1
സുബൈദാ അർദ്ധരാത്രിയിൽ എഴുനേറ്റു. മനസ്സും ഹൃദയവും വിങ്ങിപ്പൊട്ടുന്നു. അവൾ വിളക്ക് തെളിച്ച് അടുത്തു കിടക്കുന്ന പൈതലിനെ നോക്കി. അവൻ സുഖസുഷുപ്തിയിലാണ്. പതിനഞ്ച് വയസ്സായെങ്കിലും എഴുതാനും വായിക്കാനുമറിയില്ല. പഠിക്കാനുള്ള കഴിവില്ല. ഓട്ടിസം എന്ന രോഗമുള്ള കുഞ്ഞാണ്. ഹൃദയം തകർക്കുന്ന വേദനയോടെ സുബൈദാ കുഞ്ഞുമമ്മദിന്റെ പുതപ്പ് നേരെ പിടിച്ചിട്ടു. അവൾ പ്രാർത്ഥിക്കാൻ ആരംഭിച്ചു.
“അല്ലാഹു അക്ബർ.....”
“ഹല്ല, നേരം വെളുക്കാറായോ?”
ആമിനാ ഉമ്മ അടുത്ത മുറിയിൽനിന്നും വിളിച്ചുചോദിച്ചു.
“ഇല്ലുമ്മാ, ഞാൻ പ്രാർത്ഥിക്കാൻ എഴുനേറ്റതാ.”
നിറഞ്ഞ കണ്ണുകളോടെ സുബൈദാ വീണ്ടും കുഞ്ഞുമമ്മദിനെ നോക്കി.
“നാളെ ആര് അവനെ പുതപ്പിക്കും?”
സുബൈദയുടെ ഹൃദയം തേങ്ങി, കണ്ണുകൾ നിറഞ്ഞു, ചുണ്ടുകൾ വിതുമ്പി.
“ഉമ്മാ പോയിട്ടുവരുമ്പം ഐസ്ക്രീം കൊണ്ടുവരണേ, ഒരു പെട്ടി നിറയെ.”
കുഞ്ഞുമമ്മദിന്റെ അപേക്ഷ.
കൊണ്ടുവരാം മോനെ, നീ സന്തോഷമായിരിക്കണം.”
സുബൈദാ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
2
കൊച്ചി എയർപോർട്ടിൽവച്ചാണ് സുബൈദ കൊച്ചിക്കാരി മേരിയെയും പാലക്കാട്ടുകാരി ക൱സല്യയെയും പരിചയപ്പെടുന്നത്. അവരും വീട്ടുജോലിക്കായി പല രാജ്യങ്ങളിലേക്ക് പോകുന്ന സ്ത്രീകളാണ്.
“ഞാൻ അഞ്ചുലക്ഷം കൊടുത്തു. ഏജന്റ് പത്തുലക്ഷമാ ചോദിച്ചത്.”
ക൱സല്യ പറഞ്ഞു.
“കിടപ്പാടം വിറ്റാണ് ഞാൻ അഞ്ചുലക്ഷം ഉണ്ടാക്കിയത്. അഞ്ചുമാസം കൊണ്ട് മുതല് തിരിച്ചു പിടിക്കാമെന്നാണ് ഏജന്റ് പറഞ്ഞത്. അതുകൊണ്ട് ഒരുകൊല്ലമെങ്കിലും വർക്ക് ചെയ്തില്ലെങ്കിൽ നഷ്ടമാ. ഇവിടുത്തെ കഷ്ടപ്പാടിന് ഒരറുതി വരുമല്ലോ എന്ന് വിചാരിച്ചാ.”
“ഞാൻ കെട്ടുതാലി വിറ്റാ ഒരുലക്ഷം ഒണ്ടാക്കിയത്. കിടക്കാൻ സ്ഥലമില്ല. പുതുവൽഭൂമിയിൽ മാടം ഒടിച്ചുകുത്തിയാ താമസിക്കുന്നത്. രോഗിയായ മകനും ഉമ്മായും ഒണ്ട്. ഉമ്മാ കാര്യങ്ങളെല്ലാം നോക്കിക്കൊള്ളാമെന്ന് പറഞ്ഞിട്ടാ ഞാനീ സാഹസത്തിനൊരുമ്പെട്ടത്. കുഞ്ഞുമമ്മദിന്റെ കാര്യമോർക്കുമ്പോൾ എന്റെ ഖൽബ് ചുട്ടുപൊള്ളുന്നു.”
സുബൈദ പറഞ്ഞു.
“എന്റെ കാര്യം നിങ്ങടേതിനെക്കാൾ കഷ്ടമാ.”
കൊച്ചിക്കാരി മേരി ഹൃദയം തുറന്നു.
“പാല് കുടിക്കുന്ന ഒരു കൈക്കുഞ്ഞുണ്ട്, ഒരു മോള്. ഇന്നുരാവിലേം മൊല കൊടുത്തിട്ടാ വന്നത്. എന്റെ ചേച്ചി നോക്കിക്കൊള്ളാമെന്നാ പറഞ്ഞത്. വീടില്ല. കെട്ടിയോൻ ഉപേക്ഷിച്ച് വേറൊരുത്തിയെ കെട്ടി. ശരീരം വില്ക്കാൻ വയ്യാത്തതുകൊണ്ടാ ഞാനിപ്പണിക്കെറങ്ങി തിരിച്ചേ. ഇനി ചെല്ലുമ്പോൾ പൊന്നുമോൾ തിരിച്ചറിയുമോ, ആവോ!”
കൊച്ചിക്കാരി കണ്ണുനീർ തുടച്ചു.
മൂന്ന് സ്ത്രീകൾക്കും സമാനമായ കഥകളാണ് പറയാനുണ്ടായിരുന്നത്. ദാരിദ്ര്യവും വേർപാടും അവരെ ഒന്നിപ്പിച്ചു. അല്പനേരത്തയ്ക്ക് അവർ ഹൃദയം തുറന്ന് സംസാരിക്കുന്ന സഹോദരിമാരായി മാറി.
ദാരിദ്ര്യവും വ്യഥയുമാണോ മനുഷ്യഹൃദയങ്ങളെ യോജിപ്പിക്കുന്ന കെട്ടുവള്ളി?
സുബൈദയും ക൱സല്യയും മേരിയും.
മൂന്നുപേരും മൂന്ന് ലക്ഷ്യങ്ങളിലേയ്ക്ക് പ്രയാണം ചെയ്യുന്നവരാണ്.
സുബൈദാ കുവൈറ്റിലേയ്ക്ക്.
ക൱സല്യ അറബിനാട്ടിലേയ്ക്ക്.
മേരി ഇസ്രയേലിലേയ്ക്ക്.
കൊച്ചി മുതൽ ദുബായ് വരെയാണ് അവർ സഹയാത്രികർ. ദുബായിൽ നിന്ന് അവർ മൂന്ന് ലക്ഷ്യങ്ങളിലേക്ക് പറക്കും. പണം പറ്റിയ ഏജന്റുമാർ അതൊക്കെ ഇടപാട് ചെയ്തിട്ടുണ്ട്. നാല് മണിക്കൂർ നേരത്തേക്ക് അവർ ഒരമ്മപെറ്റ സഹോദരങ്ങളായി മാറി. ജാതിയും മതവുമെല്ലാം അവർ മറന്നു. അവർ മജ്ജയും മാംസവും ഹൃദയവും കണ്ണുനീരുമുള്ള മൂന്ന് മനുഷ്യജീവികളായി മാറി.
ദുബായ് എയർപേർട്ടിൽവച്ച് സുബൈദയും മേരിയും ക൱സല്യയും ആലിംഗനം ചെയ്ത് പിരിഞ്ഞു. മൂന്ന് ദേശത്തേക്ക് യാത്രയായി. ജീവിതയാത്രയിൽ അല്പനേരത്തേക്ക് കണ്ടുമുട്ടുന്നു. ഹൃദയം പങ്കുവയ്ക്കുന്നു. നിണമൊലിക്കുന്ന മുറിപ്പാടുകൾ അവശേഷിപ്പിച്ചുകൊണ്ട് പറന്നകലുന്നു. അതാണ് യാത്ര.
3
സുബൈദാ കുവൈറ്റ് എയർപോർട്ടിൽ ചെന്നെത്തി. പാസ്പോർട്ടും ഏജന്റ് നല്കിയ കടലാസുകളും ഉദ്യോഗസ്ഥന്മാർ പരിശോധിച്ചു. ചില ഉദ്യോഗസ്ഥന്മാർ അടിമുതൽ മുടിവരെ രൂക്ഷമായി നോക്കി. അവർ കണ്ണുകൾ കൊണ്ട് സുബൈദയെ വസ്ത്രാക്ഷേപം ചെയ്തു. പൊട്ടിക്കരയണമെന്ന് തോന്നി. പക്ഷേ കണ്ണുനീരിന്റെ ഉറവകൾ വറ്റിപ്പോയിരുന്നു.
കുവൈറ്റ് എയർപോർട്ടിൽ സുബൈദാ എന്ന് മലയാളത്തിൽ പേരെഴുതിയ ഒരു പ്ലക്കാർഡും പിടിച്ചുകൊണ്ട് ഒരാൾ നിന്നിരുന്നു. അയാളെ അനുഗമിച്ച് അയാളുടെ കാറിൽ കയറി ഏജൻസിയുടെ ആപ്പീസിൽ എത്തി. പലഭാഷകൾ സംസാരിക്കുന്ന ഏജന്റുമാർ ആ ആപ്പീസിൽ ഉണ്ടായിരുന്നു. അക്കൂട്ടത്തിൽ മലയാളം സംസാരിക്കുന്ന ഒരാൾ സുബൈദയെ ഒരു മുറിയിലേയ്ക്ക് കൊണ്ടുപോയി. അയാൾ ഒട്ടനവധി കടലാസ്സുകളിൽ സുബൈദയുടെ വിരലടയാളം പതിപ്പിച്ചു. ഒരാൾ സുബൈദായുടെ ഫോട്ടോയും എടുത്തു.
“നിങ്ങളുടെ പാസ്പോർട്ടും വീസായും ഞങ്ങളാണ് സൂക്ഷിക്കുക. ഇവിടെയുള്ള ഒരു ധനാഢ്യന്റെ വീട്ടിൽ ജോലി ചെയ്യാനാണ് നിങ്ങളെ കൊണ്ടുവന്നത്. ആ വീട്ടുകാർ ശമ്പളം നിങ്ങൾക്ക് നേരിട്ട് തരികയില്ല. ഏജൻസിയുടെ നിയമം അനുസരിച്ച് നിങ്ങളുടെ ശമ്പളം ഞങ്ങളാണ് തരുന്നത്. നിങ്ങൾ ജോലി ചെയ്യുന്ന ഗൃഹത്തിന്റെ ഉടമസ്ഥൻ കരാറനുസരിച്ച് നല്കുന്ന തുകയിൽ നിന്ന് ഞങ്ങളുടെ കമ്മീഷൻ കിഴിച്ചിട്ടുള്ള തുകയാണ് നിങ്ങൾക്ക് ലഭിക്കുക. അതാണ് നിങ്ങളുടെ ശമ്പളം. അത് നിങ്ങൾ തന്നിരിക്കുന്ന ബാങ്ക് അക്കൌണ്ടിലേക്ക് കമ്പനി മാസന്തോറും ഡിപ്പോസിറ്റ് ചെയ്തിരിക്കും.”
ഏജൻസിയുടെ ഉദ്യോഗസ്ഥൻ വിശദീകരിച്ചു. അയാളുടെ പേര് രാജേന്ദ്രൻ എന്നാണെന്ന് ഉടുപ്പിൽ കുത്തിവച്ചിരുന്ന ബാഡ്ജിൽ നിന്ന് സുബൈദാ വായിച്ചെടുത്തു.
“എത്ര രൂപാ എനിക്ക് കിട്ടും?”
സുബൈദാ ചോദിച്ചു.
രാജേന്ദ്രൻൻ കാൽക്കുലേറ്റർ എടുത്ത് കൂട്ടിയും കുറച്ചും കണക്കുകൂട്ടലുകൾ നടത്തി. അവസാനം അയാൾ പറഞ്ഞു.
“പതിനയ്യായിരം രൂപാ.”
“പതിനയ്യായിരം രൂപയോ? അത് വളരെ കുറവല്ലേ? ഞാൻ ഒരുലക്ഷം രൂപാ എന്റെ കെട്ടുതാലി വിറ്റാണ് കൊടുത്തത്. അമ്പതിനായിരത്തിൽ കൂടുതൽ ശമ്പളം കിട്ടുമെന്നാണല്ലോ ഇസ്മായിൽ സാറ് പറഞ്ഞത്.”
ഇസ്മായിൽ റിക്രൂട്ടിംഗ് ഏജൻസിയുടെ കൊച്ചിയിലെ പ്രതിനിധിയാണ്.
“ഇസ്മായിൽ നിങ്ങളോട് എന്താണ് പറഞ്ഞതെന്ന് എനിക്കറിഞ്ഞുകൂടാ. നിങ്ങളെ ഇവിടെ കൊണ്ടുവന്നതിന് കമ്പനിക്ക് അഞ്ചുലക്ഷം രൂപായിൽ കൂടുതൽ ചെലവായിട്ടുണ്ട്. ഞങ്ങളുടെ കാശ് ഞങ്ങൾക്ക് കിട്ടണ്ടേ?”
സുബൈദാ ഒന്നും പറഞ്ഞില്ല. ചതിക്കപ്പെട്ടോ എന്ന സംശയം അവളുടെ അന്തരംഗത്തിലുയർന്നു.
ഏജന്റ് തുടർന്നു.
“നിങ്ങൾക്ക് ഞങ്ങൾ ഒരു തിരിച്ചറിയൽ കാർഡ് നല്കും. ഇക്കാമാ എന്നാണ് അതിന്റെ പേര്. കുവൈറ്റ് സർക്കാർ തരുന്ന ഒരു കാർഡാണത്. അതാണ് നിങ്ങളുടെ വർക്ക് പെർമിറ്റ്. എപ്പോഴും ഇക്കാമാ നിങ്ങളുടെ കൈവശമുണ്ടായിരിക്കണം. ഒരു കാരണവശാലും ഇക്കാമ ഇല്ലാതെ വീടിന് പുറത്തിറങ്ങരുത്. ഇക്കാമ ഇല്ലാതെ പുറത്തിറങ്ങിയാൽ നിങ്ങളെ പോലീസിന് അറസ്റ്റ് ചെയ്യാം.”
4
കുവൈറ്റിലെ ഒരു ധനാഢ്യന്റെ ഭവനത്തിലേയ്ക്കാണ് സുബൈദ നിയോഗിക്കപ്പെട്ടത്. കമ്പനി ഏർപ്പെടുത്തിയ വാഹനത്തിൽ സുബൈദ കുവൈത്തി യജമാനന്റെ ഭവനത്തിലെത്തിയപ്പോൾ സന്ധ്യ മയങ്ങിക്കഴിഞ്ഞിരുന്നു.
ഒരു മദ്ധ്യവയസ്ക്കനാണ് യജമാനൻ. അയാളുടെ ഭാര്യ യുവത്വം വിട്ടുമാറാത്ത ഒരു സ്ത്രീയാണ്. ഇരുവരും പരമ്പരാഗത അറബിവേഷം ധരിച്ചിരിക്കുന്നു. ഒരു കുട്ടയിൽ ഇട്ട് അടയ്ക്കാവുന്ന അഞ്ച് പൈതങ്ങളാണ് അറബിദമ്പതികൾക്ക്. കഷായം കുടിച്ച മുഖഭാവമാണ് അറബി യജമാനത്തിക്ക്. ഇരുവരും അല്പസ്വല്പം ഇംഗ്ലീഷ് സംസാരിക്കുമെന്ന് സുബൈദ മനസ്സിലാക്കി. സുബൈദ മങ്ങാട് ഗവണ്മെന്റ് ഹൈസ്ക്കൂളിൽ നിന്നും പത്താംതരം വരെ പഠിച്ചതാണ്. അല്പസ്വല്പം ഇംഗ്ലീഷൊക്കെ അവൾക്കുമറിയാം.
“നീ യുവതിയാണല്ലോ. ഇനിയും നിനക്ക് പ്രസവിക്കുവാൻ കഴിയും.”
സുബൈദയുടെ ഓരോ അവയവത്തിലേയ്ക്കും അറബിസ്ത്രീ തുറിച്ചു നോക്കി പറഞ്ഞു.
അതുകേട്ട് സുബൈദ ചിരിക്കുന്നതായി ഭാവിച്ചു. പക്ഷേ ഈ വൃത്തികെട്ട കമന്റ് അറബി യജമാനത്തിയിൽ നിന്നും സുബൈദ പ്രതീക്ഷിച്ചില്ല.
“ഇസ്ലാം വിശ്വസാഹോദര്യത്തിന്റെ മതമാണ്. സാഹോദര്യമാണ് ഖുറാന്റെ കേന്ദ്രബിന്ദു. വിശുദ്ധഗ്രന്ഥത്തിന്റെ ഭാഷ സംസാരിക്കുന്ന ഒരു മുസ്ലിം കുടുംബത്തിലാണ് ഞാൻ വന്നുചേർന്നിരിക്കുന്നത്. ഒരുപക്ഷേ എന്റെ പ്രാർത്ഥന അള്ളാഹു കേട്ടുകാണും. എന്റെ കുടുംബം ദാരിദ്ര്യത്തിൽ നിന്നും കരകയറാൻ ഈ സമ്പന്നകുടുംബം സഹായിക്കാതിരിക്കില്ല. അള്ളാഹുവേ ഈ കുടുംബത്തെ അനുഗ്രഹിക്കണേ.”
സുബൈദ മനസ്സിൽ പ്രാർത്ഥിച്ചു, മനസ്സുനിറഞ്ഞ് ദൈവത്തിന് നന്ദി പറഞ്ഞു.
കത്തിക്കാളുന്ന വിശപ്പുണ്ട്. അതിരാവിലെ കൊച്ചിയിൽ നിന്നും ദുബായിലേയ്ക്കുള്ള വിമാനത്തിൽവച്ച് അല്പം ഭക്ഷണം കിട്ടിയതാ. അല്പം കഞ്ഞിയോ മരച്ചീനി വേവിച്ചതോ കിട്ടിയിരുന്നെങ്കിൽ!
സുബൈദ ആശിച്ചു.
“ഇവരെന്തെങ്കിലും തരാതിരിക്കില്ല. ഒരു റൊട്ടിക്കഷണമോ പഴനുറുക്കോ കിട്ടിയാൽ മതി.” മനസ്സ് മന്ത്രിച്ചു.
പക്ഷേ യജമാനരായ അറബിക്കുടുംബത്തിന്റെ അത്താഴം കഴിഞ്ഞിരുന്നു. വേലക്കാരിയായ ഒരു ഇൻഡ്യൻ സ്ത്രീക്കുവേണ്ടി അടുക്കള വീണ്ടും തുറക്കാൻ അവർക്ക് മനസ്സില്ലായിരുന്നു. അവർ വിശപ്പിന്റെ വിളി കേട്ടിട്ടുള്ളവരല്ല.
സുബൈദയ്ക്ക് കിടക്കുവാൻ കീറിപ്പറിഞ്ഞ ഒരു പുല്പായാണ് ലഭിച്ചത്. ആ പായ്ക്ക് പട്ടിമൂത്രത്തിന്റെ ഗന്ധമുണ്ടായിരുന്നു.
“മുസ്ലിങ്ങൾ നായയെ വളർത്തുമോ?” സുബൈദ സന്ദേഹിച്ചു.
പക്ഷേ ആ ഭവനത്തിൽ രണ്ട് നായ്ക്കുട്ടികൾ വളരുന്നുണ്ടായിരുന്നു. അവയ്ക്ക് കിടക്കാൻ മെത്തയും ഭക്ഷിക്കാൻ വിലകൂടിയ ഭക്ഷണവുമൊക്കയുണ്ടായിരുന്നു.
“ഒരു തലയിണ കിട്ടിയിരുന്നെങ്കിൽ”
സുബൈദ അറബി യജമാനത്തിയോട് യാചനാസ്വരത്തിൽ അപേക്ഷിച്ചു. പക്ഷേ ആ ശബ്ദം യജമാനത്തി കേട്ടതായി ഭാവിച്ചില്ല. സ്വന്തം കൈ തന്നെ തലയിണയായി മടക്കിവച്ച് സുബൈദ കിടന്നു. അവളുടെ മനസ്സ് ഗൾഫ് വിമാനത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുവാൻ തുടങ്ങി.
“ഇപ്പാൾ കുഞ്ഞുമമ്മദ് ഉറക്കമായിട്ടുണ്ടാവും. അവന് വിശപ്പടക്കാൻ എന്തെങ്കിലും കിട്ടിയോ? എന്നെക്കാണാതെ അവൻ ഉറങ്ങിയിട്ടില്ല. അവൻ കരയുന്നുണ്ടോ? ഇന്ന് ആരായിരിക്കാം അവനെ പുതപ്പിച്ച് ഉറക്കുന്നത്?”
അതാ കുഞ്ഞുമമ്മദ് മുന്നിൽ നില്ക്കുന്നു. അവന്റെ ഒട്ടിയ വയറും കുഴിഞ്ഞുതാണ കണ്ണുകളും ഭയം നിറഞ്ഞുനില്ക്കുന്ന മുഖവും സുബൈദ കണ്ടു.
“അമ്മേ വിശക്കുന്നു”
അത് കുഞ്ഞുമമ്മദിന്റെ നിലവിളിയാണോ?
5
സുബൈദയുടെ മുറിയുടെ ജനാലയ്ക്കരികിൽ ഒരു അത്തിവൃക്ഷം നിന്നിരുന്നു. എല്ലാദിവസവും അതിരാവിലെ ഒരു സൂര്യപ്പക്ഷി സന്ദർശനത്തിനെത്തും. അത്തിവൃക്ഷത്തിന്റെ പൂക്കാത്ത ഒരു കൊമ്പിൽ ഇരുന്നുകൊണ്ട് സുബൈദയുടെ മുറിയിലേക്ക് നോക്കി അവൾ ശബ്ദിക്കും.
“ഖൽബിലാ ഖൽബിലാ.........ഖൽബിലാ.”
ഒരിക്കൽ സുബൈദ സൂര്യപ്പക്ഷിയോട് പറഞ്ഞു.
“നിനക്ക് പറക്കുവാൻ മഴവില്ലിന്റെ നിറമുള്ള ചിറകുകളുണ്ടല്ലോ. നിനക്ക് അറബിക്കടൽ താണ്ടുവാൻ കഴിയുമോ? അക്കരെച്ചെന്ന് എന്റെ കുഞ്ഞുമമ്മദിനെ കണ്ടിട്ട് വരാമോ? അവന്റെ കവിളിൽ കണ്ണുനീരൊഴുകിയ ചാലുകളുണ്ടോ?”
ഒരിക്കൽ ആ വീട്ടിലെ ഹംസക്കുഞ്ഞ് സുബൈദയോട് പറഞ്ഞു.
“ഈ സൂര്യപ്പക്ഷി ഒരിക്കൽ അത്തിമരത്തിൽ കൂടുകെട്ടി. അവൾ മുട്ടയിട്ടു, രണ്ടോ മൂന്നോ മുട്ടകൾ. ഒരുദിവസം ഏതോ കുസൃതിപ്പിള്ളേര് കൂട് പൊളിച്ചുകളഞ്ഞു; മുട്ടയും പൊട്ടിച്ചു. സായാഹ്നത്തിൽ തിരികെ വന്ന സൂര്യപ്പക്ഷി കൂടും മുട്ടയും കണ്ടില്ല. അവൾ എവിടെയോ പറന്നുപോയി. പക്ഷേ എല്ലാ സൂര്യോദയത്തിലും അവൾ അത്തിമരത്തിൽ പറന്നെത്തും. തുറന്നുകിടക്കുന്ന വീടിന്റെ വാതായനത്തിലേക്ക് നോക്കി സൂര്യപ്പക്ഷി വിലപിക്കുമത്രേ.
“ഖൽബിലാ ഖൽബിലാ.........ഖൽബിലാ.”
അവളുടെ വിലാപത്തിന്റെ അർത്ഥം സുബൈദ വായിച്ചെടുത്തു.
“ഞാനൊരു ദേശാടനപ്പക്ഷി ആയിരുന്നു.
ഞാനൊരു കൂട് പണിതു, എനിക്കും മുട്ടവിരിയുന്ന എന്റെ സന്തതികൾക്കും പാർക്കാൻ.
ഞാൻ ആ കൂട് പഞ്ഞികൊണ്ട് അലങ്കരിച്ചു.
മുട്ട വിരിയാൻ കാത്തിരുന്നു.
പക്ഷേ കൂടും മുട്ടയും അപ്രത്യക്ഷമായി.
നിങ്ങൾ ഒന്നു പറഞ്ഞുതരുമോ, എന്റെ മുട്ടകൾഎവിടെയാണെന്ന്?
അവ വിരിഞ്ഞോ?
സൂര്യപ്പക്ഷിക്കുഞ്ഞുങ്ങളെ നിങ്ങൾ കണ്ടോ?
എന്റെ കൂട്ടുകാർ ദേശാടനക്കിളികൾ എന്നെ വിളിച്ചു, അവരോടൊപ്പം പറക്കാൻ.
അവർ പറഞ്ഞു.
“നീ വരിക, നമുക്ക് ഭൂഖണ്ഡങ്ങൾക്ക് മീതെ പറക്കാം.”
പക്ഷേ എനിക്ക് പറക്കാൻ കഴിയില്ല.
എന്റെ കൂട് ഇവിടെയാണ്.
ആ കൂട്ടിലാണ് എന്റെ മുട്ടകൾ.
ഞാൻ ബന്ധിതയാണ്, സ്നേഹത്തിന്റെ ചങ്ങലയാൽ.
എനിക്കിനി പറക്കാൻ കഴികയില്ല.”
6
ഇന്ന് നാട്ടിൽ നിന്നൊരു എഴുത്ത് വന്നു. ഉമ്മയുടെ എഴുത്ത്.
“എനിക്ക് ഏറ്റവും പ്രിയപ്പെട്ട സുബൈദ വായിച്ചറിയാൻ ഉമ്മ എഴുതുന്നത്. നീ ഇവിടെനിന്നും പോയിട്ട് മൂന്നുനാല് മാസമായല്ലോ. ഇവിടെ ഞങ്ങൾ വളരെ കഷ്ടത്തിലായിരിക്കുന്നു. ഇതുവരെ നിന്റെ ഒരു പൈസാപോലും ബാങ്കിൽ വന്നിട്ടില്ല. ഹമീദിന്റെ കടയിൽ കടം തന്നെ ഒരു വലിയ തുകയായിക്കഴിഞ്ഞു. നിന്റെ കെട്ടിയോൻ ആ കള്ളുകുടിയൻ ഇബ്രാഹിം ഇന്നാളൊരിക്കൽ ഇവിടെ വന്നിരുന്നു. കുഞ്ഞുമമ്മദിനെ കാണാനാണുപോലും വന്നത്. അയാൾ പറയുന്നത് നീ അവിടെ പണമെല്ലാം സമ്പാദിക്കുകയാണെന്നാണ്.
കുഞ്ഞുമമ്മദ് എല്ലാദിവസവും റോഡരികിൽ പോയി കുറേനേരം നോക്കിനില്ക്കും, നിന്നെ കാത്ത്. ഇരുട്ടാകുമ്പോൾ കയറിവരും. അവന്റെ ദു:ഖം എനിക്കിനി കാണാൻ വയ്യാ. നീ എന്താണ് ഞങ്ങളെ മറന്നുപോയത്? ഈ കത്ത് കിട്ടിയാലുടൻ കാശ് അയയ്ക്കണം. ഞങ്ങൾ പട്ടിണിയിലാണ്. ഇന്നലെ ഞാനും കുഞ്ഞുമഹമ്മദും ബഷീറക്കായുടെ ഇഷ്ടിക കമ്പനിയിൽ പോയി ചുമട് ചുമക്കാൻ. അരി വാങ്ങിക്കണ്ടേ? ഇതൊന്നും നിന്നെ വേദനിപ്പിക്കാൻ പറഞ്ഞതല്ല. നിനക്കവിടെ സുഖമെന്ന് കരുതുന്നു.
സ്വന്തം ഉമ്മാ
ആമിനാ ബീവി.
സുബൈദ ഉമ്മായുടെ കത്ത് പലതവണ വായിച്ചു. പലതവണ കണ്ണുനീർത്തുള്ളികൾ വീണ് അത് നനഞ്ഞു.
നേരവും നിലയും നോക്കി സുബൈദ അറബി യജമാനന്റെ മുമ്പിൽ ശമ്പളക്കാര്യം അവതരിപ്പിച്ചു. അയാൾ പറഞ്ഞു.
“ഞാൻ കൃത്യമായി മാസന്തോറും 500 ദിനാർ നിന്റെ ശമ്പളമായി നിന്നെ കൊണ്ടുവന്ന ഏജൻസിക്ക് കൊടുക്കുന്നുണ്ട്. അവർ അത് നിനക്ക് തരുന്നുണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാ. അറിയേണ്ട കാര്യവുമില്ല. അത് നിങ്ങളുടെ കാര്യം.”
അഞ്ഞൂറ് കുവൈത്തി ദിനാർ ഏകദേശം ഒന്നര ലക്ഷം രൂപാ വരും. ഏജൻസി അവസാനമായി പറഞ്ഞ ശമ്പളം കേവലം പതിനയ്യായിരം രൂപാ മാത്രം. പക്ഷേ ഇതുവരെ ഒന്നും കൊടുത്തിട്ടില്ല.
“ഇത് ചതിയാണ്, കൊടും ചതി. പക്ഷേ ആരോട് പറയാൻ?”
വേട്ടക്കാരന്റെ കുരുക്കിലകപ്പെട്ട മൃഗത്തെപ്പോലെ സുബൈദ തേങ്ങി. രക്ഷപ്പടാൻ ശ്രമിക്കുന്തോറും കുരുക്ക് കൂടുതൽ മുറുകുകയാണ്.
7
ആ കാളരാത്രിയിലാണ് അത് സംഭവിച്ചത്. അർദ്ധരാത്രി കഴിഞ്ഞിട്ടുണ്ടാവും. ആരോ തന്നെ സ്പർശിക്കുന്നതായി സുബൈദയ്ക്കു തോന്നി. ഞെട്ടിയുണർന്ന അവൾ കണ്ടത് തന്റെ അറബി യജമാനനെയാണ്. അയാൾ ഒരു പൈജാമ ധരിച്ചിരുന്നു. അയാളെ അറബിവേഷത്തിൽ മാത്രമേ സുബൈദ മുമ്പ് കണ്ടിട്ടുള്ളു.
“ഇല്ല, ഇല്ല, ഇത് ഞാൻ സമ്മതിക്കുകയില്ല.”
സുബൈദ നിലവിളിച്ചു.
“ഛെ, ഛെ, ശബ്ദമുണ്ടാക്കരുത്. ആരും അറിയുകയില്ല. നീ ഒരിക്കൽ സമ്മതിച്ചാൽ ഞാൻ നിനക്ക് പല കാര്യങ്ങൾ ചെയ്തുതരും.”
ഇല്ല, അരുത്. ഞാൻ വെറുമൊരു പാവപ്പെട്ട സ്ത്രീയാണ്. എന്നെ ഉപദ്രവിക്കരുത്. എനിക്ക് നിങ്ങളുടെ പണം വേണ്ട.”
അയാളുടെ കൈകൾക്ക് പെരുമ്പാമ്പിന്റെ ശക്തിയുണ്ടായിരുന്നു. സുബൈദ കുതറി.
“എന്നെ ഉപദ്രവിക്കരുത്.”
പെട്ടെന്ന് ആ മുറിയിൽ ഒരു ഫ്ലാഷ് ലൈറ്റിന്റെ വെള്ളിവെളിച്ചം പരന്നു. സുബൈദയുടെ അറബി യജമാനത്തി മുമ്പിൽ നില്ക്കുന്നു. അവൾ കോപംകൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. അവൾ അലറി.
“എടീ തേവിടിശ്ശി, ഇതാണ് നിന്റെ പണി, അല്ലേ?
നീ വന്ന ദിവസം തന്നെ ഞാൻ നിന്നെ മനസ്സിലാക്കിയിരുന്നു. എന്റെ ഭർത്താവിനെ തട്ടിയെടുക്കാനാണ് നിന്റെ പ്ലാൻ. അല്ലേ? അത് ഞാൻ സമ്മതിക്കുകയില്ല.”
അറബി യജമാനത്തി കരുതിക്കൊണ്ടുവന്ന ഏതോ ആയുധം കൊണ്ട് സുബൈദയെ തല്ലുവാൻ തുടങ്ങി. മുഖത്തും തലയിലും ശരീരത്തിന്റെ എല്ലാ ഭാഗത്തും അടിയേറ്റ സുബൈദ വിലപിച്ചു.
“അരുത് യജമാനത്തി, അരുത്. ഞാൻ അത്തരക്കാരത്തി അല്ല.”
“നീ തേവിടിശ്ശി ആണ്. ഞാൻ നിന്നെ കൊല്ലുമെടീ.”
യജമാനത്തി അട്ടഹസിച്ചു.
പുള്ളിപ്പുലിയുടെ മുമ്പിൽ നില്ക്കുന്ന കുഞ്ഞാടിനെപ്പോലെ സുബൈദ വിറച്ചു.
അവൾ ഇറങ്ങിയോടി, അന്ധതമസ്സിലേയ്ക്ക്, നീണ്ടുനീണ്ടു പോകുന്ന അനന്തമായ പെരുവഴിയിലേയ്ക്ക്.
8
പെട്ടെന്ന് ശൂന്യതയിൽനിന്നും ഇറങ്ങിവന്നതുപോലെ ഒരു കാർ ചീറിപ്പാഞ്ഞുവന്നു. അതൊരു പോലീസ് കാറായിരുന്നു. ചുവപ്പും നീലയും കലർന്ന ബീക്കൺ ലൈറ്റുകൾ മിന്നിച്ചുകൊണ്ട് പോലീസ് കാർ സുബൈദയുടെ സമീപം ചവിട്ടി നിറുത്തി. രണ്ട് പോലീസുകാർ ചാടിയിറങ്ങി. അവർ ഗർജ്ജിച്ചു.
“ഖുഫ്. ലേ തതാ ഹാരക്കോ.”
“നില്ക്കുക. അനങ്ങരുത്.” എന്നാണ് അതിനർത്ഥം. സുബൈദ ഇരുകൈകളും ഉയർത്തിപ്പിടിച്ചുകൊണ്ട് നിന്നു. ആറ് മാസംകൊണ്ട് അത്യാവശ്യത്തിനുള്ള അറബിയൊക്കെ സുബൈദ പഠിച്ചിരിക്കുന്നു.
പോലീസുകാർ അടുത്തുവന്നു. അവരുടെ കൈയിൽ തോക്കുണ്ടായിരുന്നു. മാർജ്ജാരന്റെ മുമ്പിൽ അകപ്പെട്ട മൂഷികനെപ്പോലെ സുബൈദ വിറച്ചു.
“ഹല്ല, വിദേശിയാണോ? നിന്റെ ഇക്കാമ എവിടെ?”
ഒരു പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു.
“ഇക്കാമ കൈയിലില്ല.”
വിതുമ്പലോടെ സുബൈദ പറഞ്ഞു.
അർദ്ധരാത്രിയിൽ ഒരു നിശാവസ്ത്രം മാത്രം ധരിച്ച് പൊതുനിരത്തിലൂടെ ഓടുന്ന ഒരു സ്ത്രീ. അവൾ വേശ്യയായിരിക്കണം. പോലീസുകാർ സുബൈദയെ കൈയാമം വച്ച് പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. വേശ്യാവൃത്തി കുവൈറ്റിൽ കുറ്റകൃത്യമാണ്. കുവൈറ്റ് ക്രിമിനൽ കോഡ് 201-ാം വകുപ്പനുസരിച്ച് 5 വർഷം കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണത്.
കുവൈറ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് കാര്യങ്ങൾ വിലയിരുത്തി.
ഒരു സ്ത്രീ അർദ്ധരാത്രിയിൽ തെരുവിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. അവൾ വിദേശിയാണെന്ന് തീർച്ചയാണ്. അറബിഭാഷ സംസാരിക്കുന്നവളല്ല. അവൾ വേശ്യാവൃത്തി ചെയ്യുന്നവളായിരിക്കാം. പക്ഷേ അതിനുള്ള അസന്ദിഗ്ദ്ധമായ തെളിവ് ലഭിച്ചിട്ടില്ല. പാസ്പോർട്ടോ ഇക്കാമയോ അവളുടെ കൈയിലില്ല. എത്രനാൾ അവളെ ജയിലിലടയ്ക്കും? ജയിൽ മോചിതയാകുമ്പോൾ അവളെ എങ്ങോട്ട് പറഞ്ഞുവിടും? അവൾ ഇൻഡ്യാക്കാരിയാണെന്നാണ് പറയുന്നത്. പക്ഷേ അവൾക്ക് പാസ്പോർട്ടില്ല. അവളെ ഡീപോർട്ട് ചെയ്യണം. പക്ഷേ എങ്ങോട്ട്?
“ഇൻഡ്യാക്കാരി ആണെന്ന് പറയുന്നുണ്ടല്ലോ. ഇൻഡ്യൻ എംബസ്സിക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യുവാൻ കഴിയുമോയെന്ന് പരിശോധിക്കണം.”
കുവൈറ്റിലെ പോലീസ് മേധാവി പറഞ്ഞു.
ജയിൽജീവിതം ഒരളവിൽ സുഖകരമായിരുന്നു. അറബിയുടെ വീട്ടിലെക്കാൾ മന:സമാധാനം സുബൈദയ്ക്ക് ലഭിച്ചു. വിശപ്പടക്കാൻ ഭക്ഷണവും ധരിക്കാൻ ജയിൽ വസ്ത്രവും കിടക്കാൻ ഒരു പായും തലയിണയും അവൾക്ക് ലഭിച്ചു. എന്നാൽ സുബൈദയുടെ മനസ്സ് നിറയെ കുഞ്ഞുമമ്മദായിരുന്നു. തെരുവോരത്ത് അകലെ മിഴിനട്ട് അമ്മയെ കാത്തുനില്ക്കുന്ന ഓട്ടിസം ബാധിച്ച കുഞ്ഞുമമ്മദ്. അവനെ ആരായിരിക്കാം പുതപ്പിച്ച് ഉറക്കുന്നത്? ആരാണവന് തക്ക സമയത്ത് ഗുളികകൾ എടുത്തുകൊടുക്കുന്നത്? ഗുളിക മുടങ്ങിയാൽ അവൻ അസ്വസ്ഥനാകും. ബഹളമുണ്ടാക്കും. ഉറക്കെ ശബ്ദിക്കും. ചിലപ്പോൾ ഉടുവസ്ത്രങ്ങൾ ഉരിഞ്ഞുകളഞ്ഞെന്നുവരാം. ഒരിക്കൽ അത് സംഭവിച്ചിട്ടുണ്ട്. അന്ന് സുബൈദയുടെയും ആമിനാ ഉമ്മായുടെയും ചങ്ക് തകർന്നുപോയി. അന്ന് കണ്ടുനിന്നവർ, ബന്ധുക്കൾ പോലും ആർത്തുചിരിച്ചു. ആരാന്റമ്മയ്ക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേല്.
ഒരുദിവസം ഇൻഡ്യൻ എംബസ്സിയിൽനിന്ന് ഒരു ഉദ്യോഗസ്ഥൻ ജയിലിലെത്തി. അയാൾ സുബൈദയുമായി സംസാരിച്ചു. അവളുടെ നാട്ടിലെ മേൽവിലാസം, ബന്ധുക്കളുടെ വിവരങ്ങൾ മുതലായവ അയാൾ കുറിച്ചെടുത്തു. പക്ഷേ, അവസാനം അയാൾ പറഞ്ഞ വാക്കുകൾ നിരാശാജനകമായിരുന്നു.
“നിങ്ങളുടെ കൈവശം പാസ്പോർട്ടോ ഇൻഡ്യൻ പ൱രത്വം തെളിയിക്കുന്ന രേഖകളോ ഒന്നുമില്ലാത്തതിനാൽ എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എങ്കിലും ഞാൻ ശ്രമിക്കാം.”
9
ഒരുമാസം കൂടി ഇഴഞ്ഞുനീങ്ങി. ഒരുദിവസം ഒരു പോലീസുകാരി വന്ന് സുബൈദയെ ഒരു പ്രത്യേക മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.
“എന്താണ് സംഭവിക്കുന്നത്? വല്ല വധശിക്ഷയ്ക്കും വിധിക്കപ്പെട്ടോ?”
സുബൈദ വിറച്ചുപോയി. അറക്കുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ സുബൈദ പോലീസുകാരിയെ അനുഗമിച്ചു. അപ്പോഴും കുഞ്ഞുമമ്മദിന്റെ രൂപം അവളുടെ മനസ്സിൽ നിറഞ്ഞുനിന്നു.
“എന്റെ ജീവിതം അവസാനിച്ചാൽ ആരവനെ പുലർത്തും?”
മുറിയിൽ ഇൻഡ്യൻ എംബസ്സിയിലെ ഒരു ഉദ്യോഗസ്ഥനും കുവൈറ്റ് പോലീസിലെ ഉദ്യോഗസ്ഥന്മാരും സന്നിഹിതരായിരുന്നു.
“നിങ്ങളുടെ ഡീപോർട്ടേഷൻ തയ്യാറായിക്കഴിഞ്ഞു. ഇതാ നിങ്ങളുടെ താല്ക്കാലിക പാസ്പോർട്ട്. ഇന്നത്തെ ഫ്ലൈറ്റിൽ നിങ്ങൾ കൊച്ചിയിലേയ്ക്ക് പോകും. നിങ്ങളുടെ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്.”
ഇൻഡ്യൻ എംബസ്സിയിലെ ഉദ്യോഗസ്ഥൻ താല്ക്കാലിക പാസ്പോർട്ട് സുബൈദയ്ക്ക് കൈമാറി.
“നിങ്ങളുടെ ജയിൽവസ്ത്രങ്ങൾ തിരിച്ചേല്പിക്കുക. നിങ്ങളുടെ വസ്ത്രം നിങ്ങൾക്ക് തിരികെ ലഭിക്കും. നിങ്ങൾ ചില കടലാസ്സുകൾ ഒപ്പിട്ട് നല്കേണ്ടതുണ്ട്.”
ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പോലീസുകാരി സുബൈദയെ വസ്ത്രം മാറാനായി മറ്റൊരു മുറിയിലേയ്ക്ക് കൊണ്ടുപോയി. സുബൈദയ്ക്ക് അവൾ ധരിച്ചിരുന്ന നൈറ്റ് ഗൌൺ തിരികെ ലഭിച്ചു.
കുവൈറ്റ് പോലീസിലെ ഒരു ഉദ്യോഗസ്ഥൻ നീലനിറത്തിലുള്ള ഒരു കവർ സുബൈദയെ ഏല്പിച്ചു. സുബൈദ തടവിൽ കിടന്നപ്പോൾ ചെയ്ത ജോലിയുടെ പ്രതിഫലമാണത്. നൂറ് കുവൈറ്റി ദിനാർ. കുവൈറ്റിലെ നിയമപ്രകാരം സുബൈദയ്ക്ക് അവകാശപ്പെട്ടതാണ് ആ പ്രതിഫലം.
സുബൈദ അള്ളാഹുവിന് നന്ദി പറഞ്ഞു. അള്ളാഹു അവളെ കൈവിട്ടിട്ടില്ലല്ലോ.
.
10
ഒരു നൈറ്റ്ഗൌണും ധരിച്ച് സുബൈദ കൊച്ചി വിമാനത്താവളത്തിലിറങ്ങി. അവളെ സ്വീകരിക്കാൻ ഉമ്മയോടും കുഞ്ഞുമമ്മദിനോടുമൊപ്പം അവളുടെ കെട്ടിയോൻ കള്ളുകുടിയൻ ഇബ്രാഹിമും വന്നിട്ടുണ്ടായിരുന്നു. നിയമപരമായി ഇപ്പോഴും അയാളാണ് സുബൈദയുടെ ഭർത്താവ്.
സുബൈദ ഓട്ടിസം ബാധിച്ച കുഞ്ഞുമമ്മദിനെ നിരീക്ഷിച്ചു. അവന്റെ കവിളിലെ കണ്ണുനീർച്ചാലുകൾ ഉണങ്ങിയിരുന്നു.
“ഉമ്മാ, ഐസ്ക്രീം.”
“വാങ്ങിത്തരാം മോനേ.”
സുബൈദ പറഞ്ഞു.
പത്ത് കുവൈറ്റി ദിനാർ മാറിയെടുക്കുവാൻ അവൾ വിമാനത്താവളത്തിലെ ബാങ്കിലേക്ക് നടന്നു.
“ഞാൻ പറഞ്ഞില്ലേ അവളുടെ കൈയിൽ കാശുണ്ടെന്ന്.”
കള്ളുകുടിയൻ ഇബ്രാഹിം ആത്മഗതമെന്നോണം പറഞ്ഞു. എന്നാൽ അത് സുബൈദയുടെ ഉമ്മ കേൾക്കാൻ മാത്രം ഉച്ചത്തിലാണ് അയാൾ പറഞ്ഞത്. ആ ഉമ്മയുടെ മുഖത്തും സംശയത്തിന്റെ നിഴലുകൾ വ്യാപിച്ചുവോ?.
“നീ അറബിപ്പൊന്ന് വല്ലതും കൊണ്ടുവന്നിട്ടുണ്ടോ?”
കള്ളുകുടിയൻ ഇബ്രാഹിം ശബ്ദം താഴ്ത്തി രഹസ്യം പറയുന്ന മട്ടിൽ സുബൈദയോട് ചോദിച്ചു.
അയാളുടെ മുഖത്ത് കാർക്കിച്ചുതുപ്പണമെന്ന് സുബൈദയ്ക്ക് തോന്നി.
കൊച്ചിയിൽനിന്ന് ആലപ്പുഴയ്ക്ക് യാത്ര ചെയ്യുമ്പോൾ കുഞ്ഞുമമ്മദ് അവന്റെ ഉമ്മായുടെ മാറോട് ചാരിയിരുന്നു. വേമ്പനാട്ട് കായലിൽ നിന്നടിച്ച കോടക്കാറ്റിന് സ്വാതന്ത്ര്യത്തിന്റെ രുചിയും മണവുമുണ്ടെന്ന് സുബൈദയ്ക്ക് തോന്നി.