഷിച്ചിരുന്നത്. 1924ല്‍ അന്തരിച്ച ലെനിന്റെ മൃതദേഹം ചില രാസപ്രക്രിയയിലൂടെ ഇത് പോലെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. 

ലോകത്തെ ആദ്യത്തെ മോര്‍ച്ചറി കണ്ടെത്തിയത് നസറേത്തിന് സമീപമുള്ള ഒരു ഗുഹയിലാണെന്ന് വിക്കിപീ‍ഡിയ പറയുന്നു. ഇതിന് ഒരു ലക്ഷം വര്‍ഷത്തെ പഴക്കമുണ്ടത്രെ. കളിമണ്ണും ഫെറിക് ഓക്സൈഡും ചേര്‍ന്ന ഒരു മിശ്രിതം ഉപയോഗിച്ചാണ് ഈ മൃതശരീരം സംരക്ഷിച്ചിരുന്നത്. പക്ഷേ കണ്ടെത്തുമ്പോള്‍ ഏതാനും എല്ലും മറ്റുമേ കിട്ടിയുള്ളു എന്നതിനാല്‍ മോര്‍ച്ചറി എന്ന ശരിയായ അര്‍ത്ഥത്തില്‍ ഇതിനെ വിളിക്കാനാവില്ല. 

മൃതദേഹം സൂക്ഷിച്ചാല്‍ മരിച്ച വ്യക്തി അമരത്വം നേടുമെന്ന വിശ്വാസത്തില്‍ നിന്നാവണം ഇത്തരം പരീക്ഷണങ്ങള്‍ ഈജിപ്ത് അടക്കമുള്ള പുരാതന സംസ്കൃതികള്‍ പിന്തുടര്‍ന്നിരുന്നത്. ഇന്ത്യയില്‍ ഇങ്ങനെ മൃതശരീരം കേടുകൂടാതെ സൂക്ഷിക്കുന്ന ഒരു പാരമ്പര്യം ഉള്ളതായി കണ്ടിട്ടില്ല. ഭൗതിക ശരീരത്തിന് അപ്പുറം ആത്മാവ് ഉണ്ടെന്ന ഭാരതീയ വിശ്വാസമായിരിക്കാം ഒരു പക്ഷേ ഇതിന് പിന്നില്‍. 

കേരളത്തിലേക്ക് വരികയാണെങ്കില്‍ നന്നങ്ങാടികള്‍ ആണ് മൃതദേഹം അടക്കുന്ന പ്രാചീന രീതിയായി കണ്ടെത്തിയിട്ടുള്ളതെന്ന് കാണാം. ഇവ മൃതശരീരം കേടു കൂടാതെ സൂക്ഷിക്കാനുള്ളതായിരുന്നില്ല. അടക്കം ചെയ്യുന്നതിന് ആയിരുന്നു. മൃതദേഹം അടക്കിയതിന് മുകളില്‍ കുടക്കല്ലും തൊപ്പിക്കല്ലുമൊക്കെ സ്ഥാപിക്കുന്ന രീതിയും നിലനിന്നിരുന്നു.

അപ്പോള്‍ കേരളത്തിലെ ആദ്യത്തെ ആധുനിക മോര്‍ച്ചറി എവിടെയാവും സ്ഥാപിച്ചത്?

1951ല്‍ കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് തിരുവനന്തപുരത്ത് സ്ഥാപിച്ചു. 1955 മുതല്‍ പോസ്റ്റ് മോര്‍ട്ടവും മറ്റും ഇവിടെ തുടങ്ങിയെന്ന് ചരിത്രം. ആദ്യത്തെ മോര്‍ച്ചറിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തന്നെയാണ് ആരംഭിച്ചത്. ഇന്ന് 48 മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ പറ്റുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആധുനിക മോര്‍ച്ചറിയാണ് കേരളത്തിലെ ഏറ്റവും വലിയ മോര്‍ച്ചറി. 

കോട്ടയം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ കയറി ഒരു മൃതശരീരത്തിന്റെ വായില്‍ നിന്നും സിഗരറ്റ് എടുത്തു കൊണ്ടു വരുന്നതിന് ചില മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പന്തയം വച്ചു.  അടയാളം ഇട്ട ഒരു സിഗരറ്റ് നേരത്തെ ഒരു മൃതശരീരത്തില്‍ വച്ചിരിക്കും അതാണ് അര്‍ധരാത്രി പോയി എടുക്കേണ്ടത്.

1977ലാണ്  ഈ സംഭവം നടക്കുന്നത്. ധൈര്യവാനായ ഒരു വിദ്യാര്‍ത്ഥി ഇതിന് തയ്യാറായി. കാവല്‍ക്കാരനെ കബളിപ്പിച്ച് അകത്തു കടന്ന അയാള്‍ കാണുന്നത് ആകെ നാലോ അഞ്ചോ മൃതദേഹങ്ങള്‍ മാത്രമാണ്. അതിലൊന്നിന്റെ വായില്‍ സിഗരറ്റുണ്ട്. അയാള്‍ പതുക്കെ ചെന്ന് അത് എടുക്കാനായി ആഞ്ഞപ്പോള്‍ മൃതദേഹത്തിന്റെ ചുണ്ടുകള്‍ വിറച്ചു. അത് സിഗരറ്റ് വിഴുങ്ങി! ആകെ ഞെട്ടിവിറച്ച വിദ്യാര്‍ത്ഥി അപ്പോള്‍ തന്നെ ഹൃദയസ്തംഭനത്താല്‍ മരണമടഞ്ഞു എന്നാണ് കേട്ടിട്ടുള്ളത്.

സിഗരറ്റ് വിഴുങ്ങിയ ആ 'മൃതദേഹ'മായി കിടന്നത് പന്തയം വച്ച സംഘത്തിലെ ഒരു വിദ്യാര്‍ത്ഥി തന്നെയായിരുന്നു. ഇയാള്‍ക്കെതിരെ പിന്നീട് മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുക്കുകയും ശിക്ഷിക്കുകയും ചെയ്തുവത്രെ. ഈ കേസിന്റെ വിശദാംശങ്ങള്‍ പ്രായമുള്ളവര്‍ക്ക് അറിയാമായിരിക്കണം.

ഈ സംഭവത്തെ ആസ്പദമാക്കി 1983ല്‍ ബേബി സംവിധാനം ചെയ്ത ചിത്രമാണ് മോര്‍ച്ചറി. പ്രധാന സംഭവത്തില്‍ നിന്നും വളരെയധികം മാറ്റങ്ങള്‍ വരുത്തി സസ്പെന്‍സ് ചേര്‍ത്ത് ഇറക്കിയ പടം ഹിറ്റ് ആയിരുന്നു. 

ചരിത്രത്തില്‍ മോര്‍ച്ചറി കള്‍ട്ട് എന്നൊരു സംഗതിയുണ്ട്. മരിച്ചയാളുടെ ഓര്‍മ്മകള്‍ തലമുറകളോളം നിലനിര്‍ത്തുന്ന മതപരമായ ആചാരങ്ങള്‍ക്ക് സമാനമായ ഒന്നാണ് ഇത്. മോര്‍ച്ചറി ക്ഷേത്രങ്ങളും നിലനിന്നിരുന്നു. 

കേരളത്തില്‍ മോര്‍ച്ചറി കള്‍ട്ടും മോര്‍ച്ചറി ക്ഷേത്രങ്ങളും മറ്റൊരു രൂപത്തില്‍ നിലനില്‍ക്കുന്നുണ്ട്. പ്രധാനമായും കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ രക്തസാക്ഷികളുടെയും ബലിദാനികളുടെയും പേരിലുള്ള വെയിറ്റിംഗ് ഷെഡുകളാണ് ഇവ. ഇത്തരം മോര്‍ച്ചറി ക്ഷേത്രങ്ങള്‍ നിലനിര്‍ത്തേണ്ടത് ചിലരുടെ ആവശ്യമായിരിക്കാം. പക്ഷേ ഇത്തരം ആചാരങ്ങളും വെല്ലുവിളികളും വധഭീഷണികളും അതിനുള്ള മറുപടിയുമൊക്കെ തമ്മിലടിക്കുന്ന ഗോത്രങ്ങളുടെ വിവരക്കേടായി മാത്രമേ പുതിയ തലമുറ കാണുന്നുള്ളു എന്നോര്‍ക്കണം.

 2000ന് ശേഷം  പ്രായപൂര്‍ത്തി ആവുകയോ വിദ്യാഭ്യാസം പൂർത്തിയാക്കുകയോ ചെയ്ത ഒരു വലിയ വിഭാഗം ചെറുപ്പക്കാരാണ് ഇന്ന് കേരളത്തിലുള്ളത്. അവരുടെ പ്രശ്നങ്ങളും മുന്‍ഗണനകളും വേറെയാണ്. കഴിവതും വേഗം നാട് വിടാനുള്ള ഓട്ടത്തിലാണ് ഭൂരിപക്ഷവും. ഇതൊന്നും ഓര്‍ക്കാതെ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ ഇവരൊക്കെ മോര്‍ച്ചറി കള്‍ട്ട് ഉണ്ടായിരുന്ന കാലത്തെ ഏതോ പ്രാകൃത ഗോത്രവര്‍ഗ്ഗക്കാരാണെന്ന് തോന്നിപ്പോകുന്നു.

ഗോത്രങ്ങള്‍ തമ്മിലുള്ള ഈ വെല്ലുവിളികളോട് അതിന് പുറത്തുള്ളവര്‍ക്ക് പുച്ഛവും തമാശയുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക