ആകാശസീമയും അറ്റ്‌ലാന്റിക് മഹാസമുദ്രവും ഉമ്മ വയ്ക്കുന്ന അനവദ്യസുന്ദരമായ ആ നീല ജലാശയത്തിലൂടെ മന്ദം മന്ദം ഒഴുകിയ ഒരു ഭീമാകാരനായ ക്രൂസ് കപ്പലില്‍ ഏഴു ദിനരാത്രങ്ങള്‍ ഒരു സ്വപ്നാടനത്തിലെന്നപോലെ കഴിഞ്ഞപ്പോള്‍ ഭൂമിയോ സ്വര്‍ഗ്ഗമോ എന്നറിയാതെ ഞാന്‍ ആലോലമാടുകയായിരുന്നു. ഏന്റെ ജീവിതത്തിലെ പ്രഥമാനുഭവം!
എന്റെ പ്രിയ ഭര്‍ത്താവുമൊത്ത് ഇത്തരം ഒരു യാത്ര നടത്തണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും അതു ദൈവേഷ്ടമല്ലായിരിക്കാം, മനുഷ്യന്റെ എല്ലാ ആഗ്രഹങ്ങളും നടക്കുകയില്ലല്ലോ.
20 നിലകളുള്ള ‘Norwegian Joy’ എന്ന ഭീമാകാരനായ ജലനൗകയില്‍ 4000 യാത്രക്കാരും 1600 ല്‍പ്പരം ജോലിക്കാരും, ഒരു കിംഗ് സൈസ് ബെഡ്, രണ്‍ടു സിംഗിള്‍ ബെഡ്ഡുകള്‍, ഡ്രസര്‍, അലമാരകള്‍ തുങ്ങി എല്ലാ സൗകര്യങ്ങളുമുള്ള ഒരു നല്ലമുറി, ഒരു നല്ല ബാത്ത്‌റൂം ഇതില്‍പ്പരം എന്തു വേണം! എതു നേരവും ആവശ്യം പോലെ വിവിധതരം ഭക്ഷണപാനീയങ്ങള്‍, രാത്രിയില്‍ ഓരോ ദിവസവും വ്യത്യസ്തമായ കലാപരിപാടികള്‍, രാജകീയമായ കിടക്കകള്‍, ദിനംപ്രതി ബെഡ്ഷീറ്റുകള്‍ മാറി മുറി വൃത്തിയാക്കാന്‍ ജാഗരൂകരായി നില്‍ക്കുന്ന ആജ്ഞാനുവര്‍ത്തികള്‍, ഭൂമിയിലെ പറുദീസയോ എന്നവിധം കഴിഞ്ഞുപോന്ന ദിനങ്ങള്‍ എന്നെ ഒരത്ഭുത ലോകത്തിലേക്കാനയിക്കയായിരുന്നു. ഒരു പരിധിയുമില്ലാതെ ആകാശത്തെ ആദേശം ചെയ്യുന്ന അന്തമില്ലാത്ത സമുദ്രമണ്ഡലം, റൂമിന്റെ ബാല്‍ക്കണിയിലിരുന്ന് ദൈവത്തിന്റെ അത്ഭുത പ്രതിഭാസത്തെ ആസ്വദിക്കുമായിരുന്നു മിക്കപ്പോഴും ഞാന്‍. എത്രചിന്തിച്ചാലും പിന്നെയും പിന്നെയും സങ്കീര്‍ണ്ണമാകുന്ന അത്ഭുതമാണ് ഈ ലോകം തന്നെ. അതി ബുദ്ധിമാനായ ഒരു ശില്പിയുടെ കലാവിരുതാണ് ഓരോ ചെറിയ സൃഷ്ടിയിലും ദര്‍ശിക്കാന്‍ സാധിക്കുന്നത്. കോടാനുകോടി മനുഷ്യര്‍ ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു, ജനനവും മരണവും കൃത്യമായി നിയന്ത്രിക്കുന്നതും ലോക ചലനം പോലും കൃത്യതയോടെ നീങ്ങുന്നതും ആ പരാശക്തിയുടെ കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയിരിക്കാം. ആ ചലനത്തിനൊത്തു നീങ്ങുന്ന മണ്‍പാവകളത്രേ നിസ്സാരനായ മനുഷ്യന്‍.
