Image

മിത്തില്‍നിന്ന് മണിപ്പൂരിലേക്കുള്ള ദൂരം (ഉയരുന്ന ശബ്ദം-87: ജോളി അടിമത്ര)

Published on 07 August, 2023
മിത്തില്‍നിന്ന് മണിപ്പൂരിലേക്കുള്ള ദൂരം (ഉയരുന്ന ശബ്ദം-87: ജോളി അടിമത്ര)

എന്റെ വീട്ടില്‍ പ്രാതലിന് ചപ്പാത്തി.നിങ്ങള്‍ടെ വീട്ടില്‍ ദോശ.അപ്പുറത്തെ വീട്ടില്‍ ഉപ്പുമാവ്.എന്റെ ചപ്പാത്തിയാണ് ശരി.ദോശയും ഉപ്പുമാവും മിത്താണെന്നു പറഞ്ഞാല്‍ ...!.ഉള്ളതു വയര്‍ നിറയെ കഴിച്ച് ഹാപ്പിയായി പണിയെടുത്ത് ജീവിക്കുന്നതിനു പകരം ഒരു മിത്തും കുത്തും.കേരളത്തില്‍ ഇപ്പോള്‍ പ്രകടനത്തിന്റെ കാലമാണ്.തെരുവിലിറങ്ങാന്‍ വിഷയം കിട്ടാന്‍ കാത്തുകാത്തിരുന്നവര്‍ക്കരികിലേക്കാണ് മിത്ത് കയറിച്ചെന്നത്.വോട്ടുബാങ്കുകാരെ കൈയ്യിലെടുക്കാന്‍ രാഷ്ട്രീയക്കാര്‍ക്കൂടെ സട കുടഞ്ഞതോടെ കാര്യങ്ങളാകെ ഉഷാറായി.തേങ്ങയുടയ്ക്കല്‍, നാമജപം,ഇനികോടതി ...വക്കീലിന് നല്ലകാലം.അടുത്തകാലത്ത് കൂടിവരുന്ന കാഴ്ചയാണിത്.സര്‍ക്കാരുണ്ടായിട്ടും നീതി നിഷേധം.പിന്നെ കോടതി ശരണം.നീതി തേടി കോടതിവരാന്ത നിരങ്ങുന്നവരുടെ എണ്ണം കുതിക്കുന്നു.എന്നാല്‍പ്പിന്നെ നാട്ടില്‍ സര്‍ക്കാറിനെ എന്തിനു നമ്മള്‍ തിരഞ്ഞെടുക്കണം.കോടതി പോരായോ .പരമോന്നത കോടതി എല്ലാറ്റിനും മീതെ സുസ്ഥിര ഭരണം കാഴ്ച വയ്ക്കട്ടെന്നേ.രാഹുല്‍ഗാന്ധിപോലും നീതി തേടി ഒടുവില്‍ കോടതിവരാന്തയില്‍ ചെന്നുനിന്നത്   ഭാരതം കണ്ടു.
             
