Image

ചോരചിന്തിയാലും നേതാവ് വിയര്‍പ്പൊഴുക്കില്ലല്ലോ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 16 August, 2023
ചോരചിന്തിയാലും നേതാവ് വിയര്‍പ്പൊഴുക്കില്ലല്ലോ : (കെ.എ ഫ്രാന്‍സിസ്)

കുഴല്‍നാടന്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞ രാഷ്ട്രീയം അവിടെ നില്‍ക്കട്ടെ, രാഷ്ട്രീയ നേതാക്കള്‍ക്ക് ജീവിക്കാന്‍ ഒരു തൊഴിലും സേവനത്തിന് രാഷ്ട്രീയവുമായാലോ?  കേരളം ഇന്നല്ലെങ്കില്‍ നാളെ ഇത് ചര്‍ച്ചയാക്കും, തീര്‍ച്ച. 

കുഴല്‍നാടനെതിരെയുള്ള ആരോപണം എന്തായാലും കുഴല്‍നാടന്‍ ഒരു മിടുക്കൻ തന്നെ. കുഴല്‍നാടന്‍ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും നികുതിവെട്ടിപ്പിലും അന്വേഷണം വേണമെന്നായിരുന്നു സി.പി.എമ്മിന്റെ  ആവശ്യം. അക്കാര്യം ഒരു പത്രസമ്മേളനം നടത്തി എറണാകുളം പാര്‍ട്ടി സെക്രട്ടറിയാണ് ഇന്നലെ ആവശ്യപ്പെട്ടത്. കുഴല്‍നാടന്‍ ഇന്നൊരു പത്രസമ്മേളനം നടത്തി അത് നിഷേധിക്കുമെന്ന് നമുക്കൊക്കെ അറിയാമായിരുന്നു. അതൊക്കെ ചട്ടപ്പടി ചെയ്തശേഷം കുഴല്‍നാടന്‍ നടത്തിയ ഒരു വെല്ലുവിളിയാണ് ഇന്നത്തെ രാഷ്ട്രീയ ചര്‍ച്ച. എന്റെ കമ്പനിയുടെ എല്ലാ കണക്കുകളും പുറത്തുവിടാം ; സി,പി,എം നിയോഗിക്കുന്ന ഒരാളെ കൊണ്ട് പരിശോധിക്കുകയുമാവാം. അതേസമയം വീണാ വിജയന്റെ കമ്പനിയുടെ കണക്കുകള്‍ പുറത്തുവിടാമോ ? അവര്‍ ഇതുവരെ അടച്ച ആദായനികുതിയുടെ കണക്ക് സുതാര്യമാക്കാമോ?  

കരിമണല്‍ കമ്പനിയില്‍നിന്ന് സര്‍വ്വ രാഷ്ട്രീയനേതാക്കളും കൈക്കൂലി വാങ്ങിയതോടെ വീണയ്ക്ക്  കിട്ടുന്ന മാസപ്പടി ഇതുവരെ ചര്‍ച്ചയാക്കാതിരുന്ന സതീശനും തിരുവഞ്ചൂരും ഉപതെരഞ്ഞെടുപ്പില്‍ അത് വലിയൊരു പ്രചാരണമാക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇതിനിടെ ഇ.പി ജയരാജന്‍ ഒരു പത്രസമ്മേളനം നടത്തി. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ട് വീണക്ക് ഒരു കണ്‍സള്‍ട്ടന്‍സി നടത്താന്‍ പാടില്ലെന്നുണ്ടോ എന്ന് ചോദിച്ചു. പണം കൊടുത്തവര്‍ക്കും വാങ്ങിയവര്‍ക്കും പരാതിയില്ല. വാങ്ങിയ പണത്തിന് ടാക്‌സും നല്‍കിയിട്ടുണ്ട്. പിന്നെ ആര്‍ക്കാണ് പ്രശ്‌നം എന്ന് അദ്ദേഹം ചോദിച്ചു. വീണ പ്രശ്‌നം അവജ്ഞയോടെ തള്ളിക്കളയാന്‍ പാര്‍ട്ടി നിര്‍ദേശം ഉണ്ടെന്നായിരുന്നു ഇന്നലെ നാം കേട്ടത്. ഇ.പിയും എം.എ ബേബിയും അത് ലൈവാക്കി നിലനിര്‍ത്തുകയാണോ എന്ന ചിന്ത സഖാക്കള്‍ക്കിടയിലും ഉണ്ടാകും.. 

