വാചകമടിച്ച് ആരെയും വീഴ്ത്താന്‍ കഴിവുള്ള മക്കളെ രാഷ്ട്രീയത്തില്‍ ഇറക്കി നോക്ക്. അപ്പോഴറിയാം, ഇതുപോലെ പണം വാരാവുന്ന തൊഴില്‍ വേറെയില്ലെന്ന്! നമ്മുടെ നാട്ടിലെ ഛോട്ടാ നേതാക്കളുടെ വീടും ആഡംബര ജീവിതവും നാമൊക്കെ കാണുന്നതല്ലേ, മാഷേ...
മലയാളികളായ രാഷ്ട്രീയ നേതാക്കളില്‍ നല്ലൊരു വിഭാഗത്തിന് 'രാഷ്ട്രീയം' തന്നെയാണ് ജീവിതമാര്‍ഗം. ഈ നേതാക്കള്‍ ഇതെല്ലാം ഭാര്യയുടെ ശമ്പളം കൊണ്ടാണെന്നേ പറയൂ. നേതാവായത് കൊണ്ട് ഭാര്യക്ക് ഒരു സഹകരണ സൊസൈറ്റിയിലെ ക്ലാര്ക്കായോ, നാട്ടിലെ ഒരു മാനേജ്മെന്റ് സ്കൂളിലെ അധ്യാപികയായോ ജോലിയുണ്ടാകും. അവരുടെ മാസശമ്പളം കൊണ്ട് ഒരു വീട് പോലും ശരിക്ക് കൊണ്ടു പോകാന്‍ പറ്റില്ലെന്നത് വേറെ കാര്യം. പക്ഷേ, നേതാവിന് മണിമന്ദിരവും ആഡംബര കാറും എല്ലാ വാങ്ങിയത് ഭാര്യയാണെന്ന് പറയാമല്ലോ.
മാസപ്പടി :
ഓരോ ചെറിയ രാഷ്ട്രീയ നേതാവിന്റെയും ലൈഫ് സ്റ്റൈല്‍ മുതലാളിയുടേത് പോലെയല്ലേ? ഭരണകക്ഷിയിലാണെങ്കില് കാര്യങ്ങള്‍ നേരെ നടക്കാനും, പ്രതിപക്ഷമാണെങ്കില്‍ ബഹളം ഉണ്ടാക്കാതിരിക്കാനുമായിരിക്കും മാസപ്പടി. കരിമണല്‍ മാഫിയയില്‍ നിന്നായാലും കള്ളക്കടത്തുകാരില്‍ നിന്നായാലും അവര്‍ പണം എണ്ണി വാങ്ങിയിരിക്കും. ഇത് നാട്ടുകാര്‍ക്ക് വ്യക്തമായത് കരിമണല്‍ മാസപ്പടി കേസ് വന്നപ്പോഴാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോലും വീണയുടെ മാസപ്പടി പ്രതിപക്ഷത്തിന് പോലും ചര്‍ച്ചയാക്കാന്‍ താല്പര്യമില്ല. വീട്ടില്‍ തേങ്ങ വിറ്റ പണം കൊണ്ട് ആരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നില്ലെന്ന് സതീശന് തുറന്നു സമ്മതിച്ചുവല്ലോ.
വിയര്‍പ്പൊഴുക്കില്ല...:
ചോരചിന്തിയാലും ഒരിറ്റു വിയര്പ്പൊഴുക്കുന്നവരല്ല രാഷ്ട്രീയക്കാരെന്ന് കുഴല്നാടന് വക്കീല്‍ പറഞ്ഞത് എത്ര ശരി ! ജീവിക്കാന്‍ ഒരു തൊഴില്‍ ഏത് രാഷ്ട്രീയക്കാരനും വേണം. രാഷ്ട്രീയം അവര്‍ ഒരു സേവനമായി ചെയ്യട്ടെ - അങ്ങനെ ഒരു ആശയം വക്കീല്‍ പറയുന്നത് കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് ഇഷ്ടമാണ്. പക്ഷേ, വക്കീലേ കാലിന്നടിയില്‍ മണ്ണ് കാണില്ല. നാടു നന്നാവുന്നതും ഞങ്ങള്‍ക്കിഷ്ടമാണ്. ഭരണപക്ഷത്തുള്ളവര്‍ക്ക് സൂഖിച്ചില്ലെങ്കില് വക്കീലേ, നിങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരും.
വക്കീലേ താങ്കള്‍ മിടുക്കനായ അഭിഭാഷകന് തന്നെ പക്ഷേ നമ്മുടെ ഭൂനിയമത്തിലെ വകുപ്പുകളും ഉപവകുപ്പുകളും വച്ചു താങ്കള്‍ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും നിയമനടപടി വരാം. നിങ്ങളുടെ ഒരു പറമ്പിലെ മണ്ണ് നിങ്ങളുടെ തന്നെ വേറൊരു പറമ്പില്‍ ഇടുന്നത് എങ്ങനെയെന്നതിന് നിയമഭേദഗതികള്‍ ഉണ്ട്. വക്കീലിനെക്കാള്‍ മിടുക്കന്മാരായി നിയമവശങ്ങള്‍ പറയുന്ന വക്കീല്‍ ഗുമസ്തന്മാരുണ്ടെന്നത് പോലെ, അതിനേക്കാള്‍ പ്രായോഗിക ബുദ്ധിയുള്ള വീരന്മാര് രാഷ്ട്രീയത്തില്‍ ഉണ്ടെന്നത് ഓര്‍മിച്ചാല്‍ നന്ന്.
അടിക്കുറിപ്പ് : നേതാക്കളില്‍ പലരുടെയും മക്കള്‍ വക്കീലന്മാരായി പഠിച്ചു പുറത്തു വരുന്നു. കമ്പനികളില്‍ നിയമോപദേശം നല്കാന് ഇവര്‍ക്ക് നല്ലൊരു തുക മാസപ്പടി നല്‍കാം. ഒരാള്‍ക്ക് പല കമ്പനിയില്‍ നിന്നും ഇങ്ങനെ മാസപ്പടി കിട്ടാം. രാഷ്ട്രീയനേതാക്കള്‍ക്കുള്ള ലാഭവഴികള്‍ ഓരോന്നായി പിന്നെയും തുറക്കുന്നു.
കെ.എ ഫ്രാന്‍സിസ്