“വീണ്ടും കേരളത്തിൽ നേതാക്കൾ കൊലവിളി ഉയർത്തിയിരിക്കുന്നന്നല്ലോ, പിള്ളേച്ചാ.”
“വെറുതേ, പ്രശ്നമുണ്ടാക്കുന്നതല്ലേ? ഇതൊക്കെ രാഷ്ട്രീയമാണെടോ! ശരിക്കും എന്താണ് പ്രശ്‌നം എന്നിയാൾക്കറിയാമോ?"
“സ്‌പീക്കർ ഷംസീർ കുട്ടികളോട് ശാസ്ത്രബോധം വളർത്തേണ്ട ആവശ്യകതയെപ്പറ്റി പറഞ്ഞപ്പോൾ ഹിന്ദുക്കൾ ആരാധിക്കുന്ന ഗണപതിയുടെ ആകാര സവിശേഷതയെ ചൂണ്ടിക്കാട്ടി അത് ശാസ്ത്രത്തിന് അംഗീകരിക്കാനാവാത്ത 'മിത്ത്' ആണെന്ന് പറഞ്ഞു. ആ പ്രസ്‌താവന ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അപമാനകരമാണെന്നും അദ്ദേഹം ക്ഷമ പറയണണമെന്നും ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു. 'മാപ്പുമില്ല ഒരു തിരുത്തലുമില്ല' എന്ന് അസന്നിഗ്ദ്ധമായി പാർട്ടി സെക്രട്ടറി തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അത് ഹിന്ദുക്കളെ പ്രകോപിപ്പിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 'ജോസഫ് മാഷിന്റെ അനുഭവം സ്‌പീക്കർ ഷംസീറിനും ഉണ്ടായിക്കൂടില്ലെന്ന്' അവർ മുന്നറിയിപ്പ് നൽകി. മറുപടിയായി ദാ വരുന്നു, പാർട്ടിയിലെ തലമുതിർന്ന നേതാവിന്റെ പ്രതികരണം. "അത് ചെയ്യുന്ന മോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ ആയിരിക്കും." പോരേ പൂരം! പെരുന്നയിൽ മയക്കത്തിലായിരുന്നു എൻ എസ് എസ് സെക്രട്ടറി വരെ സടകുടഞ്ഞെഴുന്നേറ്റു. ജനങ്ങൾ തെരുവിലിറങ്ങി. ഷംസീർ മാപ്പു പറയണമെന്നാണാവശ്യം. 'പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല' എന്ന് പറഞ്ഞപോലെ ഷംസീർ തന്റെ പ്രസ്‌താവനയിൽ ഉറച്ചു തന്നെ നിൽക്കുന്നു. ബാക്കി വരും ദിവസങ്ങളിൽ കാണാം.”
"ഇതിനെപ്പറ്റി വേറെയും പ്രസ്താവനകൾ ഉണ്ടായിട്ടുണ്ടല്ലോ."
"ഉണ്ട്. ഏതാനും നാൾ മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചപ്പോൾ ഗണപതിയുടെ ഉടലും തലയും പ്ലാസ്റ്റിക് സർജറി ചെയ്തതായി കണക്കാക്കാമെന്നും അന്ന് അത് ചെയ്യുവാനുള്ള കഴിവും സാങ്കേതിക വിദ്യയും അന്ന് ഭാരതത്തിൽ ഉണ്ടായിരുന്നു എന്നും അഭിമാനത്തോടെ പ്രസ്താവിച്ചതായി മാധ്യമങ്ങളിൽ കണ്ടു. അന്ന് ആരും പ്രതിഷേധിച്ചില്ല. പിന്നീട് അതിനെ ശശി തരൂർ വിമർശിച്ചു കൊണ്ടു പറഞ്ഞത്, ആ ശരീരവും ആനയുടെ തലയും ഒരു വിധത്തിലും ചേർത്തു വയ്ക്കാൻ ആവില്ലെന്നായിരുന്നു. അന്നും ആരും പ്രതിഷേധിച്ചില്ല. അപ്പോൾ പിന്നെ ഷംസീറിന്റെ പ്രസ്‌താവന എങ്ങന പ്രകോപനപരമായി എന്നാണ് പാർട്ടി സെക്രട്ടറിയും ആ പാർട്ടിയിലെ പല നേതാക്കന്മാരും ചോദിക്കുന്നത്.”
“ഇതേ പ്രസ്‌താവന ഏതെങ്കിലും ഒരു ഹിന്ദുവായ മന്ത്രിയോ നേതാവോ അല്ലാഹുവിനെ പറ്റിയോ മുഹമ്മദ് നബിയെപ്പറ്റിയോ ആ മതത്തിലെ ഏതെങ്കിലും മിത്തിനെ പറ്റിയോ പറഞ്ഞിരുന്നെങ്കിൽ അവർ എങ്ങനെ പ്രതികരിച്ചേനെ എന്ന് പാർട്ടിയിൽ ആരും താരതമ്യം ചെയ്‌തില്ലല്ലോടോ!”
"അത് ശരിയാ പിള്ളേച്ചാ. ആ പറഞ്ഞവരുടെ തല റോഡിൽ ഉരുണ്ടേനെ!"
" മിത്തില്ലാത്ത ഏതു മതമാണുള്ളത്, പിള്ളേച്ചാ?”
“എന്താണ് മിത്ത്? ഹിന്ദു മതത്തിൽ മാത്രമേ 'മിത്ത്' ഉള്ളോ? അതി പുരാതനമായ ഗ്രീക്ക് മതം പൂർണ്ണമായി മിത്തുകളാണ്. 'ഗ്രീക്ക് മിത്തോളജി' എന്നത് യൂണിവേഴ്‌സിറ്റികളിൽ പഠന വിഷയങ്ങൾ പോലുമാണ്. പരശുരാമൻ മഴു എറിഞ്ഞപ്പോൾ പൊങ്ങി വന്നതാണ് കേരളം എന്ന് പറയുന്നതുപോലെ ഒരു കഥയാണ് ഗ്രീസിലെ പത്മോസ് ദ്വീപിന്റെതും. ഡയാനദേവിയുടെ അമ്മ കടലിന്റെ അടിത്തട്ടിൽ രാത്രിയിൽ ഉലാത്തിയപ്പോൾ നിലാവിന്റെ വർണ്ണ പ്രഭയിൽ അതിമനോഹരമായ ആ അടിത്തട്ട് കടലിനു മുകളിൽ കൊണ്ട് വന്നു സ്ഥാപിക്കാൻ പറഞ്ഞു. അപ്പോളോ ദേവൻ ശ്രമിച്ചിട്ട് തന്നെ സാധിക്കാതെ വന്നപ്പോൾ ദേവന്റെ ദേവനായ സ്യൂസിനോട് പറയുകയും അദ്ദേഹം അത് പുഷ്‌പം പോലെ മുകൾപ്പരപ്പിൽ കൊണ്ട് സ്ഥാപിക്കയും ചെയ്‌തു. അങ്ങനെയാണ് മനോഹരമായ പത്മോസ് ദ്വീപ് ഉണ്ടായത്. അതുപോലെ ഒരു കഥയാണ് സർവ്വ ശക്തയായ അഥേനയുടെ ജനനം. സ്യൂസ് ദേവന്റെ ഭാര്യ മെറ്റിസ് ഗർഭിണിയായപ്പോൾ അദ്ദേഹത്തിന് ഒരരുളപ്പാടുണ്ടായി. മെറ്റിസ് ആ കുഞ്ഞിനെ പ്രസവിച്ചാൽ അത് സ്യൂസിനു ദോഷം ചെയ്യും. പ്രസവം അടുത്തപ്പോൾ അവൾ പ്രസവിക്കാതിരിക്കാനായി സ്യൂസ് മെറ്റിസിനെ മുഴുവനായി വിഴുങ്ങി. അത് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഭയങ്കരമായ തലവേദനയുണ്ടായി. അദ്ദേഹം മറ്റൊരു ദേവനെക്കൊണ്ട് ഒട്ടുലോഹം കൊണ്ടുള്ള ഒരു മഴു ഉപയോഗിച്ച് സ്യൂസ് ദേവന്റെ തല വെട്ടിപ്പൊളിച്ചു. അപ്പോൾ ആ തലയിൽ നിന്നും അഥേന പൂർണ്ണ പടച്ചട്ടയണിഞ്ഞു മൂർച്ചയേറിയ ആയുധവും കയ്യിലേന്തി തിളയ്ക്കുന്ന യുവത്വത്തിന്റെ അവതാരമായി വെളിയിൽ വന്നു. അന്നുമുതൽ ഗ്രീസിന്റെ സംരക്ഷണ ദേവിയായി നിലകൊള്ളുന്നു.”
