നവോത്ഥാനപ്രസ്ഥാനത്തിലൂടെ ജാതിവ്യവസ്ഥയുടെ ഹീനമായ അതിർവരന്പുകൾ ബാഹ്യമായെങ്കിലും പൊളിച്ചുമാറ്റാൻ ശ്രീ നാരായണ ഗുരുവിന്റെ (1856 -1928 ) വിപ്ലവകരമായ യുക്തിചിന്തക്കു കഴിഞ്ഞിട്ടുണ്ട്. ചാതുർവർണ്ണ്യത്തിനു പുറത്തുള്ളവരും മനുഷ്യരാണെന്നുള്ള യാഥാർഥ്യം പുറമെ എങ്കിലും അംഗീകരിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരായി. പക്ഷേ, മലയാളഭാഷ ഇന്നും ഉച്ചനീചത്വത്തിന്റ കീഴ്‌വഴക്കം പുലർത്തിപ്പോരുന്നു. ഭാഷയിലെ പദാവലിയിൽ വേർതിരിവ് സൃഷ്ടിച്ച് ഫലത്തിൽ ഉച്ചനീചത്വം നിലനിർത്തുകയാണ് ഇന്നും. അതുകൊണ്ടാണ് പുലയനും പറയനും ആ വിഭാഗത്തിൽ പെട്ടവർക്കും " മരണം" ഇല്ലാത്തത്, അവർ "ചാവുക"യേയുള്ളു! ഈച്ചയും പുഴുക്കളും പാന്പും മറ്റും "ചത്തു" എന്നുപറയുന്ന അതേ ലാഘവത്തോടെ ദളിതൻ "ചത്തു" എന്നു പറയുന്ന "ഭാഷാ സംസ്‌കാര"മാണ് ഇന്നും നിലവിലുള്ളത്!
ഒരു കാലത്ത് ഓരോ ജാതിക്കാർക്കും അനുവദിച്ചുകൊടുത്തിരുന്ന ഭാഷയിൽ മാത്രം സംസാരിക്കണമായിരുന്നു. " ഉപ്പ്" എന്നു പറയാൻ പുലയർക്ക് അനുവാദമില്ലായിരുന്നു,
" പുളിച്ചത്" എന്നാണ് അവർക്ക് അനുവദിച്ചിരുന്ന വാക്ക്. “പുളിച്ചത് എന്നു പറയാതെ ഉപ്പ് എന്നു പറഞ്ഞതിന് ഒരു പുലയ യുവാവിനെ തല്ലിക്കൊന്ന നാടായിരുന്നു കേരളം”, ( കടപ്പാട്: സുനിൽ പി. ഇളയിടം).
ഉച്ചനീചത്വം പ്രകടമാക്കുന്ന പദാവലി മലയാളത്തിൽ കൂടുതലായി പ്രയോഗിച്ചു
തുടങ്ങിയത് സംസ്‌കൃത പദങ്ങളുടെ കടന്നുകയറ്റത്തോടെയാണ്. ഏതുഭാഷയും വികസിക്കുന്നത് മറ്റുഭാഷകളിലെ വാക്കുകൾ സ്വീകരിക്കുന്നതുകൊണ്ടുകൂടിയാണ്.
പക്ഷേ, 11 , 12 , 13 നൂറ്റാണ്ടുകളിൽ മലയാളത്തിലേക്ക് കുടിയേറിത്തുടങ്ങിയ സംസ്‌കൃതത്തിന് നൽകിയത് അനർഹമായ ശ്രേഷ്ഠപദവിയാണ്. അതിന്റെ കാരണം, സംസ്‌കൃതത്തിന്റെ അവതാരകർ നബൂതിരി ബ്രാഹ്മണർ ആയിരുന്നുഎന്നുള്ള
താകാം. ചാതുർവർണ്യത്തിൽ ശ്രേഷ്ഠപദവി ബ്രാഹ്മണർക്ക് ആയിരുന്നതുകൊണ്ട് അവർ ആവതരിപ്പിച്ച സംസ്‌കൃതത്തിനും ശ്രേഷ്ഠപദവി നേടാൻ കഴിഞ്ഞുവത്രേ. മുത്തും പവിഴവും പോലെ സംസ്‌കൃതമലയാള പദങ്ങൾ ഇടകലർത്തി പ്രയോഗിക്കുന്ന മണിപ്രവാളം തനി മലയാളത്തെ കീഴടക്കി. അതോടെ "പച്ചമലയാളം" തരംതാഴ്ന്ന നിലയിലായി.
ചില പ്രത്യേക വിഭാഗത്തിൽപ്പെട്ട 'മനുഷ്യർക്ക്' വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു നമ്മുടെ നാട്ടിൽ. കണ്ടല കുടിപ്പള്ളിക്കൂടത്തിൽ പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചു, കാരണം അവൾ പുലയ പെൺകുട്ടി ആയിരുന്നു!
ഈ നിരോധനം നടന്നത് ഒത്തിരി പണ്ടല്ല -1914-ൽ! നിന്ദ്യമായ ഈ നടപടിയിൽ പ്രതിഷേധിച്ച് മനുഷ്യസ്നേഹിയായ അയ്യൻകാളി ആദ്യമായി പണിമുടക്കിന് ആഹ്വനം ചെയ്‌തതിന് ചരിത്രം സാക്ഷി!
"തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ"
( ദുരവസ്ഥ -കുമാരനാശാൻ -1922 )
എത്ര മയപ്പെടുത്തി എഴുതിയിട്ടും ഇങ്ങനെ എഴുതാനേ മനുഷ്യ മഹാകവിയായ കുമാരനാശാന് കഴിഞ്ഞൊള്ളു!
അത്തരക്കാർ പിറന്ന്, പണിയെടുത്ത് , "ചത്ത"ടിഞ്ഞ മണ്ണാണ് കേരളത്തിന്റേത്! അവർക്കൊരു ഭാഷയുണ്ട്: ജീവിതാനുഭവത്തിന്റെ ചൂടും മണവും വിശപ്പും പട്ടിണിയും വെളിപ്പെടുത്തുന്ന ഭാഷ. അവർ അനുഭവയ്‌ക്കേണ്ടിവന്ന നിന്ദ്യമായ അവഹേളനവും ക്രൂരമായ അവഗണനയും പ്രകടിപ്പിക്കുന്നതാണ് അവരുടെ വാക്കുകൾ. അവ പരുക്കനാകാം, പക്ഷേ മൂർച്ചയുള്ളവയാണ്. സംസ്‌കൃതപദങ്ങൾ പലതും അവർക്കു വഴങ്ങാത്തതാണ്. ദേവീദേവന്മാരുടെ അവയവങ്ങളുടെ പേര് ഉന്നതന്മാർ സംകൃതത്തിൽ പറഞ്ഞാൽ അത് ഭക്തിമയമാണ്. ആ പേര് ഒരു സാധാരണക്കാരൻ പച്ച മലയാളത്തിൽ പറയുമ്പോൾ അത് അശ്ലീലമായി, തെറിയായി, ദേവനിന്ദയായി, അയാൾക്കെതിരെ കേസുകൊടുക്കാൻ വിശ്വാസികൾ സംഘം ചേരലായി.
2019-ൽ കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ച നോവലാണ്
എസ്. ഹരീഷിന്റെ "മീശ". അതിൽ, തലമുറകൾക്കു മുൻപ് ചേറ്റിലും ചെളിയിലും എല്ലുമുറിയെ പണിയെടുത്താലും പട്ടിണി മാറ്റാൻ കഴിയാത്ത ഒരു ജനതയുടെ ജീവിതം വർണ്ണിക്കുണ്ട്. ചതുർവർണ്യത്തിൽ ഉൾപെടാനുള്ള 'വർണ്ണഭംഗി' അവർക്കില്ലായിരുന്നു. വികാര വിചാരങ്ങൾ പ്രകടിപ്പിക്കാനുള്ള അവരുടെ ഭാഷ സംസ്‌കൃതത്തിന്റെ മൂശയിൽ വാർത്ത് മിനുക്കിയെടുത്തതായിരുന്നില്ല. സംസ്‌കാര സംരക്ഷകർ, അതിന്റെ ചരിത്രപശ്ചാത്തലം തിരിച്ചറിയാതെ മുദ്രകുത്തി- “മീശ”യിൽ മുഴുവൻ തെറിയാണ്. "മീശ"യിൽ ത്രസിച്ചുനിന്ന ജീവിതം വിമർശകർ കണ്ടില്ല!
കേരളത്തിൽ, തിരുവനന്തപുരം മുതൽ കാസർകോട് വരെ സഞ്ചരിക്കുമ്പോൾ മലയാളഭാഷക്കു വരുന്ന മാറ്റം ശ്രദ്ധേയമാണ്. ഓരോ പ്രദേശത്തിന്റെയും ഓരോ ജനവിഭാഗത്തിന്റെയും ജനങ്ങളുടെ ജീവിതപശ്ചാത്തലത്തിന്റെയും സ്വാധീനം ഭാഷയിൽ പ്രതിഫലിക്കുന്നുണ്ട്. വടക്കോട്ടു പോകുംതോറും വാക്കുകളുടെ അർത്ഥം പോലും മാറിപ്പോകുന്നു.
മലയാളത്തിലെ പര്യായ പദങ്ങൾ ഭാഷയെ കൂടുതൽ സമ്പന്നമാക്കിയിട്ടുണ്ട്.
ദീർഘമായ വിവരണം ഒഴിവാക്കി, ആശയവ്യക്തത വരുത്താൻ ചില
പര്യായ പദങ്ങൾ ഫലപ്രദമാണ. മന്ന്, മണ്ണ്, വല്ലി,വല്ലിക, തറ, നിലം, പുരയിടം,രാജ്യം, ദേശം, ധര, ധരണി, വസുന്ധര, സർവംസഹ ...തുടങ്ങിയ പദങ്ങൾ ഭൂമിയുടെ വ്യത്യസ്‌ത അവസ്ഥകളെ വ്യക്തമാക്കുന്നു. ആകാശം, വായൂ, ജലം, സ്‌ത്രീ, അമ്മ തുടങ്ങിയ പദങ്ങളുടെ പര്യായങ്ങൾ മലയാളത്തെ എത്രയോ സമ്പന്നമാക്കിയിട്ടുണ്ട്!
'ജീവൻപോകുന്ന' അവസ്ഥയെ മലയാളഭാഷയിൽ വിവിധ വാക്കുകൾ ഉപയോഗിച്ചു വ്യകതമാക്കാൻ കഴിയും. ചത്തു, മരിച്ചു, അന്തരിച്ചു, ചരമം പ്രാപിച്ചു, കാലം ചെയ്‌തു, യശ്ശശരീരനായി, കഥാവശേഷനായി, തീപ്പെട്ടു , സ്വർഗ്ഗാരോഹണം ചെയ്തു, നാടു നീങ്ങി, ... ൽ നിദ്രപ്രാപിച്ചു ....അങ്ങനെ വേറെയും പലത്! ഇതിൽ ഏതു വാക്ക് ഉപയോഗിച്ചാലും മൗലികമായ അർത്ഥം ഒന്നുതന്നെയാണ്-“ജീവൻ പോയി”. പക്ഷേ,
ഈ പദങ്ങളെ 'വലിയവർക്കും ചെറിയവർക്കുമായി' തരംതിരിച്ചു കൊടുക്കുന്ന കീഴ്‌വഴക്കം ഇന്നും നിലനിൽക്കുന്നു. ആ തരംതിരിവ് മലയാളഭാഷയിലെ ഉച്ചനീചത്വം വിളിച്ചറിയിക്കുന്നു. ജന്മിക്കുവേണ്ടി പണിയെടുക്കുന്ന പുലയന്റെ 'തന്തയും തള്ളയും ചത്തു', എന്ന് ജന്മിക്കു പറയാം, പക്ഷേ, 'ജന്മിയുടെ തന്ത ചത്തു' എന്നു പുലയൻ പറഞ്ഞാൽ ജന്മിയുടെ ആളുകൾ കേസ്സെടുക്കും.
വേറെയും ഉദാഹരണങ്ങളുണ്ട്. ഉത്തമ പുരുഷ സർവ്വനാമത്തിൽ
ഏൻ, അടിയൻ, ഞാൻ, നാം തുടങ്ങിയ പദങ്ങൾ, പറയുന്ന വ്യക്തിയുടെ സ്ഥാന വലുപ്പത്തെയോ ചെറുപ്പത്തെയോ സൂചിപ്പിക്കുന്നു.
മധ്യമ പുരുഷസർവ്വനാമത്തിലുള്ള വാക്കുകൾ കൂടുതൽ ശ്രദ്ധേയമാണ്: എടാ, നീ, താൻ, താങ്കൾ, നിങ്ങൾ, അങ്ങ്, അങ്ങുന്ന്, അവിടന്ന് തുടങ്ങിയ സംബോധനകൾ വിളിക്കപ്പെടുന്ന ആളിന്റെ വലുപ്പച്ചെറുപ്പം പ്രകടിപ്പിക്കുന്നു.
മറ്റു ഭാഷകളിലും ഏറക്കുറെ ഈ സ്ഥിതി ഉണ്ടെങ്കിലും മലയാളത്തിൽ അത് കൂടുതൽ പ്രയോഗിക്കപ്പെടുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വത്തിന്റെ ശരിയായ പ്രതിഫലനമാണ് അവർ ഉപയോഗിക്കുന്ന ഭാഷ. ഭാഷയിൽ നിലനിൽക്കുന്ന ഈ ഉച്ചനീചത്വം പഴകി തുരുന്പിച്ച ചാതുർ വർണ്യത്തിന്റെ അവശിഷ്ടമാണ്.
ലോക ഗുരുവായ ശ്രീ നാരായണ ഗുരുവിന്റെ മഹത്തായ സന്ദേശങ്ങൾ
ജാഗ്രതയോടെ പ്രാവർത്തികമാക്കേണ്ട സന്ദർഭമാണിത്.