രാമരാവണയുദ്ധം ആരംഭിച്ചു. ആ കാഴ്ച കാണാൻ ദേവതകൾ ആഗതരായി.
രാവണൻ അതിഘോരമായ തമസാസ്ത്രം പ്രയോഗിച്ചു വാനരന്മാരെ ചുട്ടു. അവർ ചുറ്റും ചത്തുവീണു. ബ്രഹ്മാവ് നിർമ്മിച്ച ആ അസ്ത്രം താങ്ങാൻ അവർക്കായില്ല. ഇതു കണ്ടു രാമലക്ഷ്മണന്മാർ ബാണങ്ങളെയ്തു തുടങ്ങി. രാമബാണങ്ങളെ നേരിട്ട രാവണൻ തമസാസ്ത്രം പ്രയോഗിച്ചു. രാമൻ അതിനെ പാവകാസ്ത്രം കൊണ്ടു ഖണ്ഡിച്ചു. മഹാസ്ത്രങ്ങൾ പരസ്പരം ഖണ്ഡിച്ചു കൊണ്ടു രണ്ടുപേരും മുന്നേറി.
അസ്ത്രങ്ങൾ വിഫലമായതു കണ്ട് രാവണൻ കോപാന്ധനായി. അവൻ വിചിത്രങ്ങളായ ആയുധങ്ങൾ പലതു പ്രയോഗിച്ചു. അതിദ്യുതിമാനായ ലക്ഷ്മണൻ വേഗമേറിയ അമ്പുകൾ കൊണ്ടു രാവണൻ്റെ കൊടി പലതായി മുറിച്ചു. ഈ സമയം രാവണന്റെ ശ്രദ്ധ വിഭീഷണനു മേൽ പതിയുകയും വിഭീഷണനു നേരെ ശക്തമായ വേൽ പ്രയാഗിക്കുകയും ചെയ്തു. അതു ലക്ഷ്മണൻ മൂന്നു കഷണങ്ങളാക്കി ചിതറിച്ചു. അതോടെ, അവൻ വേൽ ലക്ഷ്മണനു നേരെ പ്രയോഗിച്ചു. അത് ലക്ഷ്മണന്റെ നെഞ്ചു തുളച്ചു മണ്ണിലാഴ്ന്നു. ആ വേൽ പ്രയോഗിക്കുന്നതു കണ്ട രാമൻ ആ വേൽ ലക്ഷ്മണനു സ്വസ്തിയായി ഭവിക്കട്ടെ, രാവണോദ്യമം വിഫലമാകട്ടെ എന്നു പ്രാർത്ഥിച്ചു. എന്നാൽ ലക്ഷ്മണൻ വീണതു കണ്ട് രാമൻ വിഷാദവാനായി. രാമനാവേൽ ഊരിയെടുത്തു. എന്നാൽ ഇതു വിഷാദത്തിനുള്ള സമയമല്ല എന്നു തിരിച്ചറിഞ്ഞു, ലക്ഷ്മണനെ സംരക്ഷിക്കുവാൻ ആവശ്യപ്പെട്ട് രാവണനെ കൊല്ലാനുള്ള പോരു തുടങ്ങി. എന്നാലും ലക്ഷ്മണനെ പ്രതി രാമന്റെ ദുഃഖം മാറിയില്ല. അതു കണ്ടു സുഷേണൻ, അടുത്തു നിന്ന ഹനുമാനോട് വീണ്ടും മഹോദയ പർവ്വതത്തിൽ പോയി വിശല്യകരണി, സാവർണ്യകരണി, സംജീവകരണി എന്നിവ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഒരിക്കൽക്കൂടി ഹനുമാൻ ഔഷധമലയുമായി തിരികെ വന്നു. അതിലെ ഔഷധികൾ കൊണ്ടു നസ്യം ചെയ്തതോടെ ലക്ഷ്മണൻ പൂർവ്വസ്ഥിതി പ്രാപിച്ചു.
ലക്ഷ്മണന്റെ ജീവൻ രക്ഷിച്ചതോടെ രാമൻ ഉത്സാഹത്തോടെ യുദ്ധം തുടർന്നു. ഈ സമയം രാവണൻ രാമന്റെ രഥം തകർത്തു. അതു കണ്ട് ഇന്ദ്രൻ, വേഗം തന്നെ തന്റെ രഥവും സാരഥിയേയും രാമനു നൽകി.ആ തേർത്തട്ടിലേറിയായി അടുത്ത യുദ്ധം. ഈ സമയം ദേവകൾ വിജയത്തിനായി ആദിത്യഹൃദയ മന്ത്രം രാമന് ഉപദേശിച്ചു. മൂന്നു പ്രാവശ്യം അതു ജപിച്ച ശേഷം യുദ്ധം തുടരുവാൻ ആവശ്യപ്പെട്ടു. പിന്നെ പടിപടിയായി രാമൻ രാവണന്റെ തേര് തേരാളി, എന്നിവ തകർത്തു. പിന്നെ, രാവണന്റെ നെഞ്ചു തകർത്തു പൈതാമഹാസ്ത്രം രാമന്റെ ആവനാഴിയിൽ തിരികെ എത്തി ദേവന്മാർ രാമനുമീതെ പുഷ്പവൃഷ്ടി നടത്തി.
രാവണനു മീതേ രാമന്റെ ജയം, അല്ലെങ്കിൽ തിന്മയുടെ മേൽ നന്മയുടെ ജയം ഇങ്ങനെ നമ്മൾ രാമായണത്തെ ചുരുക്കാറുണ്ട്. എന്നാൽ ഓരോ സർഗത്തിലും ആദികവി വെളിപ്പെടുത്തുന്ന രാമനും രാവണനും, മനുഷ്യർ സ്വന്തം ജീവിതത്തിൽ മനസിലാക്കേണ്ട പാഠങ്ങൾ കൂടി നൽകുന്നുണ്ട്. ഓരോ മനുഷ്യരിലും ഒരു രാമനും രാവണനും ഒളിഞ്ഞിരിപ്പുണ്ട്. ഏത് ഭാവമാണ് മുന്നിട്ടു നിൽക്കുന്നത് എന്നതനുസരിച്ച് രാമനും രാവണനുമായി സ്വയം മാറുന്നു.