ഇന്നെന്തേ തെന്നലിനിത്ര കുളിര്‍മ?
മുന്നനുഭവിക്കാത്ത സുഗന്ധം,
കര്‍ണ്ണങ്ങളില്‍ ശുഭരാഗ തരംഗം,
മങ്ങിയ കണ്ണുകള്‍ക്കേറെത്തെളിച്ചം,
മാത്രകള്‍... മാത്രകള്‍...പൂത്തുമ്പികള്‍ പോല്‍,
ഈവഴിത്താരയില്‍ പാറുന്ന തോന്നല്‍,
കാറ്റിന്‍ കരങ്ങളില്‍ പര്‍ണ്ണജാലങ്ങള്‍,
ആര്‍ത്തു ചിരിക്കുകയാണെന്ന തോന്നല്‍;
ആശാമയൂരങ്ങള്‍ പീലികള്‍ നീര്‍ത്തി,
ആനന്ദനര്‍ത്തനമാടുന്ന തോന്നല്‍;
ജീവിത നാടകമാടിയ വീട്,
മാടിവിളിക്കുകയാണെന്ന തോന്നല്‍;
പ്രായം ജരാനരയ്ക്കാതിഥ്യമേകി,
ആപാദചൂഡം പടം വരയ്ക്കുമ്പോള്‍,
ഗൂഡമായ് പിന്നിലേക്കാരോ വിളിച്ച്,
ഓര്‍മ്മകളോടിക്കളിക്കുന്ന തോന്നല്‍.
വെട്ടമിരുട്ടായി നീളുന്ന യാത്ര....
മുക്തി കവാടത്തിലേക്കുള്ള യാത്ര...
വൃദ്ധ സദനത്തിലെത്തിയ നാള്‍ മുതല്‍,
ഹൃത്തടം നീറിപ്പുകയുന്നരോരമ്മ;
നഷ്ടങ്ങളെയോര്‍ത്ത് കണ്ണീരൊഴുക്കി,
ശിഷ്ട ദിനങ്ങള്‍ കഴിക്കുന്നൊരമ്മ;
വേര്‍പാടിന്‍ വേദനയ്ക്കൗഷധമാകാന്‍,
പിന്‍വിളി കാതോര്‍ത്തിരിക്കുന്നൊരമ്മ;
സ്വപ്നം ചിലപ്പോള്‍ ഫലിക്കാം ചിലര്‍ക്ക്,
സാന്ത്വനദായകമാകും സുദിനം;
ബന്ധങ്ങളേകിയ ബന്ധനം മൂലം,
നൊമ്പരപ്പൂവായി മാറുമമ്മയ്ക്ക്,
തള്ളിക്കളഞ്ഞവര്‍ മക്കള്‍ കുറിച്ചു,
സ്‌നേഹാര്‍ദ്ര വാത്സല്യശാന്തിമുഹൂര്‍ത്തം.
മാറ്റൊലിക്കൊള്ളുന്നീ മംഗളവാര്‍ത്ത,
മാറ്റമാ,യിഷ്ട ഭവനത്തിലേക്ക്....
പെറ്റമ്മയാകുന്ന സത്യമറിഞ്ഞ്,
തെറ്റുതിരുത്തുവോര്‍ ധന്യരാകട്ടെ;
ഐക്യം വിളക്കായ് കൊളുത്തും കുടുംബം,
സ്വര്‍ഗ്ഗീയ നിര്‍വൃതി മറ്റേതു ദിക്കില്‍?