നാമജപയാത്രക്കെതിരായ കേസ് റദ്ദാക്കി എന്‍,എസ്.എസിനെ അനുനയിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പക്ഷേ എന്‍.എസ്.എസ്സിന് കേസിന്റെ കാര്യത്തില്‍ ഒരു ഉത്കണ്ഠയുമില്ല. മിത്ത് വിവാദം വെറുതെ ഉണ്ടാക്കിയ ഷംസീര്‍ മാപ്പ് പറയുന്നതില്‍ കുറച്ചൊന്നും അവരുടെ മുറിവുണക്കാന്‍ പര്യാപ്തവുമല്ല. സ്പീക്കര്‍ തീരുത്തില്ലെന്നും മാപ്പുപറയില്ലെന്നും  പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാഷ് നേരത്തെ വ്യക്തമാക്കിയതാണ്. നിലപാടില്‍ നിന്നു സി.പി.എം പിന്നോട്ട് പോവുകയും ഷംസീര്‍ മാപ്പ് പറയുകയും ചെയ്തുവെന്ന് വെക്കുക അത് ചെയ്താലും മുറിവേറ്റുവെന്ന്  പറയുന്നവര്‍ ജെയ്ക്കിന് വോട്ട് ചെയ്യില്ല എന്നത് വേറെ കാര്യം. 

അടിക്കുറിപ്പ് : മാത്യു കുഴല്‍നാടന്‍ പത്രസമ്മേളനത്തില്‍ ചില നിഷേധിക്കലും വെല്ലുവിളികളും നടത്തിയത്  ഒക്കെ രാഷ്ട്രീയക്കാരുടെ കാര്യം. പക്ഷേ, അദ്ദേഹം പറഞ്ഞ 'രക്തം ചിന്തിയാലും രാഷ്ട്രീയക്കാര്‍ വിയര്‍പ്പൊഴുക്കില്ല' എന്നത് നമുക്ക് ചര്‍ച്ചയാക്കിയാലോ ? 'ജീവിക്കാന്‍ ഒരു തൊഴിലും സേവനത്തിനു രാഷ്ട്രീയവു'മെന്നത് നല്ല ആശയമല്ലേ? അല്ലെങ്കില്‍ ഈ രാഷ്ട്രീയക്കാര്‍ കരിമണലുകാരില്‍  നിന്നും ക്രിമിനലുകളില്‍ നിന്നും മാത്രമല്ല പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും 'കിക്ക് ബാക്ക്' കിട്ടുമോ എന്ന് അന്വേഷിക്കും. രാഷ്ട്രീയനേതാക്കള്‍ എട്ടു മണിക്കൂറെങ്കിലും അവരുടെ പരിമിതികള്‍ വെച്ച് തൊഴില്‍ ചെയ്യട്ടെ. രാഷ്ട്രീയ നേതാക്കളില്‍ തന്നെ ട്രേഡ് യൂണിയന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്ലേ ? പാവപ്പെട്ട തൊഴിലാളികളുടെ അധ്വാനഫലം ചൂഷണം ചെയ്തു ജീവിക്കുന്ന നേതാക്കളുടെ വീടും ആസ്തികളും ആഡംബരങ്ങളും നമുക്ക് കണ്ടില്ലെന്ന് നടിക്കാമോ ? ഇനി ഏറെ നാളൊന്നും ഇതൊന്നും തൊഴിലാളികളും  സമ്മതിക്കില്ല. 

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക