രാവിലെ ആറര മണിക്ക് ന്യൂയോർക്കിലെ കെന്നഡി വിമാനത്താവളത്തിൽ വന്നിറങ്ങിയതാണ് മാത്തുണ്ണിമാഷും ഭാര്യയും. ഇനി പന്ത്രണ്ട് മണിക്കൂർ കാത്തിരിപ്പ്. അറ്റ്ലാന്റായിലേക്കുള്ള വിമാനം വൈകിട്ട് ഏഴ് മണിക്ക്. കലശലായ ക്ഷീണവും ഉറക്കച്ചടവുമുണ്ട്. ഒരു കാപ്പി വാങ്ങിക്കൊണ്ട് വരാനായി ശ്രീമതി പോയി. അല്പസമയം കഴിഞ്ഞ് വെറുംകൈയോടെ മടങ്ങിവന്നു. ഡോളർ കറൻസിയും ക്രെഡിറ്റ്കാർഡും ഡെബിറ്റ്കാർഡും കരുതിയിട്ടുണ്ട്. പക്ഷേ റസ്റ്റാറന്റുകാർ ഇതൊന്നും സ്വീകരിക്കുന്നില്ല. ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ?
മാത്തുണ്ണിമാഷ് തന്നെ റസ്റ്റാറന്റിലേക്ക് ചെന്നു. കാഷ്യറെ കാണുന്നില്ല. ഒരാൾ ഒരു കമ്പ്യൂട്ടറിന് പിന്നിൽ ഒളിച്ചിരിപ്പുണ്ട്. ഒരു വലിയ ഇലക്ട്രോണ്ക് സ്ക്രീനിൽ ഒരു സംഖ്യ തെളിഞ്ഞു വരുന്നു. അപ്പോൾ ആ സംഖ്യയുടെ ഉടമസ്ഥൻ കൌണ്ടറിലേക്ക് ചെന്ന് തന്റെ സെല്ലുലർ ഫോൺ സ്കാൻ ചെയ്യുന്നു. ഭക്ഷണപ്പൊതി വാങ്ങി സ്ഥലം വിടുന്നു.
പരമ്പരാഗത കച്ചവടമല്ല അവിടെ നടക്കുന്നത്. സ്മാർട്ട് ഫോൺ ഉപയോഗിച്ചാണ് ഉപഭോക്താക്കൾ ഭക്ഷണസാധനങ്ങൾ വാങ്ങുന്നത്. എല്ലാം ‘സ്മാർട്ട്’ ആണ് ആ കടയിൽ.
സ്മാർട്ട് ഫോൺ
സ്മാർട്ട് ഓർഡർ
സ്മാർട്ട് പേയ്മെന്റ്
സ്മാർട്ട് ഡെലിവറി.
സ്മാർട്ട് അല്ലാത്തത് മാത്തുണ്ണി മാത്രം.
പക്ഷേ മാത്തുണ്ണിയുടെ കൈയിൽ കാശുണ്ട്, സാക്ഷാൽ ഡോളർ കറൻസി. പക്ഷേ ആർക്കും ഡോളർ കറൻസി വേണ്ട. അമേരിക്കൻ പ്രസിഡന്റുമാരുടെ രൂപം അച്ചടിച്ച പണത്തിന് അത് അച്ചടിച്ച കടലാസിന്റെ വിലപോലുമില്ല.
മാത്തുണ്ണിയുടെ കൈയിൽ ക്രെഡിറ്റ് കാർഡുണ്ട്. വലിയ കമ്പനികളുടെ ക്രെഡിറ്റ് കാർഡുകൾ. പക്ഷേ ഭോജനശാലയിൽ മാത്തുണ്ണിയുടെ കാർഡുകൾ കൊണ്ട് ഒരു പ്രയോജനവുമില്ല.
ഭോജനശാലയിൽ ഉപഭോക്താക്കളുടെ നീണ്ട നിരയുണ്ട്. എല്ലാവരും മുഖപ്പട്ട (മാസ്ക്ക്) ധരിച്ചിട്ടുണ്ട്. എല്ലാവരുടെയും കൈയിൽ മൊബൈൽ ഫോണുണ്ട്. അവരെല്ലാം വിരലുകൾകൊണ്ട് മൊബൈൽ ഫോൺ പ്രവർത്തിപ്പിക്കുന്നു. ചിറയ്ക്കലെ വല്യമ്മാവൻ വെറ്റിലയിൽ നൂറ് തേക്കുന്നതുപോലെ മാത്തണ്ണിക്ക് തോന്നി.
“ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾക്കാനുമില്ല. എന്നാൽ ഭൂതലസീമകളോളം അതിന്റെ അളവുനൂൽ ചെന്നെത്തുന്നു.” എന്ന സങ്കീർത്തനവാക്യം മഹാഭക്തനായ മാത്തുണ്ണിയുടെ മനോമുകുരത്തിൽ തെളിഞ്ഞുവന്നു. ആരും സംസാരിക്കുന്നില്ല. എല്ലാവരും അകലം പാലിക്കുന്നു. എല്ലാവരുടെയും ശ്രദ്ധ കൈയിലിരിക്കുന്ന സെല്ലുലർ ഫോണിലാണ്. വിരലുകൾ ചലിക്കുന്നു. വിരലുകളുടെ ചലനത്തിനൊപ്പം മിന്നിമറയുന്ന മായാജാലകവലയത്തിലേക്ക് മനുഷ്യരെന്ന ജീവികൾ ദൃഷ്ടികൾ കേന്ദ്രീകരിക്കുന്നു.
കമ്പ്യൂട്ടറിന്റെ പിന്നിൽ ഒളിച്ചിരിക്കുന്നയാൾ മുഖപ്പട്ടകൊണ്ട് മുഖം മറച്ചിട്ടുണ്ട്.
“എനിക്ക് വിശക്കുന്നു.
എനിക്ക് അപ്പം തരിക.
ഞാൻ പണം തരാം.”
വിശപ്പും ദാഹവും സഹിക്കാനാവാതെ മാത്തുണ്ണി വിളിച്ചുകൂവി. കമ്പ്യൂട്ടറിന് പിന്നിൽ മുഖപ്പട്ട കെട്ടിയിരുന്ന മനുഷ്യൻ കടയുടെ മുമ്പിൽ സ്ഥാപിച്ചിരുന്ന ഒരു ബോർഡിലേക്ക് വിരൽ ചൂണ്ടി. ബോർഡിൽ വരച്ചിരുന്ന സമചതുരത്തിലുള്ള ചിത്രത്തിലേക്ക് നോക്കി മാത്തുണ്ണി കുറച്ചുനേരം നിന്നു.
ചിത്രം നിറയെ സമചതുരത്തിലുള്ള വരകളാണ്. കറുത്ത വരകൾ, വെളുത്ത വരകൾ. പല വലിപ്പത്തിലുള്ള ചതുരങ്ങൾ. ഇതെന്ത് ചിത്രമാണ്?
എന്തിനാണ് മുഖപ്പട്ടക്കാരൻ ഈ ചിത്രത്തിലേക്ക് വിരൽ ചൂണ്ടിയത്?
“ഇതെന്താണ്?”
മാത്തുണ്ണി അടുത്ത് നിന്ന ആളിനോട് ചോദിച്ചു. അയാൾ സ്മാർട്ട് ഫോണിൽ നിന്നും കണ്ണടുക്കാതെ പ്രതിവചിച്ചു.
“ഇതാണ് QR കോഡ്.”
മാത്തുണ്ണി വീണ്ടും ചിത്രത്തിലേക്ക് തുറിച്ചുനോക്കി.
കറുപ്പും വെളുപ്പുമായ നിരവധി ചതുരങ്ങൾ വരച്ചിരിക്കുന്ന ഒരു പടമാണത്. ചതുരത്തിനകത്ത് ചതുരം. ചതുരത്തിന് മുകളിൽ ചതുരം. നിരവധി ചതുരബിന്ദുക്കൾ. ഈ ചതുരപ്പടവും അപ്പവും തമ്മിലെന്ത് ബന്ധം?
“അമ്മാവന് എന്താണ് വേണ്ടത്?”
മലയാളഭാഷയിൽ ഒരു ചോദ്യമുയർന്നു കേട്ടു. പരദേശത്ത്, അന്യഭാഷ മാത്രം സംസാരിക്കുന്ന ദേശത്ത് മലയാളഭാഷ കേൾക്കുന്നത് ദാഹിച്ചിരിക്കുന്നവന് കുളിർജലം ലഭിക്കുന്നതുപോലെയാണ്. ലൈനിൽ നിന്ന ഒരു ചെറുപ്പക്കാരനിൽ നിന്നുമാണ് ആ മലയാളപദങ്ങൾ പുറത്തുവന്നത് എന്ന് മാത്തുണ്ണി കണ്ടുപിടിച്ചു. അയാളും മുഖപ്പട്ട ധരിച്ചിരുന്നു. അയാളും കൈയിലിരുന്ന സ്മാർട്ട് ഫോണിൽ അംഗുലീചലനം നടത്തിക്കൊണ്ടിരുന്നു.
മാൻ നീർത്തോടിലേക്ക് ഓടിച്ചെല്ലുന്നതുപോലെ മാത്തുണ്ണിമാഷ് ആ യുവാവിന്റെ സന്നിധാനത്തിലേക്ക് ഓടിയണഞ്ഞു.
“എനിക്ക് ഭോജനവും പാനീയവും വേണം.”
“അമ്മാവൻ ആ ‘ക്യൂ ആർ കോഡ്’ (Q.R.Code) കണ്ടോ? ആ പടം അമ്മാവന്റെ ഫോണിലേക്ക് സന്നിവേശിപ്പിച്ചാൽ മാത്രമേ അമ്മാവന് ഭോജനവും പാനീയവും ഓർഡർ ചെയ്യുവാൻ പറ്റുകയുള്ളു. ആകട്ടെ, അമ്മാവന്റെ ഫോൺ എവിടെ?”
മാത്തുണ്ണി അയാളുടെ ഫോൺ മലയാളം സംസാരിക്കുന്ന യുവാവിന്റെ കൈകളിൽ കൊടുത്തു.
“അമ്മാവാ, ഈ ഫോൺ സ്മാർട്ട്ഫോണല്ല. ഇത് വാഴക്കുഴിയിൽ കളഞ്ഞേക്കുക.”
“എന്റെ കൈയിൽ കാശുണ്ട്, ഒന്നാന്തരം ഡോളർ കറൻസി. പോരെങ്കിൽ വെള്ളിക്കാർഡും സ്വർണ്ണക്കാർഡുമുണ്ട്; ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും.” മാത്തുണ്ണി അഹങ്കാരത്തോടെ മൊഴിഞ്ഞു.
“അമ്മാവന്റെ കാശും വെള്ളിയും പൊന്നുമൊന്നും അവർ തൊടുകയില്ല. അമ്മാവന്റെ വിരൽകൊണ്ട് സ്പർശിച്ചതൊന്നും അവർ തൊടുകയില്ല.”
“അതെന്താ?”
“അമ്മാവാ ഇത് കോവിഡ് എന്ന മഹാമാരിയുടെ കാലമല്യോ? കോവിഡ് പകരുന്നത് സ്പർശനത്തിലൂടെയാണെന്ന് അമ്മാവനറിയാമല്ലോ.”
“ഇനിയെന്താ പോംവഴി? എനിക്ക് വിശക്കുന്നു, പരവേശം.”
“അമ്മാവാ, സ്മാർട്ട്ഫോണിൽ കൂടി ‘ക്യൂ ആർ കോഡ്’ സന്നിവേശിപ്പിച്ച് മൊബൈൽ പേയ്മെന്റ് നടത്തിയാലേ അമ്മാവന് ഭോജനവും പാനീയവും ലഭിക്കുകയുള്ളു. അല്ലെങ്കിൽ അമ്മാവൻ പട്ടിണി കിടന്ന് ചാകും.”
“കുഞ്ഞേ, 666 ന്റെ മുദ്രയെന്ന് കേട്ടിട്ടുണ്ട്. അതായത് മൃഗത്തിന്റെ മുദ്ര. ഞങ്ങളുടെ വേദപുസ്തകത്തിലുള്ളതാ. അന്തിക്രിസ്തുവിന്റെ ഭരണകാലത്ത് 666 ന്റെ മുദ്രയേല്ക്കാത്തവന് വാങ്ങുവാനും വില്ക്കുവാനും കഴികയില്ല. ആ കാലം വന്നോ?”
“അമ്മാവാ ഏതാണ്ട് അതുപോലൊരു കാലമാ, ഇത്. ആകട്ടെ, ഞാൻ അമ്മാവനെ സഹായിക്കാം.”
“എങ്ങനെ?”
“എന്റെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ഞാൻ അമ്മാവന് ഭോജനവും പാനീയവും വാങ്ങിത്തരാം. പക്ഷേ, എനിക്ക് അമ്മാവന്റെ ചില വിവരങ്ങൾ ആവശ്യമാണ്.”
