ഓണം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന ഒന്നാണ് ഓണപ്പൂക്കള്‍. തൊടിയിലും ആറ്റുവക്കിലും എന്നു വേണ്ട നാടിനെയാകെ നിറത്തില്‍ മുക്കുന്ന പൂക്കാലം കൂടിയാണ് ഓണം.
പൂത്തുലഞ്ഞ പൂക്കൾ മനസ്സിന് സന്തോഷം തരുന്നു. പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാത്ത ആരും തന്നെ ഉണ്ടെന്ന് തോന്നുന്നില്ല. പൂക്കൾ കാണുമ്പോൾ തന്നെ മനസിനും കണ്ണിനും ഒരു കുളിർമയാണ്. അതിന്റെ നിറമായാലും ഗന്ധമായാലും നമ്മെ ഒത്തിരി ആകർഷിക്കും.
എന്റെ ഗാർഡനിലെ ചെടികളും പൂത്തുലഞ്ഞു ഓണത്തനുവേണ്ടി തയാർ എടുത്തുകഴിഞ്ഞു . പൂക്കൾ കാണുമ്പോൾ മനസ്സിന് ഉണ്ടകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഭംഗിയുള്ള പൂക്കൾ പ്രത്യേകിച്ചും മനസിനു ഒത്തിരി സന്തോഷം തരുന്നതാണ്. ഭംഗിയുള്ള എന്തിനും അതിന്റെതായ ഒരു ശോഭയുണ്ട് അത് മനുഷ്യനായാലും പ്രകൃതി ആയാലും. ഒരു വ്യത്യസം മനുഷ്യർക്ക് സൗന്ദര്യം ഉണ്ടെന്ന തോന്നൽ വന്നാൽ അവർ പിന്നെ അഹങ്കാരികൾ ആയി മാറും. പക്ഷേ പ്രകൃതി ഒരിക്കലും അങ്ങനെ ആവില്ല. അതുകൊണ്ടു തന്നെ അതിന്റെ സൗന്ദര്യം നമ്മുക്ക് ആവോളം ആസ്വദിക്കാൻ പറ്റും.
പൂക്കളും ചിത്രശലഭങ്ങളും എല്ലാം പ്രകൃതിയുടെ വരദാനമാണ്. എണ്ണിയാൽ ഒടുങ്ങാത്ത വിവിധ വർണങ്ങളിൽ പൂക്കളും ചെടികളും നൽകുന്ന ഹൃദയഹാരിത മനസ്സിനെ തൊട്ടുണർത്തുന്നതാണ്.
ഒരു കൂട്ടം പൂക്കൾ ഒത്തുചേരുബോൾ അവ ഉണർത്തുന്ന ഭംഗി ഭാവനക്ക് അതീതമാണ്. മഴവില്ലിനെക്കാൾ ശോഭയുണ്ടോ എന്ന് തോന്നി പോകും . പ്രകൃതിയുടെ അനന്തമായ വിസ്മയ സൃഷ്ടികളിൽ പൂക്കളും ചെടികളും നൽകുന്ന പരിവേഷം മെറ്റേതൊരു സൃഷ്ടിയെക്കാളും വ്യത്യസ്തമാണ്. പൂവും തേൻ നുകരുന്ന വണ്ടുകളും പൂമ്പാറ്റകളും, ഹമ്മിങ്ങ് ബേർഡുകളും, പാറി നടക്കും പക്ഷികളും കാറ്റിലാടും വൃക്ഷങ്ങളും എല്ലാം പ്രകൃതിയുടെ മനോഹാരിത വിളിച്ചറിയിക്കുന്നു . ചെറു വെയിലിലും പുഞ്ചിരിച്ചു നിൽക്കുന്ന പൂക്കൾ പരിമളം വീശി നമ്മെ അവരുടെ സൗന്ദര്യം ആസ്വദിക്കാൻ മാടി വിളിക്കാറുണ്ട്. എത്ര നേരം അവയെ നോക്കിനിന്നലും അവരുടെ സൗന്ദര്യത്തിനു ഒരു കുറവും വരാറില്ല.
എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലമായിരുന്നു കഴിഞ്ഞ രണ്ടു വർഷങ്ങൾ . അനുഭവിച്ചുകൊണ്ടിരുന്ന മാനസിക സംഘർഷങ്ങൾ കുറക്കാൻ സഹായിച്ചത് എന്റെ ഗാർഡൻ ആണ് . സഹിക്കാനാവാത്ത വേദനയിലും ഞാൻ ചിരിച്ചത് ഈ പൂക്കളെ കണ്ടാണ് , ഞാൻ കൂടുതൽ സമയവും എന്റെ ഗാർഡനിൽ ചിലവഴിച്ചു. അതറിഞ്ഞാവണം, പൂക്കൾ ആവേശത്തോടെ മത്സരിച്ചു പുക്കുവാൻ തുടങ്ങി. ഗാർഡനിലെ പൂക്കളെ കാണുബോൾ എന്റെ മനസ്സ് എല്ലാം മറന്ന് സന്തോഷിച്ചു . ആ പൂക്കൾ എന്നെ ഒത്തിരി സ്വാന്തനിപ്പിച്ചു, എന്നെ സ്വന്തോഷിപ്പിക്കാൻ വേണ്ടി വിടർന്ന പുഷ്പങ്ങൾ വെയിലിന്റെ ചൂടിൽ വാടുന്നത് കണ്ടു ഞാൻ സഹതപിച്ചു. പക്ഷേ അത് പ്രകൃതി നിയമമാണ് .
ചിലതെല്ലാം നമ്മളിലൂടെ നടക്കണം എന്നത് കാലത്തിൻ്റെ കൂടെ ആവശ്യമായിരിക്കാം. പക്ഷേ നാം അതിന് ഒരു നിമിത്തം ആവുന്നു എന്ന് മാത്രം.
നമ്മള് വസിക്കുന്ന ഈ പ്രപഞ്ചം എത്ര സുന്ദരമാണ് എന്നറിയണമെങ്കിൽ നാം അതിനെ സ്നേഹിക്കണം, അതിനെ പരിലാളിക്കണം, ആസ്വദിക്കണം. ഇങ്ങനെയെക്കെ ചെയ്യണമെങ്കിൽ നല്ലൊരു മനസ്സിന് ഉടമയാകണം. മനസ്സിന്റെ നിഷ്കളങ്കതയില്‍ പ്രകൃതി നമ്മോടു സംസാരിക്കും. തന്റെ സൗന്ദര്യത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും രീതി നമ്മുടെ ചെവികളില്‍ മന്ത്രിക്കും. അതു നമുക്ക് ഒരു ആശ്വാസമായി… സാന്ത്വനമായി… പ്രത്യാശയായി പെയ്തിറങ്ങും. അവിടെ കിളികളുടെ ഭാഷ നിങ്ങൾക്ക് മനസിലാവും, ചിത്രശലഭങ്ങളുടെ കിന്നാരവും , വണ്ടുകളുടെ മൂളലും എല്ലാം നിങ്ങൾക്ക് മനസ്സിലാവും. അവർ നിങ്ങളുടെ സുഹൃത്തുക്കൾ ആയി മാറും.
സന്തോഷം സ്വതസിദ്ധമാണ്, അതു നമ്മുടെ ജന്മാവകാശമാണ്. സദാ സന്തോഷവാനായി കഴിയുക എന്നത് ഓരോ വ്യക്തിയുടേയും പ്രാഥമികമായ കടമയാണ്. സന്തോഷം കൈവരിക്കുക എന്നത് നമ്മുടെ അടിസ്ഥാനസ്വഭാവമാണ്. മനസ്സില്‍ സന്തോഷമില്ലാത്തവന് ജീവിതംകൊണ്ടെന്തു കാര്യം? അതിന് നാം നമ്മുടേതായ മാർഗ്ഗങ്ങൾ കണ്ടുപിടിക്കുക. സ്വയം സന്തോഷവാനായിരിക്കുക. അതിനു എന്ത് മാർഗം വേണമെങ്കിലും തെരഞ്ഞടുക്കാം .
ഈ ലോകത്ത് നമ്മള് ചെയ്യുന്ന ഓരോ പ്രവൃത്തിയും സംതൃപ്തി നേടാന്‍ വേണ്ടിയുള്ളതാണ്. കാരണം അത് നമ്മുടെ സഹജമായ ഭാവമാണ്.
നാം നോക്കിയാൽ പ്രകൃതി എന്നും അവിടെത്തന്നെയുണ്ട്, അതിനു ഒരു മാറ്റവും സംഭവിക്കുന്നില്ല. എത്ര മനോഹരമായിരിക്കുന്നു ഇന്നത്തെ സൂര്യോദയം! എങ്ങും നിറങ്ങള്‍ പകര്‍ന്നുകൊണ്ട് വിവിധയിനം പൂക്കൾ നില്ക്കുന്നു. നക്ഷത്രങ്ങളൊന്നും താഴേക്കു വീണിട്ടില്ല അവയെല്ലാം അവിടെത്തന്നെയുണ്ട് . ഗ്രഹങ്ങളും ഉപഗ്രഹങ്ങളും എല്ലാം അവയുടെ സ്ഥാനത്തുതന്നെയുണ്ട്. പിന്നെ മാറ്റം സംഭവിക്കുന്നത് നമ്മുടെ മനസിനാണ്.
എല്ലാം മുറപോലെ നടക്കുന്നു. ഈ പ്രകൃതിയാകെ അതിന്റെതായ സ്വതസിദ്ധമായ ശൈലിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. എത്ര വിസ്മയകരമാണീ പ്രപഞ്ചം! ഇത്ര സുന്ദരമായ ഈ ലോകത്തു ജീവിക്കാൻ അവസരം ലഭിച്ചത് തന്നെ ഭാഗ്യമായി കരുതുന്നു .ഇനി ഒരു ജീവിതം ഈ പ്രപഞ്ചത്തിൽ കിട്ടുമോ എന്നുപോലും അറിയില്ല. അപ്പോൾ കിട്ടിയ ജന്മം നമുക്ക് സന്തോഷമായി ജീവിച്ചു തീർക്കാം.
ജീവിതം ഒരു യാത്രയാണ് , ആല്ല ഈ യാത്രയിലെ ഒരു ഇടത്താവളമാണ് നമ്മുടെ ജീവിതം . ഈ യാത്രയിലെ ദൈർഘ്യം എത്രയെന്ന് പറയുക പ്രയാസമാണ് . അപ്പോൾ സന്തോഷമായി ജീവിക്കുക എന്നതാണ് പ്രധാനം. മാർഗ്ഗം ഏതായാലും ലക്ഷ്യം തന്നെയാണ് പ്രധാനം. അതിന് പ്രകൃതി ഒരു നിമിത്തമെങ്കിൽ നമുക്ക് അതിനെ താലോലിക്കാം, സന്തോഷിക്കാം . ഈ ലോകവും പൂക്കളെ കൊണ്ട് നിറയട്ടെ.