"മറ്റു മതങ്ങളിലുമില്ലേ പിള്ളേച്ചാ ഈ മിത്തുകൾ?"
“പേഗൻ വിശ്വാസത്തിലെ മൃഗബലിയും മായൻ മതത്തിലെ ഗുഹകളിൽ സൂക്ഷിക്കുന്ന സൂര്യദേവന്റെ വിഗ്രഹങ്ങൾക്ക് ആത്മാവുണ്ടെന്ന വിശ്വാസവും അവരുടെ മറ്റു നിരവധി ദൈവങ്ങളുടെ വിവരണങ്ങളും തുടങ്ങി നിരവധി മിത്തുകളുണ്ട്.”
"ക്രിസ്‌തു മതത്തിലും മിത്തുകളുണ്ടല്ലോ."
“ഇനി, ക്രിസ്‌തു മതത്തിലേക്കു നോക്കാമെടോ. ഉത്പത്തിയിലെ സൃഷ്ടി മുതൽ വെളിപാട് വരെയുള്ള സർവ്വ പുസ്തകങ്ങളിലും മിത്ത് നിറഞ്ഞു നിൽക്കുന്നു. ബൈബിൾ അനുസരിച്ചു സൃഷ്ടിയുണ്ടായിട്ടു വെറും ആറായിരമോ ഏഴായിരമോ വർഷങ്ങളേ ആയിട്ടുള്ളൂ. എന്നാൽ ഈയിടെ ആഫ്രിക്കയിൽ കണ്ടുകിട്ടിയ മനുഷ്യന്റെ തലയോട്ടി പരിശോധിച്ചപ്പോൾ മനസ്സിലായത് അതിന് 60 ലക്ഷത്തിനും 70 ലക്ഷത്തിനും വർഷങ്ങളുടെയിടയിൽ പഴക്കമുണ്ടെന്നാണ്. ശാസ്ത്രം സ്ഥിരീകരിച്ചിരിക്കുന്നത് മനുഷ്യന് ഉറപ്പായും 20 ലക്ഷം വർഷങ്ങളുടെ ചരിത്രമുണ്ടെന്നാണ്.
ഇസ്‌ലാം മതത്തിലും മിത്തുകൾ കുറവല്ല. ഏറ്റവും ഒടുവിൽ ജിഹാദികളായി മരിച്ചാൽ സ്വർഗ്ഗത്തിൽ വലിയ സ്തനങ്ങളുള്ള തരുണീമണികൾ കാത്തിരിക്കുന്നു എന്ന് പറഞ്ഞാണ് കൊച്ചു കുട്ടികളെപ്പോലും തീവ്രവാദ സംഘടനകൾ കൊലയാളികളാക്കുന്നത്. വിശ്വാസങ്ങൾ സ്യൂഡൗ സയൻസും (സാങ്കല്പിക ശാസ്ത്രം) ശാസ്ത്രം തെളിവുകളുള്ള സത്യങ്ങളുമാണ്.”
“ഹിന്ദു മതം ഉൾപ്പടെയുള്ള അതിപുരാതന മതങ്ങളിൽ മിത്തുകൾ അനവധി ഉണ്ടായേക്കാം. ഈശ്വരനെ തേടുന്ന മനുഷ്യനോട് 'അത് നീ തന്നെയാണ്' എന്നു പറയുന്ന മഹത്തായ സംസ്കാര രൂപീകരണത്തിന് ആ മിത്തുകൾ ആവശ്യമായിരുന്നിരിക്കാം. അതങ്ങനെ തന്നെ നിലനിൽക്കട്ടെ. എന്തായാലും സ്വന്തം മതത്തിലെ അന്ധവിശ്വാസങ്ങൾക്കു നേരെ വിരൽ ചൂണ്ടുന്നതായിരിക്കും എപ്പോഴും നല്ലത്. അതാകുമ്പോൾ തിരുത്തുവാൻ എളുപ്പമുണ്ടാകും. ആരുടേയും വികാരങ്ങളെ വൃണപ്പെടുത്തേണ്ട ആവശ്യവുമില്ലല്ലോ.”