“അമ്മാവന്റെ പേര്? സാക്ഷാൽ റിക്കാർഡിലുള്ള പേര്.”
“ചാത്തുണ്ണി, മാത്തുണ്ണി.”
“ജനനത്തീയതി?”
“1950 ജനുവരി 1”
“സോഷ്യൽ സെക്യൂരിറ്റി നമ്പർ?”
ചാത്തുണ്ണി മാത്തുണ്ണി സോഷ്യൽ സെക്യൂരിറ്റി നമ്പർ പറഞ്ഞുകൊടുത്തു.
“ഇനി അമ്മാവന്റെ ഡെബിറ്റ് കാർഡ് ഇങ്ങ് തന്നേ. ആ സ്വർണ്ണക്കാർഡ്.”
മാത്തുണ്ണി സ്വർണ്ണക്കാർഡ് മലയാളി യുവാവിനെ ഏല്പിച്ചു.
“ഇതിനൊരു പാസ്സ്വേർഡ് ഉണ്ടമ്മാവാ. അത് ഉണ്ടെങ്കിൽ മാത്രമേ മൊബൈൽ പേയ്മെന്റ് നടത്താൻ പറ്റുകയുള്ളു.”
മാത്തുണ്ണി പാസ്സ്വേർഡ് പറഞ്ഞുകൊടുത്തു.
“വെരിഗുഡ്, അമ്മാവാ. അമ്മാവന്റെ ഫോൺ സ്മാർട്ട് അല്ലെങ്കിലും അമ്മാവൻ സ്മാർട്ടാ.”
മലയാളിയുവാവിന്റെ അഭിനന്ദനം കേട്ട് മാത്തുണ്ണി അഭിമാനത്തോടെ തലയാട്ടി.
“എല്ലാം ശരിയായി, അമ്മാവാ. അമ്മാവന്റെ ഭോജനവും പാനീയവും ഉടൻ ലഭിക്കും.”
“നമ്പർ 666”
മാത്തുണ്ണിയുടെ നമ്പർ ഭോജനശാലയിലെ കമ്പ്യൂട്ടർ സ്ക്രീനിൽ തെളിഞ്ഞുവന്നു.
മാത്തുണ്ണിക്ക് ഭോജനവും പാനീയവും ലഭിച്ചു, ഒരു പായ്ക്കറ്റിൽ.
ചാത്തുണ്ണി മാത്തുണ്ണി എന്ന യാത്രക്കാരൻ പായ്ക്കറ്റും കൈയിലേന്തി 22-ാം നമ്പർ ഗേറ്റിലേക്ക് ചെന്നു, ഒരു വിജിഗീഷുവിനെപ്പോലെ. അവിടെ ആച്ചിയമ്മ മാത്തുണ്ണി എന്ന തൈക്കിളവി കാത്തിരിക്കുന്നുണ്ടല്ലോ.
“അപ്പവും വെള്ളവും ലഭിച്ചോ?” ശ്രീമതി ചോദിച്ചു.
“ബുദ്ധി വേണമെടി, ബുദ്ധി. ഇതാ നോക്ക്. നിനക്കുള്ളതും വാങ്ങിക്കൊണ്ടുവന്നിട്ടുണ്ട്. അതെങ്ങനാ? അക്ഷരവൈരികളുടെ കുലമല്ലിയോ, നിന്റേത്?”
“ഓ ഇതിയാന്റെ ബുദ്ധിയാണെങ്കിൽ ഇന്ന് എന്തെങ്കിലും ഒപ്പിച്ചിട്ടുണ്ടാവും. പത്തുനാല്പത് കൊല്ലമായി ഞാൻ കാണുന്നതല്യോ.”
അങ്ങനെ പറഞ്ഞെങ്കിലും ഇതിയാന്റെ ബുദ്ധിയും കഴിവും പ്രശംസാർഹമാണെന്ന് ശ്രീമതി ആച്ചിയമ്മ മാത്തുണ്ണിക്ക് തോന്നി.
പിറ്റേദിവസം ഇൻഡിപ്പെൻഡന്റ് ബാങ്കിലേക്ക് ചെന്ന മാത്തുണ്ണിയും ശ്രീമതി ആച്ചിയമ്മ മാത്തുണ്ണിയും മാനേജരുടെ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ചു.
“നിങ്ങളുടെ ബാങ്ക് ബാലൻസ് ‘സീറോ’ ആണ്. പണമെല്ലാം ഇന്നലെ പിൻവലിച്ചിരിക്കുന്നു.”