പ്രസംഗത്തിനിടയിലെ വെറുമൊരു നാവുപിഴയാണോ നമ്മുടെ സ്പീക്കര്‍ക്കു പറ്റിയത് ?.ഇതേ നാവു പിഴ മുസ്‌ളിം മതത്തിനു നേരെയായിരുന്നെങ്കില്‍ ഒരു പക്ഷേ ജോസഫ് സാറിനു പറ്റിയതുപോലെ സംഭവിക്കുമായിരുന്നില്ലേ.ഇല്ല ,അതുണ്ടാവില്ല.കാരണം ഷംസീര്‍ മുസ്‌ളീമാണല്ലോ.ഇതേ നാവു പിഴ ക്രിസ്തുമതത്തിനു നേരെ ആയിരുന്നെങ്കിലോ..അപ്പോഴും ഒന്നും സംഭവിക്കില്ല.ക്രിസ്ത്യാനികള്‍ക്കിടയില്‍ കുരിശുയുദ്ധമൊന്നും ഉണ്ടാകാന്‍ പോണില്ല.കാരണം ഒരു ചെകിട്ടത്തടിച്ചാല്‍ മറ്റേതും കാണിച്ചേക്കണമെന്നല്ലേ ..അപ്പോള്‍ ക്രിസ്ത്യാനിയെ ആര്‍ക്കും തോണ്ടാം.മതമില്ലെന്നു പറയുന്ന പല കമ്മ്യൂണിസ്റ്റുകളുടെയും ഭാര്യമാര്‍ അമ്പലങ്ങളില്‍ തൊഴാന്‍ പോകുന്നത് നമ്മള്‍ കാണുന്നുണ്ട്.അവര്‍ പ്രാര്‍ത്ഥിക്കുന്നത് ഭര്‍ത്താവിനും കൂടിയാണ്.മതത്തിന് അതീതരാണെന്ന് വീമ്പടിക്കുന്ന ഇക്കൂട്ടര്‍ പരിഹസിക്കുന്നത് ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും മാത്രമാണ്.മുസ്‌ളിങ്ങളെ പരിഹസിക്കില്ല.പേടിയുണ്ട്.ഇംഗ്‌ളണ്ടിലെ ക്രിസ്ത്യന്‍ പള്ളികള്‍ വില്‍പ്പനയ്ക്കു വച്ചത് കണ്ടെന്ന്  എം.വി.ഗോവിന്ദന്‍ മാഷ് .അത് വല്യ സംഭവമാണെന്നമട്ടില്‍ പ്രഭാഷണം നടത്തിക്കളഞ്ഞു.പാര്‍ട്ടി സെക്രട്ടറി അത്രയും കണ്ടുപിടിച്ചപ്പോള്‍ സ്പീക്കര്‍ ഒരു മിത്തെങ്കിലുംകണ്ടെത്തിയില്ലെങ്കില്‍ മോശമല്ലേ.രാജ്യത്ത് ,കേരളം ഒഴിച്ച മറ്റെല്ലായിടത്തും കമ്മ്യൂണിസ്റ്റുകള്‍ അന്യം നില്‍ക്കുകയാണെന്നതും ഒരു മിത്താണോ...
           
ഉരുളുന്നിടത്ത് വീണ്ടും  കിടന്നുരുളുന്ന കാഴ്ച കാണണേല്‍ കേരള രാഷ്ട്രീയത്തിലോട്ടു പോരണം.ഗോവിന്ദന്‍ മാഷ് ഉരുണ്ടുരുണ്ടു വശംകെട്ടു.പാര്‍ട്ടി സെക്രട്ടറിയായിപ്പോയില്ലേ.അണികള്‍ എന്തു വിഡ്ഡിത്തം പറഞ്ഞാലും അത് ഉരുണ്ടുപിരണ്ട് വിശദീകരിച്ച് മാധ്യമങ്ങളെ ബോധിപ്പിക്കേണ്ട ഗതികേട്.പക്ഷേ മാഷ് പലപ്പോഴും മറന്നുപോകുന്ന ഒരു കാര്യമുണ്ട്.ഇപ്പോ പഴയപോലല്ല എല്ലാം തല്‍സമയം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും വലിയൊരു വാളായി അത് തലയ്ക്കുമീതെ തൂങ്ങി ആടുന്നുമുണ്ടെന്ന സത്യം.എത്ര തിരുത്തിയാലും പറഞ്ഞ സത്യത്തെ ഒരു റബ്ബറുകൊണ്ടും വൈറ്റ്‌നര്‍കൊണ്ടും മായിക്കാന്‍ പറ്റില്ലെന്ന പരമ സത്യം.കേള്‍ക്കുന്നവര്‍ പുച്ഛിച്ചുതള്ളും !.  
           
എന്റെയൊരു കോളേജ് മേറ്റ് ഉണ്ടായിരുന്നു.അതീവസുന്ദരി.അന്നൊക്കെ നാടന്‍ സുന്ദരിമാരെ ഉണ്ടായിരുന്നുള്ളൂ.ആകെ കോപ്പിയടിക്കാനുള്ള സൗന്ദര്യപരീക്ഷണങ്ങള്‍ സിനിമയിലെ നായികമാര്‍ കാണിക്കുന്ന വാലിട്ട കണ്ണെഴുത്തും ചെവിയ്ക്കു ചേര്‍ത്ത് പനീര്‍പ്പൂവ് കുത്തിവയ്ക്കുന്നതും മുന്നില്‍ രണ്ടുമുടിയിഴകള്‍ മുറിച്ചിടുന്നതും ഒക്കെയായിരുന്നു.എന്നിട്ടും അവള്‍ ഞങ്ങള്‍ക്കിടയിലെ  റാണിയായി.നോക്കിയിരുന്നു പോകുന്ന ആ വരവ്,ആ ചിരി,ഇടതു കവിളിലെ നുണക്കുഴി,..സത്യമായും പത്മരാജന്‍ കണ്ടിരുന്നെങ്കില്‍ അന്നവള്‍ അദ്ദേഹത്തിന്റെ ചിതത്തില്‍ നായികയായേനെ.പക്ഷേ, അവള്‍ക്കു മാത്രം അവളുടെ വശ്യതയും ഭംഗിയും ,ഉള്ള അളവില്‍ തിരിച്ചറിയാനായില്ല.അസൂയക്കാരായ ഞങ്ങളാരും അത് പുകഴ്തി പറഞ്ഞ് ബോധ്യപ്പെടുത്താന്‍ പോയുമില്ല.ഏതോ ഗള്‍ഫുകാരന്‍ കല്യാണം കഴിച്ച അവള്‍ മൂന്നു പെറ്റ് തികഞ്ഞ അടുക്കളക്കാരിയായി  ജീവിച്ചുപോയെന്നു കേട്ടു.ഇപ്പോഴൊരു മുത്തശ്ശിയായിട്ടുണ്ടാവണം.നമ്മുടെ ഐശ്വര്യ റായിയെ കാണുമ്പോഴെല്ലാം ഞാനവളെ ഇന്നും ഓര്‍മിക്കും.അത്രമേല്‍ തീഷ്ണമായിരുന്നും ആ സൗന്ദര്യം.
                        
