ഇന്ദ്രജിത് ലക്ഷ്മണയുദ്ധം ആരംഭിച്ചു. വിഭീഷണൻ വാനരൻമാരുടെ ആത്മവിശ്വാസം കൂട്ടുവാനായി അവരുടെ നേട്ടങ്ങളും വീര്യവും എണ്ണിയെണ്ണിപ്പറഞ്ഞു. പ്രമുഖരായ രാക്ഷസന്മാർ ഏവരേയും വധിച്ചിരിക്കുന്നു. ഇനി ഇന്ദ്രജിത്തും രാവണനുമേ അവശേഷിക്കുന്നുള്ളു. അവരെക്കൂടി വധിച്ചാൽ സീതയെ മോചിപ്പിക്കാം. അതിനാൽ ഏറ്റവും ഉത്സാഹത്തോടെ യുദ്ധം ചെയ്യുവാൻ അവരെ അദ്ദേഹം ഉപദേശിച്ചു. യുദ്ധം തുടങ്ങി.
ഇടയ്ക്കു ഇന്ദ്രജിത്ത് മൃത്യു രൂപമായി വാനരന്മാരെ കൊന്നൊടുക്കി. ഈ സമയം ശരവർഷവുമായി ലക്ഷ്മണൻ ഇന്ദ്രജിത്തിനു മേൽ പെയ്തിറങ്ങി. ഒടുവിൽ. ഇന്ദ്രജിത്തിന്റെ തേരും തേരാളിയും നഷ്ടമായി. അവൻ മായ കൊണ്ട് അവിടുന്ന് അപ്രത്യക്ഷനായി. എന്നിട്ട് നൊടിയിടയിൽ പുതിയ സ്വർണ്ണത്തേരിൽ പ്രത്യക്ഷനായി.
വീണ്ടും യുദ്ധം കടുത്തു. പരസ്പരം ഉപയോഗിച്ച ദിവ്യാസ്ത്രങ്ങളവർ ഭേദിച്ചു മുന്നേറി. ഇനിയും ക്ഷമിക്കുവാനാകില്ലെന്നു കണ്ട്, ലക്ഷ്മണൻ, ദശരഥ പുത്രനായ രാമൻ ധർമ്മത്മാമാവും സത്യസന്ധനും പൗരുഷത്തിൽ എതിരില്ലാത്തവനുമാണെങ്കിൽ രാവണപുത്രനെ ഈ ബാണം വധിക്കട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് ഒരമ്പ് എയ്തു. ആ അമ്പ് ഇന്ദ്രജിത്തിന്റെ തലയറുത്തു. അതോടെ രാഷസന്മാർ നാഥനെ നഷ്ടമായി ഓട്ടം പിടിച്ചു. ദേവകൾ ലക്ഷ്മണനു മേൽ പുഷ്പവൃഷ്ടി നടത്തി. ഇന്ദ്രജിത്തിനെ വധിച്ച ലക്ഷ്മണനെ രാമൻ ആശ്ലേഷിച്ച് അഭിനന്ദിച്ചു.
ഇന്ദ്രജിത്തും കൊല്ലപ്പെട്ടിരിക്കുന്നു. രാവണൻ ദുഖത്താൽ ദീനനായി. കോപത്താൽ ജ്വലിക്കുന്നവനായി. ഇനി പോര് രാവണൻ നേരിട്ടു തന്നെയെന്നു നിശ്ചയിച്ചു. ഉറ്റവർ നഷ്ടപ്പെട്ട രാക്ഷസീവിലാപത്താൽ ലങ്ക മുഖരിതമായി. ഇന്ദ്രജിത്തിന്റെ മരണവാർത്തയറിഞ്ഞ ശേഷം അന്തഃപുരവിലാപം അവസാനിച്ചിട്ടില്ല.
രാവണൻ ഉടൻ ഒട്ടും മടിച്ചു നിൽക്കാതെ മഹോദരൻ, വിരൂപാക്ഷൻ, മഹാപാർശ്വൻ എന്നീ സേനാനായകന്മാരെക്കൂടി യുദ്ധഭൂവിലേക്കയച്ചു. അവരും കൊല്ലപ്പെട്ടു. യുദ്ധം അതിൻ്റെ മൂർദ്ധന്യത്തിലെത്തി. രാവണപക്ഷത്ത് ഇനി നായകന്മാരില്ല. രാവണൻ മാത്രം അവശേഷിച്ചു. അവസാന അങ്കം! അതിനായി രാവണൻ തന്നെ പോർക്കളത്തിലിറങ്ങി.
ദേവതകൾ കാത്തു നിന്ന, ഭൂമിയും സാഗരവും ആഗ്രഹിച്ച, മനുഷ്യരും ഗന്ധർവ കിന്നരന്മാരും പ്രാർത്ഥിച്ചു കൊണ്ടിരുന്ന അവസാന യുദ്ധത്തിന്റെ ആരംഭമാണിനി.
രാമ രാവണയുദ്ധം ആരംഭിച്ചു.