നാലഞ്ചു ദിവസം മുമ്പ് നമ്മുടെ ചാനലുകളില്‍ ആവര്‍ത്തിച്ചു കാണിച്ചുകൊണ്ടിരുന്ന ഒരു ദൃശ്യം.എറണാകുളം നഗരഹൃദയത്തിലെ പ്രശസ്തമായ ദേവാലയത്തിന്റെ അങ്കണത്തില്‍ നടന്ന കോലാഹലങ്ങള്‍ തത്സമയം പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ക്രിസ്ത്യാനിയായ എനിക്ക് നാണക്കേടു തോന്നി.ഇതിനു മുമ്പ് യാക്കോബായ -ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ കലാപമായിരുന്നു സഭകളെ നാറ്റിച്ചുകൊണ്ടിരുന്നത്.കേസും പള്ളി തടയലും പ്രതിഷേധസമരവും താഴിട്ടുപൂട്ടലും അരങ്ങു തകര്‍ത്തു.ഇരു ഭാഗത്തെയും അച്ചന്‍മാരും അല്‍മായരും പരസ്പരം പോരിനുവിളിച്ച് ആറാടിയ സമത്വ സുന്ദരമായ ദൃശ്യങ്ങള്‍.തലയിലൂടെ മണ്ണെണ്ണയൊഴിച്ച് ,തീകത്തിക്കാന്‍ തീപ്പെട്ടി ഉരച്ചുരച്ച് മടുത്ത അല്‍മായരുടെ നാടകങ്ങള്‍.98 വയസ്സായ വല്യമ്മച്ചിയെ പള്ളിക്കുവേണ്ടി മരിക്കാന്‍ തയ്യാറാക്കി പള്ളിമുറ്റത്തു കൊണ്ടുവന്ന് സമരത്തിനിരുത്തിയ കാഴ്ച,മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അനുവദിക്കാത്തതിനാല്‍ മാസങ്ങളോളം മോര്‍ച്ചറിയില്‍ വച്ചു കാത്തിരിക്കേണ്ടിവന്ന മക്കള്‍..എന്തവായിരുന്നു അന്നൊക്കെ വിശ്വാസത്തിന്റെ എരിവും പുളിയും !. എന്റെ ഹിന്ദു കൂട്ടുകാരി .അന്ന് എന്നോടു ചോദിച്ചതിങ്ങനെ,'ഞാനൊക്കെ വിചാരിച്ചത് ക്രിസ്ത്യാനികള്‍ക്ക് ഒരു ദൈവവും ഒരു സ്വര്‍ഗ്ഗവുമേ ഉള്ളെന്നായിരുന്നു.ഇതെന്തിനാ ഇങ്ങനെ നിങ്ങള്‍ തമ്മില്‍ തല്ലുന്നത് ' എന്ന്. അത് ഞങ്ങടെ പള്ളിയല്ല എന്നു പറഞ്ഞ് അന്ന് തടിതപ്പാന്‍ നോക്കി പരാജയപ്പെട്ടതിന്റെ ചമ്മല്‍ മാറിവരുന്നതേയുള്ളൂ.അപ്പോഴതാ അടുത്ത കൂട്ടരെത്തിയിരിക്കുന്നു.
സത്യത്തില്‍ എന്തു ബാലിശമായ കാര്യങ്ങള്‍ക്കാണ് നമ്മളിങ്ങനെ പോരിനു സജ്ജരാകുന്നത.്.ജീവനും മരണവും.അതിനു മധ്യേയിങ്ങനെ നാം വൃഥാ മത്സരിക്കുന്നു.ദേവാലയങ്ങള്‍ ആശ്വാസം പകരേണ്ട സ്ഥലങ്ങളാണ്.ആശ്വാസത്തിനു പകരം വാശിയും പകയും നിറയ്ക്കുന്ന ഇടങ്ങളായി നമ്മുടെ പള്ളികളെ നട്ടു വളര്‍ത്തി ഫലം കൊയ്യാന്‍ കാത്തിരിക്കുന്ന കുറേപ്പേര്‍.വിശ്വാസികള്‍ക്ക് ഒറ്റ അബദ്ധമേ പറ്റിയിട്ടുള്ളൂ.അത് പണം പള്ളിക്കു നല്‍കുന്നു എന്ന അബദ്ധമാണ്.വേണ്ടതിലധികം പണം നമ്മള്‍ നല്‍കിക്കഴിഞ്ഞു.ഇനി നിര്‍ത്തുക.അനാഥരും ദരിദ്രരും നമ്മള്‍ക്കു ചുറ്റുമുള്ളത് കണ്ടില്ലെന്നു നടിച്ചാണ് നമ്മള്‍ സമ്പത്തെല്ലാം പുരോഹിതരുടെ ഇമ്പവാക്കുകള്‍ക്കു മുന്നില്‍ കുടഞ്ഞിട്ടത്.ഇനി അത് നിര്‍ത്തുക.നമ്മുടെ ദേവാലയങ്ങളില്‍ നമ്മള്‍ നല്‍കിയ സമ്പത്ത് ഭരിക്കാന്‍ പുരോഹിതര്‍.ആവശ്യത്തിനും അനാവശ്യത്തിനും നമ്മളെ ഭരിക്കാന്‍ പുരോഹിതര്‍ക്ക് അധികാരം കൈവന്നു.ദമ്പതികള്‍ക്ക് എത്ര മക്കള്‍ വേണമെന്നുപോലും തീരുമാനിക്കാന്‍ പുരോഹിതര്‍ .
ഒരു രാഷ്ട്രമായാല്‍ ഇലക്ഷനുണ്ട്.അനഭിമതരായ പാര്‍ട്ടികളെ ഒഴിവാക്കി കൊള്ളാവുന്നവരെ തിരഞ്ഞെടുക്കാന്‍ നികുതിപ്പണം നല്‍കുന്ന ജനത്തിന് അവകാശമുണ്ട്.പക്ഷേ വിശ്വാസികള്‍ക്ക് ആ അവകാശമില്ലാതാകുന്ന ദയനീയ കാഴ്ച.നികുതിക്കു പകരം വരുമാനത്തിന്റെ പത്തിലൊന്നും അതിനപ്പുറവും വാരിക്കോരി സഭയ്ക്കു നല്‍കുന്ന അല്‍മായര്‍ക്ക് അവരുടെ ചെറിയ അവകാശങ്ങള്‍ക്കുപോലും യാചിച്ചു നാണം കെടേണ്ടിവരുന്ന അവസ്ഥ.എറണാകുളം ബസലിക്ക ദേവാലയം പ്രശസ്തമായിരുന്നു.ഇപ്പോള്‍ കുപ്രസിദ്ധിയായി.ഒമ്പതു മാസമായിപൂട്ടിക്കിടക്കുന്ന ദേവാലയം.കിസ്ത്യന്‍ സഭകളില്‍ ശക്തമായ അടിത്തറയുള്ള കത്തോലിക്ക സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികളാണ് വന്‍ പ്രതിഷേധസമരവുമായി എത്തിയിരിക്കുന്നത്.മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ സിറിള്‍ വാസിലിന്റെ ബസിലിക്ക സന്ദര്‍ശനമായിരുന്നു ഓഗസ്റ്റ് 15-ന്.അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അല്‍മായര്‍ പുല്ലുപോലെ തള്ളിക്കളഞ്ഞു എന്നു കേള്‍ക്കുമ്പോള്‍ വിശ്വാസികളുടെ ആത്മരോഷം മനസ്സിലാകും.
പണ്ട് അല്‍മായന് പെടുക്കണമെങ്കില്‍പ്പോലും ഇടവകപ്പട്ടക്കാരന്‍ മൂളണമായിരുന്നു.പക്ഷേ ഇപ്പോ അവര്‍ തിരിഞ്ഞുനിന്ന് ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങി.പൗരോഹിത്യസാമ്രാജ്യത്തിന്റെ അടിത്തറയില്‍ ഒരു ചെറുവിള്ളല്‍ വീണുകഴിഞ്ഞോ ?.എറണാകുളം പ്രതിഷേധം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇനി മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ വാസില്‍ നിര്‍ദ്ദേശിച്ചത് വൈദികരാരും മുഖവിലയ്‌ക്കെടുത്തില്ല.ആയിരത്തിലധികം വിശ്വാസികളും 240 വൈദികരും ബസലിക്ക അങ്കണത്തിലേക്ക് പ്രദക്ഷിണമായി പ്രവേശിച്ചു.തുടര്‍ന്ന് ജനാഭിമുഖ കുര്‍ബ്ബാന അര്‍പ്പിച്ചു ! .
എറണാകുളം അതിരൂപതയിലെ 328 ഇടവകകളിലെ വൈദികര്‍, പാരിഷ് കൗണ്‍സില്‍ പ്രതിനിധികള്‍, അല്‍മായ മുന്നേറ്റം ,ബസിലിക്ക കൂട്ടായ്മ , വിവിധ സംഘടനാപ്രതിനിധികള്‍ ഉള്‍പ്പടെ വിശ്വാസി സമൂഹവും പങ്കെടുത്തു. അതിരൂപതയിലെ മുഴുവന്‍ ഇടവകകളിലും ജനാഭിമുഖ കുര്‍ബ്ബാന മാത്രമേ അനുവദിക്കൂ എന്ന് ഇടവകവികാരിമാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും ഒപ്പിട്ട പ്രമേയം ഇടവക പ്രതിനിധികള്‍ കൈമാറി.പ്രമേയത്തിന്റെ പകര്‍പ്പ് മാര്‍പാപ്പയ്ക്കും ആര്‍ച്ച് ബിഷപ്പ് മാര്‍ വാസിലിനും വത്തിക്കാന്‍ സ്ഥാനപതിക്കും പൗരസ്ത്യ തിരുസംഘത്തിനും സമര്‍പ്പിക്കുമെന്ന് പ്രതിനിധികള്‍ അറിയിച്ചു.എറണാകുളം അതിരൂപതയിലെ 464 വൈദികരില്‍ 450 പേരും ജനാഭിമുഖ കുര്‍ബ്ബാന മാത്രമേ അംഗീകരിക്കൂ എന്ന പ്രമേയത്തില്‍ ഒപ്പിട്ടു.
വിശ്വാസികള്‍ക്കു വേണ്ടാത്ത ആരാധന ക്രമങ്ങളെ എന്തിന് അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കണമെന്ന് ചോദ്യം ഇവിടെ ഉയരുന്നുണ്ട്.കേട്ടാല്‍ വളരെ നിസ്സാരമാണെന്നു തോന്നാം.ജനാഭിമുഖ കുര്‍ബ്ബാനയും അള്‍ത്താര അഭിമുഖ കുര്‍ബ്ബാനയും തമ്മിലുള്ള സൗന്ദര്യപ്പിണക്കമാണ് കാരണം !.പുരോഹിതന്‍ ജനങ്ങള്‍ക്കു അഭിമുഖമായിനിന്ന് കുര്‍ബ്ബാന നടത്തണോ അള്‍ത്താരയിലേക്കു തിരിഞ്ഞ് കുര്‍ബ്ബാന നടത്തണോ എന്നതാണ് തര്‍ക്ക വിഷയം.എങ്ങനെ നിന്നാലും ശരി കുര്‍ബ്ബാന അര്‍പ്പിച്ചാല്‍പ്പോരെ എന്ന ചോദ്യം പാടില്ല കേട്ടോ.മുട്ടിന്‍മേല്‍ ഇരുന്നായാലും നിന്നായാലും നിലമ്പാടു വീണായാലും ദൈവത്തിനു നന്ദി അര്‍പ്പിക്കുക എന്നതാണ് ആരാധനയുടെ കാതല്‍.കേവലം ഭക്തിപ്രകടനത്തില്‍ കാര്യമില്ല എന്ന്ത് എല്ലാവര്‍ക്കും നന്നായി അറിയാം.എന്നിട്ടും പുരോഹിതന്റെ പൃഷ്ടം കാണിച്ചുള്ള കുര്‍ബ്ബാന വേണ്ട,മുഖം കാട്ടിയുള്ള കുര്‍ബ്ബാന മതിയെന്ന വാശി പൊടുന്നനെ ഒരുനാള്‍ എങ്ങനെ പൊട്ടി വീണതാണോ ആവോ.
കഴിഞ്ഞ ഒമ്പതു മാസമായി ഈ തര്‍ക്കത്തിന്റെ പേരില്‍ ഒരു മഹത്തായ ദേവാലയം അടച്ചിടേണ്ടി വന്നു എന്നു പറയുമ്പോള്‍ പരിതാപകരം എന്നേ പറയാനുള്ളൂ.എന്നിട്ടാണ് മണിപ്പൂര്‍ കലാപത്തില്‍ ദേവാലയം തകര്‍ത്തു,ആരാധനാ സ്വാതന്ത്യം നഷ്ടപ്പെട്ടു ,ക്രിസ്ത്യാനികളെ മനപൂര്‍വ്വം ക്രൂശിക്കുന്നൂ എന്നൊക്കെ തെരുവിലെ പ്രതിഷേധ കൂട്ടായ്മകളില്‍ നിന്ന് കത്തിക്കയറി പ്രസംഗിക്കുന്നത്.കുക്കികളുടെ പള്ളികള്‍മുഴുവന്‍ മെയ്തികള്‍ നശിപ്പിച്ചു എന്ന് വികാരനിര്‍ഭരരായി പ്രസ്താവിക്കുമ്പോള്‍ ഒരു കാര്യം ഓര്‍മിക്കുന്നത് നല്ലതാണ്.എറണാകുളത്തെ സെന്റ് മേരിസ് ബസിലിക്ക അടച്ചിടാന്‍ കാരണം മെയ്തികളോ കുക്കികളോ ?. സ്വന്തം നാട്ടിലെ പള്ളി അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ പൂട്ടിയിട്ടിട്ട് അങ്ങൂദൂരെ മണിപ്പൂരിലെ പള്ളികളെപ്പറ്റിയുള്ള കള്ളക്കരച്ചില്‍.ആരാധനകള്‍ ഇല്ലാതെ ദേവാലയത്തെ പൂട്ടിയിട്ടതിന്റെ പാപഭാരം ഒഴിവാക്കാനാണോ മണിപ്പൂരിനു വേണ്ടി കരയുന്നത്.എന്തായാലും വത്തിക്കാന്‍ ,ബസിലിക്ക പ്രതിഷേധപ്രകടനത്തില്‍ ഒന്നിളകിയിട്ടുണ്ട്.വിശ്വാസികളുടെ വന്‍ പ്രതിഷേധത്തില്‍ കൈയ്യാങ്കളി നേരിടാതിരിക്കാന്‍ പാപ്പായുടെ പ്രതിനിധിയെ പൊലീസ് രക്ഷിച്ചു എന്നാവും അവിടെ അറിഞ്ഞിരിക്കുന്നത്.വിഷ്വല്‍സ് കണ്ടാലും അങ്ങനെ തോന്നിക്കും.ഈ ബഹളമെല്ലാം കണ്ട് ഈശോ കരയുകയാണോ ചിരിക്കുകയാണോ ആവോ..
ബൈബിളിലെ ഒരു വാക്യം ഓര്‍മ വരുന്നു.
യേശു തിരിഞ്ഞ് അവരെ നോക്കി: '' ജറുസലേം പുത്രിമാരെ എന്നെച്ചൊല്ലി കരയേണ്ട,നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിന്‍ '' എന്നു പറഞ്ഞു [ലൂക്കോസ് 23-28 ].
ഈശോ തിരിഞ്ഞു നോക്കുകയാണ്. സഭയെ പരിപാലിക്കാന്‍ ഉത്തരവാദിത്തം ഉള്ള പുരോഹിതരെ ,അവരുടെ മെത്രാന്‍മാരെ,ദൈവത്തെ ആരാധിക്കാന്‍ കടപ്പെട്ട വിശ്വസിസമൂഹത്തെ ..ഒരു പക്ഷേ ഈശോ ഇങ്ങനെ പറഞ്ഞേക്കാം,മെത്രാന്‍മാരെ,പുരോഹിതരെ നിങ്ങള്‍ മണീപ്പൂരിനെ ചൊല്ലി കരയേണ്ട,നിങ്ങളെയും നിങ്ങളുടെ വിശ്വാസികളെയുംചൊല്ലി കരയുവിന്‍ എന്ന്.