“മതങ്ങൾ എന്നും കാലാകാലങ്ങളായി മനുഷ്യൻ സൃഷ്ടിച്ചിട്ടുള്ളതാണ്. കൊച്ചു കുട്ടികളുടെ ശ്രദ്ധ ആകർഷിക്കാനായി മുത്തശ്ശി കഥ പറയുന്നതുപോലെയുള്ള മിത്തിന്റെ മുത്തുകൾ പാകിയാണ് മതങ്ങൾ ആകർഷകമാക്കുന്നത്. അതുകൊണ്ടു ദോഷമില്ലെങ്കിൽ ആ മിത്തുകൾ നിലനിൽക്കുന്നതിൽ ആർക്കാണ് കുഴപ്പം?”
“ഒരാളുടെ മിത്തുകൾ വേറൊരാളിന്റെ വിശ്വാസ സത്യമായിരിക്കും, പിള്ളേച്ചാ.”
“അത് ശരിയാണ്. പക്ഷേ,അതുകൊണ്ടു മാത്രം മിത്ത് മിത്തല്ലാതാവുന്നില്ലല്ലോ. അത് സത്യമായ ശാസ്ത്രമാണെന്നു വിശ്വസിക്കുന്നവർ വിശ്വസിച്ചു കൊള്ളട്ടെ. അത് ഓരോരുത്തരുടെയും സ്വകാര്യ അവകാശമായി കണക്കാക്കിയാൽ മതി.”
"പിന്നെ എന്താണ് രാഷ്ട്രീയമുണ്ടെന്നു പിള്ളേച്ചൻ പറഞ്ഞത്?"
"എടോ, കാര്യങ്ങൾ സത്യസന്ധമായി മനസ്സിലാക്കുവാൻ ചിലപ്പോൾ പലതും കൂട്ടിവായിക്കണം."
"എന്നു വച്ചാൽ?"
"എൽ ഡി എഫ് മന്ത്രിസഭ ഇപ്പോൾ നൂറായിരം പ്രശ്നങ്ങളിലാണ്. അതിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഒരു വിഷയം നോക്കിയിരുന്നപ്പോഴാണ് ഷംസീർ നല്ലയൊരു വിഷയം ഉണ്ടാക്കി കൊടുത്തത്. ഈ വിഷയം ആരാണ് ചൂടാക്കി വിട്ടതെന്ന് നോക്കണം. ആദ്യം ആരും ശ്രദ്ധിക്കാതിരുന്നപ്പോൾ അവരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന ചിലരുണ്ട്. ഇപ്പോൾ ഇവിടെയുള്ള വലിയൊരു വടം വലി അടുത്ത തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് എട്ടു നിലയിൽ പൊട്ടുമെന്നതുകൊണ്ടു മുസ്ലിം ലീഗിനെ മറുപക്ഷത്തു നിന്നും പറിച്ചുകൊണ്ടു വന്നാൽ വിജയം ഉറപ്പിക്കാം എന്നതുകൊണ്ടാണ് ഒരു വൃത്തികെട്ട കളിക്ക് ഇവർ ഒരുങ്ങുന്നത്. ഇവിടെ വെട്ടിൽ വീണിരിക്കുന്നത് കോൺഗ്രസ്സ് ആണ്. മുസ്ലിം ലീഗിനെ പിന്തുണയ്ക്കാൻ ഷംസീറിനെ താങ്ങാനാവില്ല. എൻ എസ് എസിനെ കൈവിടാനാവില്ലല്ലോ. അതുകൊണ്ട് ഒരു ഒഴുക്കൻ മട്ടിൽ 'ഞങ്ങൾ വിശ്വാസികളുടെ കൂടെയാണ്' എന്ന് പറഞ്ഞൊഴിയുകയാണവർ. കോൺഗ്രസ്സ് മുക്ത കേരളം സ്വപ്നം കാണുന്ന ബി ജെ പി ക്ക് ഈ വിഷയം കത്തിച്ചു നിർത്തേണ്ടത് ആവശ്യമാണ്, അടുത്ത ലോകസഭാ ഇലക്‌ഷൻ വരെയെങ്കിലും. പക്ഷെ കണ്ടിട്ട് അതിന് ഊർജ്ജം പോരാ. അടുത്തതായി കെട്ടടങ്ങിയേക്കും."
"അപ്പോൾ അടുത്ത വിഷയം വരുമ്പോൾ ഇതും ജനങ്ങൾ മറക്കും."
"അതേ. ചിലപ്പോൾ മറവി ഒരനുഗ്രഹമാണെടോ!"
"പിന്നെ കാണാം."
"ശരി അങ്ങനെയാവട്ടെ."
_____________