പറഞ്ഞുവന്നത്  എന്തൊരു ഭംഗിയുള്ള നാടാണ് നമ്മുടെ ഭാരതമെന്നാണ്.നാനാത്വത്തിലെ ഏകത്വം.
 .പകരം വയ്ക്കാനില്ലാത്ത ഉജ്വല സംസ്‌ക്കാരം. ഉലകത്തില്‍ മറ്റൊരു രാജ്യത്തിനും ഇത്ര പ്രത്യേകത അവകാശപ്പെടാനുണ്ടോ. പക്ഷേ നമ്മള്‍ക്കു മാത്രം അതിന്റെ മഹത്വം വേണ്ട വിധത്തില്‍ മനസ്സിലാകുന്നില്ല.ലോകത്തെ പ്രധാനപ്പെട്ട മൂന്നു മതങ്ങളും സജീവമായി നിലകൊള്ളുന്ന ഒരു രാജ്യം.ഒരേ ദൈവങ്ങളെ ആരാധിക്കുന്ന ഹിന്ദു മതത്തില്‍ത്തന്നെ എത്രയെത്ര വിഭാഗങ്ങള്‍.എന്റെ കൃഷ്ണന്‍ എന്നു മാത്രം ശ്രീകൃഷ്ണനെ പറയുന്ന ഒരു കൂട്ടുകാരിയുണ്ടെനിക്ക്.അയ്യപ്പനില്ലാതെ ഒരു കാര്യവും ചെയ്യാത്ത സുഹൃത്തുണ്ട്.പക്ഷേ അദ്ദേഹം രാവിലെ ശിവക്ഷേത്രത്തിലും ഗണപതിക്കോവിലിലും തൊഴുതിട്ടേ ആഫീസില്‍ പോകൂ.എനിക്കാണെങ്കില്‍ ഏക ദൈവം.പക്ഷേ  ത്രിത്വത്തില്‍ അടിയുറച്ചവള്‍.എന്റെ ചിരകാല സുഹൃത്തായ റഷീദായ്ക്ക് ഏക ദൈവം മാത്രം.എന്നിട്ടും എന്തൊരു അടുപ്പവും കരുതലുമായിരുന്നു പരസ്പരം.
  ദൈവങ്ങള്‍ നമ്മുടെ തലയ്ക്കുപിടിക്കാതെ നമ്മളെല്ലാം ഒറ്റ കുടുംബമായി ഐക്യതയോടെ ജീവിച്ചുവരികയായിരുന്നു ഇതുവരെ.ഇത്രമേല്‍ മഴവില്‍ശോഭയുള്ള മറ്റൊരു നാടിനെ കാണിക്കാന്‍ ആര്‍ക്കു കഴിയും.പിന്നെ എപ്പോഴാണ് നമ്മള്‍ക്കിടയില്‍ അന്തകവിത്തുകളെറിഞ്ഞ് രാജ്യത്തെ കുട്ടിച്ചോറാക്കാന്‍ ചെകുത്താന്‍ കയറി വന്നത്.എന്റെ വേദന നിന്റേതു കൂടിയായിരുന്നില്ലേ ഇതുവരെ.നിന്റെ അമ്മ എനിക്കും അമ്മയായിരുന്നില്ലേ.എന്നിട്ടും ഏതോ നാല്‍ക്കവലയില്‍ വച്ച് നാം പരസ്പരം തിരിഞ്ഞു നടക്കുകയാണല്ലോ.വെറുപ്പിന്റെ കടതുറക്കാന്‍  നമ്മള്‍ക്കെങ്ങനെ കഴിയുന്നു.
                         
എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിലൊരാള്‍ അന്തര്‍ജനമാണ്.പ്രശസ്ഥമായ സ്വന്തം തറവാട്ടുക്ഷേത്രമുള്ളവള്‍.ഭര്‍ത്താവ് ഉന്നത ഉദ്യോഗസ്ഥനാണെങ്കിലും വട്ടമെത്തുമ്പോള്‍ ക്ഷേത്രത്തില്‍ പൂജചെയ്യണം.അവള്‍ സംപൂര്‍ണ്ണ സസ്യാഹാരി.ഞാന്‍ പൂര്‍ണ്ണ മാംസാഹാരി.എന്നിട്ടും ഞങ്ങള്‍ ഒരു കുടുംബമാണ്.അവള്‍ വീട്ടില്‍ വരുമെന്നു പറഞ്ഞാല്‍ സമീപദിനങ്ങളില്‍ മത്സ്യമാംസാദികള്‍ എന്റെ വീട്ടില്‍ നിഷിദ്ധം.എന്റെ മക്കള്‍ അവളുടേതുമാണ് .അവളുടെ കുട്ടികള്‍ എന്റേതും.ഫോണ്‍ ചെയ്യുമ്പോള്‍ പരസ്പരം ശബ്ദം കേട്ടാലറിയാം ഞങ്ങള്‍ക്ക്  എന്തെങ്കിലും പ്രയാസങ്ങളുണ്ടോ എന്ന് .മനസ്സ് വല്ലാതെ കനത്തു നിന്നാല്‍ അങ്ങോട്ടുമിങ്ങോട്ടും വിളിക്കും.അപ്പോള്‍ അവള്‍ പറയും,വിഷമിക്കാതെടീ,ഞാന്‍ ഭഗവാനോടു പ്രാര്‍ത്ഥിക്കാം എന്ന്.അവള്‍ക്കു സങ്കടം വഹിക്കാനാവുന്നില്ലെന്നു പറയുമ്പോള്‍ എന്റെ പ്രാര്‍ത്ഥനയില്‍ അവളും കുടുംബവുമുണ്ട്.അവളുടെ ശ്രീകൃഷ്ണനോ എന്റെ യേശുക്രിസ്തുവോ ഞങ്ങള്‍ക്കിടയില്‍ കലഹിക്കുന്നില്ല.പത്രപ്രവര്‍ത്തകരായ ഞങ്ങള്‍ ഒരുമിച്ച് ഒരുപാടു  യാത്രകള്‍ ചെയ്യാറുണ്ട്.എത്രയെത്ര നഗരങ്ങള്‍,വിശ്രുതക്ഷേത്രങ്ങള്‍,ദേവാലയങ്ങള്‍..രാമേശ്വരത്തും മധുരയിലും,തിരുനെല്ലിയിലും,കന്യാകുമാരിയിലും ക്ഷേത്രസങ്കേതങ്ങളില്‍ കരങ്ങള്‍ കോര്‍ത്തു നിന്നു.അവള്‍ ശ്‌ളോകങ്ങള്‍ ഉരുവിടുന്നത് ഞാന്‍ ചെവിയോര്‍ത്തുനില്‍ക്കും.അവള്‍ ശ്രീകോവിലിലേക്ക് നോക്കിനിന്ന്  പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ മാറിനിന്ന് ആ അന്തരീക്ഷത്തെ വീക്ഷിക്കും.ആ ചന്ദനസുഗന്ധം,ദീപപ്രഭ,മണിനാദം ഇതൊന്നും എന്റെ ദേവാലയത്തില്‍ ഇല്ലാത്തതാണല്ലോ.എനിക്കാണെങ്കില്‍ തലയില്‍ ഷാളിട്ട് കണ്ണടച്ചേ പ്രാര്‍ത്ഥിക്കാനാവൂ.എന്റെ ഈശ്വരന്‍   ഹൃദയത്തില്‍ മാത്രമാണല്ലോ.
   
ഒരിക്കല്‍ ഗോവയിലെ പ്രശസ്ഥമായ ദേവാലയത്തിനു മുറ്റത്തിരിക്കുമ്പോള്‍ അവള്‍ പറഞ്ഞു,  ' നീയെന്താ പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കാത്തത് ,ഞാന്‍ കാത്തിരിക്കാം,ചെല്ലൂ  'എന്ന്.പള്ളി കണ്ടാലുടന്‍ അവിടെ കയറി പ്രാര്‍ത്ഥിക്കുന്ന ശീലമില്ലാത്ത എന്നെ അവള്‍ അത്ഭുതത്തോടെ നോക്കി.വിശുദ്ധരോടുള്ള പ്രാര്‍ത്ഥന എനിക്കില്ലെന്നു പറഞ്ഞപ്പോള്‍ അവള്‍ക്ക് ക്രിസ്തീയ വിശ്വാസങ്ങളിലെ
വൈവിധ്യം പിടികിട്ടിയില്ല.പക്ഷേ, എല്ലാ പള്ളികളെയും ക്ഷേത്രങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു.ഈ വൈവിധ്യമാണല്ലോ ഭാരതത്തെ വേറിട്ടതാക്കുന്നത്.നാനാത്വത്തിലെ ഏകത്വം.
   
ഞാന്‍ വിഗ്രഹാരാധി അല്ലാഞ്ഞിട്ടും വിഗ്രഹാരാധിയും മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള മതത്തില്‍പ്പെട്ടവളുമായ എന്റെ സുഹൃത്തിനൊപ്പം സന്തോഷത്തോടെ വര്‍ഷങ്ങളെ പിന്നിടുന്നു.ഏകദൈവ വിശ്വാസിയായ എന്നെ അവള്‍ മനസ്സിലാക്കുന്നു.നമ്മള്‍ക്കിടയില്‍ അജഗജാന്തരവ്യത്യാസങ്ങളുണ്ടായിട്ടും  പതിറ്റാണ്ടുകള്‍ പിന്നിട്ട് നമ്മള്‍ സ്‌നേഹയാത്ര തുടരുകയല്ലേ കൂട്ടുകാരീ.വിശ്വാസത്തെ കച്ചവടച്ചരക്കാക്കുന്ന തന്ത്രങ്ങളില്‍ നമ്മള്‍ അകപ്പെട്ടുപോകാതിരിക്കട്ടെ.ഗൂഡതന്ത്രങ്ങള്‍ മെനയുന്നവര്‍,  കലഹങ്ങള്‍ക്കു കനലിട്ട് അത് കലാപത്തിന്റെ കാട്ടുതീയാകുമ്പോള്‍  ഞാനും നീയും വഴി പിരിയേണ്ടി വരുമോ..നീ എന്നില്‍നിന്ന് അകന്നകന്നു പോകുമ്പോള്‍ ,ഉരുകുന്ന മനസ്സോടെ നമ്മള്‍ ഇരുപക്ഷത്തുമായി ഏറ്റുമുട്ടേണ്ടി വരുമോ..
                           
അപരന്റെ വിശ്വാസങ്ങളെ മിത്തുകളായി പ്രഖ്യാപിക്കയും എന്റേതുമാത്രം സത്യം എന്നു ഘോഷിക്കയും ചെയ്യുന്ന നിഗൂഢതന്ത്രങ്ങളെ ഒഴിഞ്ഞുമാറുക. ഇവിടൊരു വിശ്വാസ വിപ്‌ളവത്തിനു തിരികൊളുത്തി ജാതി ജാതിയോട് യുദ്ധപ്രഖ്യാപനം നടത്തി ചിലതു നേടാന്‍ ചിലര്‍ക്ക് ലക്ഷ്യമുണ്ട്.കേരളത്തിലെ പല പുരാതനപള്ളികള്‍ക്കും സ്ഥലവും തടിയും കൂലിക്കാരെയും സൗജന്യമായി വിട്ടുകൊടുത്തത് ഇവിടുത്തെ ഹൈന്ദവ രാജാക്കന്‍മാരായിരുന്നു.മറ്റൊരു പുതിയ മതം വേരു പിടിക്കേണ്ടാ എന്നവര്‍ ശാഠ്യം പിടിച്ചില്ല.വെള്ളവും വളവും നല്‍കുകയും ചെയ്തു.അതുകൊണ്ടാണ് വ്യത്യസ്ത മതങ്ങള്‍ ഇവിടെ വേരുപിടിച്ച് വന്‍മരങ്ങളായത്.ഇപ്പോള്‍ മിത്തെന്നു പറഞ്ഞ് ഒപ്പമുള്ളവനെ , വോട്ടുനല്‍കി ആളാക്കിയവനെ പരിഹസിക്കുന്നത് ഭൂഷണമല്ല.കേരളത്തെ മണിപ്പൂരാക്കരുത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക