രാവണന്‍ കൊല്ലപ്പെട്ടു! ഇനി അദ്ദേഹത്തിനു ഉചിതമായ സംസ്‌ക്കാരം നല്‍കേണ്ടതുണ്ട് എന്ന് രാമന്‍ വിഭീഷണനോട് ആവശ്യപ്പെട്ടു. അതു ശിരസ്സാ വഹിച്ചു വേണ്ട എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി, ഉത്തമമായ ചിത ചമച്ചു. അന്തഃപുര സ്ത്രീകള്‍ കണ്ണീര്‍ വാര്‍ത്തുകൊണ്ടു മലര്‍ തൂകി. പിന്നെ, വിഭീഷണന്‍ യഥാവിധി ചിതക്കു തീ കൊളുത്തി.
രാവണശേഷക്രിയകള്‍ക്കു ശേഷം രാമന്‍ വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്തു. അതിനു ശേഷം ഹനുമാനെ അടുത്തു വിളിച്ചു സീതയോട് രാവണവധത്തെക്കുറിച്ചും യുദ്ധവിജയത്തെക്കുറിച്ചും പറയുവാന്‍ ഏര്‍പ്പാടു ചെയ്തു.
ഹനുമാന്‍ ഉടനെ അശോകവനികയില്‍ എത്തുകയും ഒറ്റ വസ്ത്രവുമായി, മലിനയായി ദുഃഖിതയായിരിക്കുന്ന സീതയോടു രാമ വിജയത്തെക്കുറിച്ചു വിവരിക്കുകയും ചെയ്തു. അതു കേട്ടു ഒരു നിമിഷം ആനന്ദം കൊണ്ടു സീത നിശ്ശബ്ദയായി. പിന്നെ പ്രിയ വാര്‍ത്ത കേട്ടു കണ്ണു നിറഞ്ഞ് ഹനുമാന് എന്തു സമ്മാനം നല്‍കുമെന്നു ചിന്തിച്ചു നിന്നു. ഈ സമയം ഹനുമാന്‍ ഇത്ര കാലം സീതയെ ക്രൂരമായി ഉപദ്രവിച്ച രാക്ഷസികളെ മുടിച്ചു കളയട്ടെ എന്നു ചോദിച്ചു. എന്നാല്‍, ശ്രേഷ്ഠ പുരുഷന്‍ പാപകര്‍മ്മികളായ മറ്റാളുകളുടെ പാപകര്‍മ്മത്തിനു പ്രതികാരം ചെയ്യാറില്ല എന്നു മറുപടി പറഞ്ഞു ഹനുമാനെ സീത തടഞ്ഞു. വൈകാതെ സീതയെ കാര്യങ്ങള്‍ ധരിപ്പിച്ചതായി ഹനുമാന്‍ മടങ്ങിച്ചെന്നു രാമനെ അറിയിച്ചു. ഈ സമയമായപ്പോഴേക്ക് കുളിച്ച് പട്ടുവസ്ത്രങ്ങളണിഞ്ഞ് രാമ സവിധത്തിലെത്തണമെന്നു രാമന്‍ ആവശ്യപ്പെട്ടതായി വിഭീഷണനും അന്തഃപുര സ്ത്രീകള്‍ മുഖേന സീതയെ ധരിപ്പിച്ചു. രാമാജ്ഞ അനുസരിച്ചു സീത പട്ടുവസ്ത്രങ്ങളും മാല്യങ്ങളും ആഭരണങ്ങളും ധരിച്ചു പല്ലക്കില്‍ രാമനടുത്തേക്കു ചെന്നു. സീത വരുന്ന വഴിയില്‍ വാനരന്മാരും അരക്കന്മാരും സീതയെ കാണുവാന്‍ തിക്കിതിരക്കി. എന്നാല്‍ വിഭീഷണന്റെ സൈനിര്‍ അവരെ നിയന്ത്രിച്ചു എന്നാല്‍ പെട്ടന്നു രാമന്‍ അതു തടഞ്ഞു. എന്നിട്ടു പറഞ്ഞു, 'പല്ലെക്കില്‍ നിന്നിറങ്ങി സീത നടന്നു വരട്ടെ. വ്യസന കാലത്തോ, ആപത്കാലത്തോ, സ്വയംവര വേളയിലോ, യാഗത്തിലോ, സ്ത്രീയെ മറ്റുള്ളവര്‍ കാണുന്നതില്‍ തെറ്റില്ല. മാത്രവുമല്ല ഇപ്പോള്‍ ഞാനിവിടെ ഉണ്ടുതാനും.' അതു കേട്ട് ഏവരും സ്തംഭിച്ചു നിന്നു. എന്നാല്‍,ആര്‍ക്കും രാമന്റെ മുഖത്തേക്കു നോക്കുവാന്‍ പോലുമായില്ല. തുടര്‍ന്നു രാമന്‍ സീതയോടു പറഞ്ഞു, 'അന്യന്റെ അന്തഃപുരത്തില്‍ പാര്‍ത്തവളെ സ്വീകരിക്കുവാന്‍ എനിക്കാകില്ല. ഇനി ആര്‍ക്കൊപ്പം വേണമെങ്കിലും, എങ്ങോട്ടു വേണമെങ്കലും സീതയ്ക്കു പോകാം. നീ സ്വതന്ത്രയാണ്.'
രാമന്റെ ക്രൂരമായ വാക്കുകള്‍ കേട്ടു സീത, പിന്നെന്തിനാണു ഹനുമാനെ അയച്ചതെന്നും ഇത്ര അധികം ജീവഹാനി വാനരന്മാര്‍ക്കു സംഭവിക്കും വിധം യുദ്ധം വേണ്ടിയിരുന്നില്ലല്ലോ എന്നും ചോദിച്ചു.
അതിനു മറുപടിയായി, ഭാര്യ അപഹരിക്കപ്പെട്ടു എന്ന അപമാനം കുലത്തിനു സംഭവിക്കാതിരിക്കുവാനാണ് അതു ചെയ്തവനെ കൊന്നത് എന്നു രാമന്‍ പറഞ്ഞു വെച്ചു.
അതോടെ ഇനി ഭൂമിയില്‍ വാഴുന്നതില്‍ അര്‍ത്ഥമില്ലെന്നു കണ്ട്, സീത ലക്ഷ്മണനോടു ചിത ചമയ്ക്കുവാന്‍ ആവശ്യപ്പെട്ടു. ലക്ഷ്മണന്‍ അതനുസരിച്ചു. ഒരു നിമിഷമെങ്കിലും താന്‍ രാമനെ മനസാ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ സ്വീകരിക്കുക എന്ന് അഗ്‌നിദേവനോടു പ്രാര്‍ത്ഥിച്ചു കൊണ്ടു സീത അഗ്‌നിയില്‍ പ്രവേശിച്ചു.
ഈ സമയം എല്ലാ ദേവകളും ഭൂമിയില്‍ രാമനു മുന്നിലെത്തി. അവര്‍ രാമനോട് അങ്ങു വെറും മര്‍ത്യനല്ല എന്നും മറിച്ച്, സാക്ഷാല്‍ ദേവനാരായണന്‍ തന്നെയാണെന്നു അറിയിച്ചു. ഈ സമയം അഗ്‌നി, ഒരു പോറല്‍ പോലുമില്ലാതെ സീതയെ കൈകളിലേന്തി രാമനു മുന്നിലെത്തി. എന്നിട്ട്, കളങ്കമേതുമില്ലാത്ത സീതയെ സ്വീകരിക്കുക എന്നാജ്ഞാപിച്ചു.
ഇതു കേട്ടു സീതയില്‍ തനിക്കേതു വിധ സംശയവുമില്ലെന്നും, പക്ഷേ, ലോകര്‍ നാളെ പഴിക്കുമെന്നു ഭയന്നാണ് അപ്രകാരം പെരുമാറേണ്ടി വന്നതെന്നും അറിയിച്ചു. ഈ സമയം ദശരഥനും മൂവര്‍ക്കു മുന്നിലും പ്രത്യക്ഷനായി മൂവരേയും അനുഗ്രഹിച്ചു. എല്ലാ ദേവകളും മടങ്ങി.
അതോടെ അയോധ്യയിലേക്കു മടക്കയാത്രക്കുള്ള ഒരുക്കമായി. പുഷ്പകവിമാനത്തില്‍ വിഭീഷണനും, സുഗ്രീവനും അടക്കമുള്ള വാനര പ്രമുഖന്മാരുമായി അയോധ്യയിലേക്കു മടങ്ങി. രാമനിര്‍ദ്ദേശപ്രകാരം ഹനുമാന്‍ രാമന്റ വരവ് ഭരതനെ അറിയിച്ചു. അതിന്‍ പ്രകാരം രാമനെ സ്വീകരിക്കുവാന്‍ അയോധ്യ ഒരുങ്ങി.
ഏവരും എത്തിച്ചേര്‍ന്നതോടെ താമസംവിനാ അയോധ്യാപതിയായി ശ്രീരാമ പട്ടാഭിഷേകവും നടന്നു.
രാമായണത്തെ ഏറെ തെറ്റിദ്ധരിച്ച ഒരു ഭാഗം ഇന്നത്തെ വായനയിലുണ്ട്. ഒരു സ്ത്രീ പക്ഷ വായനയില്‍ ഒരിക്കലും പാടില്ലാത്തത് എന്നു തന്നെ പറയാവുന്ന ഒരു നീക്കം രാമനില്‍ നിന്നും സീതയുടെ നേര്‍ക്ക് ഉണ്ടാകുന്നുണ്ട്. ഒരു വര്‍ഷത്തോളം രാവണന്റെ തടങ്കലില്‍ കടുത്ത വ്യഥയില്‍ രാമനെ മാത്രം ചിന്തിച്ചു പാര്‍ത്ത സീതയോടു രാമന്‍ പറയാന്‍ പാടുള്ളതാണോ നീ ആര്‍ക്കൊപ്പം വേണമെങ്കിലും പൊയ്‌ക്കോ എന്നുള്ളത്?
ഇനി അതു കേട്ടു ആത്മത്യാഗം ചെയ്യാനൊരുമ്പെടുന്ന സീതയും സ്ത്രീപക്ഷ ചിന്തകരെ ചൊടിപ്പിക്കും. എങ്കിലും രാമന്റെ വാദം ഒന്നു പരിശോധിക്കേ ഒന്നു പറയാനാകും, രാമന്‍ ഒരു ഭരണാധികാരിയാണ്, വംശമഹിമയും കുലമഹിമഹും കാത്തു പോരേണ്ടതുണ്ട്. ജനങ്ങള്‍ അഹിതം പറയരുത്. അപ്പോള്‍ പ്രാണപ്രേയസിയോടുള്ള ഇഷ്ടം തത്ക്കാലം മാറ്റിവയ്ക്കാതെ തരമില്ല. കാരണം അതിലും പ്രധാനം ജനങ്ങളാണ്. പിന്നെ സീത അഗ്‌നികുണ്ഡത്തില്‍ പ്രവേശിക്കുമ്പോള്‍ പറയുന്നത് ഞാന്‍ സത്ചരിതയെങ്കില്‍ എന്നെ സ്പര്‍ശിക്കരുത് തീയുടെ ചൂട് എന്നാണ്. അവിടെ സീത രാമനൊപ്പമാണ്. ഒരു ഉത്തമനായ രാജ്യാധിപന്റെ ഭാര്യയായിരിക്കുക അത്ര സുഗമമല്ല എന്നു സീതയും കാട്ടിത്തരുന്നു.