ഓളത്തിലൊഴുകുന്ന ആ സ്വപ്ന നൗകയില്‍ ഷോപ്പിങ് മാളുകള്‍, കസീനോകള്‍, വിവിധ തരം ഷോകള്‍ നടക്കുന്ന തീയേറ്ററുകള്‍ എന്നു വേണ്ട എപ്പോഴും ഒരു വലിയ പട്ടണം പോലെ തോന്നുന്ന സകല സൗകര്യങ്ങളും നിറഞ്ഞ ഭീമാകാരനായ കപ്പലോ? മഴയോ വെയിലോ ഏതാകിലും swimming pool കള്‍ നിറയെ കുട്ടികളും വലിയവരും രാപകലെന്യേ തിങ്ങി കാണപ്പെടും. അല്പവസ്ത്രധാരികളായ, വെണ്ണതോല്‍ക്കും മെയ്യഴകുള്ള തുടുതുടുത്ത തരുണീമണികള്‍ പ്രായഭേദമെന്യേ ഏവരെയും ആനന്ദിപ്പിക്കുന്ന കാഴ്ചകളാണ്, കൂനകള്‍ പോലെ ബീച്ച് ടവലുകള്‍ വച്ചിരിക്കും, ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എത്രവേണമെങ്കിലും എടുത്തുപയോഗിക്കാം. സ്വിമ്മിംഗ് പൂൂളില്‍ രാവിലെ മുതല്‍ രാത്രി വരെയും എപ്പോഴും തിരക്ക്, ചൂടുവെള്ളം നിറച്ച പൂള്‍ വേറെയും. എപ്പോഴും വിശ്രമിക്കാനായ് നിരത്തിയിട്ട ചാരു കസേരകള്‍, കുട്ടികള്‍ക്കുള്ള വിവിധയിനം ജലകേളികള്‍ ഒരു വശത്ത്. എനിക്കത് ആദ്യാനുഭവമായതിനാലാകാം, ഞാനൊരു മായാ ലോകത്തിലായിരുന്നു. എല്ലാ നിലകളിലും ആവശ്യക്കാര്‍ക്ക് വാങ്ങാനായി ലിക്വര്‍ ലഭ്യമാണ്, credit card കൊടുത്താല്‍ മതി, അല്ലെങ്കില്‍ ആദ്യമേ തന്നെ ഒരു തുക കൊടുത്താല്‍ എത്ര കള്ളും എതു നിലയില്‍ നിന്നും വാങ്ങാം. അതു ശരിയായി ആസ്വദിക്കുന്നവരെ എവിടെയും കാണാമായിരുന്നു. ആവശ്യത്തിന് വാങ്ങലും നന്നായി ചെലവാകലും നടക്കുന്നുണ്ടായിരുന്നു. എത്ര ചെലവായാലും ജീവിതം ആസ്വദിക്കാന്‍ എത്തിയവരാണ് ആ ഉല്ലാസക്കപ്പലിലെ യാത്രക്കാരധികവും. ആണ് എങ്ങനെ നടന്നാലും, വസ്ത്രം ഒന്നുമില്ലെങ്കിലും ഒരുത്തനും നോക്കുക പോലുമില്ല, അഥവാ ശ്രദ്ധിച്ചാലും മലയാളികള്‍ മാത്രമേ അങ്ങനെ ചെയ്യാറുള്ളു.രണ്ടു മലയാളി കുടുംബങ്ങളേ മാത്രമേ ആ ക്രൂസില്‍ കാണാന്‍ കഴിഞ്ഞുള്ളു.
എല്ലാവിധ സാധനങ്ങളും വാങ്ങാന്‍ കിട്ടും, പണം വഴിഞ്ഞൊഴുകുന്ന കാഴ്ച. കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍, വജ്രാഭരണങ്ങള്‍ വാച്ചുകള്‍, ബാഗുകള്‍ എന്നു വേണ്ട എല്ലാം സുലഭം.. കസീനോയിലെ തിരക്കും ചൂതുകളികളും മറ്റൊരു വശത്ത്. ഒരു കപ്പലിലാണെന്നുള്ള ചിന്ത കടലില്‍ നോക്കുമ്പോഴേ വരുകയുള്ളു. ചുറ്റി നടന്നും. വേണ്ടത്ര ഭക്ഷണം കഴിച്ചും രാത്രിയിലെ മനോഹരമായ തീയേറ്റര്‍ ഷോ കണ്ടും രാത്രി എട്ടു മണിക്ക് മുറിയിലെത്തും. വളരെ അടുപ്പവും സ്‌നേഹവും ഉള്ള ഒരു കുടുംബത്തോടൊപ്പം ഒരു മുറിയിലായിരുന്നു ഞങ്ങള്‍ മൂന്നുപേരും അവരുടെ ഒരു മകനും താമസിച്ചത്. രാത്രിയിലും രാവിലെയും വേദപുസ്തകം വായിച്ച്., പാട്ടു പാടി ഓര്‍ത്തഡോക്‌സ് വിശ്വാസത്തിലുള്ള പ്രാര്‍ത്ഥനകള്‍ തികച്ച് സുഖമായി 36 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ബെര്‍മ്യൂഡയിലെത്തി.
രണ്ടു ദിവസങ്ങള്‍ അവിടെ ചെലവഴിച്ച്, സെന്റ് ജോര്‍ജ്, ഹാമില്‍ട്ടണ്‍ എന്നിവിടങ്ങള്‍ കണ്‍ടു. വെറും 60,000 ജനങ്ങള്‍ മാത്രം താമസിക്കുന്ന ഒരു ചെറിയ അയലന്റ് ആണ് ബെര്‍മൂഡാ, ടൂറിസവും കൃഷിയുമൊക്കെയാണ് അവരുടെ വരുമാനമാര്‍ഗ്ഗം. ബെര്‍മ്യൂഡായില്‍ ഇറങ്ങിയെങ്കിലും ഭക്ഷണവും ഉറക്കവുമെല്ലാം കപ്പലില്‍ തന്നെയായിരുന്നു. ചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട ആ ചെറിയ ദ്വീപില്‍ വലിയ കാഴ്ചകളൊന്നും എന്നെ സ്വാധീനിച്ചില്ല, സെന്റ് ജോര്‍ജില്‍ ഒരു പഴയ ദേവാലയം സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് കണ്ടു, കുറെ വാഴകളും കൃഷികളും ഒക്കെയല്ലാതെ മറ്റു കാഴ്ചകളൊന്നും ഇല്ലായിരുന്നു. ഒരു വലിയ ബോട്ടില്‍ ആയിരുന്നു അങ്ങോട്ടും തിരിച്ചും യാത്ര, നല്ല അനുഭൂതിയായിരുന്നു, തിരികെ വന്ന് ക്രൂസ് കപ്പലില്‍ തന്നെ വന്നിട്ടായിരുന്നു ഭക്ഷണവും വിശ്രമവും. രണ്‍ടു ദിവസവും അവിടെ കപ്പല്‍ വിശ്രമിച്ചു, പുറത്തേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും കസ്റ്റംസ് കടമ്പകള്‍ നിര്‍ബന്ധമായിരുന്നു, രണ്‍ടാമത്തെ ദിവസം ഹാമില്‍ട്ടണ്‍ സന്ദര്‍ശിക്കാന്‍ ബസ്സിലായിരുന്നു പോയത്, കുറെ കടകളൊക്കെ കണ്‍ടു. മിക്കതും ചെറിയ വീടുകളുള്ള ഒരു ഗ്രാമപ്രദേശം. ബെര്‍മൂഡ് ട്രയാങ്കിള്‍ ഏറെ ദൂരെയാണെന്നറിഞ്ഞു, അവിടെ കപ്പലൊന്നും പോകാറില്ലെന്നും, ഒരു തുമ്പും ശേഷിപ്പിക്കാതെ അവിടെയെത്തുന്ന കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷമാകാറുണ്‍െടെന്നും 50 ലധികം കപ്പലുകളും വിമാനങ്ങളും കാണാതായിട്ടുണ്‍ടെന്നും അറിയുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ബെര്‍മ്യൂഡാ, ഫ്‌ളോറിഡാ, പോര്‍ട്ടോറിക്കോ എന്നീ മൂന്ന് ഖണ്ഡങ്ങള്‍ക്കിടയിലെ ത്രികോണാകൃതിയിലുള്ള ഒരു വലിയ ഭാഗമാണ്500.000 Sq.KM (193,000 Sq. miles)വിസ്തൃതിയുള്ള ബെര്‍മൂഡ് ട്രയാങ്കിള്‍ എന്നറിയുന്നു, ഏതായാലും ആ ഉദ്യമം നടന്നില്ല. വീണ്‍ടും തിരികെ ന്യൂയോര്‍ക്കിലേക്ക്. ഒരു ചിരകാലാഭിലാഷത്തിന്റെ സംതൃപ്തിയില്‍, വ്യാഴാഴ്ച വൈകിട്ടു മടക്ക യാത്ര തിരിച്ച്, 36 മണിക്കൂറുകള്‍ക്ക് ശേഷം ശനിയാഴ്ച രാവിലെ ന്യൂയോര്‍ക്ക് ഷിപ്പ് യാര്‍ഡിലെത്തി, കാര്‍$96 കൊടുത്ത് പാര്‍ക്ക് ചെയ്തിരുന്നു, കാറും എടുത്ത് തിരികെ വീട്ടിലെത്തിയപ്പോഴേക്കും ആത്മനിര്‍വൃതിയില്‍ കുറേനേരം സുഖ സുഷുപ്തിയിലാണ്‍ടു. നശ്വരമായ ഈ ലോകജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ക്കായി ദൈവത്തിന് നന്ദിയര്‍പ്പിക്കുന്നു.!! സന്തോഷത്തിലും സന്താപത്തിലും ദൈവത്തെ നന്ദിയോടെ സ്തുതിക്കുന്ന ഒരു ഹൃദയം ഉണ്‍ടെന്നതാണ് എന്റെ സംതൃപ്തി, ആ സംതൃപ്തി നമുക്ക് സമാധാനവും സന്തോഷവും പ്രദാനം ചെയ്യും. ജീവിതത്തിന്റെ പിരിമുറുക്കങ്ങളില്‍നിന്നും വിരാമമേകിയ ഈ യാത്ര ഒരു പുതുജീവന്‍ ലഭ്യമായതുപോലെ അനുഭവപ്പെട്ടു. ഏതും ലഭ്യമാക്കുന്നതില്‍ ദൈവത്തിന്റെ കൃപ ആവശ്യമാണ്. എല്ലാ വായനക്കാര്‍ക്കും സ്‌നേഹവന്ദനം !!.